എച്ച്.എസ്സ്. അർക്കന്നൂർ/അക്ഷരവൃക്ഷം/കൊറോണയും അതിജീവനവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും അതിജീവനവും

കൊറോണ എന്ന മഹാമാരിയിൽ ലോകം വിറങ്ങലിച്ച് നിൽക്കുകയാണ്. എങ്ങും ഭീതിതമായ കാഴ്ചകൾ മാത്രം. ജീവന്റെ നിലനിൽപ്പിനായുള്ള മുറവിളികൾ ഉയരുന്നു. ലോക പോലീസ് എന്നറിയപ്പെടുന്ന അമേരിക്ക പോലും എന്തു ചെയ്യണമെന്നറിയാതെ ഞെട്ടി വിറച്ചു നൽകുന്നു. ഒരു പരിധിവരെയെങ്കിലും ഭാരതം വേറിട്ടു നിൽക്കുന്നു. കോവിഡ് 19 എന്ന വൈറസ് മാനവിക നേട്ടങ്ങളെല്ലാം വെല്ലുവിളിച്ചുകൊണ്ട് ലോകത്തെ ആരോഗ്യമേഖലയ്ക്ക് മുന്നിൽ പല്ലിളിച്ചു കാട്ടുന്നു. എവിടെയാണ് നമുക്ക് പിഴച്ചത്. അതിൻറെ കാരണങ്ങളിലേക്ക് നമ്മൾ ഇറങ്ങിച്ചെല്ലുമ്പോൾ നാം എത്തിനിൽക്കുന്നത് മനുഷ്യന്റെ അത്യാർത്തി യിലേക്കാണ്. പ്രകൃതി എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചിരിക്കുന്നത് തുല്യ ഭാവത്തിലാണ്. ഇവിടെ പുല്ലും പുഴുവും പറവകളും മനുഷ്യനും മറ്റു മൃഗങ്ങളുമെല്ലാം ഒരേ ചങ്ങലയുടെ ഭാഗങ്ങളാണ്. പ്രകൃതിയിൽ എല്ലാവർക്കും തുല്യ അവകാശമാണ് കാരണം എല്ലാവരും ഒരു അമ്മയുടെ മക്കളാണ്. പ്രകൃതിയുടെ വിഭവങ്ങൾ എല്ലാവർക്കും ഒരുപോലെയാണ്. എന്നാൽ ബുദ്ധിമാനായ മനുഷ്യൻ സ്വാർത്ഥ ലാഭത്തിനു വേണ്ടി പ്രകൃതിയിലെ മറ്റു ചരാചരങ്ങളെ അടിമകളാക്കി. ചൂഷണം ആരംഭിച്ചു. അവൻ ഓരോ രോന്നിനേയായി നശിപ്പിക്കാനും കീഴടക്കാനും തുടങ്ങി. വെള്ളവും വായുവും ആകാശവും മലിനമാക്കി. മറ്റുള്ള ജീവജാലങ്ങളെ കൊന്നു തിന്നാൻ തുടങ്ങി. പ്രകൃതിയെ മാലിന്യകൂമ്പാരമാക്കി. സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കാനായി രാഷ്ട്രങ്ങൾ തമ്മിൽ പരീക്ഷണശാലയിൽ മത്സരങ്ങൾ ആരംഭിച്ചു

ശാസ്ത്രം നേട്ടത്തിന് പോലെ തന്നെ ചില സമയം സംഹാരത്തിനും കാരണമാവാറുണ്ട്. അതിനുദാഹരണമാണ് കോവിഡ്- 19. ചൈനയിലെ വുഹാൻ പട്ടണത്തിലെ മാംസ്യ മാർക്കറ്റിൽ നിന്നാണ് രോഗം ഉണ്ടായതെന്ന് പറയപ്പെടുന്നു. വുഹാനിലെ പരീക്ഷണശാലകളിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടത് ആണെന്നും ചില അഭ്യൂഹങ്ങളുണ്ട്. സത്യം എന്താണെന്ന് കാലം തെളിയിക്കട്ടെ. എന്തായാലും കൊറോണ നമുക്ക് ചില പാഠങ്ങൾ പകർന്നു തന്നു. മണ്ണിലേക്ക് മടങ്ങാനുള്ള ഓർമപ്പെടുത്തലാണ് ആദ്യത്തേത്. ഏതു പ്രതിസന്ധിയിലും കാർഷിക സംസ്കാരത്തിലൂന്നിയ ജീവിതം മനുഷ്യനെ സ്വയം പര്യാപ്തനാക്കുന്നു. സ്വയം വൃത്തിയായി ജീവിക്കുവാനും, പരി സരം ശുചിയായി സൂക്ഷിക്കാനുമുളള തിരിച്ചറിവ് നാം ഇതിനകം നേടിക്കഴിഞ്ഞു. വൃത്തിയുടെ കാര്യത്തിൽ നാം ഇനിയും മുന്നേറേണ്ടതുണ്ട്. പരസ്പരം സ്നേഹിച്ചും സഹകരിച്ചും പ്രകൃതിയെ സ്നേഹിച്ചുകൊണ്ടുള്ള ഒരു ജീവിത രീതിക്ക് മാത്രമേ ഭാവിയിൽ നിലനിൽപ്പുള്ളൂ. പരസ്പരം കരുതലായി നാടിന് കാവലായി നമുക്കൊരുമിച്ച് മുന്നേറാം ഈ മഹാമാരിയെ പിടിച്ചുകെട്ടാം.....


ഗൗരി പാർവതി. എം
8 C എച്ച്.എസ്സ്. അർക്കന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം