എം എൽ പി എസ് ചേരാപുരം നോർത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചേരാപുരം നോർത്ത് മാപ്പിള എൽ പി സ്കൂൾ വേളം ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽപ്പെട്ട നമ്പാംവയലിൽ സ്ഥിതി ചെയ്യുന്നു.അതുകൊണ്ട് തന്നെ ഇത് നമ്പാംവയൽ സ്കൂൾ എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്നു. നമ്പാംവയൽ മുമ്പു കാലത്ത് ഒരു വയൽ പ്രദേശമായിരുന്നു. നമ്പ്യാർ വയൽ ലോപിച്ച് നമ്പാംവയൽ ആയി എന്ന് ചരിത്രം.

ചേരാപുരം കാരക്കുന്ന് പള്ളിക്ക് സമീപം ആദ്യകാലത്ത് സി.കെ കൃഷ്ണൻ നായർ എന്നയാളുടെയും പിന്നീട് ടി.അപ്പു നായർ എന്നയാളുടെയും മാനേജ്മെൻറിൽ ചേരാപുരം നോർത്ത് മാപ്പിള ഗേൾസ് സ്കൂൾ എന്ന പേരിൽ ഒരു എഴുത്തുപള്ളി പ്രവർത്തിച്ചിരുന്നു. പേരിൽ ഗേൾസ് സ്കൂൾ ആയിരുന്നെങ്കിലും ആൺകുട്ടികളും ഇവിടെ പഠിച്ചിരുന്നു. അഞ്ചാം തരം വരെ ഉള്ളതും 5 അധ്യാപകർ ഉള്ളതുമായ പ്രസ്തുത സ്കൂൾ രാവിലെ ഓത്തുപള്ളിയായും അതിനുശേഷം എഴുത്തുപള്ളിയായും പ്രവർത്തിച്ചു. അന്നത്തെ സാഹചര്യത്തിൽ എന്തോ കാരണത്താൽ വിദ്യാലയത്തിന് അംഗീകാരം നഷ്ടപ്പെട്ടു. പ്രസ്തുത വിദ്യാലയത്തിലെ ജോലി  നഷ്ടപ്പെട്ട അധ്യാപകർക്ക് ജോലി തിരികെ ലഭിക്കുന്നതിനായി ശ്രീ കെ.കേളുനായരുടെ ശ്രമഫലമായി ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന നമ്പാംവയലിൽ അദ്ദേഹത്തിൻ്റെ മാനേജ്മെൻ്റിൽ ഒരു സ്കൂളിന് അംഗീകാരം ലഭിച്ചു. സ്കൂൾ നിർമിക്കാൻ ആവശ്യമായ സ്ഥലം നൽകിയത് താഴെമഠത്തിൽ അബ്ദു മുസ്‌ലിയാർ എന്ന മാന്യദേഹമായിരുന്നു. അങ്ങനെ 1951 ജൂലായ് മാസത്തിൽ കെ.കേളുനായർ മാനേജരും ഹെഡ്മാസ്റ്ററുമായി ചേരാപുരം നോർത്ത് മാപ്പിള എൽ പി സ്കൂൾ പ്രവർത്തനമാരംഭിച്ചു.

ആദ്യകാലത്ത് ഈ സ്കൂളിൽ അഞ്ചാം തരം വരെ ഉണ്ടായിരുന്നു. കേളുനായർ മാസ്റ്ററെ കൂടാതെ,ടി.വി രാമക്കുറുപ്പ്, കെ.കണാരൻ നമ്പ്യാർ, കെ. ഗോപാലൻ നായർ, കെ.കുഞ്ഞിക്കണ്ണക്കുറുപ്പ് മാസ്റ്റർ എന്നിവർ ആദ്യകാല അധ്യാപകരായി സേവനമനുഷ്ഠിച്ചവരാണ്. ഇപ്പോൾ 2017 മുതൽ പ്രധാനാധ്യാപകനായ ടി.എം താഹിർ മാസ്റ്ററെ കൂടാതെ ബീനബാലകൃഷ്ണൻ, സുഹറ.എ , ലെനിന്ത.കെ,ധന്യ.ടിഎന്നീ അധ്യാപകരും  സേവനമനുഷ്ഠിച്ചു വരുന്നു.

സ്ഥാപക മാനേജരായിരുന്ന കെ.കേളുനായർ  പിന്നീട് മാനേജ്മെൻറ് സ്ഥാനം വി.ടി അമ്മദ് എന്ന ആൾക്ക് കൈമാറുകയും അദ്ദേഹത്തിൻറെ മരണ ശേഷം മകൻ വി.ടി അൻവർ സാദത്ത് മാനേജരായി തുടരുകയും ചെയ്യുന്നു. ആദ്യകാലത്ത് അഞ്ചാം തരം വരെ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് നാലാം തരം വരെ മാത്രമായി. ഓലമേഞ്ഞ ഷെഡ് 1989 ൽ ഓട് മേഞ്ഞു. ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി 1998 ൽ 2 യൂറിനലും 2 കക്കൂസും നിർമ്മിച്ചു. 2001 ൽ ഒരു കിണറും നിർമ്മിച്ചു.

ഭൗതിക സാഹചര്യങ്ങളുടെ കുറവു കൊണ്ടോ ഭൂമിശാസ്ത്രപരമായ കാരണങ്ങളാലോ സ്കൂളിൽ ആവശ്യമായത്ര എണ്ണം കുട്ടികളെ പല കാലത്തും ലഭ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ മുൻകാലങ്ങളിൽ പലപ്പോഴും അൺ എക്കണോമിക് എന്ന അവസ്ഥയിൽ നിൽക്കേണ്ടി വന്നിട്ടുണ്ട്. ഇന്ന് ആ സ്ഥിതി ഒക്കെ മാറി നില വളരെയധികം മെച്ചപ്പെട്ടിരുന്നു. ഈ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചവർ സമൂഹത്തിൻറെ വിവിധ തലങ്ങളിൽ അവരുടെ കഴിവ് പ്രകടിപ്പിച്ചു വരുന്നു. അങ്ങനെയുള്ളവരിൽ അധികവും അധ്യാപകരായിരുന്നു എന്നുള്ളത് ഈ പ്രദേശത്തിൻറെ ഭാഗ്യമായി കണക്കാക്കാം.

സ്കൂളിൻറെ വികസനകാര്യങ്ങളിൽ തൽപരരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമായി ഈ സ്കൂൾ ഇന്ന് അഭൂതപൂർവ്വമായ വളർച്ച പ്രാപിച്ച് പഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂളായി മാറിയിരിക്കുന്നു. പഠന നിലവാരത്തിലും മത്സര പരീക്ഷകളിലും കലാകായിക മത്സരങ്ങളിലും എന്നും ഈ സ്കൂൾ മുന്നിൽ തന്നെയാണ്. അങ്ങനെ ചേരാപുരം നോർത്ത് എംഎൽപി സ്കൂൾ വളർച്ചയുടെ പടവുകൾ കയറി ഉയരങ്ങളിലേക്ക് കുതിക്കുന്നു.