എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ കൈകോർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൈകോർക്കാം
ശുചിത്വം വെറുമൊരു കടമ മാത്രമല്ല. മറിച്ച് അതൊരു ആദർശവും ജീവിതചര്യയുമാണ്. ലോകത്തിലെ ഉയർച്ച പ്രാപിച്ച ഏതൊരു സമൂഹത്തെയും എടുത്തു പരിശോധിച്ചാൽ നമുക്ക് ദർശിക്കുവാൻ സാധിക്കും അതിൽ ശുചിത്വത്തിന്റെ പങ്ക്. അതുകൊണ്ട് തന്നെ പുരോഗതിയെ മുന്നിൽ കണ്ട് വർത്തിക്കുന്ന ഏതൊരു നാടും അവിടെ വൃത്തിക്കു പ്രഥമ സ്ഥാനം നൽകണം.
ലോകം മുഴുവൻ ഇന്ന് കോവിഡ് -19 എന്ന മഹാവ്യാധിയുടെ പിടിയിലമർന്നിരിക്കുകയാണ്. ഇത്തരം ഒരു രോഗം പടരാൻ കാരണം ശുചിത്വബോധത്തിൽ നമുക്ക് സംഭവിച്ച വീഴ്ചകളാണ്. ഈ രോഗം മാത്രമല്ല മറ്റ് എല്ലാ പകർച്ചവ്യാധികൾക്കും വഴിയൊരുക്കുന്നത് ശുചിത്വമില്ലായ്മയാണ്. നമ്മുടെ നിരത്തുകളിലേക്കും അതുപോലെ മറ്റു തുറസ്സായ സ്ഥലങ്ങളിലേക്കും ഒന്നു ശ്രദ്ധിച്ചാൽ കാണാൻ സാധിക്കും സാംസ്‌കാരിക ഉന്നതി കെട്ടിഘോഷിക്കുന്ന നമ്മുടെ തന്നെ സാംസ്‌കാരിക ബോധം. എത്രയോ സ്ഥലങ്ങളിലാണ് ചപ്പുചവറുകളും മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കുന്നത്. ഈച്ചയും പുഴുക്കളും അരിക്കുന്ന മാലിന്യങ്ങൾ നിറഞ്ഞ എത്രയോ ജലാശയങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. ഇത്തരം മലിനമായ സ്ഥലങ്ങളിലൂടെയാണ് ദിവസവും നമ്മളടങ്ങുന്ന ആയിരക്കണക്കിനു മനുഷ്യർ സഞ്ചരിക്കുന്നത്. അവിടെ നിന്നും ഉണ്ടാകുന്ന എത്രയോ കോടി അണുക്കൾക്കാണ് നമ്മൾ ഓരോരുത്തരും വാഹകരാകുന്നത്. അവയിൽ നിന്നും എത്രയെത്ര രോഗങ്ങളാണ് പൊട്ടിപ്പുറപ്പെടുന്നത്, പകരുന്നത്.
ഇങ്ങനെയുണ്ടാകുന്ന പകർച്ചവ്യാധികൾ തടയാൻ ശുചിത്വം എന്ന ജീവിതചര്യ നമ്മൾ ഓരോരുത്തരും പിന്തുടരേണ്ടിരിക്കുന്നു. വ്യക്തികളിൽ നിന്നു വേണം ശുചിത്വത്തിന്റെ ആദ്യ പാഠങ്ങൾ തുടങ്ങേണ്ടത്. ശരീരശുചിത്വം പാലിക്കുക അത്യാവശ്യമാണെന്ന് ചെറിയ പ്രായത്തിലെ കുട്ടികളെ പഠിപ്പിക്കുക. പണ്ടുകാലങ്ങളിൽ വീടിനു പുറത്ത് കിണ്ടിയിൽ വെള്ളം സൂക്ഷിച്ചിരുന്നു. പുറത്ത് നിന്നും വരുന്നവർക്ക് കൈകാലുകൾ കഴുകാൻ. അത്തരം ശുചിത്വബോധങ്ങൾ തിരിച്ചു കൊണ്ടുവരേണ്ടിരിക്കുന്നു. അതോടൊപ്പം നമ്മുടെ ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങളോ ചപ്പുചവറുകളോ വലിച്ചെറിയാതെ ശാസ്ത്രീയമായ രീതിയിൽ അവ സംസ്കരിക്കാൻ ഉള്ള മാർഗങ്ങൾ അവലംബിക്കുക. ജലാശയങ്ങൾ മാലിന്യം നിക്ഷേപിക്കാൻ ഉള്ള സ്ഥലങ്ങൾ അല്ല എന്ന സാമാന്യബോധം പുലർത്തുക. ഇതെല്ലാം പാലിക്കപ്പെടുമ്പോൾ തന്നെ നാടിന്റെ ശുചിത്വ നിലവാരസൂചിക ഉയരും.
ഇതോടൊപ്പം തന്നെ ഈ അവസരത്തിൽ ഏറ്റവുമധികം പ്രാധാന്യമുള്ള ഒരു ശുചിത്വബോധമാണ് വിവരശുചിത്വം. സാമൂഹികമാധ്യമങ്ങളിലും മറ്റും കാണുന്ന എല്ലാവിവരങ്ങളും അതേ പടി വിഴുങ്ങാതെ അവയിലെ സത്യ-അസത്യങ്ങളെ മനസിലാക്കി മറ്റുള്ളവരുമായി പങ്ക് വെയ്ക്കുക. ഇവയ്‌ക്കെല്ലാം ഒപ്പം മനസ്സിലും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക. ശരീരവും നാടും മാത്രം ശുചി ആയതുകൊണ്ട് നന്മ പ്രാപിക്കില്ല ഒരു സമൂഹവും. ആ സമൂഹത്തിലെ മനുഷ്യരുടെ മനസ്സുകളും വൃത്തിയാകണം. ഈ ലക്ഷ്യങ്ങൾ എല്ലാം നേടിയെടുക്കാൻ, ഒരുമിച്ച് പ്രവർത്തിക്കാൻ, ഏവർക്കും കൈകോർക്കാം.



ക്ഷേമ മനോജ്
10 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം