എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2015പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2015

ശുചീകരണ പ്രവർത്തനങ്ങൾ

കുട്ടികളിലും മുതിർന്നിവരിലും ശുചിത്വാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

സ്കൂൾ പരിസര ശുചീകരണം

ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് കുട്ടികൾ വിവിധ ഗ്രൂപ്പുകളായി സ്കൂൾ പരിസരം വൃത്തിയാക്കി. എല്ലാ മാസവും ഇത് തുടർന്നു പോരുന്നു.

തുമ്പോളി റയില്വോസ്റ്റേഷൻ പരിസരം

തുമ്പോളി റയിൽവേസ്റ്റേഷൻ പരിസരത്തെ കാടുകളും, പ്ലാറ്റ്ഫോമിന്റെ ഇരുവശങ്ങളും വൃത്തിയാക്കി. സ്കൂൾ പരിസരങ്ങളും, സമീപ സ്ഥലങ്ങളും വൃത്തിയാക്കിയതിലൂടെ കുട്ടികളിലും, മുതിർന്നവരിലും ശുചിത്വാവബോധവും അതോടൊപ്പം വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യവും മനസിലാക്കികൊടുക്കുവാൻ സാധിച്ചു.

ഔഷധസസ്യ പ്രദർശനം

വീടുകളിൽ നിന്നും ശേഖരിച്ച ഔഷധസസ്യങ്ങൾ കൊണ്ടുവന്ന് സ്കൂളിൽ ഒരു പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി. അന്യംനിന്നു പോകുന്ന ഔഷധസസ്യങ്ങൾ അതിന്റെ ഔഷധമൂല്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനു വേണ്ടിയായിരുന്നു ഇത്.

ഔഷധസസ്യതോട്ടം

എക്കോ ക്ലബ്ബ് പ്രവര്ത്തകരുടെ പരിചരണത്തിൽ നല്ലൊരു ഔഷധസസ്യതോട്ടം സ്കൂളിൽ സംരക്ഷിച്ചു വരുന്നു. രക്തചന്ദനം, കറ്റാര്വാപഴ, മുക്കുറ്റി,തുളസി, അശോകം, ഒരു ചെവിയൻ, കല്ലുരുക്കി, പൂവാംകുരുന്നൽ, ആടലോടകം, പനിക്കൂര്ക്ക , കുറുക്കന്താ്ലി, മൈലാഞ്ചി, നിലപ്പാല, തൃത്താവ്, കരിനൊച്ചി, തുമ്പ, എരുക്ക്, ചെറൂള തുടങ്ങിയവ ഇവയിൽ ചിലതാണ്. നാട്ടുചികിത്സയ്ക്ക് വളരെ ഉപകാര പ്രദങ്ങളാണിവ.

വയോജന ദിനാചരണം

വാർദ്ധക്യം ഒരു രോഗമല്ല ഒരവസ്ഥയാണെന്ന തിരിച്ചറിവ് ഉൾക്കൊണ്ടുകൊണ്ട് ഒക്ടോബർ 1 ന് സ്കൂളിൽ വയോജന ദിനം ആചരിക്കുകയുണ്ടായി. സ്കൂളിൽ എത്തിച്ചേർന്ന തങ്ങളുടെ മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും സ്കൂൾ ബാൻഡിന്റെ അകമ്പടിയോടെ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. പി.റ്റി.എ പ്രസിഡന്റ്‌ ശ്രീ. കെ. വി സതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ കുമാരി. അഭിരാമി എം.എസ് ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് വയോജനദിന പ്രതിജ്ഞ എല്ലാ കുട്ടികളും എടുക്കുകയുണ്ടായി. വയോജനങ്ങളെ കുട്ടികൾ ഷാൾ അണിയിച്ചു ആദരിക്കുകയുണ്ടായി. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതയുടെ അവതരണം, നാടൻപാട്ട്, ലളിതഗാനം, മോണോ ആക്ട് തുടങ്ങിയ കലാപരിപാടികളും അവർക്ക് വേണ്ടി കുട്ടികൾ അവതരിപ്പിച്ചു.

വയോജനങ്ങളും അവരുടെ ജീവിതാനുഭവങ്ങൾ കുട്ടികൾക്കായി പങ്കു വയ്ക്കുകയുണ്ടായി. അവരുടെ ഇത്രയും കാലത്തേ ജീവിതാനുഭവങ്ങളിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി. വാശി മൂലം അസുലഭമായ പല അവസരങ്ങളും സ്വയം നിഷേധിച്ചതും പഠിക്കാൻ അതിയായ ആഗ്രഹം ഉണ്ടായിട്ടും ദാരിദ്ര്യം മൂലം പഠനം നിർത്തേണ്ടി വന്നതുമായ അനുഭവങ്ങൾ പറഞ്ഞ് ഇന്നത്തെ തലമുറ അനുഭവിക്കുന്ന സുഖ സൗകര്യങ്ങളുടെ ഒരംശം പോലും തങ്ങൾക്കു ലഭിക്കുകയുണ്ടായില്ല എന്നും അവർ കുട്ടികളോട് പറഞ്ഞു. കുട്ടികൾ തങ്ങളുടെ മുത്തശ്ശന്മാർക്കും മുത്തശ്ശിമാർക്കു മായി ഒരു സ്നേഹ വിരുന്നും ഒരുക്കുകയുണ്ടായി .

ഈ ദിനാചരണത്തിന്റെ തുടർച്ചയയായി കുട്ടികൾ പാതിരപ്പള്ളി കാരുണ്യദീപം വൃദ്ധസദനത്തിൽ പോവുകയും അവിടെയുള്ള വയോജനങ്ങളെ ഷാൾ അണിയിച്ച് ആദരിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് മാതാപിതാക്കളേക്കാൾ കൂടുതൽ സ്നേഹ വാത്സല്യങ്ങൾ പകർന്നു കൊടുക്കുന്നവരാണ്‌ മുതിർന്ന തലമുറ. അവരെ വിളിച്ച് ആദരിച്ചതും അവരുടെ അനുഭവങ്ങൾ പങ്കുവച്ചതും വാർദ്ധക്യത്തിൽ അവഗണിക്കപ്പെടേണ്ടവരല്ല വയോജനങ്ങൾ എന്നും, നമ്മൾ ഇന്ന് അനുഭവിക്കുന്ന പലതും അവരുടെ പ്രയത്നത്തിന്റെ കൂടി ഫലമാണെന്നുമുള്ള ബോധ്യം കുട്ടികളിൽ ഉണർത്താൻ ഈ വയോജന ദിനാഘോഷത്തിലൂടെ കഴിഞ്ഞു എന്ന് നിസംശയം പറയാം.

