എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപിക : റെജി മാത്യു (എച്ച്. എസ്. എ. മലയാളം)‌
വിദ്യാരംഗം ലോഗോ

ആമുഖം

വിദ്യാർത്ഥികളിൽ സർഗ്ഗശേഷി പരിപോഷിപ്പിക്കുക, മനുഷ്യത്വം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യവേദി

പ്രവർത്തങ്ങൾ

1998 മുൽ ഈ സ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക, മനുഷ്യത്വം വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാരംഗവും ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടും ചേർന്നു നടത്തിയിരുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ ഈ സ്ക്കൂളിൽ നിന്നും നിരവധി കുട്ടികൾ വിജയികളായിട്ടുണ്ട്. വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുക, പതിപ്പുകൾ തയ്യാറാക്കുക, ശില്പശാലകൾ സംഘടിപ്പിക്കുയും അവയിൽ പങ്കെടുക്കുകയും ചെയ്യുക തുങ്ങിയ പ്രവർത്തനങ്ങളിലാണ് വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ ഏർപ്പെട്ടിരിക്കുന്നത്. ജൂൺ 19 മുതൽ വായനാവാരാഘോഷവും നവംബർ 1 മുതൽ മലയാളപക്ഷാഘോഷവും എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സംസ്ഥാന മത്സങ്ങളിൽ ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ പങ്കടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 12 വർഷമായി റജി മാത്യുവാണ് സ്ക്കൂളിൽ വിദ്യാരംഗത്തിന്റെ ചുമതല വഹിക്കുന്നത്.

വായനാമത്സരം

വായനവാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗൺ സിൽ സംഘടിപ്പിക്കുന്ന വായനാമത്സരം എല്ലാ വർഷവും നമ്മുടെ സ്ക്കൂളിൽ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. താലൂക്ക് തലത്തിലും ജില്ലാ തലത്തിലും നടക്കുന്ന മത്സരങ്ങളിൽ നമ്മുടെ സ്ക്കൂളിലെ കുട്ടികൾ വിജയികളായിട്ടുണ്ട്. 2015 ൽ അദിതി ആർ. നായർ സംസ്ഥാന തല വായനാമത്സരത്തിൽ മൂന്നാം സ്ഥാനം നേടി.

വിദ്യാരംഗം സാഹിത്യോത്സവം

സ്ക്കൂൾതലത്തിൽ തന്നെ സാഹിത്യോത്സവം നടത്തിയാണ് ഉപജില്ലാതലത്തിലേക്ക് കുട്ടികളെ തെരഞ്ഞടുത്തിരുന്നത്. ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നടക്കുന്ന സാഹിത്യോത്സവങ്ങളിൽ ഈ സ്ക്കൂളിലെ വിദ്യാരംഗം ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തിട്ടുണ്ട്. 1998 ൽ തിരുവനന്തപുരം, വെള്ളനാട് മിത്രനികേതനിൽ വച്ച് നടന്ന വിദ്യാരംഗം സംസ്ഥാനതല ദശദിന ശില്പശാലയിൽ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയെ പ്രധിനിധീകരിച്ച് ഈ സ്ക്കൂളിലെ വിദ്യാരംഗം കൺവീനറായിരുന്ന അദ്ധ്യാപകൻ ശ്യാംലാൽ വി. എസ്. പങ്കെടുത്തിരുന്നു.

സർഗ്ഗവേള

അഞ്ചു മുതൽ ഒമ്പതു വരെ ക്ലാസ്സുകളിൽ എല്ലാ വെള്ളിയാഴ്ചയും അവസാന പീരീഡ് കുട്ടികളുടെ താല്പര്യത്തിനനുസരിച്ച് സർഗ്ഗവേള നടത്തിവരുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ വിവിധമേഖലയിലെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരമാണ് സർഗ്ഗവേള ഒരുക്കുന്നത്. ക്ലാസ്സ് അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടക്കുന്നത്. സംഗീതം, പദ്യംചൊല്ലൽ, പ്രസംഗം, കഥവായന, അനുഭവവിവരണം, ഏകാഭിനയം തുടങ്ങിയവ സർഗ്ഗവേളയിൽ അവതരിപ്പിച്ചുവരുന്നു.

വിദ്യാരംഗം പ്രവർത്തന റിപ്പോർട്ട് 2017-18

വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2017-18 നിർവ്വാഹകസമിതി രൂപീകരണയോഗം ജൂൺ ഏഴാം തീയതി ഉച്ചയ്ക്ക് 1.15 ന് ലൈബ്രറി ഹാളിൽ നടന്നു. യോഗത്തിൽ അംഗങ്ങളെല്ലാം സന്നിഹിതരായിരുന്നു. ചെയർപേഴ്സൺ റെജി മാത്യു വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് 2017-18 വർഷത്തെ നിർവ്വാഹകസമിതിയിലേയ്ക്ക് താഴെപ്പറയുന്ന അംഗങ്ങളെ തെരഞ്ഞെടുത്തു.

നിർവ്വാഹകസമിതി 2017-18
രക്ഷാധികാരി ലേഖാകേശവൻ (ഹെഡ്മിസ്ട്രസ്)
ചെയർപേഴ്സൺ റെജി മാത്യു (മലയാളം അദ്ധ്യാപിക)
വൈസ് ചെയർമാൻ ശ്യാംലാൽ വി. എസ്.(മലയാളം അദ്ധ്യാപകൻ & സ്ക്കൂൾ ലൈബ്രേറിയൻ)
കൺവീനർ രാഖി രാജേഷ്(9 ബി)
ജോ. കൺവീനർ അതുല്യ രാജു(9 ബി)
അംഗങ്ങൾ ആദിത്യ വിശ്വംഭരൻ,
അനാമിക വേണുഗോപാൽ,
ശ്രീലക്ഷ്മി മോഹൻ,
ദാനിയേൽ ബേബി,
ഗൗരി എസ്,
അശ്വതി മുരളി,
ആശിഷ് എസ്.

പി.എ. പണിക്കർ ചരമദിനത്തോടനുബന്ധിച്ച് വായനാവാരം ആഘോഷിച്ചു. വായനാവാരാഘോഷത്തിന്റെ ഭാഗമായി പുസ്തകസമാഹരണം, വായനക്കുറിപ്പ് മത്സരം, വായനാമത്സരം, പതിപ്പുകൾ തയ്യാറാക്കൽ എന്നിവ നടത്തി.

സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന വായനാമത്സരം സ്ക്കൂളിൽ നടത്തി. അദിതി ആർ. നായർ, ആൽബിൻ ഷാജി ചാക്കോ പി., എന്നിവ്ര‍ താലൂക്കുതലത്തിൽ വിജയികളായി. അദിതി ആ. നായർ റവന്യൂജില്ലാ തലം വരെ മത്സത്തിൽ പങ്കെടുത്തു.

കൂത്താട്ടുകുളം ഉപജില്ലാ തലത്തിൽ നടന്ന കലാശില്പശാലയി ഈ വിദ്യാരംഗം യൂണിറ്റിൽ നിന്നും 10 കുട്ടികൾ പങ്കെടുത്തു. അദിതി ആർ. നായർ, അതുൽ സുധീർ എന്നിവർ കഥാരചനയിലും ചിത്ര രചനയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

നവംബർ ഒന്നുമുതൽ പതിന്നാലുവരെ മലയാളഭാഷാ പക്ഷാഘോഷം നടത്തി. വായനാമത്സരം, പ്രസംഗമത്സരം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.

