ഉപയോക്താവ്:42434

Schoolwiki സംരംഭത്തിൽ നിന്ന്


[[പ്രമാണം:വായനാ കുറിപ്പ് | ഇഴയുന്ന കൂട്ടുകാർ:-]] ലഘുചിത്രം

                                                 ഇഴയുന്ന കൂട്ടുകാർ എന്ന ഈ പുസ്തകം എഴുതിയത് ഉണ്ണിക്കൃഷ്ണൻ P.K ആണ്. പ്രകൃതി നിരീക്ഷണം എന്ന വിജ്ഞാനപ്രദമായ വിനോദം കുട്ടികൾക്കിടയിലും മുതിർന്നവർക്കിടയിലും വളർത്തിയെടുക്കുന്നതിനുള്ള ഒരു പ്രോത്സാഹനമാണ് ഈ പുസ്തകം.കുട്ടികളിലും മുതിർന്നവരിലും ജീവജാലങ്ങളോടുള്ള സ്നേഹവും അവയെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആഗ്രഹവും വളർത്താനുള്ള ഒരു സംഭാവന കൂടിയാണ് ഇത്. 
                       യുറീക്ക വിജ്ക്കാനോത്സവത്തിൽ എനിക്ക് സമ്മാനമായി കിട്ടിയ ഈ പുസ്തകം ഈ അവധിക്കാലത്താണ് ഞാൻ വായിച്ചത്.ഈ പുസ്തകം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. പാമ്പുകളെന്ന് കേട്ടാൽ ഭയമായിരുന്ന എനിക്ക് ഈ പുസ്തകം വായിച്ച് കഴിഞ്ഞപ്പോൾ അവയും നമ്മളെ പോലെ തന്നെ ഈ പ്രകൃതിയിലെ അംഗമാണെന്നും പ്രകൃതിയെ നിലനിർത്തുന്നതിൽ അവയ്ക്കും നല്ല ഒരു പങ്കുമുണ്ടെന്ന കാര്യം മനസ്സിലായി. ഈ പുസ്തകം എഴുതിയ P.K ഉണ്ണിക്കൃഷ്ണൻ പാമ്പുകളെ നിരീക്ഷിച്ചും വളർത്തിയും നല്ല അനുഭവജ്ഞാനം നേടിയിട്ടുള്ള വ്യക്തിയാണെന്ന് ഇത് വായിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായി.
               കേരളത്തിൽ സാധാരണയായി കാണുന്ന പാമ്പുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. പാമ്പുകളുടെ മുഖ്യ പ്രതിരോധ അവയവം വിഷപ്പല്ലുകളാണ്.ഇത് ശത്രുക്കളെ നേരിടാൻ മാത്രമല്ല അവയുടെ ആഹാരസമ്പാദനത്തിനും കൂടിയുള്ളതാണ് എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.കുരുടി, പെരുമ്പാമ്പ്, വെള്ളിവരയൻ, ചുരുട്ട, നീർക്കോലി, ചേര, പച്ചില പാമ്പ്, മൂർഖൻ, അണലി ,രാജവെമ്പാല,മണ്ണൂലി, പുൽപ്പാമ്പ്, വെള്ളിക്കെട്ടൻ തുടങ്ങി സാധാരണയായി കാണുന്ന പാമ്പുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഇതിലുണ്ട്.ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പച്ചില പാമ്പിനെക്കുറിച്ചുള്ള വിവരണമാണ്. പച്ചിലപ്പാമ്പിനെ  ഒരു 'പച്ച ചാട്ടവാർ പോലെ' എന്നാണ് ഇതിൽ വിശേഷിപ്പിച്ചിരിക്കുന്നത്. അത് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.ഈ പുസ്തകത്തിൽ പാമ്പുകളുടെ പേര്, ശാസ്ത്രനാമം, കുടുംബം, ഇംഗ്ലീഷ് പേര്, തിരിച്ചറിയാനുള്ള അടയാളങ്ങൾ, വിഷം ഉണ്ടോ, ഇല്ലയോ, എവിടെയൊക്കെ കാണും, പ്രത്യുല്പാദന രീതി, ആഹാരം, സ്വഭാവം, ഇര തേടുന്ന സമയം, നിലനില്പ് തുടങ്ങിയ വിവരങ്ങൾ ഉണ്ട്. നമുക്ക് ചുറ്റുമുള്ള ജൈവ വൈവിധ്യത്തിൻ്റെ ഘടകങ്ങളായി പാമ്പുകളെ കാണാനും വരുന്ന തലമുറയിൽ പാമ്പുകളെ സ്നേഹിക്കുകയും അറിയുകയും ചെയ്യുന്നവരെ വാർത്തെടുക്കാനും ഈ പുസ്തകം സഹായിക്കും.
          
                        ഇഷാന N. S
                           Std 4

കൊറോണ എന്ന മഹാമാരി

          ലോകം ഇന്ന് കൊറോണ ഭീതിയിലാണ്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇപ്പോൾ ലോകരാജ്യങ്ങളിലെല്ലാം പടർന്ന് പിടിച്ചിരിക്കുകയാണ്. ആദ്യമൊന്നും ഇതിൻ്റെ ഭീകരത അറിയില്ലായിരുന്നെങ്കിലും ഇന്ത്യയിലും ഈ വൈറസ് വന്നപ്പോഴാണ്, പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനമായ കേരളത്തിൽ ഈ വൈറസ് എത്തിയപ്പോഴാണ് കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗത്തിൻ്റെ ഭീകരത മനസ്സിലായത്.
           ഓരോ ദിവസവും വാർത്തകളിൽ കൂടി രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു എന്നറിയുമ്പോൾ വലിയ വിഷമം ഉണ്ട്. ഈ രോഗത്തെക്കുറിച്ച് നമ്മൾ ഒരിക്കലും ഭയപ്പെടാൻ പാടില്ല. മറിച്ച് കരുതലും ജാഗ്രതയുമാണ് വേണ്ടത്. ഇതിനായി നമ്മുടെ സർക്കാർ നല്കുന്ന നിർദ്ദേശങ്ങൾ നമുക്ക് അനുസരിക്കാം.
             നമ്മുടെ നാട്ടിലെ പല ദുരന്തങ്ങൾക്കും കാരണം പരിസ്ഥിതി മലിനീകരണം ആണ്. നമ്മുടെ ഭൂമി നശിക്കാൻ പോകുന്നതിൻ്റെ ലക്ഷണങ്ങളാണ് നാം ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത്. ജലക്ഷാമം, കാലാവസ്ഥയിലെ മാറ്റങ്ങൾ, കഠിനമായ ചൂട്, മഹാമാരികൾ എന്നിവ അതിൻ്റെയെല്ലാം ലക്ഷണങ്ങളാണ്. അവയിൽ നിന്നെല്ലാം രക്ഷ നേടാൻ പരിസ്ഥിതി യേ സംരക്ഷിച്ചേ മതിയാകൂ.
            പരിസ്ഥിതി സംരക്ഷണത്തിനായി കുട്ടികളായ നമുക്കും ചിലതൊക്കെ ചെയ്യാൻ സാധിക്കും. മറ്റുള്ളവരെപോലെ മാലിന്യങ്ങൾ വലിച്ചെറിയാതെ അവ നിക്ഷേപിക്കാനുള്ള സ്ഥലത്ത് തന്നെ നിക്ഷേപിച്ച് മറ്റുള്ളവർക്ക് മാതൃകയാകണം.നമ്മുടെ വീട്ടിലുള്ളവരെയും കൂട്ടുകാരെയും പരിചയക്കാരെയുമൊക്കെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവാൻമാരാക്കണം.
             മാലിന്യങ്ങൾ ശരിയായ രീതിയിൽ നീക്കം ചെയ്യുന്നതോടൊപ്പം മരങ്ങളും ചെടികളും വച്ച് പിടിപ്പിച്ച് പ്രകൃതിയെ സംരക്ഷിക്കാം. അങ്ങനെ പരിസ്ഥിതി സംരക്ഷണം നടപ്പിലാക്കാൻ കുട്ടികളായ നമ്മൾ മുന്നിട്ടിറങ്ങണം. അങ്ങനെ പരസ്ഥിതിയെ സ്നേഹിച്ചും നമുക്ക് സുരക്ഷിതരാകാം.
          അതുപോലെ ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മുടെ രോഗ പ്രതിരോധശേഷിയും വർദ്ധിപ്പിച്ചേ മതിയാകൂ. അതിനായി നമ്മൾ പച്ചക്കറികളും ഇലക്കറികളുമൊക്കെ ധാരാളം കഴിക്കണം. അതുപോലെ തിളപ്പിച്ച വെള്ളം ധാരാളം കുടിക്കണം.വ്യക്തിശുചിത്വം പാലിക്കണം.
             സ്കൂളുകളെല്ലാം പെട്ടെന്ന് അടച്ചപ്പോൾ ആദ്യം സന്തോഷം തോന്നിയെങ്കിലും പിന്നെ പിന്നെ ഒന്ന് സ്കൂളിൽ പോയാൽ മതിയെന്നായി.കാരണം കൂട്ടിലടച്ച പക്ഷികളുടെ അവസ്ഥയാണിപ്പോൾ. ഭക്ഷണവും വെള്ളവുമെല്ലാം സമയത്തിന് കിട്ടുന്നുണ്ടെങ്കിലും പുറത്തിറങ്ങി നടക്കാനോ ഓടിക്കളിക്കാനോ കൂട്ടുകാരെ കാണാനോ ഒന്നും സാധിക്കുന്നില്ല. ഞാൻ പഠിക്കുന്ന സ്കൂളായ എൽ.എം.എൽ.പി.എസ് മേൽ പൊരുന്തമണിൽ വാർഷികാഘോഷം പോലും നടത്താൻ സാധിച്ചില്ല.ഇതിനെല്ലാം കാരണം കോവിഡ് 19 എന്ന രോഗബാധയാണ്.
             എത്രയും വേഗം ഈ മഹാമാരിയിൽ നിന്നും നമുക്ക് രക്ഷനേടിയേ മതിയാകൂ. എങ്കിൽ മാത്രമേ നമുക്ക് സന്തോഷത്തോടെ സ്കൂളിൽ പോകാൻ സാധിക്കൂ.അതിനായി കുട്ടികളായ നമുക്കും ചിലതൊക്കെ ചെയ്യാനാകും. ആവശ്യമില്ലാതെ പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിയാം. എപ്പോഴും ശരീരം വൃത്തിയായി സൂക്ഷിക്കാം. പ്രത്യേകിച്ച് നമ്മുടെ കൈകൾ. കൈകൾ കഴുകുമ്പോൾ 20 സെക്കൻ്റെങ്കിലും സോപ്പു പയോഗിച്ച് വൃത്തിയായി കഴുകുക.ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ട് മറയ്ക്കുക.
            നമ്മുടെ വീട്ടിലുള്ള ആരെങ്കിലും ആവശ്യമില്ലാതെ പുറത്തിറങ്ങുന്നുവെങ്കിൽ വെറുതെ പുറത്തിറങ്ങരുതെന്ന് പറയുക. ആഹാരസാധനമോ മരുന്നോ വാങ്ങാൻ പുറത്തിറങ്ങേണ്ടി വന്നാൽ വീട്ടിൽ കയറുന്നതിന് മുമ്പ് കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകാൻ പറയുക.
            നമുക്ക് പുറത്തിറങ്ങി കളിക്കാൻ സാധിക്കുന്നില്ല എന്നേയുള്ളൂ. വീട്ടിലിരുന്നു കഥകൾ, കവിതകൾ ,ചിത്രങ്ങൾ തുടങ്ങിയവ വരയ്ക്കുകയോ എഴുതുകയോ ചെയ്യാം.കൂടാതെ പാചകത്തിലും മുറ്റമടിക്കാനും കൃഷിയിലുമൊക്കെ അമ്മയെ സഹായിക്കാം. ഞാൻ ഇതൊക്കെ ചെയ്യാറുണ്ട്. ഇങ്ങനെയെല്ലാം വീട്ടിൽ വെറുതേ ഇരിക്കുന്നു എന്ന ചിന്ത ഒഴിവാക്കാം.
           കൊറോണ എന്ന മഹാമാരിക്കെതിരേ പടപൊരുതുന്ന നമ്മുടെ സർക്കാർ, ഡോക്ടർമാർ, നഴ്സുമാർ മറ്റ് ആരോഗ്യ പ്രവർത്തകൾ, പോലീസുകാർ, സന്നദ്ധ പ്രവർത്തകൾ എല്ലാവർക്കും എൻ്റെ ബിഗ് സല്യൂട്ട്
               
                                                                                                                                                                               ഇഷാന N. S
                                                                                                                                                                                      ക്ലാസ് 4
                                                                                                                                                                     എൽ.എം.എൽ.പി.എസ്
                                                                                                                                                                          മേൽപൊരുന്തമൺ



















                        L. M. L. P. S
              Melporunthamon
"https://schoolwiki.in/index.php?title=ഉപയോക്താവ്:42434&oldid=711406" എന്ന താളിൽനിന്ന് ശേഖരിച്ചത്