വായനാ വാരാചരണം

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ മലയാളം ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ കുട്ടികളിലും മുതിർന്നവരിലും ഭാഷാസ്നേഹം വളർത്തുന്നതിനായി വായനാവാരാചരണത്തോടനുബന്ധിച്ച് ഒരു പുസ്തകറാലി സംഘടിപ്പിക്കുകയുണ്ടായി. പി. ടി. എ പ്രസിഡന്റ്‌ ശ്രീ സതീഷ്‌ കെ .വി ഫ്ലാഗ് ഓഫ്‌ ചെയ്ത റാലി സമീപത്തുള്ള ഔവ്വർ ലൈബ്രറിയിൽ എത്തിച്ചേർന്നു . തുടർന്ന് സൈക്കിളിലും കാൽനടയുമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അവർ കൊണ്ടുവന്ന പുസ്തകങ്ങളുമായി സ്കൂൾ പരിസരത്തെ റോഡുകളിലുടെ സഞ്ചരിച്ച്‌ ഗ്രാമവാസികളെ വായനയിലൂടെ ഭാഷാസ്നേഹം വളർത്താൻ കഴിയുമെന്ന് ബോധ്യപ്പെടുത്തി. ഈ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് കുട്ടികൾ സംഭാവന ചെയ്തു. അവ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ച് രക്ഷകർത്താക്കൾക്കും ഗ്രാമവാസികൾക്കും കാണുന്നതിനും, വായിക്കുന്നതിനും അവസരം ഒരുക്കുകയുണ്ടായി. ഏറ്റവും നല്ല ക്ലാസ് ലൈബ്രറിക്ക് ക്ലബ്ബിന്റെ വക പുരസ്കാരവും കുട്ടികൾ ഏർപ്പെടുത്തി .

തുടർന്നു നടന്ന പി . എൻ പണിക്കർ അനുസ്മരണസമ്മേളനം മാസ്റ്റർ അനിൽ അലക്സ്‌ ഉത്ഘാടനം ചെയ്തു .പി . എൻ പണിക്കർ അനുസ്മരണപ്രഭാഷണം , നാടൻപാട്ട് , കേരളത്തനിമ വിളിച്ചോതുന്ന സംഘഗാനം, മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവി ലഭിച്ചതിനെ തുള്ളൽ രൂപത്തിൽ അവതരിപ്പിക്കൽ ,ഒ .എൻ .വി കുറുപ്പിന്റെ ‘അമ്മ’ എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം എന്നിവയും നടത്തപ്പെട്ടു . ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കയ്യെഴുത്ത് മാസികയായ ‘നെയ്തലിന്റെ’ പ്രകാശന കർമ്മവും ഈ ചടങ്ങിൽ നിർവ്വഹിക്കപ്പെട്ടു .

എന്റെ ഒരു കൈത്താങ്ങ്‌

ഈ വർഷത്തെ വിവിധ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണം ‘എന്റെ ഒരു കൈത്താങ്ങ്‌ ’എന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെടുകയുണ്ടായി. എല്ലാ ക്ലാസ്സുകളിലും, സ്റ്റാഫ്‌ റൂമിലും, ഓഫീസിലും ഓരോ കുടുക്കവച്ച് അതിൽ ഓരോ രൂപാവീതം ദിവസവും ഇടുന്നതാണ് ഈ പദ്ധതി. കുട്ടികൾ അവരുടെ അനാവശ്യ ചെലവുകൾ നിയന്ത്രിച്ച്‌ മിച്ചം പിടിക്കുന്ന ഒരു രൂപയാണ് ദിവസവും ഇതിൽ നിക്ഷേപിക്കുന്നത്. കുട്ടികളുടെ തന്നെ ഒരാശയമാണിത്.

CHILD ABUSE DAY

ചൈൽഡ് ലൈനുമായി സഹകരിച്ച് കുട്ടികൾ നേരിടുന്ന ചൂഷണങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ നവംബർ 19 ന് Child Abuse Day യായി ആചരിക്കുകയും, ഒരു റാലി സംഘടിപ്പിക്കുകയുമുണ്ടായി. ഹെഡ്‌മിസ്‌ട്രസ്‌ സി.ലിസ്സി ഇഗ്നേഷ്യസ് സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച യോഗത്തിൽ ഇന്നത്തെ കുട്ടികളുടെ സംരക്ഷണം നാളത്തെ രാജ്യത്തിന്റെ സുരക്ഷയാണെന്നും ബാലവേലയ്‌ക്കെതിരായി പോരാടുമെന്നുമുള്ള പ്രതിജ്ഞാവാചകം വി.മരിയഗൊരേറ്റി പള്ളി വികാരി ഫാദർ. റെൻസൺ പൊള്ളയിൽ കുട്ടികൾക്ക് ചൊല്ലികൊടുത്തു. ആലപ്പുഴ വനിതാ പോലീസ് സ്റ്റേഷനിലെ ASI ശ്രീമതി. ബെറ്റിമോൾ കുട്ടികളെ അവരുടെ അവകാശങ്ങളെക്കുറിച്ചും ചൈൽഡ് ലൈൻ പ്രവർത്തങ്ങളെക്കുറിച്ചും ബോധവത്ക്കരിച്ചു . തുടർന്ന് ‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പ്ലക്കാർഡുകളേന്തിയ കുട്ടികൾ വനിതാ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർമാരുടെയും, ചൈൽഡ് ലൈൻ പ്രവർത്തകരുടെയും അധ്യാപകരുടേയും, അനധ്യാപകരുടേയും അകമ്പടിയോടെ തീരദേശപാതയിലൂടെ സഞ്ചരിച്ചു. തങ്ങളുടെ സഹപാഠികളെയും, നാട്ടുകാരെയും കുട്ടികൾ രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്നും അവരെ സംരക്ഷിക്കുവാൻ ഓരോ പൗരനും കടമയുണ്ടെന്നുമുള്ള ബോധം വളർത്തുവാൻ ഈ ദിനാചരണത്തിലൂടെയും അതിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിലൂടെയും സാധിച്ചു.

ലഹരി വിരുദ്ധ സെമിനാർ

ഇന്ന് യുവജനങ്ങളെ കാൻസർ പോലെ ബാധിച്ചിരിക്കുന്ന ഒന്നാണ് ലഹരിവസ്തുക്കളുടെ ഉപയോഗം. വീടുകളിലും, പൊതുസ്ഥലത്തും, ജോലിയിടങ്ങളിലുമായിരുന്ന ലഹരിയുടെ ഉപയോഗം ഇന്ന് വിദ്യാലയങ്ങളിലും എത്തിചേർന്നിരിക്കുകയാണ്. പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കുട്ടികളുടെ ഭാവിജീവിതത്തെ നശിപ്പിക്കും എന്ന തിരിച്ചറിവ് നൽകുന്നതിനായി എക്‌സൈസ് വകുപ്പുമായി സഹകരിച്ച് ഒരു ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഈ സെമിനാറിന് എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ ശ്രീ. മനോജ്‌ നേതൃത്വം നൽകി. വിവിധ തരത്തിലുള്ള ലഹരി വസ്തുക്കളെക്കുറിച്ചും അവ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ദൂഷ്യങ്ങളെക്കുറിച്ചും ശ്രീ.മനോജ്‌ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ലഹരിക്കടിപ്പെട്ട് ജീവിതം നശിപ്പിക്കില്ല എന്ന് ദൃഡ പ്രതിജ്ഞയെടുക്കുവാൻ ഈ സെമിനാറിലൂടെ കുട്ടികൾ തയ്യാറായി.

കർഷകദിനം –ചിങ്ങം 1

പലപ്പോഴും അറിയാതെ പോകുന്ന ഒന്നാണ് മലയാളികളായ നമ്മുടെ വർഷാരംഭമായചിങ്ങം -1. പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ഈ ദിനം കർഷകദിനമായി ആചരിക്കുകയുണ്ടായി. കർക്കിടകത്തിന്റെ വറുതിയിൽ നിന്ന് കനത്തമഴയുടെയും പട്ടിണിയുടെയും പരിവട്ടങ്ങളിൽ നിന്ന് സമ്പൽ സമൃദ്ധിയിലേക്കുള്ള കാൽവെയ്‌പാണ് പൊന്നിൻ ചിങ്ങത്തിന്റെ വരവേൽപ്പിലൂടെ നാം ഉൾകൊള്ളുന്നത്. അധ്വാനത്തിൽ നിന്ന് ലഭിക്കുന്ന വിളവു ആത്മഹർഷ‍ത്തോടെ ഭക്ഷിച്ച് ആഹ്ലാദിച്ചിരുന്ന പഴയ കർഷകരുടെ മനസന്തോഷത്തിലേയ്ക്കും, ആത്മ സംതൃപ്തിയിലേയ്ക്കും നമുക്കും എത്തിച്ചേരാൻ ഈ കാലഘട്ടം നമ്മെ പ്രേരിപ്പിക്കുന്നു . അധ്വാനത്തിന്റെ മഹത്വവും പരിശുദ്ധിയും വിദ്യാർത്ഥികളായ നമ്മൾ മനസിലാക്കേണ്ടത് ഇന്നിന്റെ ആവശ്യകതയാണ്. കാരണം വിഷമയമായ പഴങ്ങളും പച്ചക്കറികളും മറ്റും വിപണി കീഴടക്കിയിരിക്കുന്ന ഈ കാലയളവിൽ എല്ലാവരും അവരവർക്ക് വേണ്ടത് കൃഷിചെയ്ത് സ്വയം പര്യാപ്തത ആർജിക്കണം എന്ന ലക്ഷ്യ പ്രാപ്തിക്കായാണ് കർഷകദിനം ആചരിച്ചത്‌. വീടുകളിലും സ്കൂളിലും പച്ചക്കറികൾ നട്ടുവളർത്തി വിഷവിമുക്തമായ ഒരു നവലോകം രൂപപ്പെടുത്തുന്നതിനായി കുട്ടികൾക്ക് പച്ചക്കറിവിത്തുകളും ഈ ദിനത്തിൽ വിതരണം ചെയ്യുകയുണ്ടായി.

ഒരുപിടി അരി

എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഒരുപിടി അരി വീതം ശേഖരിച്ച് അവ ക്ലാസുകളിലെ പാവപ്പെട്ട കുട്ടികളെ കണ്ടെത്തി വിതരണം ചെയ്യുകയുണ്ടായി . എല്ലാ ആഴ്ചയും 36 കുട്ടികൾക്കും ദരിദ്രരായ പരിസരവാസികൾക്കും 5kg അരിവീതം നല്കുവാൻ ഈ പദ്ധതിയിലുടെ കഴിഞ്ഞു, ഓരോ ആഴ്ചയും അർഹരായവരെ കണ്ടെത്തിയാണ് അരി നല്കി‍യിരുന്നത്. അന്നം ബ്രഹ്മമാണന്ന മഹത്വം കുട്ടികളിൽ എത്തിക്കുവാൻ ഈ പിടിയരി ശേഖരണത്തിലൂടെ സാധിച്ചു .

പാരിസ്ഥിതിക വ്യഥകൾ പങ്കുവയ്ക്കപ്പെട്ട സൗഹൃദ കൂട്ടായ്മയ്ക്ക് വേദിയൊരുക്കി

ഭൂമിക്കു ചരമഗീതം പാടിതുടങ്ങിയിട്ടു നാളുകൾ ഏറെയായ്. എന്നിട്ടും ഈ യാഥാർത്ഥ്യത്തിനു മുന്നിൽ ബോധപൂർവ്വം തന്നെ മനുഷ്യന്റെ മനസ്സും കണ്ണുകളും കൊട്ടിയടക്കപ്പെട്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു തിരിച്ചറിവിൽ നിന്നാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിൽ ഫാ.ബോബി ജോസ് കട്ടികാട്‌(OFM), ശ്രീ.ജിമ്മി .കെ ജോസ് (അഡീഷണൽ ഡയറക്ടർ RMSA) എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹാർദ്ദ കൂട്ടായ്മ അരങ്ങേറിയത്. നഗ്ന പാദനായ് ഭൂമിയെ തൊട്ടറിയുന്ന, ഭൂമിയുടെ ഊർജ്ജം തന്നിലേക്കാവാഹിച്ച് അത് മൊഴിമുത്തുകളായി മാനവസമൂഹത്തിനു പകർന്നു നൽകുന്ന ഫാ.ബോബി ജോസ്, നിരവധി പാരിസ്ഥിതിക ചിന്തകന്മാരെയും, കവികളെയും, കഥാകാരന്മാരെയും, ധൈഷണികരെയും ഈ കൂട്ടായ്മയോട് ചേർത്തുി നിർത്തി .
പരിസ്ഥിതിക്ക് തുരങ്കം വയ്ക്കുന്ന പല ചെയ്തികളും ഈ വേദിയിൽ ചർച്ച ചെയ്യപ്പെട്ടു. പ്രശസ്ത കവിയായ ശ്രീ. കാവാലം ബാലചന്ദ്രന്റെ ‘വീട്’ എന്ന കവിത ഈ ഒത്തുചേരലിന് താളം പകർന്നു. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ കുട്ടികൾക്ക് ശാസ്ത്രനാടക വേദികളിൽ അവതരിപ്പിക്കാൻ, കുട്ടികളുടെ നിർബന്ധത്തിനു വഴങ്ങി ശ്രീ.സി.എഫ് ജോസഫ്‌ എഴുതി സംവിധാനം ചെയ്ത് നിരവധി വേദികളിൽ അവതരിപ്പിച്ച് പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ശാസ്ത്രനാടകങ്ങളുടെ സമാഹാരമായ ‘ഗൃഹപാഠങ്ങൾ’ എന്ന പരിസ്ഥിതിയെ തൊട്ടറിഞ്ഞ പുസ്തകത്തിന്റെ പ്രകാശനകർമ്മം പ്രമുഖ വാഗ്മിയും RMSA ഡയറക്ടറുമായ ശ്രീ.ജിമ്മി .കെ ജോസ്, സ്കൂൾ ഹെഡ്‍മിസ്‌ട്രസ് സി.ലിസി ഇഗ്നേഷ്യസിന് നൽകി നിർവ്വവഹിച്ചു. യുവതലമുറയ്ക്ക് ശാസ്ത്ര അവബോധം പകർന്നു നൽകുന്ന ശ്രീ. ജിമ്മി .കെ ജോസിന്റെ പ്രഭാഷണം ചടങ്ങിൽ ശ്രദ്ധേയമായി. നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച ശ്രീ.സി.എഫ്.ജോസഫിന്റെ തന്നെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ശാസ്ത്ര നാടകം കൂടി വേദിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ ഈ കൂട്ടായ്മ കൂടുതൽ അർത്ഥവസംമ്പുഷ്ടമായി.
സാഹിത്യ ലോകത്ത് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. ജെർളി മാഷ്, കാവാലം ബാലചന്ദ്രൻ, അമൃത ടീച്ചർ, ശ്രീ. സെബാസ്റ്റ്യൻ പള്ളിത്തോട്‌, ശ്രീ.അഭയൻ കലവൂർ, ശ്രീ. എൻ.എ. ബാബു, ശ്രീ. ദീപു കാട്ടൂർ, ശ്രീ. ജീവൻ, ശ്രീ. ജോയ് പി.എസ്, ശ്രീ. ജയൻ തോമസ്‌ എന്നിവരും സ്കൂൾ ഹെഡ്‌മിസ്‌ട്രസ് സി.ലിസി ഇഗ്നേഷ്യസ്, പി.റ്റി.എ പ്രസിഡന്റ്‌ ശ്രീ. സതീഷ്‌ കെ.വി., നല്ലപാഠം കോഡിനേറ്റർമാകരായ സി.ഷിജി ജോസ്, ശ്രീമതി.അനിമോൾ കെ.എൻ, അധ്യാപകർ, അനധ്യാപകർ, നല്ലപാഠം പ്രവർത്തകർ, പി.റ്റി.എ അംഗങ്ങൾ, സഹൃദയരായ നാട്ടുകാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ജൈവ കൃഷി

സ്കൂളിലും നാട്ടിൻ പുറങ്ങളിലും കൃഷിയിടമൊരുക്കി വിഷവിമുക്തമായ പച്ചക്കറിസംഭരണം എന്ന ലക്ഷ്യ പ്രപ്തിക്കായുള്ള പ്രവർത്തനങ്ങൾക്ക് ഇമ്മാക്കുലേറ്റിലെ പരിസ്ഥിതി പ്രവർത്തകർ തുടക്കം കുറിച്ചു.

കുട്ടികൾക്ക് പോഷകസമൃദ്ധവും വിഷവിമുക്തവുമായ പച്ചക്കറികൾ ഉച്ചഭക്ഷണത്തോടൊപ്പം കൊടുക്കണം എന്ന ലക്ഷ്യത്തോടെ സ്കൂൾ വളപ്പിൽ ഒരു പച്ചക്കറിത്തോട്ടം ഒരുക്കുകയുണ്ടായി അതിന്റെ ഭാഗമായി മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസർ ശ്രീമതി. ഇന്ദു .ബി യുടെ നേതൃത്വത്തിൽ കൃഷിയെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി.കൃഷിയിടം ഒരുക്കുക, വിത്തുപാകുക, വളമിടുക, കീടങ്ങളെ അകറ്റുക തുടങ്ങിയവയെക്കുറിച്ച് കുട്ടികൾക്കും അദ്ധ്യാപകർക്കും ബോധവൽക്കരണം നടത്തി. രാസവളങ്ങളും, കീടനാശിനികളും ഉപയോഗിക്കുന്നതിന്റെ ഭവിഷ്യത്തുകളും കൃഷി ഓഫീസർ വ്യക്തമാക്കി. തുടർന്ന് ഫലപ്രദമായ കൃഷിരീതികളെക്കുറിച്ചുള്ള ഒരു പ്രദർശനവും കുട്ടികൾക്കായി സംഘടിപ്പിച്ചു.

പച്ചക്കറികൃഷിക്ക് ആവശ്യമായ ചീര , വെണ്ട , പയർ , മുളക് , തക്കാളി ,വഴുതന ,മത്തൻ , പാവൽ തുടങ്ങിയവയുടെ തൈകളും, വിത്തുകളും കൃഷിഭവനിൽ നിന്നും കുട്ടികൾക്ക് വിതരണം ചെയ്തു . തുടർന്ന് ഗ്രോബാഗിലും , നിലത്തുമായി പച്ചക്കറി കൃഷി ചെയ്യാനാരംഭിച്ചു . ഇതിലൂടെ വളരെ അധികം പച്ചക്കറികൾ ലഭിച്ചുവരുന്നു. അത് കുട്ടികൾക്കായുള്ള ഉച്ചഭക്ഷണത്തിൽ ലഭ്യതയനുസരിച്ച് ഉൾപ്പെടുത്തുന്നു .

പഠന പ്രവർത്തനങ്ങൾ ദേശീയതലത്തിലേയ്ക്ക്

“കാലാവസ്ഥാ വ്യതിയാനവും കാലംതെറ്റിയ രോഗങ്ങളും” സമൂഹത്തിൽ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ കുട്ടികൾ നടത്തിയ പഠന പ്രോജക്ട് ദേശീയ തലത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ മൺസൂൺ കാലയളവിൽ പടർന്നു പിടിച്ച ചിക്കൻപോക്സ് എന്ന പകർച്ചവ്യാധി കാലം തെറ്റി വരാനുള്ള കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പ്രോജക്ട് തയ്യാറാക്കാൻ കുട്ടികളെ പ്രേരിപ്പിച്ചത്.
ഇതിനായി മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11,12,13,14,15 വാര്ഡുെകളിലെ 100 വീടുകളിൽ സർവേ, പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ.വിശ്വകല, ഡിസ്ട്രിക്ട് വെക്ടർ കണ്ട്രോൾ ആലപ്പുഴ ബയോളജിസ്റ്റ് എസ്.സബിത, നാഷണൽ പ്രോഗ്രാം ഫോർ പ്രിവൻഷൻ ആൻഡ്ട കണ്ട്രോൾ ഓഫ് ഫ്ലൂറോസിസ് കൺസൾട്ടന്റ് ശ്രീ.സോജൻ എന്നിവരുമായുള്ള അഭിമുഖങ്ങൾ, ഡി.വി.സി. ടെക്നീഷ്യൻ ശ്രീ.ഉദയപ്പന്റെ നേതൃത്വത്തിൽ വാർഡ്സ 12-ൽ നടത്തിയ കൊതുകുശേഖരണം, തരംതിരിക്കൽ എന്നീ പ്രവർത്തന രീതികളാണ് അവലംബിച്ചത്.
കുമാരി.ദേവി പ്രസീതയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഈ പ്രോജക്ട് തയ്യാറാക്കിയത്. മൂന്നു മാസക്കാലംകൊണ്ട് കുട്ടികൾ നടത്തിയ പഠനം സംസ്ഥാനതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റി. 14 ജില്ലകളിൽ നിന്നായി അവതരിപ്പിക്കപ്പെട്ട എഴുപത് പ്രോജക്ടുകളിൽ നിന്നാണ് ‘കാലാവസ്ഥാ വ്യതിയാനവും കാലംതെറ്റിയരോഗങ്ങളും’ എന്ന ഈ പ്രോജക്ട് തെരഞ്ഞെടുക്കപ്പെട്ടത്. ഈ പ്രോജക്ട് 27 ന് പഞ്ചാബിലെ ചണ്ഡീഗഡിൽ വച്ച് നടന്ന ദേശീയതല മത്സരത്തിൽ അവതരിപ്പിച്ച് A ഗ്രേഡ് നേടുകയുണ്ടായി.

ഗുരുവേ നമ:

ഇന്ത്യയുടെ പ്രഥമ പ്രസിഡന്റും മാതൃകാധ്യാപകനുമായിരുന്ന ഡോ. എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ഭാരതമെങ്ങും അധ്യാപകദിനമായി ആചരിച്ചപ്പോൾ, ഗുരുഭൂതന്മാരെ ആദരിക്കുകയുണ്ടായി. അജ്ഞതയാകുന്ന അന്ധകാരത്തെ അകറ്റുന്നവൻ എന്നാണ് ‘ഗുരു’എന്ന വാക്കിന്റെ അർത്ഥം. കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കുന്ന പ്രിയപ്പെട്ട അധ്യാപകർ , അവരുടെ ഊർജവും പ്രാർത്ഥനകളും എപ്പോഴും തങ്ങൾക്കായി ഒരുക്കി തങ്ങളോടൊപ്പം ആയിരിക്കുന്ന അവരെ എങ്ങനെയെല്ലാം ആദരിച്ചാലും അത് അധികമാവില്ല എന്ന തിരിച്ചറിവ് ഉൾക്കൊണ്ടുകൊണ്ട് സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതീകമായി പുഷ്പങ്ങളും, സമ്മാനങ്ങളും നൽകി ആദരിച്ചു.

ആ സുദിനത്തിൽ അക്ഷയ് ജയപാൽ എല്ലാ അധ്യാപകർക്കും ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾ അധ്യാപകർക്ക് പച്ചക്കറിതൈകൾ വിതരണം ചെയ്തു. അവ പച്ചക്കറിതോട്ടത്തിൽ എല്ലാ അധ്യാപകരും നടുകയും ചെയ്തത് ഈ ദിനത്തെ കൂടുതൽ അർത്ഥവത്താക്കി. ഗുരുക്കന്മാരോടുള്ള ആദരവ് കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചത് കുട്ടികൾക്ക് ഗുരുക്കന്മാരുടെ മഹത്വം തിരിച്ചറിയാനുള്ള ഒരു സുവർണ്ണാവസരമായി മാറി.

ഓണവിശേഷങ്ങൾ .......................

ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത് അധ്യാപകരും വിദ്യാർത്ഥികളും അണിനിരന്ന മെഗാ തിരുവാതിരയോടെയാണ്‌. കേരളത്തനിമകൾക്ക് മങ്ങലേറ്റുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ നാടൻകളികൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. ഗ്രൂപ്പടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ട ഓണപ്പാട്ട്, അത്തപ്പൂക്കളം, വടംവലി എന്നീ മത്സരങ്ങൾ ഈ ആഘോഷപരിപാടികൾക്ക് ആവേശം പകർന്നു . കലാ വൈഭവത്തോടോപ്പം ഗണിതപാടവവും വിളിച്ചോതുന്ന അത്തപ്പൂക്കളങ്ങൾ ഓണാഘോഷപരിപാടികളുടെ ശ്രദ്ധാകേന്ദ്രമായി. എന്നുമീ ഓണക്കാലം ഒളിമങ്ങാതെ നിലനിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ പായസത്തിന്റെ മധുരം നുകർന്നു കൊണ്ട് കുട്ടികൾ വീട്ടിലേയ്ക്ക് മടങ്ങി.

ഓണക്കോടി വിതരണം

പങ്കുവയ്ക്കലിന്റെയും നന്മയുടെയും പ്രതീകമായ ഓണം അർത്ഥവത്താക്കുന്നതിനായി സമീപപ്രദേശത്തുള്ള രോഗികളെയും, വാർദ്ധക്യത്താൽ അവഗണന അനുഭവിക്കുന്നവരും, നിർധനരായവരുമായ 50 പേരെ കണ്ടെത്തി അവർക്ക് ഓണക്കോടി നൽകി. പുതുവസ്ത്രത്തിന്റെ ഗന്ധം നുകർന്ന അവരുടെ മുഖങ്ങൾ ഞങ്ങൾക്കേവർക്കും നിർവൃതിയുടെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ സമ്മാനിച്ചു.

ബിരിയാണി മേള

തങ്ങളുടെ സഹപാഠികളിൽ ഭവനമില്ലാത്തവരെ, അധ്യാപകരുടെ സഹായത്താൽ കണ്ടെത്തി അതിൽനിന്നും അർഹതപ്പെട്ട 9B യിലെ വിദ്യാർത്ഥിനിയും കാട്ടൂർ തോലാട് സെബാസ്റ്റ്യന്റെ മകളുമായ ജീന സെബാസ്റ്റ്യന് ഒരു ഭവനം നിർമ്മിച്ചു നൽകാനുമുളള ധനസമാഹരണത്തിനായി ഒരു ബിരിയാണി മേള സംഘടിപ്പിക്കുകയുണ്ടായി. അധ്യാപകരും, കുട്ടികളും, രക്ഷിതാക്കളും, പി.ടി.എ അംഗങ്ങളും യോജിച്ചു നടത്തിയ ഈ പ്രവർത്തനത്തിലൂടെ ഏകദേശം ഒരു ലക്ഷം രൂപയോളം സമാഹരിക്കുകയുണ്ടായി.

അമ്മ അറിയാൻ...................

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ നല്ലപാഠം പ്രവർത്തകർ മലയാള മനോരമയുമായി സഹകരിച്ച് ‘അമ്മ അറിയാൻ.........’ എന്ന പേരിൽ കുട്ടികളുടെ അമ്മമാർക്കായി ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചേർത്തല താലൂക്ക് ആശുപത്രിയിലെ ശിശുരോഗവിദഗ്ദൻ ശ്രീ.അനിൽ വിൻസന്റ് ക്ലാസ് നയിച്ചു. ഒരു കുട്ടിയുടെ ജനനം മുതൽ കൗമാരകാലഘട്ടം വരെയുള്ള ശീലങ്ങൾ, രോഗങ്ങൾ, ഭക്ഷണരീതികൾ ഇവ ശ്രദ്ധിക്കേണ്ടത് അമ്മമാരാണെന്നും അമ്മമാർക്കു മാത്രമേ കുട്ടികളെ മനസിലാക്കുവാൻ സാധിക്കുകയുള്ളുവെന്നും ഡോക്ടർ അമ്മമാരെ ഉദ്‍‌ബോധിപ്പിച്ചു. കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തുന്നതിനും അവരുടെ സ്വഭാവ രൂപീകരണത്തിലും അമ്മമാരുടെ പങ്ക് വളരെ വലുതാണ് എന്നതിരിച്ചറിവ് ആണ് നല്ലപാഠം പ്രവർത്തകരെ ഈ ക്ലാസ് സംഘടിപ്പിക്കാൻ പ്രേരിപ്പിച്ചത്.

കേരളപിറവി

കേരള സംസ്ഥാനം പിറവിയെടുത്തിട്ട് നാടുകളേറെ പിന്നിട്ടെങ്കിലും സാംസ്‌ക്കാരിക തനിമ എന്നും കാത്തുസൂക്ഷിക്കുന്ന കേരളത്തിന്റെ പിറവി പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലും സമുചിതമായി ആഘോഷിച്ചു.

കാലത്തിന്റെ കുത്തൊഴുക്കിൽ കേരളത്തനിമകൾക്ക് നിറം മങ്ങി തുടങ്ങിയെങ്കിലും, കേരളമെന്തെന്ന തിരിച്ചറിവും, ശ്രേഷ്ഠഭാഷാ പദവിയും, മലയാള സാഹിത്യ പ്രസ്ഥാനങ്ങളെക്കുറിച്ചും തന്റെ പ്രഭാഷണത്തിലൂടെ ആര്യ മാർട്ടിൻ എന്ന എട്ടാംക്ലാസ്സുകാരി തന്റെ കൂട്ടുകാരികൾക്ക് പകർന്നു നൽകി. കുരീപ്പുഴ ശ്രീകുമാറിന്റെ ‘അമ്മ മലയാളം’എന്ന കവിത അനുശ്രീ ശ്രീജു എന്ന ഞങ്ങളുടെ കൊച്ചുകൂട്ടുകാരി ആലാപന മികവുകൊണ്ട് ശ്രോതാക്കളിൽ എത്തിച്ചപ്പോൾ മലയാള കവിതകളെക്കുറിച്ചും ഭാഷ അമ്മയാണെന്നുമുള്ള തിരിച്ചറിവും വിദ്യാർത്ഥികൾക്ക് അനുഭവവേദ്യമായി. കൂടാതെ കേരള സാഹിത്യം, ചരിത്രം ഇവയിലൂടെ പ്രയാണം നടത്തിയ കേരളക്വിസ് അത്യന്തം വിജ്ഞാനപ്രദവും കൗതുകജനകവുമായിരുന്നു. മലയാള ഭാഷയുടെ ഇന്നത്തെ നിലവാരം, ഭാഷാപരമായ പുരോഗതി, ഭരണഭാഷ മലയാളം, ഭാഷാസ്നേഹം, ആദരവ്, പ്രസ്ഥാന പരിചയം ഇവയെപ്പറ്റിയൊക്കെയുള്ള നേരറിവുകൾ കുട്ടികൾക്ക് പകർന്നു കൊടുക്കുവാൻ കേരളപ്പിറവി ദിനാഘോഷത്തിലൂടെ സാധിച്ചു.

പേപ്പർ ക്യാരിബാഗ് നിർമാണം

പ്ലാസ്റ്റിക്ക്മാലിന്യം പരിസ്ഥിതിയുടെ നിലനിൽപ്പിനേൽപ്പിക്കുന്ന ആഘാതങ്ങളിൽ അസ്വസ്ഥരാണ് നാമേവരും. ഈ വൻവിപത്തിനെ പ്രതിരോധിക്കുന്നതിനായി പേപ്പർ ക്യാരിബാഗുകൾ പ്രാവർത്തികമാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അവയുടെ നിർമാണവും ഉപയോഗവും പരിസ്ഥിതി സൗഹാർദ്ദപരമാകും എന്ന തിരിച്ചറിവ് ഉൾക്കൊണ്ട കുട്ടികൾ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്, ആര്യാട് ബ്ലോക്കിൽ സംഘടിപ്പിച്ച പേപ്പർ ക്യാരിബാഗ് നിർമ്മാണപരിശീലനത്തിൽ പങ്കെടുത്തു. തുടർന്ന് ‍ സംഘങ്ങളായി തിരിഞ്ഞ് ഓരോ ക്ലാസിലെ കുട്ടികൾക്കും പരിശീലനം നൽകുകയും, പ്ലാസ്റ്റിക് ബാഗുകൾ ഉപേക്ഷിച്ച് പേപ്പർബാഗുകൾ ഉപയോഗിക്കുവാൻ ആഹ്വാനം ചെയ്യുകയുണ്ടായി. അതുകൊണ്ടു തന്നെ കുട്ടികളും, അധ്യാപകരും ഇത് ഉപയോഗിച്ചു വരുന്നു.

ജൂലൈ-5 - പരിസ്ഥിതി ദിനം

ഹരിതഭുമിക്ക് കാവലാളാകാൻ വരും തലമുറയെ പര്യാപ്തരാക്കും വിധമായിരുന്നു പുങ്കാവ് മേരി ഇമ്മാകൂലേറ്റിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പരിസ്ഥിതി ദിനാഘോഷങ്ങൾ. തങ്ങൾക്കു ലഭിച്ച പരിസ്ഥിതിപാഠങ്ങൾ സമൂഹത്തിന് പകർന്നു നൽകാൻ കുട്ടികൾ പ്ലക്കാർഡുകളുമേന്തി തെരുവോരങ്ങളിലൂടെ നടന്നു നീങ്ങി. തങ്ങൾ ഉൾകൊണ്ട പാഠങ്ങൾ പോസ്റ്റർ രചനാ മത്സരങ്ങളിലൂടെ കുട്ടികൾ വരച്ചുക്കാട്ടി. പരിസ്ഥിതിയിൽ നിന്നും തങ്ങൾ അറിഞ്ഞതും അറിയാത്തതുമായ കാര്യങ്ങൾ പരിസ്ഥിതി ക്വിസ്സിലൂടെ കുട്ടികൾ മനസ്സിൽ ഊട്ടിയുറപ്പിച്ചു. കൂടാതെ വൃക്ഷതൈകൾ വീടുകളിലും സ്കൂൾ വളപ്പിലും നട്ടുപിടിപ്പിക്കുക, അതിന്റെ വളർച്ച നിരീക്ഷിക്കുക എന്ന തുടർ പ്രവർത്തനം കുട്ടികൾ ഏറ്റെടുക്കുകയും ചെയ്തു.

എയ്ഡ്സ് ദിനം

കാലഘട്ടത്തിന്റെ ശാപം എന്ന് വിശേഷിക്കപ്പെടുന്ന എയ്ഡ്സ് ബോധവത്ക്കരണത്തിലൂടെ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ പ്രവർത്തകരും ഡിസംബർ 1 ലോക എയ്ഡ്സ് ദിനം ആചരിച്ചു. എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് സ്കൂൾ ചെയർ പേഴ്സൺ കുമാരി. അമൃത സ്റ്റീഫൻ പ്രതിജ്ഞ ചൊല്ലികൊടുത്തു. കുട്ടികൾ എയ്ഡ്സിന്റെ തീവ്രത സമൂഹത്തിന് ബോധ്യപ്പെടുത്തുന്ന ഉദ്ധരണികൾ എഴുതിയ പ്ലക്കാർഡുകൾ തയ്യാറാക്കുകയുണ്ടായി. തുടർന്ന് ചെട്ടികാട്‌ ഹോസ്പിറ്റലിലെ ജൂനിയർ ഹെൽത്ത് ഇൻസ്‍പെക്ടറായ ശ്രീ. ആന്റണി, സൂപ്പർവൈസറായ ശ്രീ.സാദിഖ് എന്നിവർ എല്ലാ ഡിവിഷനിലെയും കുട്ടികൾക്ക് പ്രത്യേകം ബോധവത്കരണ ക്ലാസ്സ്‌നടത്തുകയുണ്ടായി. രോഗത്തെക്കുറിച്ചും, പകരുന്ന രീതി, രോഗം മരണകാരണമാകുന്ന സാഹചര്യങ്ങൾ, വരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ തുടങ്ങി വളരെ വിശദമായ ക്ലാസ്സ്‌ ആണ് സംഘടിപ്പിച്ചത്. ഒരു തുറന്ന ചർച്ചയിലേക്ക് നയിച്ച ഈ ക്ലാസുകൾ കുട്ടികളുടെ സംശയങ്ങൾ നിവർത്തിക്കുന്നതിനു വളരെയധികം സഹായകമായിരുന്നു. എയ്ഡ്സിനെ കുറിച്ച് വ്യക്തമായ ഒരു ധാരണ ഈ ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.

മാജിക്ക്ഷോ

നല്ലപാഠം പ്രവർത്തനങ്ങളുടെ ധനസമാഹരണാർത്ഥം സ്കൂളിൽ ഒരു മാജിക്ക് ഷോ സംഘടിപ്പിക്കുകയുണ്ടായി. പ്രശസ്ത മജീഷ്യൻ ശ്രീ.ജോസഫ്‌ മാജിക്കിലൂടെ ഇന്നത്തെ യുവതലമുറയെ ബാധിച്ചിരിക്കുന്ന മദ്യം, മയക്കുമരുന്ന്, മൊബൈൽ ഫോൺ, ഇന്റർനെറ്റ്, തെറ്റായ ബന്ധങ്ങൾ എന്നിവയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്ക്കരിച്ചു.

ഉണർവ്വ്

ലഹരി വിരുദ്ധ മനോഭാവം കുട്ടികളിൽ വളർത്തുന്നതിനായി കേരളാ പോലീസ് അവതരിപ്പിച്ച “ഉണർവ്വ് ” എന്ന നാടകം, ലഹരി വസ്തുക്കൾ പ്രദർശി‍പ്പിച്ച് അവയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണം എന്നിവയും സംഘടിപ്പിക്കപ്പെട്ടു.

നന്മ വർഷം

കാസർഗോഡ്‌ എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികൾക്ക് സഹായവുമായി പരിസ്ഥിതി ക്ലബ്ബ് പ്രവർത്തകർ ശാസ്ത്രനാടകം വിവിധ സ്കൂളുകളിൽ അവതരിപ്പിച്ചും, സിനിമാ പ്രദർശനം സംഘടിപിച്ചും ഇതിലൂടെ സമാഹരിച്ച 10000 രൂപ സ്നേഹനിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് നന്മവർഷത്തിനു തുടക്കംകുറിച്ചു. പറവൂർ മരിയഭവനിലെ മനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന സഹോദരികളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചും പുതുവസ്ത്രം സമ്മാനിച്ചും ശാന്തിയുടേയും സമാധാനത്തിന്റെയും ക്രിസ്തുമസിനേയും ശുഭപ്രതീക്ഷയുടെ പുതുവർഷത്തേയും വരവേറ്റു. അതോടൊപ്പം പൂങ്കാവ് ഊട്ടുശാലയിലെ സഹോദരങ്ങൾക്കും പുതുവസ്ത്രങ്ങൾ നൽകി നന്മാവർഷത്തെ സ്വാഗതം ചെയ്യുവാൻ ഇവർക്ക് കഴിഞ്ഞു. കുട്ടികൾ ക്രിസ്തുമസിന് പുതുവസ്ത്രം വാങ്ങാനും, ആഘോഷങ്ങൾക്കുമായി സ്വരൂപിച്ച തുക തങ്ങളുടെ സഹപാഠിയുടെ വീടിനു മേൽക്കൂര ഇടുന്നതിനുള്ള ഷീറ്റ് വാങ്ങുന്നതിനും മറ്റു ചില കുട്ടികൾക്ക് ചികിത്സയ്ക്കുമായി നൽകുകയുണ്ടായി. ഇതിലൂടെ സ്വാർത്ഥ താൽപര്യങ്ങൾക്കപ്പുറം മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി കുട്ടികളിൽ സ്വയം വളർത്താൻ പ്രവർത്തകർക്ക് കഴിഞ്ഞു.

ഭാഷാ സംരക്ഷണ പ്രവർത്തനങ്ങൾ

സൗജന്യ ട്യൂഷൻ

ഭാഷാവിഷയങ്ങൾ എഴുതുവാനും വായിക്കുവാനും പിന്നാക്കം നിൽക്കുന്ന എട്ടാം ക്ലാസിലെ കുട്ടികളെ കണ്ടെത്തി വൈകുന്നേരം 4 മണി മുതൽ 51/2വരെ സൗജന്യട്യൂഷൻ ഏർപ്പെടുത്തി. അധ്യാപകരും, പൂർവ്വ വിദ്യാർത്ഥികളും കുട്ടികളെ പഠിപ്പിക്കുന്നതിനായി എത്തുന്നു. ഈ പരിശീലനത്തിലൂടെ പത്താംക്ലാസ് എത്തുമ്പോൾ കുട്ടികളുടെ പഠനപിന്നാക്കാവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.

വയലാർ ദിനം

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വളരെയേറെ സംഭാവനകൾ തന്റെ കാവ്യജീവിതത്തിലൂടെ നൽകിയ ശ്രീ.വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ന് അദ്ദേഹത്തിന്റെ കാവ്യജീവിതത്തിലൂടെ കടന്നുപോകുന്നതിനായി ഒരു അനുസ്മരണ യോഗം സംഘടിപ്പിക്കുകയുണ്ടായി. മലയാള കവ്യലോകത്തു പുതിയൊരു ഭാവുകത്വത്തിന്റെ വസന്തം വിരിയിച്ച കവിയാണ്‌ വയലാർ.

‘സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ

സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’

എന്ന സ്നേഹത്തിന്റെ മഹത്വപൂർണമായ വിളംബരവുമായി അദ്ദേഹം കവ്യലോകത്തേയ്ക്ക് കടന്നുവന്നു. അക്രമമല്ല കവി ഇഷ്ടപ്പെടുന്നത് സ്നേഹമാണ്. ഗാന്ധിസത്തോടും അദ്ദേഹത്തിന് പ്രതിപത്തി തോന്നിയിരുന്നു തുടങ്ങിയ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രഭാഷണം കുമാരി.ജോസ്ന ജോസഫ്‌ അവതരിപ്പിച്ചു. വയലാറിന്റെ സർഗ്ഗസംഗീതം എന്ന കവിത, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്നു തുടങ്ങുന്ന ചലച്ചിത്രഗാനം എന്നിവയും യോഗത്തിൽ ആലപിക്കപ്പെട്ടു. വയലാർ രാമവർമ്മ എന്ന വിപ്ലവ കവി കൈരളിക്കു നൽകിയ സംഭാവനകൾ അനുസ്മരിക്കുന്നതിനും അദ്ദേഹത്തിന്റെ കൃതികൾ വായിക്കുന്നതിന് കുട്ടികൾക്ക് താൽപ്പര്യം ജനിപ്പിക്കുന്നതിനും ഈ ദിനാചരണത്തിലൂടെ കഴിഞ്ഞു.

ബഷീർ ദിനം

ജൂലൈ 5 ബേപ്പൂർ സുല്ത്താ ൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ജന്മദിനം സമുചിതമായി ആചരിക്കുകയുണ്ടായി. മലയാള സാഹിത്യത്തിൽ ബഷീർ നല്കി്യ സംഭാവനകൾ അദ്ദേഹത്തിന്റെ കൃതികൾ ഇവയെക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ കുമാരി.ആര്യമാര്ട്ടി ൻ ഒരു പ്രഭാഷണം നടത്തി. തുടര്ന്ന് ‘തേന്മാവ് ’ എന്ന കഥ വളരെ ഭാവാത്മകമായി അവതരിപ്പിച്ചു. ബഷീർ എന്ന മഹാപ്രതിഭയുടെ കൃതികൾ ശൈലീപരമായ പ്രത്യേകതകൾ കൊണ്ട് ഏറെ ശ്രദ്ധേയമാണ്. ആര്ക്കും പരിഭവം തോന്നാത്ത പരിഹാസങ്ങളും സാധാരണ ജീവിതത്തെകുറിച്ചുള്ള അസാധാരണമായ കണ്ടെത്തലുകളും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നു. ഈ സവിശേഷതകൾ മനസിലാക്കി ബഷീറിന്റെ കൃതികൾ വായിച്ച് ആസ്വദിക്കുന്നതിനുള്ള മനോഭാവം കുട്ടികളിൽ ഉണ്ടാക്കാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചു.

രോഗീസഹായം

കുട്ടികൾ, അധ്യാപകർ, സുമനസുകൾ എന്നിവരിൽ നിന്നും സമാഹരിച്ച 20000/- രൂപയോളം സ്കൂളിലെ കുട്ടികൾക്കും കുട്ടികളുടെ മാതാപിതാക്കൾക്കും ചികിത്സാസഹായമായി നൽകുകയുണ്ടായി.

വിദ്യാഭ്യാസ സഹായം

സ്കൂളിലെ കുട്ടികൾക്കും, ഉന്നതവിദ്യാഭ്യാസം നടത്തുന്ന പരിസര വാസികളായ കുട്ടികൾക്കും , പൂർവ്വവിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വാങ്ങുന്നതിനായി 30000/- രൂപയോളം ചിലവഴിക്കുകയുണ്ടായി.

ബാൻഡ് ട്രൂപ്പ്

എല്ലാവർഷവും സ്റ്റേറ്റ് മത്സരത്തിൽ വരെ പങ്കെടുത്ത് A ഗ്രേഡ് നേടുന്ന ഒരു ബാൻഡ് ട്രൂപ്പ് സ്കൂളിനുണ്ട്. പല ഉപകരണങ്ങളും വാടകയ്ക്കെടുത്തു പരിശീലിച്ചാണ് ഈ നിലവാരം നിലനിർത്തുന്നതെന്ന് മനസിലാക്കിയ പ്രവർത്തകർ ബാൻഡ് ഉപകരണങ്ങൾ വാങ്ങുന്നതിനായി 22500/- രൂപ സംഭാവന നൽകുകയുണ്ടായി.

ഊർജ്ജ സംരക്ഷണം

ഡിസംബർ 7 ലോക ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഊർജ്ജം അമൂല്യമാണെന്ന തിരിച്ചറിവ് ഉൾക്കൊണ്ടുകൊണ്ട് ക്ലാസ് മുറികളിലും, സമീപ പ്രദേശങ്ങളിലുള്ള വീടുകളിലും ഊർജ്ജ സംരക്ഷണത്തിന്റെ പാഠങ്ങൾ പകർന്നു നൽകി . ജലനഷ്ടത്തിനൊപ്പം വൈദ്യുതി നഷ്ടവും വരുന്നു, ഒരാഴ്ചയിൽ വേണ്ട വസ്ത്രങ്ങൾ ഒരുമിച്ചു ഇസ്തിരിയിടുക, ടി.വി., ഫാൻ എന്നിവ ആവശ്യം കഴിഞ്ഞാൽ ഓഫാക്കുക തുടങ്ങി നിത്യജീവിതത്തിൽ നടപ്പാക്കുകയും, വൈദ്യുതി ലാഭിക്കുകയും ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞു കൊടുത്തു. കഴിഞ്ഞ വർഷം സ്കൂളിൽ സ്ഥാപിച്ച സോളാർ പാനൽ ഈ വർഷം 2KV ആക്കി വൈദ്യുതി കൂടുതൽ ലാഭിക്കാൻ കഴിഞ്ഞു.

ഭവനനിർമ്മാണം

കുട്ടികളിൽ ഭവനമില്ലാത്തവരെ കണ്ടെത്തി ഭവനം നിർമ്മിച്ചു നൽകുവാൻ ഈ വർഷവും സ്‌കൂളിന് കഴിഞ്ഞു. ബിരിയാണി മേള സംഘടിപ്പിച്ചും, എന്റെ കൈത്താങ്ങ്‌ എന്ന പേരിൽ ക്ലാസ് മുറികളിൽ കുടുക്കവച്ചും സുമനസുകളുടെ സഹായത്താലും സമാഹരിച്ച തുകകൊണ്ട് ഒൻപതാം ക്ലാസിലെ ജീന സെബാസ്റ്റ്യ ന് മനോഹരമായ ഒരു ഭവനം നിർമ്മിച്ചു നൽകി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ. സനോജിന്റെ സ്വരാജ് ട്രസ്റ്റ്‌ ഒൻപതാം ക്ലാസിലെ ജീൻ ആന്റണിക്കായി നൽകുന്ന ഭവനനിർമ്മാണവും ആരംഭിക്കുകയുണ്ടായി. ഭവനരഹിതരുടെ നൊമ്പരം തന്റേതാക്കി മാറ്റി സൗഹൃദകൂട്ടായ്മയിൽ നിന്ന് സ്വരൂപിച്ച തുക കൊണ്ട് സ്വപ്നഗൃഹനിർമ്മാണ പദ്ധതി പൂർത്തീകരിച്ച് മുന്നേറുവാൻ സാധിച്ചു.