വിദ്യാരംഗം പ്രവർത്തന റിപ്പോർട്ട് 2018-19

വിദ്യാരംഗം നിർവ്വാഹകസമിതി രൂപീകരണം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2018-19 നിർവ്വാഹകസമിതി രൂപീകരണയോഗം ജൂൺ ആറാം തീയതി ഉച്ചയ്ക്ക് 1.15 ന് ലൈബ്രറി ഹാളിൽ നടന്നു. യോഗത്തിൽ അംഗങ്ങളെല്ലാം സന്നിഹിതരായിരുന്നു. ചെയർപേഴ്സൺ റെജി മാത്യു വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് 2018-19 വർഷത്തെ നിർവ്വാഹകസമിതിയിലേയ്ക്ക് താഴെപ്പറയുന്ന അംഗങ്ങളെ തെരഞ്ഞെടുത്തു.

നിർവ്വാഹകസമിതി 2018-19
രക്ഷാധികാരി ലേഖാകേശവൻ (ഹെഡ്മിസ്ട്രസ്)
ചെയർപേഴ്സൺ റെജി മാത്യു (മലയാളം അദ്ധ്യാപിക)
വൈസ് ചെയർമാൻ ശ്യാംലാൽ വി. എസ്.(മലയാളം അദ്ധ്യാപകൻ & സ്ക്കൂൾ ലൈബ്രേറിയൻ)
കൺവീനർ ഗൗരി എസ് (9 ബി)
ജോ. കൺവീനർ ഹരികൃഷ്ണൻ അശോക്(9 ബി)
അംഗങ്ങൾ മരിയ റെജി,
അജയ് സുരേഷ്,
ആതിര എസ്.

യോഗം രണ്ടുമണിക്ക് സമംഗളം പര്യവസാനിച്ചു.

വായനമാസാഘോഷം ആരംഭിച്ചു
ക്ലാസ്സ് ലൈബ്രറികളിലേയ്ക്ക് കുട്ടികളിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചുകൊണ്ടാണ് വായനമാസാഘോഷം ഉദ്ഘാടനം ചെയ്യുന്നു.


കൂത്താട്ടുകുളം: പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ലൈബ്രറി കൗൺസിലും പി. എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന വായനമാസാഘോഷത്തിന്റെ സ്ക്കൂൾ തല ഉദ്ഘാടനം പ്രിൻസിപ്പാൾ ലേഖാ കേശവൻ നിർവ്വഹിച്ചു. പുതുതായി ആരംഭിക്കുന്ന ക്ലാസ്സ് ലൈബ്രറികളിലേയ്ക്ക് കുട്ടികളിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചുകൊണ്ടാണ് വായനമാസാഘോഷം ഉദ്ഘാടനം ചെയ്തത്. സ്ക്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ ശ്രീലക്ഷ്മി മോഹൻ വായനാദിന സന്ദേശം നല്കി. അദ്ധ്യാപകരായ കെ. അനിൽ ബാബു, എം. ഗീതാദേവി എന്നിവർ വായനയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് സംസാരിച്ചു. പ്രകാശ് ജോർജ് കുര്യൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ് കൃ‍തജ്ഞതയും പറഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളിൽ കൈയ്യെഴുത്തുമാസിക, വായനക്കുറിപ്പ്, പ്രസംഗം, കഥാരചന, കവിതാരചന, ഉപന്യാസരചന, കൈയ്യെഴുത്ത്, പദ്യംചൊല്ലൽ തുടങ്ങിയവയിൽ മത്സരങ്ങൾ സംഘടിപ്പിക്കും. വിദ്യാർത്ഥികളിൽ നിന്നും പൊതു ജനങ്ങളിൽ നിന്നും ക്ലാസ്സ് ലൈബ്രറികളിലേയ്ക്ക് പുസ്തകങ്ങളും മറ്റു വായനാസാമഗ്രികളും ശേഖരിക്കും.



സി. ജെ. സ്മാരകസമിതി വായനാക്വിസ്‌മത്സരം

കൂത്താട്ടുകുളം: കൂത്താട്ടുകുളം സി. ജെ. സ്മാരകസമിതി യുടെ ആഭിമുഖ്യത്തിൽ സി. ജെ. സ്മാരക ലൈബ്രറിയിൽ വച്ച് വായനാക്വിസ്‌മത്സരം നടന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ ഈ സ്ക്കൂളിലെ വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളായ ആൽബിൻ ഷാജി ചാക്കോ, ജെയിൻ ഷാജി എന്നിവർ രണ്ടാം സമ്മാനം നേടി.


ബഷീർ അനുസ്മരണ ക്വിസ്‌മത്സരം

കൂത്താട്ടുകുളം: കൂത്താട്ടുകുളം ബി. ആർ. സി. യുടെ ആഭിമുഖ്യത്തിൽ 2018 ജൂലെ 6 ന് ബഷീർ അനുസ്മരണ ക്വിസ്‌മത്സരം നടന്നു. ഈ സ്ക്കൂളിലെ വിദ്യാരംഗം ക്ലബ്ബ് അംഗങ്ങൾ യു.പി., ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ പങ്കെടുത്തു. ഹൈസ്ക്കൂൾ വിഭാഗം മത്സരത്തിൽ ആൽബിൻ ഷാജി ചാക്കോ വിജയിയായി.


അഖിലകേരള വായന മത്സരം 2018

കൂത്താട്ടുകുളം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നഅഖിലകേരള വായന മത്സരം 2018ന്റെ സ്ക്കൂൾതലം ജൂലൈ 5 ന് നടത്തി, അശ്വതി സാബു (ഒന്നാം സ്ഥാനം), ആൽബിൻ ഷാജി ചാക്കോ (രണ്ടാം സ്ഥാനം), കൃഷ്ണപ്രിയ എം. എ. (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി. ഇവർ മൂവാറ്റുപുഴ താലൂക്ക് തല മത്സരത്തിൽ പങ്കെടുക്കും.


സ്വാതന്ത്ര്യദിന ചിത്രരചനാമത്സരം
സ്വാതന്ത്ര്യദിന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി രാജ്യത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചിത്രരചനാമത്സരം സംഘടിപ്പിച്ചു. 'ഒരു സ്വാതന്ത്ര്യദിനം' എന്നതായിരുന്നു വിഷയം. പത്തൊമ്പത് കുട്ടികൾ പങ്കെടുത്ത ഹൈസ്ക്കൂൾ വിഭാഗം ചിത്രചനാമത്സത്തിൽ ആതിര എസ്. (ഒന്നാം സ്ഥാനം), അഭിജിത്ത് സി. എസ്. (രണ്ടാം സ്ഥാനം), അലൻ ജിജി (മൂന്നാം സ്ഥാനം)എന്നിവർ വിജയിച്ചു. വിജയികൾക്ക് സ്വാതന്ത്ര്യദിന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

സമ്മാനാർഹമായ ചിത്രങ്ങൾ
ആതിര എസ്., ക്ലാസ് 8 (ഒന്നാം സ്ഥാനം)
അഭിജിത്ത് സി. എസ്., ക്ലാസ് 10 (രണ്ടാം സ്ഥാനം)
അലൻ ജിജി, ക്ലാസ് 10 (മൂന്നാം സ്ഥാനം)
പ്രോത്സാഹന സമ്മാനം

വിദ്യാരംഗം പ്രവർത്തന റിപ്പോർട്ട് 2019-20

വിദ്യാരംഗം നിർവ്വാഹകസമിതി രൂപീകരണം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2019-20 നിർവ്വാഹകസമിതി രൂപീകരണയോഗം ജൂൺ പതിമൂന്നാം തീയതി ഉച്ചയ്ക്ക് 1.15 ന് ലൈബ്രറി ഹാളിൽ നടന്നു. യോഗത്തിൽ അംഗങ്ങളെല്ലാം സന്നിഹിതരായിരുന്നു. ചെയർപേഴ്സൺ റെജി മാത്യു വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് 2019-20 വർഷത്തെ നിർവ്വാഹകസമിതിയിലേയ്ക്ക് താഴെപ്പറയുന്ന അംഗങ്ങളെ തെരഞ്ഞെടുത്തു.

