എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : അനിൽബാബു കെ. (എച്ച്. എസ്. എ. നാച്ചുറൽ സയൻസ്)
ആമുഖം
കൂത്താട്ടുകുളം ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് 'ഹരിതസേന' എന്ന പേരിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ലേബർ ഇന്ത്യയും മാതൃഭൂമിയും ചേർന്ന് ആരംഭിച്ചിട്ടുള്ള Seed എന്ന സംരംഭം ഈ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്ക്കൂൾ കാമ്പസ് പച്ചപിടിപ്പിക്കുന്നതിൽ ഹരിതസേന കാര്യമായപങ്കുവഹിക്കുന്നുണ്ട്.
പരിസ്ഥിതി ദിനാഘോഷം
ജൂൺ 5 ലോക പരിസ്ഥിതിദിനം കൂത്താട്ടുകുളം ഹയർ സെക്കന്ററിസ്ക്കൂളിൽ വിപുലമായ പരിപാടികളോടെ എല്ലാ വർഷവും പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിക്കുന്നു. പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സെമിനാർ, പരിസ്ഥിതി ക്വിസ്, ചിത്രരചനാമത്സരം, പോസ്റ്റർ രചനാമത്സരം, പരിസ്ഥിതി കവിതാലാപന മത്സരം, മരം നടൽ, മരത്തൈ വിതരണം, പച്ചക്കറി വിത്തുവിതരണം മുതലായവ നത്തിവരുന്നു.
ഹരിതവിദ്യാലയം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂൾ ഒരു ഹരിതവിദ്യാലയമാണ്. ഹരിത പ്രോട്ടോക്കോൾ അനുസരിച്ചാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. അജൈവ മാലിന്യങ്ങൾ ഈ സ്ക്കുളിലും പരിസരത്തും ഉല്പാദിപ്പിക്കപ്പെടുന്നില്ല. ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിച്ച് അടുത്തുള്ള ഫാമുകൾ കൊണ്ടുപോകുന്നുണ്ട്. എല്ലാ ആഴ്ചയും വിവിധക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്ക്കൂളും പരിസരവും മാലിന്യമുക്തമാക്കുന്നുണ്ട്. പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ഹരിത പ്രോട്ടോക്കോൾ അനുസരിക്കുന്നുണ്ട്. വെള്ളം കൊണ്ടുവരുന്ന കുട്ടികൾ ഭൂരിപക്ഷവും സ്റ്റീൽ കുപ്പികൾ ഉപയോഗിക്കുന്നു. സ്ക്കൂളിൽ തന്നെ തിളപ്പിച്ച വെള്ളം കുട്ടികൾക്കായി എല്ലാദിവസവും ഒരുക്കുന്നുണ്ട്. ഉപയോഗം കഴിഞ്ഞപ്ലാസ്റ്റിക് വസ്തുക്കൾ (ഒഴിഞ്ഞ പേന, പാലിന്റെ കവർ മുതലായവ) ശേഖരിച്ച് റീസൈക്കിളിംഗിനു നൽകുന്നു.
ഹരിതകേരള ദൗത്യം
2016 ഡിസംബർ 8ന് സംസ്ഥാനത്ത് ഹരിതകേരള ദൗത്യം ആരംഭിച്ചു. ഹരിതകേരള ദൗത്യത്തിന് തുടക്കം കുറിച്ചുകൊണ്ട് രാവിലെ സ്ക്കൂൾ അസംബ്ലിയിൽ ശുചിത്വ പ്രതിജ്ഞയെടുത്തു. ഖര,ജൈവമാലിന്യങ്ങൾ കൈകാര്യം ചെയ്യേണ്ടവിധവും ശുദ്ധജലം സംരക്ഷിക്കേണ്ടതിന്റെ പ്രാധന്യവും ഹെഡ്‌മിസ്ട്രസ് ലേഖാകേശവൻ കുട്ടികൾ വിശദീകരിച്ചുകൊടുത്തു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞ് ക്ലാസ്സ് മുറികളും സ്ക്കൂൾ ക്യാമ്പസും വൃത്തിയാക്കി. സ്ക്കൂൾ ഔഷധോദ്യാനത്തിൽ ഏതാനും ചെടികളും നട്ടു.
