എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ....

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ ....

തന്റെ വീടിന്റെ മുൻവശത്തുള്ള വരാന്തയിലെ തടിയൻ തൂണിൽ ചാരിയിരുന്ന് തന്റെ കുറ്റി തലമുടിയിൽ തലോടിക്കൊണ്ട് ഉമ്മറപ്പടി യിലേക്ക് നോക്കിയിരിക്കുകയാണ് ഭാസ്കരൻമാഷ്. കനത്ത മഴയ്ക്ക് ശേഷമുള്ള ഒരു സായാഹ്നമാണിത്. മുറ്റത്തെ തുളസിത്തറയിലെ തുളസിച്ചെടി തലകുനിച്ചു നിൽക്കുന്നു. മഴത്തുള്ളികൾ ഓടിൽ നിന്നും ഊർന്നിറങ്ങുന്നു. എന്തിനെന്നറിയാതെ മൂടിക്കെട്ടിനിൽക്കുന്ന കാർമേഘങ്ങൾ, വെളിച്ചം എങ്ങോ പോയ്‌ മറയുന്നു. ഘടികാരത്തിന്റെ ശബ്ദം കേട്ട് ഭാസ്കരൻ മാഷ് നോക്കിയപ്പോൾ സമയം 6:30 കഴിഞ്ഞിരിക്കുന്നു. ഘടികാരത്തിൽ നിന്നും തന്റെ ദൃഷ്ടിമാറ്റി വീണ്ടും ഉമ്മറപ്പടിയെ കേന്ദ്രീകരിച്ചു. ഉമ്മറപ്പടിയിൽനിന്നും കാണാവുന്നത് ഇത്രമാത്രം, നീണ്ട പച്ചപ്പണിഞ്ഞ കാറ്റിൽ ആടിയുലയുന്ന നെൽപ്പാടം. തന്റെ കണ്ണുകൾക്കു യാതൊരു കുളിർമയുമില്ല..... വിജനത, വിജനത മാത്രം. തന്റെ മങ്ങിയ കണ്ണുകളിലൂടെ ആ വയലിലേക്ക് നോക്കിയപ്പോൾ എന്തെന്നറിയില്ല കണ്ണുകളിൽ വരണ്ട മരുഭൂമിയിൽ മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു സുഖം അനുഭവപ്പെടുന്നു.... അതെ.. ആരോ.. ആരോ ഒരാൾ നടന്ന് അടുത്തേക്കു വരുന്നു. ഭാസ്കരൻ മാഷ് തന്റെ ഇടതുകൈ നെറ്റിയോട് ചേർത്തു വച്ച് സൂഷ്മമായി ഒന്നു നോക്കി . തന്റെ വീടിന്റെ പടികൾ ചവിട്ടി കയറുന്നതു ഒരു യുവാവാണ്. തന്റെ കണ്ണടയെടുത്തുവച്ച് അദ്ദേഹം വീണ്ടുംനോക്കി . പുഞ്ചിരി വിടർന്നു, അതെ ഉണ്ണി എന്റെ മോൻ ഉണ്ണി. മാഷ്ടെ കണ്ണുകളിൽ നിന്ന് ആനന്ദാശ്രുക്കൾ പൊഴിഞ്ഞു. അഞ്ചാറുമാസത്തിനു ശേഷമാണ് മകനെ മാഷ് കാണുന്നത്. ആഹ്ലാദത്തോടെ ഭാസ്കരൻ മാഷ് ചോദിച്ചു :

"മോനെ.. പട്ടണത്തിലെ ജോലി എങ്ങിനെയുണ്ട്?, ഭാര്യയും, മക്കളും സുഖമായി ഇരിക്കുന്നിലെ ..?. അങ്ങിനെ നൂറു-നൂറു ചോദ്യങ്ങൾ... മകൻ മുഖത്തു ചെറിയ നീരസത്തോടെ പറഞ്ഞു :

"എല്ലാം കുഴപ്പമില്ല, എല്ലാവർക്കും സുഖം. " മകനെ ചേർത്തു പിടിച്ചുകൊണ്ടു മാഷ് ആഹ്ലാദത്തോടെ ചോദിച്ചു

"ആട്ടേ..., നീ പോവുമ്പോ പറഞ്ഞത്‌ ഒരാഴ്ച കഴിഞ്ഞു വന്ന് എന്നേം അങ്ങോട്ടു കൊണ്ടൂവനല്ലേ?".. എന്താ വൈകിയേ??.. സാരല്ല്യ .. എന്തായാലും എന്റെ കുട്ടി അച്ഛനെ കൊണ്ടോവാൻ വന്നില്ല്യേ.. അതുമതി. " മകൻ നിശബ്ദനായി നിന്നും. മാഷ് മകനെ വിളിച്ച് അകത്തേക്ക് കൊണ്ടുപോയി. ഭാസ്കരൻ മാഷ്ടെ സന്തോഷം അതിരില്ലാതെയായി. മാഷ് പട്ടണത്തിലേക്കു പോകാൻ തുണിയെല്ലാം തയ്യാറാക്കി ഉറങ്ങാൻ കിടന്നു. കണ്ണുകൾ മെല്ലെ അടച്ചതും തന്റെ മുറിയുടെ വാതിൽ ആരോ തുറക്കുന്ന ശബ്ദം കേട്ടു. നോക്കിയപ്പോൾ മകൻ ഉണ്ണിയായിരുന്നു. ഉണ്ണി മാഷ്ടെ അരികിൽ വന്നിരുന്നു, പതിഞ്ഞ സ്വരത്തിൽ പറഞ്ഞു :

"അച്ഛാ.., ഞാൻ നാളെ പോവ്വാ.... അച്ഛൻ വരണ്ട. ഞാൻ അച്ഛനെ കൊണ്ടോവാൻ വന്നതല്ല. " ഒരു കെട്ടു പണം നീട്ടികൊണ്ടു പറഞ്ഞു : "അച്ഛാ, ഞാൻ ഇതു തരാൻ വന്നതാണ്, അച്ഛനു ചിലവിനുള്ള പണം. നാളെ രാവിലെ തന്നെ ഞാൻ പോകും അച്ഛൻ വന്നാൽ അത് സുമക്കിഷ്ട്ടാവില്ല്യ.. അതുകൊണ്ടാ.. " ഈ ന്യായം മുന്നോട്ടുവച്ച് ഉണ്ണി പോയി. ഭാസ്കരൻ മാഷ്ടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ എന്തിനെന്നറിയാതെ ഒഴുകികൊണ്ടേയിരുന്നു... ആ നനഞ്ഞ കണ്ണുകൾ അമർത്തി അടച്ച് മാഷ് കിടന്നു.

കാർമേഘങ്ങൾ മൂടികെട്ടിത്തന്നെ തുടർന്നു.... ദിനരാത്രങ്ങൾ കടന്നുപോയി... കലണ്ടറിലെ ദിനങ്ങൾ എത്രയോ കടന്നു പോയിരിക്കുന്നു... പാടവരമ്പിലെ വിജനതയിലേക്ക് നോക്കിയിരിക്കുന്ന മാഷ്ടെ കണ്ണുകളിൽ വീണ്ടുമൊരു കുളിർമ. ഒരു മനുഷ്യ രൂപം വീടിന്റെ പടവുകൾ കയറിവരുന്നു.