നിർവ്വാഹകസമിതി 2019-20
രക്ഷാധികാരി ഗീതാദേവി എം. (ഹെഡ്മിസ്ട്രസ്)
ചെയർപേഴ്സൺ റെജി മാത്യു (മലയാളം അദ്ധ്യാപിക)
വൈസ് ചെയർമാൻ ശ്യാംലാൽ വി. എസ്.(മലയാളം അദ്ധ്യാപകൻ & സ്ക്കൂൾ ലൈബ്രേറിയൻ)
കൺവീനർ നന്ദന അനിൽ (9 ബി)
ജോ. കൺവീനർ ലിബിയ ബിജു (9 എ)
അംഗങ്ങൾ ആതിര എസ്.
ഗൗരികൃഷ്ണ വി.,
കീർത്തന ​എസ്.
ദേവിക അനീഷ്
അലീന മനോജ്
അതുല്യ ഹരി
അർച്ചന ഷിബു
പ്രണവ് തങ്കച്ചൻ
ശ്രീഹരി അശോകൻ

യോഗം രണ്ടുമണിക്ക് സമംഗളം പര്യവസാനിച്ചു.


വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം


കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2019-20 അദ്ധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൂർവ്വവിദ്യാർത്ഥിയും യുവകഥാകൃത്തുമായ എബിൻ മാത്യു കൂത്താട്ടുകുളം നിർവ്വഹിച്ചു. 24-06-2019 ഉച്ചകഴിഞ്ഞ് സ്ക്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു ആദ്ധ്യക്ഷം വഹിച്ചു. മാനേജർ ശ്രീകുമാരൻ നമ്പൂതിരി എബിൻ മാത്യുവിന് സ്ക്കൂളിന്റെ സ്നേഹോപഹാരം സമർപ്പിച്ചു. പി.റ്റി.എ. വൈസ് പ്രസിഡന്റ് പി. ആർ. വിജയകുമാർ ആശംസകൾ അർപ്പിച്ചു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു.



വായനമാസാഘോഷം ഉദ്ഘാടനം
വായനമാസാഘോഷം ഉദ്ഘാടനം


പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ലൈബ്രറി കൗൺസിലും പി. എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന വായനമാസാഘോഷത്തിന്റെ സ്ക്കൂൾ തല ഉദ്ഘാടനം പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു നിർവ്വഹിച്ചു.‍ ക്ലാസ്സ് ലൈബ്രറികളിലേയ്ക്ക് കുട്ടികളിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചുകൊണ്ടാണ് വായനമാസാഘോഷം ഉദ്ഘാടനം ചെയ്തത്. ആദ്യപുസ്തകം ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ആൽബിൻ സണ്ണി സംഭാവന ചെയ്തു. സ്ക്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ ജീവശാസ്ത്രാദ്ധ്യാപകൻ അനിൽ ബാബു കെ. വായനയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് സംസാരിച്ചു. ഹെ‍ഡ്‌മിസ്‍ട്രസ് എം. ഗീതാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ് കൃ‍തജ്ഞതയും പറഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളിൽ കൈയ്യെഴുത്തുമാസിക, വായനക്കുറിപ്പ്, പ്രസംഗം, കഥാരചന, കവിതാരചന, ഉപന്യാസരചന, കൈയ്യെഴുത്ത്, പദ്യംചൊല്ലൽ തുടങ്ങിയവയിൽ മത്സരങ്ങൾ സംഘടിപ്പിക്കും. വിദ്യാർത്ഥികളിൽ നിന്നും പൊതു ജനങ്ങളിൽ നിന്നും ക്ലാസ്സ് ലൈബ്രറികളിലേയ്ക്ക് പുസ്തകങ്ങളും മറ്റു വായനാസാമഗ്രികളും ശേഖരിക്കും.





വായനാമാസാഘോഷം മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ വായനാമാസാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പൂർവ്വവിദ്യർത്ഥിയും പി.റ്റി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും സ്ക്കൂളിന്റെ ചുമതലയുള്ള എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ ശ്രീ കെ. പി. സജികുമാർ ആണ് സമ്മാന വിതരണം നിർവ്വഹിച്ചത്.

വായനക്വിസ് ഒന്നാം സ്ഥാനം: ആൽബിൻ ഷാജി ചാക്കോ (10 എ) രണ്ടാം സ്ഥാനം: അനന്തകൃഷ്ണൻ പി. എസ്. (10 എ) മൂന്നാം സ്ഥാനം: ഹരികൃഷ്ണൻ അശോക് (10 ബി)

ആസ്വാദനക്കുറിപ്പ് ഒന്നാം സ്ഥാനം: അപർണ സാബു (9 ബി) രണ്ടാം സ്ഥാനം: ആതിര എസ്. (9 ബി) മൂന്നാം സ്ഥാനം: അനാമിക കെ. എസ്. (8 ബി)

കവിതാരചന ഒന്നാം സ്ഥാനം: അനാമിക കെ. എസ്. (8 ബി) രണ്ടാം സ്ഥാനം: ലിബിയ ബിജു (9 എ) മൂന്നാം സ്ഥാനം: പാർവ്വതി ബി. നായർ (8 ബി)

കഥാരചന ഒന്നാം സ്ഥാനം: ലിബിയ ബിജു (9 എ) രണ്ടാം സ്ഥാനം: നന്ദന അനിൽ (9 എ)

വായനക്കുറിപ്പ് ഒന്നാം സ്ഥാനം: സാന്ദ്ര ബിജു (8 ബി)



വിദ്യാർത്ഥികളുടെ രചനകൾ

നിയമോൾ മാത്യുവിന്റെ (8 ബി 2018-19) സൃഷ്ടികൾ

അതുല്യ രാജുവിന്റെ (10 എ 2018-19)കവിതാസ്വാദനം

മഞ്ഞുതുള്ളി ഒരാസ്വാദനം

മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ മഞ്ഞുതുള്ളി എന്ന കവിതയിൽ പ്രഭാതത്തിൽ പ്രകൃതി അരുളുന്ന അനുഗ്രഹങ്ങളെ സ്തുതിക്കുകയാണ് കവി ചെയ്യുന്നത്. ആർദ്രതയാണ് മഞ്ഞുതുള്ളിയുടെ സഹജഭാവം. അതിന്റെ നൈർമ്മല്യവും ലാവണ്യവും ശീതളസ്പർശവും ഹൃദയഹാരിയാണ്. പ്രഭാതത്തിൽ ഓരോ ഇലത്തുമ്പിലും സൂര്യൻ പ്രകാശനാളമായി ജ്വലിക്കുന്നത് മനസ്സിനെ ഭ്രമിപ്പിക്കുന്ന കാഴ്ചയാണ്.

പ്രകാശത്തെ തന്നിലേയ്ക്ക സ്വീകരിച്ച് സപ്തവർണ്ണങ്ങളാക്കി മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കുകയാണ് മഞ്ഞുതുള്ളി. ഞങ്ങളെ വിട്ടുപോകരുതെന്നാണ് കവി മഞ്ഞുതുള്ളിയോട് പ്രാർത്ഥിക്കുന്നത്.

പ്രഭാതപ്രകൃതിയുടെ മനോഹരമായ വർണ്ണനയാണ് മഞ്ഞുതുള്ളി എന്ന കവിത. പ്രകൃതി സൗന്ദര്യം ഈ കവിതയിൽ നിറഞ്ഞുനിൽക്കുന്നു. സൗന്ദര്യം ഇന്നും കൃത്യമായ നിർവ്വചനങ്ങൾക്ക് വഴങ്ങാത്ത അലൗകിക ചൈതന്യമായി നിലകൊള്ളുന്നു.

