കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ഒരു വൈറസ് ഉണ്ടാക്കിയ പുകിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു വൈറസ് ഉണ്ടാക്കിയ പുകിൽ....

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ തെയ്യങ്ങളുടെ നാടായ കണ്ണൂർ ജില്ലയിലെ മുഴപ്പാല എന്ന കൊച്ചുഗ്രാമത്തിൽ ഒരു പതിമൂന്നു വയസ്സുകാരനും അവന്റെ കുടുംബവും താമസിക്കുന്നു. അവൻ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. പഠനത്തിൽ അത്ര മിടുക്കനായിരുന്നില്ലെങ്കിലും പാഠ്യേതരവിഷയങ്ങളിൽ മിടുക്കനായിരുന്ന അവനെ സ്കൂളിലെ അധ്യാപകർക്കൊക്കെ ഇഷ്ടമാണ്. നല്ലൊരു മനസ്സിനുടമയായ അവന്റെ ജീവന്റെ ജീവനാണ് ഫുട്ബോൾ എന്ന കായിക വിനോദം.

സന്തോഷവും ,സങ്കടവും, കളിയും, ചിരിയുമായി ജീവിതം നീങ്ങിക്കൊണ്ടിരിക്കുമ്പോൾ കൊല്ല പരീക്ഷകൾ വിദ്യാലയങ്ങളിൽ ആരംഭിച്ചു. പഠിക്കാൻ മിടുക്കനല്ലാഞ്ഞിട്ടും മുൻപത്തെക്കാൾ നന്നായി അവൻ പഠിക്കാൻ തുടങ്ങി. പരീക്ഷകൾ നന്നായി എഴുതി. അങ്ങനെ മൂന്നു പരീക്ഷകൾ കഴിഞ്ഞു.നാലാമത്തെ പരീക്ഷയ്ക്ക് നന്നായി തയ്യാറെടുക്കുന്ന സമയത്തായിരുന്നു കൊറോണ എന്ന മഹാമാരി ലോകത്തിൻ്റെ കാലനായി വന്നത്. ഞെട്ടിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതുമായ ആ വാർത്ത അവന്റെ കാതുകളിൽ എത്തി... കൊറോണ എന്ന മഹാവിപത്ത് കേരളത്തെയും വിഴുങ്ങാൻ തുടങ്ങി എന്നതായിരുന്നു ആ വാർത്ത. ഏഴാം ക്ലാസുവരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. അത് അവനെ നിരാശയിലാഴ്ത്തി. ദിവസങ്ങൾക്കു ശേഷം വീണ്ടും ഒരു വേദനിപ്പിക്കുന്ന വാർത്ത അവന്റെ കാതിലെത്തി. ലോകത്താകെ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു എന്നതായിരുന്നു ആ വാർത്ത. എന്നാൽ അവനെ ഏറ്റവുമധികം വേദനിപ്പിച്ചത്, വീട്ടിൽനിന്നാരും പുറത്തിറങ്ങരുതെന്നും കുട്ടികൾ പുറത്തിറങ്ങി കളിക്കരുതെന്നുമുള്ള വാർത്തയാണ്.

ആദ്യത്തെയാഴ്ച അവൻ പിടിച്ചു നിന്നെങ്കിലും , ദിവസങ്ങൾ കടന്നപ്പോൾ ഇടവഴികളിലും, വിജനമായ റോഡിലും കൂട്ടുകാരോടൊത്ത് കളിതുടങ്ങി.പക്ഷെ പോലീസുകാർ വന്നതോടെ അതു നിന്നു. കൂട്ടുകാരോടൊത്ത് കളിക്കാൻ കഴിയാതെ അവൻ വിഷമിച്ചു. ലോക് ഡൗൺ കഴിഞ്ഞാൽ കളിക്കാമെന്നവൻ സ്വയം സമാധാനിച്ചു. എനിയെന്തു ചെയ്യും എന്ന അവന്റെ ചിന്തയ്ക്ക് അവൻ തന്നെ ഉത്തരം കണ്ടെത്തി. ടിക് ടോക്ക് വീഡിയോകൾ ചെയ്യാം. വീഡിയോകൾ സ്ഥിരമായപ്പോൾ അവന്റെ അച്ഛൻ വഴക്കു പറയാൻ തുടങ്ങി. വഴക്കുപിന്നെ അടിയായിമാറി. അവന് അതും നിർത്തേണ്ടിവന്നു.

അങ്ങനെ പുത്തൻ വിഷുപ്പുലരി വന്നെത്തി.എന്നാൽ വിചാരിച്ചപോലെ അത്ര നല്ലതായിരുന്നില്ല ഇത്തവണത്തെ വിഷു.ലോക് ഡൗൺ ആയതുകാരണം മാങ്ങയും ചക്കയുമെല്ലാം അവൻ സ്വയം കയറിപ്പറിച്ചു. പക്ഷെ അവനു ഏറ്റവും ഇഷ്ടപ്പെട്ട പടക്കം മാത്രം കിട്ടിയില്ല. അവൻ സ്വയം പടക്കമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വിഷുവാണെന്ന് ഒട്ടും തോന്നിക്കാത്ത രീതിയിൽ അതും കടന്നുപോയി. എന്തായാലും,ഒന്നാലോചിച്ചാൽ നാം ഭാഗ്യംചെയ്തവരാണെന്ന്  അവനു തോന്നി. പടക്കമില്ലെങ്കിലെന്താ, കണികാണാനെങ്കിലും സാധിച്ചല്ലോ എന്നവൻ ആശ്വസിച്ചു. കൊറോണ ബാധിച്ചവർ കണിയല്ല കുടുംബക്കാരെപ്പോലും കാണാതെ വിഷമിക്കുകയല്ലേ എന്നോർത്ത് അവൻ സങ്കടപ്പെട്ടു.

ലോക് ഡൗൺ കഴിയാറായി എന്നാശ്വസിക്കുമ്പോഴതാ , അവന്റെ എല്ലാ പ്രതീക്ഷകളും തട്ടിത്തെറിപ്പിച്ചു കൊണ്ട് ലോക് ഡൗൺ മെയ് മൂന്നു വരെ നീട്ടിയിരിക്കുന്നു എന്ന വാർത്ത അവന്റെ കാതുകളിലെത്തി. അവൻ ആകെ നിരാശനായി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പുത്തൻ പ്രതീക്ഷയേകി  അവന്റെ ടീച്ചറിൽനിന്നും അവനൊരു സന്ദേശം ലഭിച്ചു. ഗവൺമെന്റിന്റെ അക്ഷരവൃക്ഷം വിദ്യാഭ്യാസ പദ്ധതിയിലേക്ക് അയക്കാനായി ഒരു കവിത എഴുതാൻ ശ്രമിക്കൂ എന്നായിരുന്നു ആ സന്ദേശം. അങ്ങനെ അവനൊരു കവിതയെഴുതി അയച്ചു.

അക്ഷരവൃക്ഷത്തിൽ അവന്റെ കവിത പ്രസിദ്ധീകരിച്ചപ്പോൾ അവൻ സന്തോഷവാനായി. ഈ ലോക് ഡൗൺ കാലത്ത് അവന്റെ കഴിവുകൾ വികസിപ്പിക്കാൻ ശ്രമിക്കാം എന്നവൻ തീരുമാനമെടുത്തു. ഈ കൊറോണ ദിനങ്ങളെ ഭയത്തോടെയല്ലാതെ ജാഗ്രതയോടെ നേരിടുന്ന ആ പതിമൂന്നുവയസ്സുകാരന്റെ പേരാണ് വിഷ്ണു മനോജ്.

ഭയമല്ല ജാഗ്രതയാണ് വേണ്ടത്. നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കാൻ ഈ ലോക് ഡൗൺ കാലം ഉപയോഗപ്പെടുത്തൂ. സ്നേഹത്തോടെ ......

വിഷ്ണു മനോജ്
7 എ കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