എം റ്റി എച്ച് എസ് എസ് വെണ്മണി/പ്രാദേശിക പത്രം
നാടിൻ്റെ പ്രകാശഗോപുരമായി ശോഭിച്ച ഒരു സരസ്വതീ ക്ഷേത്രം സഫലമായ100 സംവത്സരം സാഭിമാനം പൂർത്തിയാക്കുന്ന മുഹൂർത്തം, അതിൻ്റ ആരാധകരായ ആയിരങ്ങളുടെ അകതാരിൽ ആഹ്ളാദത്തിര ഉയർത്തുന്നു എന്നു പറഞ്ഞാൽ അത് വെറും അതിശയോക്തിയല്ല. ഒരു സത്യത്തിൻ്റെ അതിശയോക്തി മാത്രം!
* നാലാം ക്ലാസ്സിനപ്പുറം കാണാനാകാതെ കണ്ണീർ കുടിച്ച തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മാർഗദീപമായി, 1920-ൽ മാർത്തോമ്മാ സഭ സംഭാവന ചെയ്ത ഈ വിദ്യാലയത്തെ ഹൃദയത്തുടിപ്പു കൊണ്ടു താലോലിച്ച, തൂമ്പ പിടിച്ചു തഴമ്പിച്ച കൈകൾ കൊണ്ടനുഗ്രഹിച്ച, ഒരു ഗ്രാമീണ ജനതയുടെ പിൻമുറക്കാർ അണിനിരന്ന പ്രൗഢ ഗംഭീരമായ സദസ്സിനെ സാക്ഷിനിർത്തി, ഇന്നലെ (2021 മാർച്ച് 15) ശതാവത്സരാഘോഷങ്ങളുടെ കൊടിയിറങ്ങി.
* നാലു കോടി രൂപയുടെ അടങ്കലുള്ള നിർദ്ദിഷ്ട ബഹുനില ഹൈടെക് സകൂൾ കോംപ്ലക്സിൻ്റെ താഴത്തെ നില(ground floor) രണ്ടു കോടി വിനിയോഗിച്ച് പൂർത്തീകരിച്ചു. മനോഹരമായ ഈ മന്ദിരം മാർത്തോമ്മാ മെത്രാപ്പോലീത്ത നാടിനു സമർപ്പിച്ചു.
* ഒരു വർഷം മുമ്പ് കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടന കർമ്മം നിർവഹിച്ച ശതാബ്ദിയാഘോഷങ്ങളുടെ പരിസമാപ്തി കുറിക്കുന്ന സമ്മേളനം ഇവിടുത്തെ പൂർവ വിദ്യാർത്ഥിയായ മിസോറാം ഗവർണ്ണർ ശ്രീ.പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. മലങ്കര മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ മോസ്റ്റ്.റവ.തിയോ ഡഷ്യസ് മാർത്തോമ്മ മെത്രപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ശ്രീ.സജി ചെറിയാൻ MLA, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സുനിമോൾ, സ്കൂൾ മാനേജർ ലാലമ്മ വർഗീസ്, റവ.വി.ടി ജോസൻ, ഹെഡ്മിസ്ട്രസ് എലിസബത്ത് ജോൺ, PTA പ്രസിഡൻ്റ് റോയി കെ.കോശി, ജോൺ കെ.അലക്സാണ്ടർ തുടങ്ങിയവർ ആശംസ അർപ്പിച്ചു. ശതാബ്ദി സ്മരണിക ചെങ്ങന്നൂർ ഭദ്രാസനാധിപൻ റൈറ്റ്.റവ.തോമസ് മാർ തിമോത്തിയോസ് പ്രകാശനം ചെയ്തു.