അനാമിക വി. എ.യുടെ (8 ബി 2018-19) സൃഷ്ടികൾ

അനുപമ എസ്. പാതിരിക്കലിന്റെ കവിത (10 എ 2018-19) കവിത

മായുന്ന ശ്രീ

മുത്തണിമല നാട്ടിലെ സുന്ദരി

ആ നല്ല നാട്ടിലെ ദേവതേ

പച്ചപ്പട്ടുടയാടയണിഞ്ഞ നീ

മാലോകർ തൻ മുഖശ്രീ നീ

കണ്ണാന്തളിയും കറുകപ്പുല്ലും

മുക്കുറ്റിയും നിന്റെ മാറ്റു കൂട്ടി

തവള, ഞവുണിങ്ങ, പുൽച്ചാടി, വിട്ടിൽ

ഒക്കെയും നിന്റെ അരുമ സന്താനങ്ങൾ

ഈ നല്ല നാടിനെ പോറ്റി വളർത്തിയ

സുന്ദരീ നിനക്കെന്തു പറ്റി

വികസനം നിന്നെ ബലികടുത്തോ?

അവർ നിന്റെ ജീവൻ കാർന്നെടുത്തോ?

ആ കൊയ്തു നാളുകൾ ഓർമ്മ മാത്രം,

ഐശ്വര്യദേവതേ നീ മറഞ്ഞോ?

ആതിര എസിന്റെ (8 ബി 2018-19) സൃഷ്ടികൾ

ആതിര എസിന്റെ ജലച്ചായചിത്രം
ആതിര എസിന്റെ പെൻസിൽചിത്രം
ആതിര എസിന്റെ രചനയും വരയും
ആതിര എസിന്റെ പെൻസിൽചിത്രം
ആതിര എസിന്റെ പെൻസിൽചിത്രം
ആതിര എസിന്റെ ജലച്ചായചിത്രം
ആതിര എസിന്റെ പെൻസിൽചിത്രം
ആതിര എസിന്റെ ജലച്ചായചിത്രം

സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ പങ്കെടുത്ത അദിതി ആർ, നായരുടെ ഒരു ചെറുകഥ


അവളുടെ മനസ്സ് നിശ്ശബ്ദമായിരുന്നു. നഷ്ടബോധത്തിന്റെ മഞ്ഞ് അവളുടെയുള്ളിൽ പെയ്തിറങ്ങി. ഒരിക്കലും വീണ്ടുകിട്ടാത്ത നിമിഷങ്ങളുടെ ഓർമ്മകൾ അവളെ വന്നു പൊതിഞ്ഞു.

പരിഷ്കാരം ഒട്ടും കടന്നു ചെന്നിട്ടില്ലാത്ത നാട്ടിടവഴിയിലൂടെ ആ കറുത്ത കാർ പൊടിപറത്തി നീങ്ങി. അല്പം അത്ഭുതത്തോടെയാണ് ഗ്രാമീണർ അതിനെ വീക്ഷിച്ചത്. അതിനുള്ളിലിരുന്ന അവളുടെ മനസ്സ് പക്ഷേ, നീറിപ്പുകയുകയായിരുന്നു. മുത്തശ്ശനും മുത്തശ്ശിക്കും വേണ്ടി വാങ്ങിയ വസ്ത്രങ്ങൾ തിളങ്ങുന്ന സീറ്റിൽ വിശ്രമിക്കുന്നു.

തണൽ വീണ പഴകിയ നാട്ടുവഴികൾ. ഇവയൊക്കെ ഇത്ര മാറിപ്പോയോ? അവളോർത്തു. അല്ല മാറിയത് തന്റെ മനസ്സാണ്. താനും ഈ നാടും എത്ര അടുപ്പത്തിലായിരുന്നു. പണ്ട് തനിക്ക് ഈ വഴികളിലൂടെ കണ്ണുംമൂടി നടക്കാമായിരുന്നു. കുട്ടനമ്മാവന്റെ പീടികയിലേക്ക് മിഠായി വാങ്ങാനായി താൻ ഈ വഴി എത്രതവണ ഓടിയതാണ്........ എല്ലാം പോയ്‌മറഞ്ഞു.

ഒരു ചെറിയ വളവുകടന്ന് വഴി രണ്ടായി പിരിയുന്ന ചെറിയ കവലയിലെത്തിയപ്പോൾ വഴിചോദിക്കാനായി ഡ്രൈവർ വണ്ടി ഒതുക്കി. പെട്ടെന്ന് അവളുടെയുള്ളിൽ തിരിച്ചറിവിന്റെ ഒരു വെളിച്ചം വീശി. 'വേണ്ടാ വഴിചോദിക്കേണ്ടാ, ഇതിലെ ഇടത്തേക്കു തിരിഞ്ഞാൽമതി'. വണ്ടി അതിലേ പോകുമ്പോൾ താൻ ഈ സ്ഥലത്തെ മറന്നിട്ടില്ല എന്ന ആശ്വാസത്തിലായിരുന്നു അവൾ. പണ്ടെങ്ങോ ഏതോ പൂർവ്വികർ നട്ടുപിടിപ്പിച്ച വൻവൃക്ഷങ്ങൾ വഴിയിൽ തണൽപൊഴിച്ചു.

വണ്ടി നിന്നത് ഒരു വിശാലമായ പറമ്പിലാണ്. അവിടമാകെ ഉണങ്ങിക്കരിഞ്ഞ് കരിയിലകളാൽ മൂടപ്പെട്ടിരുന്നു. എങ്കിലും എപ്പോഴോ കുറേ മനുഷ്യർ ഉപയോഗിച്ചിരുന്ന വെട്ടുവഴിയുടെ പാടുകൾ മാഞ്ഞുപോയിരുന്നില്ല. കാലിനടിയിൽ കരിയിലകൾ അമരുന്ന ശബ്ദത്തിനിടയിലൂടെ അവൾ നടന്നു. ആ പ്രേദേശം പോലെതന്നെയായിരുന്നു അവളുടെ മനസ്സും, ശൂന്യം. പതുക്കെ വഴി അവസാനിക്കുന്നിടത്ത് ഒരു കൂറ്റൻ പടിപ്പുരയും അതിനു പിന്നിൽ ഒരു വീടും കാണായി. അവൾ ഒരു നിമിഷം നിശ്ചലയായി. തന്റെ ഓർമ്മകളിൽനിന്ന് ആ ചിത്രത്തിന് ജീവൻ നൽകാൻ ശ്രമിച്ചു.

പഴമയും പാരമ്പര്യവും ഒത്തുചേർന്ന വീട്. വിശാലമായ അകത്തളങ്ങൾ. മീനിന്റെ ആകൃതിയിൽ നിർമ്മിച്ച കൽപ്പടവുകൾ. അതിഥികളുടെ വരവറിയിക്കാനായി പൂമുഖത്ത് തൂക്കിയിരുന്ന ഓട്ടുമണി. താൻ പിച്ചവച്ചുനടന്ന ആ നനഞ്ഞ മണ്ണ്. അങ്ങുമാറി എന്നും ചിരിച്ചുകൊണ്ടുനിന്ന മുത്തശ്ശിപ്ലാവും. ആ ഓർമ്മ മനസ്സിൽ നിറച്ചുകൊണ്ട് അകത്തേക്ക് കടന്ന അവൾക്ക് തന്റെ ഹൃദയം നിലച്ചെന്നു തോന്നി.