"ആരാത്.... " മാഷ് ചോദിച്ചു... "ഞാനാ മാഷേ.... " "ഓർമയുണ്ടോ?.." "എനിക്ക് കണ്ണ് പിടിക്കണില്ല്യ മോനേ... വയസ്സായില്ലേ.. പറയൂ ആരാ... " "മാഷേ.. ദാസനാ.. മാഷ് പഠിപ്പിച്ച ദാസൻ. അനാഥനായ എനിക്ക് കഴിക്കാൻ ഭക്ഷണവും, പഠിക്കാൻ പുസ്തകവും എല്ലാം തന്നത് മാഷാ.. " "ങ്ഹാ.. മോനേ ദാസാ.. ഞാൻ നിന്നെ മറക്കുവോ കുട്ടീ.... അല്ലാ.. നീയെന്താ ഇവിടെ?.. "ഞാൻ... മാഷേ കൊണ്ടോവാൻ വന്നതാ.. എതിരൊന്നും പറയരുത്.. മാഷ് വരണം.... " ഭാസ്കരൻ മാഷ്ടെ കണ്ണുകൾ നിറഞ്ഞൊഴുകി... മാഷ് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..... "മോനേ... ദാസാ.. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമുണ്ടായ പൊന്നോമനയേ ഒന്നു ലാളിക്കാൻപോലുമാകാതെ എന്റെ ദേവു ഞങ്ങളോടു വിടപറഞ്ഞു. അതിനുശേഷം പലരുടെ പല അഭിപ്രായങ്ങൾ.... പുതിയ വിവാഹം കഴിക്കണമെന്നും,...അങ്ങിനെ അഭിപ്രായങ്ങൾ പലതുണ്ടായിരുന്നു... എല്ലാത്തിനേയു അവഗണിച്ച് ഞാൻ എന്റെ കുട്ടിയെ വളർത്തി വലുതാക്കി പക്ഷെ അവൻ... എന്നെ ഉപേക്ഷിച്ചു മോനേ.... " "മാഷേ അന്ന് മാഷ് തന്ന പൊതിച്ചോറിന്റെ മണവും, പുതിയ പുസ്തകത്തിന്റെ മണവും ഇന്ന് എന്നെ കൽക്കട്ടയിലെ ഒരു ബിസിനസുകാരനാക്കി. കഴിഞ്ഞ മൂന്നു മാസം നിരന്തരമായി ഞാനയച്ച കത്തുകൾക്ക് മറുപടി ഇല്ലാത്തതുകൊണ്ട് ഞാൻ മാഷെ തേടിയിറങ്ങി. കവലയിൽ ചോദിച്ചപ്പോഴാണ് കാര്യങ്ങൾഎല്ലാം അറിഞ്ഞത്. മാഷെ ഞാൻ കൊണ്ടോവ്വാ.. മാഷ് വരണം. കവലയിൽ നിന്നു കാര്യങ്ങൾ അറിഞ്ഞ ഉടനെ ഞാൻ സീതയെ വിളിച്ചിരുന്നു. അവൾ ഇത്രയേ പറഞ്ഞുള്ളു... "നമ്മൾ രണ്ട് അനാഥർക്കു കിട്ടാത്ത വാത്സല്യം നമ്മുടെ മോൾക്കെങ്കിലും കിട്ടട്ടെ. അവൾക്ക് കഥകൾ പറഞ്ഞുകൊടുക്കാനും, പാട്ടുകൾ പാടിക്കൊടുക്കാനും, ഒരു മുത്തച്ഛന്റെ സ്നേഹവും, വാത്സല്യവും കിട്ടാൻ അവൾക്കെങ്കിലും ഭാഗ്യം ഉണ്ടാവട്ടെ "എന്നാ അവൾ പറഞ്ഞത്. മാഷ് വരണം. മാഷേ കാത്ത് അമ്മു മോള് വീട്ടിലുണ്ട്. ഭാസ്കരൻ മാഷ് വിതുമ്പലോടെ ദാസന്റെ കൈ പിടിച്ചു യാത്രയായി.... ആ കൈ ഒരിക്കലും വിടില്ല എന്ന പ്രതീക്ഷയോടെ.......

MANU .T
9J എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