*അനിതരസാധാരണമായ ആസൂത്രണ വൈദഗ്ദ്ധ്യവും അസൂയാവഹമായ പ്രവർത്തനക്ഷമതയും കൊണ്ട് അനുഗൃഹീതനായ പ്രിൻസിപ്പൽ ശ്രീ.ജിജി മാത്യു സ്കറിയയുടെ നേതൃത്വത്തിലുള്ള കർമ്മകുശലരായ ഒരു സംഘം അഭ്യുദയകാംക്ഷികളുടെയും, ആത്മാർത്ഥതയും അച്ചടക്കവും കൊണ്ട് ആദരവുറപ്പിച്ച അധ്യാപകരുടെയും സേവന സന്നദ്ധരായ വിദ്യാർത്ഥികളുടെയും കഠിനാദ്ധ്വാനത്തിൻ്റെ സാക്ഷാത്കാരമാണ് ഇവിടെ ദൃശ്യമായത്.
* ശ്രീ. ജിജി മാത്യുവിനൊപ്പം, ജോസനച്ചൻ, വർക്കി ബേബി, മുൻ ഹെഡ്മിസ്ട്രസ് ബിനു മോൾ കോശി, പി.എം. കോശി, പി.ടി.എ പ്രസിഡൻ്റ് റോയി കെ.കോശി, മാത്യു ഡാനിയേൽ, ഹെഡ്മിസ്ട്രസ് എലിസബത്ത് ജോൺ തുടങ്ങിയവർ മുൻനിരയിൽ നിന്നു എന്ന സത്യം മറക്കാനോ മറയ്ക്കാനോ കഴിയില്ല. ഒപ്പം നിന്ന്,നിശ്ചയിക്കപ്പെട്ട ചുമതലകൾ കൃത്യമായി നിർവഹിച്ച ഒട്ടേറെപ്പേരുണ്ട്. സർവ്വശ്രീ ടി.കെ.സൈമൺ, ജോൺ അലക്സാണ്ടർ, അഫ്സൽ ഖാൻ, ടി.ഫിലിപ്പ്, ഷാജി ഉമ്മൻ, അഡ്വ.റോയി ഫിലിപ്പ്, പ്രൊഫ.രാജഗോപാൽ, പ്രൊഫ.എം.കെ.സാമുവേൽ, ടി.എൻ.സദാശിവൻ, ശ്രീമതി മറിയാമ്മ ഉമ്മൻ, കെ.സദാശിവൻ പിള്ള, സാം.കെ.ചാക്കോ, ജോൺ മാത്യു, സജി.കെ.തോമസ്, ബിന്ദു ഉണ്ണികൃഷ്ണൻ, റെനി വർഗീസ്, അഡ്വ.സക്കറിയ പുത്തനിട്ടി, സുനിൽ പി. ജോർജ്, മെറീന ഏബ്രഹാം, മനോജ് സെബാസ്റ്റ്യൻ, എസ്.സുരേന്ദ്രൻ, സാജു മാത്യു, ജെ ബിൻ തോമസ്, റൂബി ജോൺ, സുജ വർഗീസ്, സൗമ്യ ഡാനിയേൽ, പൂർവ്വാദ്ധ്യാപകരായ പി.റ്റി.യോഹന്നാൻ, ഏബ്രഹാം വർഗീസ്, അസി. വികാരി ജെറിയച്ചൻ തുടങ്ങിയവരുടെ സേവനം സ്മരണീയം.
* ലോകമെമ്പാടുമെന്ന പോലെ, വൈറസിൻ്റെ മുമ്പിൽ വിറങ്ങലിച്ചു നില്ക്കുന്ന വെണ്മണി ഗ്രാമത്തിൻ്റെ സാംസ്കാരിക മേഖലയെ വർണ്ണാഭമാക്കിയ ഈ
ശതവത്സരാഘോഷങ്ങളുടെ വിജയത്തിനു മാറ്റുകൂട്ടിയവർക്കും വിശിഷ്യ മന്ദിര നിർമ്മാണത്തിന് മുക്തഹസ്തം സഹായിച്ച സുമനസ്സുകൾക്കും ഹൃദയംഗമമായ അഭിവാദ്യങ്ങൾ. സ്നേഹപൂർവം,
പൂർവ്വ വിദ്യാർത്ഥി സംഘടനയ്ക്കു വേണ്ടി,
പ്രൊഫ.ആർ.രാജഗോപാൽ (പ്രസിഡൻ്റ്)
കെ.സദാശിവൻ പിള്ള (സെക്രട്ടറി)