പൊടിപിടിച്ചു ജീർണ്ണിച്ചുപോയ ഒരു വീടിന്റെ അസ്ഥിപഞ്ജരംപോലെ അത് നിലകൊള്ളുന്നു. കൽപ്പടവുകൾ പൊട്ടിക്കീറി. ഓട്ടുമണിയുടെ സ്ഥാനത്ത് വലിയൊരു വേട്ടാളൻകൂട്. ഉയർന്നമേൽക്കൂരയിൽ ഉണ്ടായ വലിയ വിടവിലൂടെ പ്രകാശം അകത്തേക്കു പതിക്കുന്നു. അവൾ മുത്തശ്ശിപ്ലാവ് നിന്നിരുന്ന കോണിലേക്ക് ദൃഷ്ടിപായിച്ചു. എന്നും എല്ലാത്തിലും മൂകസാക്ഷിയായിരുന്ന, എപ്പോഴും പുഞ്ചിരി പൊഴിച്ചിരുന്ന മുത്തശ്ശിപ്ലാവ് അവളെ വരവേൽക്കാൻ അവിടെ ഉണ്ടായിരുന്നില്ല. അവളുടെ മനസ്സിൽ ചിന്തകൾ വന്നുനിറഞ്ഞു. അകത്തേക്കുകടക്കാൻ അവൾക്കായില്ല. മതി. ഇനിയൊന്നും കാണാൻ വയ്യ. തലചുറ്റിയതായി തോന്നിയപ്പോൾ അടുത്തുകണ്ട ഒരു കല്ലിൽ - കൽപ്പടവിന്റെ അവശിഷ്ടമാവാം - അവളിരുന്നു.

കണ്ണുകളിലൂടെ കണ്ണീർ ചാലിട്ടൊഴുകിയത് അവളറിഞ്ഞില്ല. അവളുടെ മനസ്സ് ചിതലരിച്ചുപോയ ചില ഓർമ്മകളിൽ മേയുകയായിരുന്നു. താൻ കളിച്ചു വളർന്ന മണ്ണാണിത്. തന്റെ മണ്ണ്. എന്നിട്ടും ഇതിനെ ഉപേക്ഷിക്കാൻ തനിക്കെങ്ങനെ.......... അവൾക്ക് തന്റെ ചിന്തകളെ നിയന്ത്രിക്കാനായില്ല. തന്നെ താനാക്കിയത് ഈ മണ്ണിന്റെ ഗന്ധമാണ്. പോകട്ടെ തന്റെ മുത്തശ്ശനെയും മുത്തശ്ശിയെയും താൻ വിട്ടുകളഞ്ഞത് എന്തിനായിരുന്നു? അച്ഛനുമമ്മയും ഇല്ലാത്ത തങ്ങളെ സ്നേഹം തന്നു പോറ്റിവളർത്തിയ അവരെ താൻ മറന്നു. കഷ്ടപ്പെട്ട് തങ്ങളെ പഠിപ്പിച്ച അവർ ഞങ്ങൾക്ക് നല്ലത് വരണമെന്നു മാത്രമേ ആഗ്രഹിച്ചിരുന്നുള്ളു. ഏറ്റവും ഇളയകുട്ടിയായ തന്നോടായിരുന്നില്ലേ അവർക്ക് ഇത്തിരി കൂടുതൽ വാത്സല്യം. അവരുടെമുഴുവൻ പ്രതീക്ഷയും തന്നിലായിരുന്നു. മുത്തശ്ശിയുടെ 'മോളേ...' എന്നുള്ള സ്നേഹം തുളുമ്പുന്ന വിളി കാതിൽ പെരുമ്പറ മുഴക്കുന്നു. തന്റെ ഓരോ വിജയത്തിലും അവർ അകമഴിഞ്ഞുസന്തോഷിച്ചിരുന്നു. ഈ തറവാട് തനിക്കു തരണമെന്നായിരുന്നു അവരുടെ ആഗ്രഹം. താൻ എന്നും അവരുടെകൂടെ ഉണ്ടാവണമെന്നും അവർ ആഗ്രഹിച്ചു. പക്ഷേ, ഉന്നതപഠനത്തിനായി വിദേശത്തുപോകണമെന്നു താൻ പറഞ്ഞപ്പോൾ ഇല്ലാത്ത പണം എവിടെ നിന്നോ ഉണ്ടാക്കി അവർ തന്നെ അയച്ചു. പോകുമ്പോൾ മുത്തശ്ശന്റെ വിറയാർന്ന അനുഗ്രഹം വാങ്ങാൻ മറന്നില്ല. മുത്തശ്ശിയുടെ കൺകോണിൽ പൊടിഞ്ഞ കണ്ണീർ കണ്ടില്ലെന്നു നടിച്ചു.

ഒരിളം കാറ്റുവന്ന് അവളെ തഴുകി കടന്നുപോയി. ഈ കാറ്റുപോലും തനിക്ക് പരിചിതമായിരുന്നു. അവൾ വീണ്ടും ചിന്തയിലാണ്ടു. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സ്നേഹം നിറഞ്ഞ കത്തുകൾ, ഏട്ടന്റെയും. ആദ്യമാദ്യം ആവേശത്തോടെ മറുപടിയെഴുതി. പിന്നെപ്പിന്നെ അവഗണിച്ചു. ഇപ്പോഴും തുറന്നുപോലും നോക്കാത്ത കത്തുകൾ തന്റെ മേശവലിപ്പിലോ അലമാരയിലോ കണ്ണടച്ചുകിടപ്പുണ്ടാവും. എത്രനാളായി താനിവിടെനിന്ന് വിടപറഞ്ഞിട്ട്. ഇരുപതോ ഇരുപത്തിരണ്ടോ? അതുപോലും ഓർമ്മയില്ല. എന്നായിരുന്നു മുത്തശ്ശന്റെ അവസാനകത്ത് കിട്ടിയത്? മുത്തശ്ശിക്കുവയ്യ നിന്നെ കാണണം എന്നെഴുതിയിരുന്ന ആ കത്തു കിട്ടിയപ്പോൾ താനവിടെ ജോലിയുടെ ലഹരിയിലായിരുന്നു. എന്തേ താൻ ആ മുന്നറിയിപ്പുകളൊക്കെ അവഗണിച്ചു? തറവാട് ഭാഗിക്കുന്നു. നിന്റെ ഓഹരി വാങ്ങാനെങ്കിലും വരൂ എന്ന ചേച്ചിയുടെ കത്ത് താൻ ചുരുട്ടിയെറിഞ്ഞോ അതോ ചവറ്റുകൊട്ടയിലേക്കെറിഞ്ഞോ? പോയകാലത്തിന്റെ ഓർമ്മകൾ അന്ന് തന്നെ സ്പർശിച്ചതേയില്ല. പേരക്കിടാങ്ങൾക്കുവേണ്ടി മാത്രം മിടിച്ചിരുന്ന ആ രണ്ടു ഹൃദയങ്ങൾ ഇപ്പോൾ നിലച്ചുകൊണും. പിന്നെ ഏത് ഓർമ്മയുടെ പേരിലാണ് താൻ ഇപ്പോൾ തിരികെ വന്നത്... അവൾ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് എഴുന്നേറ്റു. ഇപ്പോൾ മനസ്സ് കരുത്താർജ്ജിച്ചിരിക്കുന്നു.

മീനിന്റെ കൽപ്പടവുകൾ കയറുമ്പോൾ അവളുടെ ഹൃദയം വിറകൊള്ളുകയായിരുന്നു. അകത്ത് പണ്ട് ജീവിച്ചിരുന്ന മനുഷ്യരുടെ ശബ്ദങ്ങൾ മാറ്റൊലികൊണ്ടു. ഇനി അവർ വെറും സ്മരണകളിൽ മാത്രം. ജനലുകളും കൂറ്റൻ വാതിലുകളും പൊളിച്ചിട്ടിരിക്കുന്നത് അവൾ അപ്പോഴാണ് ശ്രദ്ധിച്ചത്. ഒരുകാലത്ത് തന്റെ എല്ലാമായിരുന്ന വീട്! അപ്പോഴാണ് അവൾ തന്റെ മുറിയെക്കുറിച്ചോർത്തത്. എവിടെ അത്. ഭാഗ്യം. അവൾക്ക് അതോർമ്മയുണ്ടായിരുന്നു. പടവുകൾ കയറി മുകളിലെ തന്റെ മുറിയിലെത്തി. അവളാദ്യം തിരഞ്ഞത് ഒന്നു തൊട്ടാൽ മഴവിൽനിറങ്ങൾ മാറമാറി വിരിയുന്ന ആ ചില്ലുഗോളത്തെയാണ്. താൻ ജീവനുതുല്യം സ്നേഹിച്ചിരുന്ന അത് മുത്തശ്ശന്റെ സമ്മാനമായിരുന്നു. ഇല്ല. അതും എങ്ങോ പോയ്മറഞ്ഞു. താൻ ഇവയൊക്കെ ഓർക്കേണ്ടാതയിരുന്നു. ഈ വീടിന് ഇങ്ങനെയൊരന്ത്യം വേണ്ടായിരുന്നില്ല.