ജൈവവൈവിദ്ധ്യോദ്യാനം
2017-18 അദ്ധ്യയനവർഷത്തിൽ തയ്യാറാക്കിയ സ്ക്കൂൾ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ള ജൈവ വൈവിദ്ധ്യോദ്യാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2018 മെയ് മാസത്തിൽ ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും നാടൻ ഫലവൃക്ഷങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നാട്ടു മരങ്ങളും വച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. മരോട്ടി, നീർമാതളം, നാഗമരം, തുടങ്ങിയ അപൂർവ്വ നാട്ടുമരങ്ങളും പേര, നെല്ലി, നാരകം, ചാമ്പ, പനിനീർചാമ്പ, മാതളം, ചിലുമ്പി, കുടംപുളി, വാളൻപുളി, പാഷൻഫ്രൂട്ട്, മുള്ളാത്ത, ആത്ത, മൾബറി എന്നിങ്ങനെയുള്ള നാടൻ ഫലസസ്യങ്ങളും നട്ടുകഴിഞ്ഞു. കൂത്താട്ടുകളം കൃഷിഭവന്റെയും വനംവകുപ്പിന്റെ സാമൂഹ്യവനവൽക്കരണ പദ്ധതിയുടെയും സഹായം ലഭിക്കുന്നുണ്ട്.
പരിസ്ഥിതിക്ലബ്ബ് പ്രവർത്തനങ്ങൾ 2019-20
പരിസ്ഥിതി ദിനാഘോഷം 2019
2019-20 അദ്ധ്യയനവർഷത്തെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ പ്ലാക്കാർഡ് മുതലായവ കുട്ടികൾ തയ്യാറാക്കി പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. സ്ക്കൂൾ ജൈവവൈവിദ്ധ്യോദ്യാനത്തിൽ നവാഗതരായ വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ നട്ടു. ഹൈസ്ക്കൂൾ ക്ലാസ്സിലെ കുട്ടികൾക്കായി പരിസ്ഥിതി ക്വിസ് മത്സരം നടന്നു. ആൽബിൻ ഷാജി ചാക്കോ (10 എ), പാർവ്വതി ബി. നായർ (8 ബി), കൃഷ്ണാ രാജൻ (8 ബി) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വൃക്ഷത്തൈ വിതരണം
സംസ്ഥാന വനംവകുപ്പ് സാമൂഹ്യവനവൽക്കരണ പദ്ധതിയുടെ ഭാഗമായി സ്ക്കൂളിന് 200 വൃക്ഷത്തൈകൾ നൽകി. മാവ്, പ്ലാവ്, പേര മുതലായ ഫലവൃക്ഷങ്ങളും രക്തചന്ദനം, ആര്യവേപ്പ് തുടങ്ങിയ ഔഷധസസ്യങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ തൈകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
പച്ചക്കറി വിത്തുവിതരണം
സംസ്ഥാനകൃഷിവകുപ്പ് നടപ്പാക്കുന്ന പുനർജ്ജനി പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളം കൃഷിഭവനിൽ നിന്നും 425 പച്ചക്കറി വിത്തുപായ്ക്കറ്റുകൾ ലഭിച്ചു. പച്ചക്കറി വിത്തുകളുടെ വിതരണം സ്ക്കൂളിലെ ഭാരത് സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൂർത്തിയാക്കി.
പ്ലാസ്റ്റിക് ദിനാഘോഷം
ഹലോ സേവ് എർത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്ലാസ്റ്റിക് ഡേ ആചരണത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളും പങ്കാളികളായി. ദിനാചരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി ദീപശിഖ ഏറ്റുവാങ്ങി. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പ്ലാസ്റ്റിക് വലിച്ചെറിയൽ അവസാനിപ്പിക്കുക, പ്ലാസ്റ്റിക് പുനരുപയോഗിക്കുക എന്നീ സന്ദേശങ്ങളാണ് പ്ലാസ്റ്റിക് ഡേ നൽകുന്നത്. 'എന്റെ പ്ലാസ്റ്റിക് എന്റെ ഉത്തരവാദിത്തം' എന്ന സന്ദേശവുമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 2019 ജൂൺ 26 ന് പ്ലാസ്റ്റിക് ദിനം ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്ക്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ കൂത്താട്ടുകുളം ഗവ.യു.പി. സ്ക്കൂൾ മുൻ ഹെഡ്‌മാസ്റ്റർ കെ. വി. ബാലചന്ദ്രൻ പ്ലാസ്റ്റിക് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഹലോ സേവ് എർത്ത് ഫൗണ്ടേഷന്റെ നാഷണൽ കോ-ഓർഡിനേറ്റർ സുനു വിജയൻ, പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു എന്നിവർ സംസാരിച്ചു. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്ക്കൂൾ പ്രതിനിധികൾ ഹെഡ്‌മിസ്ട്രസ് ഗീതാദേവിയിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി. സ്ക്കൂളിലെ വിദ്യാർത്ഥികൾ സിംഗിൾ യൂസ് പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് സ്ക്കൂളിലെത്തിക്കുകയും ഹലോ സേവ് എർത്ത് ഫൗണ്ടേഷന്റെ അധികൃതരെ ഏൽപ്പിക്കുകയും ചെയ്തു. തുടർന്നു വരുന്ന എല്ലാ മാസങ്ങളിലും 26-ാം തീയതി പ്ലാസ്റ്റിക് ഡേ ആയി ആഘോഷിക്കും.
ഔഷധസസ്യ പ്രദർശനോദ്യാന നിർമ്മാണം
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കൂത്താട്ടുകുളം ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ആയുർ ഗ്രീൻ പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച ഔഷധസസ്യ പ്രദർശനോദ്യാനം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം സ്ക്കൂളിനു സമർപ്പിച്ചു. കരിങ്കുറിഞ്ഞിത്തൈ സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവിക്ക് കൈമാറിയായിരുന്നു സമർപ്പണം നിർവ്വഹിച്ചത്. ചടങ്ങിൽ കൂത്താട്ടുകുളം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് മനോജ് അംബുജാക്ഷൻ, സെക്രട്ടറി അരുൺ വർഗ്ഗീസ്, മുതിർന്ന ലയൺസ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. അമ്പത്തി അഞ്ച് ഔഷധസസ്യങ്ങളാണ് ആദ്യഘട്ടത്തിൽ ഉദ്യാനത്തിൽ നട്ടത്. ഹരിതസേന പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ഔഷധസസ്യ പ്രദർശനോദ്യാനം പരിപാലിച്ചുവരുന്നു.
ഔഷധസസ്യ പ്രദർശനോദ്യാനത്തിലെ ഔഷധസസ്യങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഔഷധസസ്യ പതിപ്പ് നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം പ്രകാശനം ചെയ്തു. ഉദ്യാനത്തിലെ 55 സസ്യങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ പതിപ്പ് സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് തയ്യാറാക്കിയത്.
നീലഅമരി, സർപ്പഗന്ധി, അവിൽ, നോനി, ചങ്ങലംപരണ്ട, വാതംകൊല്ലി, കടുക്ക, തിപ്പലി, ഇരുവേലി, ചിറ്റരത്ത, മൂവില, കരിങ്ങാലി, കൂവളം, ഏകനായകം, അമൃത്, താതിരി, വിഷമൂലി, രാമച്ചം, മന്ദാരം, അയ്യപ്പാല, പ്ലാശ്, പനിക്കൂർക്ക, കറുവ, ഓരില, മൂവില, പിച്ചകം, അര്യവേപ്പ്, ഇലഞ്ഞി, മുഞ്ഞ, കുന്തിരിക്കം, നാഗപ്പൂമരം, താന്നി, കരിംകുറിഞ്ഞി, മഞ്ചാടി, അത്തി, കരിങ്ങോട്ട, കൊടുവേലി, പാച്ചോറ്റി, നാഗദന്തി, കരിനൊച്ചി, ഉങ്ങ്, രക്തചന്ദനം, വേങ്ങ, അകത്തിച്ചീര, ആടലോടകം, അശോകം, കുമ്പിൾ, നീർമരുത്, കർണികാരം, പാൽമുതുക്ക്, ബ്രഹ്മി, പാച്ചോറ്റി, ജീവകം, ഏവകം, കിരിയാത്ത്, ശതാവരി, കുന്തിരിക്കം, അടപതിയൻ, കറ്റാർവാഴ എന്നിവയാണ് ഇപ്പോൾ ഉദ്യാനത്തിലുള്ള ഔഷധസസ്യങ്ങൾ. പ്രചാരത്തിലുള്ള പേര്, ശാസ്ത്രീയ നാമം, ഔഷധഗുണം, ഏതു രോഗത്തിന് പ്രയോഗിക്കുന്നു എന്നിവ രേഖപ്പെടുത്തിയ ബോർഡും ഓരോ സസ്യത്തിന്റെയും സമീപത്ത് സ്ഥാപിച്ചിട്ടുണ്ട്.