തിരികെയിറങ്ങുമ്പോൾ പിറകിൽ നിന്നൊരുവിളി. 'അതേയ്...' അവളുടെ ഹൃദയം തുടികൊട്ടി. ഒരാളെങ്കിലുമുണ്ടല്ലോ ഇവിടെ. പക്ഷേ, തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് ഒരു പണിക്കാരനെയാണ്. ഒരു മുറിയുടെ ജനൽ ഇളക്കി മാറ്റുകയായിരുന്നു അയാൾ. 'കുട്ടിയേതാ? എന്താ ഇവിടെ?' അയാൾ സംശയദൃഷ്ടിയോടെ ചോദിച്ചു. 'ഞാൻ... വെറുതെ വന്നതാണ്. അല്ലാ, ഇവിടെയുണ്ടായിരുന്ന ആളുകളൊക്കെ എവിടെ? എന്താ ഇവിടെ പൊളിക്കുന്നത്?' അയാൾ തുടർന്നു. "കഷ്ടം, ഇവിടുത്തെ മുത്തശ്ശനും മുത്തശ്ശിയും എന്നേ മരിച്ചുപോയി. എന്തു നല്ല മനുഷ്യരായിരുന്നു. ആ കുട്ടികളെ അവർ എന്തു കാര്യമായിട്ടാണ് നോക്കിയത്. അവസാനം ആ ഇളയ കുട്ടിയെ വിദേശത്തു പഠിക്കാൻ അയച്ചു. പിന്നെയവൾ ഇങ്ങോട്ടു തിരിഞ്ഞുനോക്കിയിട്ടില്ല. അവർക്ക് അവളെയായിരുന്നു ഏറ്റവുമിഷ്ടം. വീടു ഭാഗം വയ്ക്കാൻ പോലും അവൾ വന്നില്ല. അവസാനം തറവാട് മൂത്തകുട്ടി മീനയ്ക്ക് കിട്ടി. അവരത് വിറ്റു. ഇപ്പോൾ ഇതുപൊളിച്ച് പുതിയ കെട്ടിടം പണിയാൻ തുടങ്ങുകയാ. അല്ലാ കുട്ടിയോതാണെന്ന് പറഞ്ഞില്ലല്ലോ!” താനാണ് ആ ഹൃദയശൂന്യയായ ഇളയകുട്ടി എന്നു പറയാൻ അവളുടെ ഹൃദയം വെമ്പി. പക്ഷേ, നിശ്ശബ്ദമായി കണ്ണീർ വാർത്ത് അവൾ തിരികെ നടന്നു.

പിറകിൽ വിഷാദം മുറ്റിനിന്ന ആ വീട് അവൾക്ക് വിടനൽകി. തിരികെ കാറിൽ കയറുമ്പോൾ അവൾ കരഞ്ഞില്ല. അവർക്കുവേണ്ടി വാങ്ങിയ വസ്ത്രങ്ങളിലേക്ക് നോക്കാതിരിക്കാൻ ശ്രമിച്ചു. കാറ് നീങ്ങുമ്പോൾ പിറകിൽ ഗ്രാമം വിതുമ്പുന്നതുപോലെ തോന്നി, നീ എന്നോ തന്നുകഴിഞ്ഞ വിട ഞാൻ ചോദിക്കുന്നില്ല പൊയ്ക്കോളൂ... മടക്കയാത്രയിൽ അവളുടെ ഉള്ളിലും ആകാശത്തും കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. അവൾ സ്വയം പറഞ്ഞു. മനസ്സേ മടങ്ങുക. തിരികെ....

അദിതി ആർ. നായർ, ക്ലാസ്സ് 9ബി 2016-17


ഹരിഗോവിന്ദ് എസ്.- യാത്രാവിവരണം (ക്ലാസ്സ്7 2012-13)


ഞങ്ങൾ വലിയവധിയ്ക്ക് ഒരു യാത്രപോയി. കല്ലിൽ ക്ഷേത്രത്തിലേയ്ക്കും ഇരിങ്ങോൾ ക്ഷേത്രത്തിലേയ്ക്കുമായിരുന്നു യാത്ര. കൂടെ ഞങ്ങൾ പാണിയേരി പോരിലും കോടനാടിനും പോയി.


രാവിലെ നേരത്തെ തന്നെയിറങ്ങി. കുറേ ദൂരം സഞ്ചരിക്കാനുണ്ടായിരുന്നു. ബൈക്കിലായിരുന്നു യാത്ര. ആദ്യം കല്ലിൽ ക്ഷേത്രത്തിലേക്കാണ് പോയത്. വഴി വലിയ നിശ്ചയമില്ലായിരുന്നെങ്കിലും പലരോടും ചോദിച്ച് ഞങ്ങൾ ഒരു വളവിലെത്തി. തിരിയണോ വേണ്ടയോ? അപ്പോഴാണ് ദൈവദൂദനെപ്പോലെ ഒരാൾ എത്തിയത്. അദ്ദേഹം ഞങ്ങൾക്ക് വഴികാട്ടിയായി. ധാരാളം വളവുകളും തിരിവുകളും പിന്നിട്ട് ഞങ്ങൾ കല്ലിൽ ക്ഷേത്രത്തിലെത്തി. ഒരു ചെറിയ കാടാണ് ക്ഷേത്രത്തിനുചുറ്റും. കല്ലിൽ ക്ഷേത്രത്തിന് ഒരു പ്രത്യേകതയുണ്ട്. ക്ഷേത്രത്തിന്റെ മേൽക്കൂര ഒരു കല്ലാണ്. ആ കല്ല് അന്തരീക്ഷത്തിൽ പൊങ്ങിയാണ് നിൽക്കുന്നത്. ഇപ്പോൾ അതിന് താങ്ങു കൊടുത്തിട്ടുണ്ടെങ്കിലും അത് ഒരു ചെറിയ അളവിൽ മാത്രമാണ്. അ സ്ഥലം പാറകളാൽ ചുറ്റപെട്ടിരിക്കുന്നു. രാവിലെ ആയതിനാൽ വലിയതിരക്കില്ലായിരുന്നു. അതിനാൽ ഞങ്ങൾ സുഖമായി തൊഴുതു. എനിക്ക് ഉന്മേഷം തോന്നി. വലിയ പ്രസിദ്ധിയാർജിച്ച ഒരു അമ്പലമായിരുന്നു അത്.


വീണ്ടും യാത്രതുടർന്നു. പിന്നീട് പോയത് ഇരിങ്ങോൾ ക്ഷേത്രത്തിലേക്കാണ്. വനാന്തരത്തിലാണ് ക്ഷേത്രം. നഗരത്തിലെ കാടെന്നാണ് ആ ക്ഷേത്രത്തെ കുറിച്ച് പറയുന്നത്. ബൈക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലത്ത് വെച്ച് ഞങ്ങൾ നടക്കാൻ തീരുമാനിച്ചു. അതൊരനുഭവമായിരുന്നു. പക്ഷികളുടെ ചില. നാമറിയാത്ത എത്രയോ തരം മരങ്ങൾ. ശരിക്കും ഒരു കാടുതന്നെ. നട്ടുച്ചയ്ക്ക് പോലും അൽപ്പം പോലും പ്രകാശം കടക്കില്ല. എല്ലാം വലിയ വലിയ മരങ്ങൾ. ഗളിവർ ലില്ലിപ്പുട്ടിൽ എത്തിയപോലെ. ചങ്ങമ്പുഴയുടെ കവിതകളിലെ പ്രകൃതിയുടെ സൗന്ദര്യം അവിടെ നിറഞ്ഞുതുളുമ്പുന്നു. വീണ്ടു നടത്തം തുടർന്നു. അവിടെ ഒരു കുളം ഉണ്ടായിരുന്നു. ഞങ്ങൾ ക്ഷേത്ര മുറ്റത്തെത്തി കാടിന്റെ നടുവിലെ മൈതാനം എന്നുതന്നെ പറയാം. മുറ്റത്ത് ഒരു ശിഖരം പോലുമില്ലാത്ത ഒരു മരം. ഏതുമരമാണെന്ന് അറിയില്ല. എവിടെനോക്കിയാലും കാട് കാടിന്റെ ഉള്ളിൽ അകപ്പെട്ടു പോയപോലെ. അവിടെ കുരങ്ങൻമാരെ പോലുള്ള ചെറു ജീവികളുമുണ്ടായിരുന്നു. അവിടുത്തെ മരങ്ങളുടെ ഒരു വലിപ്പം! ഞങ്ങൾ രണ്ടുവെടി വഴിപാട് കഴിച്ചു. വെടിക്കെട്ട് കേൾക്കുമ്പോഴെ ഓടിയൊളിക്കുന്ന എനിക്ക് എങ്ങനെ അതിന് ധൈര്യം വന്നെന്നാണ് എന്റെ ഇപ്പോഴത്തെ സംശയം. ഞങ്ങൾ അമ്പലത്തിന്റെ ചുറ്റും പ്രദക്ഷിണം വച്ചു തൊഴുതു. ഒരു കാട്ടുപാതപോലെ ഒരു വഴി അവിടെയുണ്ടായിരുന്നു. അതുവഴിയാണ് അമ്പലത്തിലേക്ക് വാഹനങ്ങൾ കൊണ്ടുവന്നിരുന്നത്. ഞാൻ അങ്ങനെയൊരു കാടിന്റെ അകത്ത് കടക്കുന്നത് ആദ്യമായിട്ടായിരുന്നു. കഥകളിലെപ്പോലെയല്ല ശരിക്കുള്ള കാടെന്ന് അപ്പോൾ മനസ്സിലായി. വീണ്ടും തിരിച്ചിറങ്ങി. ഇനിയും കാണാമെന്ന പ്രതീക്ഷയോടെയാണ് ഞാൻ അവിടുന്ന് പോന്നത്. മരങ്ങളെല്ലാം എനിക്ക് നന്ദി പറയുന്നതു പോലെ തോന്നി.


വിശപ്പ് പതുക്കെ വന്നു തുടങ്ങി. എങ്ങനെ വരാതിരിക്കും രാവിലെ തുടങ്ങിയ യാത്രയല്ലെ. അവിടുന്ന് അടുത്തുള്ള ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. വിശപ്പുകാരണം എല്ലാത്തിനും നല്ലരുചി. മസാലദോശയാണ് ഞാൻ കഴിച്ചത്. വയറു നിറയെ കഴിച്ചു. അവിടുത്തെ സപ്ലയർ പണ്ട് ഇവിടെ ആനന്ദ് ഹോട്ടലിൽ നിന്ന ചേട്ടനായിരുന്നു. പണ്ടു ഞങ്ങൾ വലിയ കൂട്ടായിരുന്നു. അപ്പോഴാണ് അമ്മയുടെ ഒരു ടീച്ചറിന്റെ കാര്യം ഓർത്തത്. അമ്മയെ പഠിപ്പിച്ച ടീച്ചർ എന്നു കേട്ടപ്പോൾ എനിക്കും ഉത്സാഹമായി. അങ്ങനെ ഞങ്ങൾ അങ്ങോട്ട് യാത്രതിരിച്ചു. ആ വഴിക്ക് നിറയെ അമ്പലങ്ങളായിരുന്നു. വഴിക്കുള്ള ഒരു ശിവന്റെ ക്ഷേത്രത്തിൽ നന്ദികേശന്റെ ( ശിവന്റെ വാഹനമാണല്ലോ നന്ദികേശൻ എന്ന കാള ) ഒരു വലിയ രൂപം. കണ്ടാൽ ശരിക്കും ജീവനുണ്ടെന്നു തന്നെ തോന്നും. എന്തായാലും ആ ശിൽപം പണിതവരെ ഞാൻ സമ്മതിച്ചിരിക്കുന്നു. എത്ര പേരുടെ അദ്ധ്വാനത്തിന്റെ ഫലമായിരിക്കും ആ ശിൽപ്പം. ഞങ്ങൾ ടീച്ചറിന്റെ വീട്ടിലെത്തി. അമ്മ ടീച്ചർ ഉണ്ടോയെന്ന് നോക്കാൻ പോയി നിരാശയായിരുന്നു ഫലം. ടീച്ചർ മറ്റൊരു സ്ഥലത്തേക്ക് താമസം മാറി.