പരിസ്ഥിതിക്ലബ്ബ് വാർത്തകൾ 2018-19
ചർച്ചാക്ലാസ്സ്
കേരളം നേരിട്ട പ്രളയവും അതുവരുത്തിവച്ച നാശനഷ്ടങ്ങളും ഭാഗ്യവശാൾ ഈ സ്ക്കൂളിലെ കുട്ടികൾക്ക് നേരിട്ടനുഭവിക്കേണ്ടിവന്നില്ല. ഇത്തരം ദുരിതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു ചർച്ചാക്ലാസ്സ് സംഘടിപ്പിച്ചു. ജീവശാസ്ത്രാദ്ധ്യാപകൻ കെ. അനിൽബാബു ക്ലാസ്സ് നയിച്ചു. മനുഷ്യന്റെ പ്രകൃതിയിലെ ഇടപെടൽ മൂലം സംഭവിക്കുന്ന കാലാവസ്ഥാവ്യതിയാനം എത്ര വിനാശകാരിയാണെന്ന് ഈ ചർച്ചാക്ലാസ്സ് കുട്ടികളെ ബോധ്യപ്പെടുത്തി. പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും പരിസ്ഥിതി ക്ലബ്ബംഗങ്ങൾതയ്യാറാക്കിയിരുന്നു.
-
പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും
-
പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും
-
പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും
-
പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും
-
പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും
-
പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും
-
പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും
ജൈവവൈവിദ്ധ്യോദ്യാന പരിപാലന യജ്ഞം തുടങ്ങി
തിമിർത്തുപെയ്ത കാലവർഷത്തിനുശേഷം അന്തരീക്ഷം തെളിഞ്ഞതോടെ ജൈവവൈവിദ്ധ്യോദ്യാന പരിപാലന യജ്ഞം തുടങ്ങി. ജൈവവൈവിദ്ധ്യോദ്യാനത്തിൽ ഈ വർഷം നട്ട മരത്തൈകളുടെ ചുവട് കളപറിച്ച് വൃത്തിയാക്കുകയും ജെവവളപ്രയോഗം നടത്തുകയുമാണ് ഈ യജ്ഞത്തിന്റെ ഭാഗമായി ചെയ്യുന്നത്. ഹരിതസേനയിലെ ആശിഷ് എസ്, ഗോകുൽ ഇ. കെ., ജെയിൻ ഷാജി, ഡാനിയേൽ ബേബി, ഡെനിൽ ജോ ജെ. എന്നിവരുടെ നേതൃത്വത്തിലാണ് പരിപാലനം നടക്കുന്നത്.
പരിസ്ഥിതി ദിനാഘോഷം 2018
ലോക പരിസ്ഥിതിദിനം കൂത്താട്ടുകുളം ഹയർ സെക്കന്ററിസ്ക്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ പത്തിന് സ്ക്കൂൾ ഹാളിൽ പരിസ്ഥിതിദിന സമ്മേളനം നടന്നു. സമ്മേളനത്തിൽ പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു ആദ്ധ്യക്ഷം വഹിച്ചു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം കൂത്താട്ടുകുളം കൃഷിഭവൻ കൃഷി അസിസ്റ്റന്റ് ഷാജി ജോൺ നിർവ്വഹിച്ചു. കൃഷി അസിസ്റ്റന്റ് അനിൽ കെ. എ. ആശംസകൾ അർപ്പിച്ചു. യോഗത്തിൽ സ്ക്കൂൾ പ്രിൻസിപ്പൽ ലേഖാകേശവൻ സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ അനിൽ ബാബു കെ. നന്ദിയും പറഞ്ഞു. സമ്മേളനത്തിനുശേഷം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സജീവ് കുമാറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സെമിനാർ നടന്നു. സ്ക്കൂൾ ജൈവവൈവിദ്ധ്യോദ്യാനത്തിൽ കൃഷി അസിസ്റ്റന്റ് ഷാജി ജോൺ, പ്രിൻസിപ്പൽ ലേഖാകേശവൻ എന്നിവർ ഫലവൃക്ഷത്തൈകൾ നട്ടു. തുടർന്ന് മുഴുവൻ വിദ്യാർത്ഥികൾക്കും കൃഷിവകുപ്പ് തയ്യാറാക്കിയ പച്ചക്കറി വിത്തുപായ്ക്കറ്റുകൾ നൽകി. വനം വകുപ്പു നൽകിയ വൃക്ഷത്തൈകൾ വൈകുന്നേരം കുട്ടികൾക്ക് വിതരണം ചെയ്തു.