ഞങ്ങൾ പിന്നെ പോയത് കോടനാട്ടിലേക്കാണ്. പോകുന്ന വഴിക്ക് ഒരു ബോർഡ് കണ്ടു. അത് അവിടെ അടുത്തുള്ള പാണിയേരിപോരിനെക്കുറിച്ചായിരുന്നു. എങ്കിൽ അവിടെയും പോവാമെന്ന് തീരുമാനിച്ചു. ആദ്യം കോടനാട്ടിനാണ് പോയത്. കേരളത്തിലെ ആന വളർത്തൽ കേന്ദ്രമാണ് കോടനാട്. അവിടെയെത്തി. ഞാനാണ് മൂന്നുപേർക്കും ടിക്കറ്റെടുത്തത്. ഒരു വലിയ കൂടുകണ്ടു. അതിന്റെ അകത്ത് രണ്ട് ഓമനത്തമുള്ള ആനക്കുഞ്ഞുങ്ങൾ. കണ്ടിട്ടും കണ്ടിട്ടും മതിയായില്ല. അതിന്റെ അപ്പുറത്ത് കുറച്ചും കൂടി വലിയ ആനകളായിരുന്നു. വലിയ സന്തോഷവാന്മാരായിരുന്നു അവരെല്ലാം. ഒരുത്തന് വലിയ നൃത്തക്കാരന്റെ മട്ടായിരുന്നു. എപ്പോഴും ആടിക്കൊണ്ടിരിക്കും. ആനക്കുട്ടന്മാർ എന്നെ നോക്കി ചിരിക്കുന്നപോലെ തോന്നി. അവിടെ ആന സവാരിയുമുണ്ടായിരുന്നു. എങ്കിലും ആന സവാരിക്കിറങ്ങിയില്ല.അവിടെ താഴെയൊരു പുഴയുണ്ടാരിരുന്നു. അത് നമ്മുടെ ഏറ്റവുവലിയ പുഴയായ പെരിയാറായിരുന്നു. അവിടെയാണ് ആനകളെ കുളിപ്പിക്കുന്നത്. അവിടെ ഒരു ചെറിയ മൃഗശാലയും ഉണ്ടായിരുന്നു. എവിടെയും ദുർഗന്ധം വമിക്കുന്നു. വൃത്തി ഹീനമായ ചുറ്റു പാടുകൾ. പാവം മൃഗങ്ങൾ. ഞാനപ്പോൾ ഓർത്തത് ഇരിങ്ങോൾ കാവിനെക്കുറിച്ചാണ്. അവിടുത്തെ കാടുപോലുള്ള കാടുകളിൽ തിമിർത്തു നടക്കേണ്ടവരല്ലെ അവർ. അവർക്കിപ്പോൾ എത്ര സങ്കടമുണ്ടായിരിക്കും. ഞങ്ങൾക്ക് അവിടെ നിൽക്കാൻ തന്നെ തോന്നിയില്ല. അവിടുന്നും ഇറങ്ങി. പിന്നെ പോയത് പാണിയേരി പോരിലേക്കാണ്. പോയവഴികണ്ടാൽ ഇങ്ങനെയൊരു സ്ഥലം അവിടെയുണ്ടെന്നു തന്നെ തോന്നില്ല. പെരിയാറിന്റെ സൗന്ദര്യം നിറഞ്ഞ തീരമായിരുന്നു പാണിയേരി പോര്. അങ്ങനെ ഞങ്ങൾ അവിടെയെത്തി. ടിക്കറ്റൊക്കെയെടുത്തു. പൊരിവെയിൽ ഇവിടെ എവിടെയാണ് പ്രകൃതിസൗന്ദര്യം എന്നുവരെ ഓർത്തു പോയി. കുറച്ച് നടന്നുചെന്നപ്പോൾ വച്ചുപിടിപ്പിച്ചതെന്ന് തോന്നിക്കുന്ന കുറേ മരങ്ങൾ കണ്ടു. പിന്നെയും മുമ്പോട്ട് ചെന്നപ്പോൾ കുറെ വണ്ടികൾ പാർക്ക് ചെയ്തിരിക്കുന്നു. അവിടെ നിറയെ സിമന്റ് പാത്രങ്ങൾ വച്ചിരിക്കുന്നത് ഞാൻ കണ്ടു. അവിടെ പലയിടത്തു അങ്ങനെയുള്ള പാത്രങ്ങൾ കണ്ടു. അടുത്തുചെന്നു നോക്കിയപ്പോൾ അത് വേസ്റ്റ് പിറ്റുകളാണെന്ന് എനിക്ക് മനസ്സിലായി. അപ്പോൾ ഞാനോർത്തത് കോടനാട്ടിലെ മൃഗശാലയാണ്. ഇവരുടെ ബുദ്ധി അവർക്ക് എന്തുകൊണ്ട് തോന്നിയില്ല? പിന്നെയും നടന്നു തുടങ്ങി. പെരിയാറിന്റെ കുളിര് പതുക്കെ ഉള്ളിലേക്ക് വന്നുതുടങ്ങി. എത്രനടന്നിട്ടും എത്തുന്നില്ല. പെരിയാറിനെ കാണാമെന്നായപ്പോൾ ഇതാണോ പ്രകൃതിസൗന്ദര്യം എന്ന് ചോദിച്ച ഞാൻ ഇതാണ് പ്രകൃതി സൗന്ദര്യം എന്നു പറഞ്ഞുപോയി. നമുക്ക് ഇറങ്ങാൻ പാകത്തിന് ഒരു ചെറിയ തീരം ഉണ്ടായിരുന്നു. മറുകരയിൽ സിനിമകളിൽ കാണുന്നതുപോലുള്ള സുന്ദരമായ പ്രദേശം. ശാന്തമായി ഒഴുകുന്ന പെരിയാർ. കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല. പിന്നെയും മുമ്പോട്ട് പോയി. അവിടെയും ശാന്തമായി ഒഴുകുന്ന പുഴ അവിടെയുള്ള ഗൈഡ് വന്നപ്പോഴാണ് ശാന്തതയിൽ നിഗൂഢത ഉണ്ടെന്ന് മനസ്സിലായത്. കഴിഞ്ഞാഴ്ച ഒരാൾ അവിടെ മുങ്ങി മരിച്ചിരുന്നുവത്രെ! അതും ഒരു യുവാവ്. യുവത്വത്തിന്റെ എടുത്തുചാട്ടം എന്നുതന്നെ പറയാം. എന്തുരസം! എങ്കിലും മനസ്സിൽ ഒരു ചെറിയ പേടിയുമുണ്ടായിരുന്നു. ഞാൻ അവിടെ വച്ച് കണ്ടുപിടിച്ച ഒരു കാര്യം എന്തെന്നാൽ, മുന്നു ദിക്കിലേക്കായിട്ടാണ് പുഴ ഒഴുകുന്നത്. എന്തൊരത്ഭുതമല്ലെ! അവിടെ പുഴയുടെ നടുക്ക് കാടുപോലുള്ള ഒരു ചെറിയ ദ്വീപുണ്ടായിരുന്നു. അങ്ങോട്ടും നമുക്ക് പോകാം. അവിടുന്നു കുറച്ചും കൂടി അകത്തേക്ക് പോകണമായിരുന്നു എന്ന് മാത്രം. അവിടെയായിരുന്നു യഥാർത്ഥ പ്രകൃതി സൗന്ദര്യം. എങ്കിലും പോയില്ല. ഇനിയും വരണമെന്ന് തീരുമാനിച്ചു. പോരാൻ തോന്നുന്നില്ല. എങ്കിലും പോന്നല്ലെ പറ്റു. തിരിച്ചുപോന്നു. ടിക്കറ്റുതരുന്ന ചേച്ചി വളരെ സ്നേഹമുള്ള ഒരാളായിരുന്നു. ഞങ്ങൾക്ക് ചില ഉപദേശങ്ങളൊക്കെ നൽകി. ഇനി വരുമ്പോൾ നേരത്തെ വരണമെന്നും രാവിലെ മുതൽ വൈകുന്നേരം വരെ നിൽക്കണമെന്നൊക്കെയായിരുന്നു അത്. ഒരു ബഹുമാനമൊക്കെ തോന്നി.


പിന്നെ ഞങ്ങൾ തിരിച്ചു പോന്നത് നെല്ലാട് വഴിയായിരുന്നു. ബിന്നി ടീച്ചറിന്റെ കുഞ്ഞുവാവയെ കാണാൻ കേറി. കുഞ്ഞുവാവയെ കണ്ടപ്പോൾ എനിക്ക് ഞാൻ കണ്ട കുഞ്ഞാനകളെയാണ് ഓർമ്മവന്നത്. പിന്നെ പോയത് അച്ഛന്റെ കൂട്ടുകാരനായ വിനോദ് സാറിന്റെ അടുത്തേക്കാണ്. അവിടെയും എനിക്കൊരു കൂട്ടുകാരനെ കിട്ടി. സാറിന്റെ മോൻ. പിന്നെ ഞങ്ങൾ പോയത്. എന്റെ അമ്മ വീട്ടിലേക്കായിരുന്നു. മുത്തശ്ശിയേയും മുത്തശ്ശനേയും കണ്ടു. പിന്നെ തിരിച്ച് വീട്ടിലേക്ക്. മടുത്തിരുന്നു. അതിനാൽ ഒരു ഉറക്കവും പാസാക്കി.

പതിപ്പുകൾ

ഞങ്ങൾ തയ്യാറാക്കിയ പതിപ്പുകളിൽ ചിലത്
പതിപ്പുകൾ
പതിപ്പുകൾ
പതിപ്പുകൾ
പതിപ്പുകൾ
പതിപ്പുകൾ
പതിപ്പുകൾ
പതിപ്പുകൾ
പതിപ്പുകൾ
പതിപ്പുകൾ
പതിപ്പുകൾ
പതിപ്പുകൾ
പതിപ്പുകൾ
പതിപ്പുകൾ
പതിപ്പുകൾ
പതിപ്പുകൾ
പതിപ്പുകൾ
പതിപ്പുകൾ
പതിപ്പുകൾ
പതിപ്പുകൾ
പതിപ്പുകൾ
പതിപ്പുകൾ