ഇടച്ചേരി എൽ പി സ്കൂൾ/എന്റെ വിദ്യാലയം
വർഷങ്ങൾക്ക് മുൻപ് വിദ്യാഭ്യാസം സമൂഹത്തിൻ്റെ സ്വപ്നം പോലുമല്ലായിരുന്ന കാലയളവിൽ ഒരു വിദ്യാലയം സ്ഥാപിച്ച് ഈ പ്രദേശത്തെ ജനങ്ങൾക്ക് അറിവു നേടാൻ അവസരമേകിയ ശ്രീ.കോരൻ മാഷുടെയും തങ്ങളുടെ മഹത്തായ കർമ്മരംഗത്ത് തിളങ്ങിയ അക്ഷരത്തിരി ഉള്ളിൽ കൊളുത്തി ഒരു സമൂഹത്തിനാകെ വെളിച്ചം പകർന്ന് തങ്ങളുടെ ജീവിതം ധന്യമാക്കിയ പരേതരായ ഗുരുവര്യന്മാരുടെയും സ്മരണക്കു മുൻപിൽ അങ്ങേയറ്റത്തെ ആദരവോടെ പ്രണമിക്കുന്നു. ഒന്നേകാൽ നൂറ്റാണ്ടിനുമേലെ പിന്നിട്ട പ്രാഥമിക വിദ്യാലയമാണ് ഇടച്ചേരി എൽ.പി.സ്കൂൾ. ഒരു വിദ്യാലയം സ്ഥാപിക്കുക എന്നത് ഏറ്റവും മഹത്തായ സാമൂഹ്യ സേവനം മാത്രമായി കണക്കാക്കപ്പെടേണ്ട ഒരു കാലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പണ്ടുകാലത്ത് സ്വന്തം അധ്യാപകരുടെ വാക്ക് കുട്ടികൾക്ക് വേദവാക്യമാണ്. ഈ മാനുഷിക ബന്ധമാണ് പ്രാഥമിക വിദ്യാലയത്തിൻ്റെ ജീവസത്ത. ഈ വിദ്യാലയം ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തിൻ്റെ തൊട്ടു വടക്കുഭാഗത്താണ് ആദ്യം സ്ഥിതി ചെയ്തിരുന്നത്. അവിടെ ഓലപ്പുരയുടെ കെട്ടിടമായിരുന്നു. നാലാം ക്ലാസ് വരെയുള്ള വിദ്യാലയം 1941 ലാണ് അഞ്ചാം ക്ലാസ് വരെയായി ഉയർത്തിയത്."കോരൻ മാഷുടെ സ്കൂൾ" എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ പ്രശസ്ത സേവനം കൊണ്ട് സ്കൂളിൻ്റെ യശസ്സുയർത്തിയ കോരൻ മാസ്റ്റർ, പാലക്കൽ അനന്തൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, ശേഖരൻ മാസ്റ്റർ, മാധവി ടീച്ചർ ദമയന്തി ടീച്ചർ, രാജൻ മാസ്റ്റർ, സി.ലക്ഷ്മി ടീച്ചർ, വേലായുധൻമാസ്റ്റർ, രോഹിണി ടീച്ചർ, മേരി ടീച്ചർ , എന്നിവർ നമ്മോടൊപ്പമില്ല.
ശ്രീ. സി.ടി. പ്രകാശനാണ് സ്കൂൾ മാനേജർ. ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് പുരോഗതിയിലേക്ക് കുതിക്കുകയാണ്. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചു നിരവധി പേർ നാട്ടിലും അന്യനാട്ടിലുമായി വിവിധമേഖലകളിൽ ജോലി ചെയ്യുന്നവരായുണ്ട്. കെ.വി. ലക്ഷ്മി ടീച്ചർ, രമണി ടീച്ചർ, നന്ദിനി ടീച്ചർ, വിജയലക്ഷ്മി ടീച്ചർ, കെ.പി.സുമതി ടീച്ചർ, പുഷ്പവല്ലി ടീച്ചർ, സി.വി.രാമചന്ദ്രൻ മാഷ്, എന്നിവർ ഈ സ്ഥാപനത്തിൽ നിന്നും വിശിഷ്ട സേവനത്തിനു ശേഷം വിരമിച്ചവരാണ്. സ്കൂൾ ഇവിടെ നിലനിൽക്കുന്നതിനുവേണ്ടിയും സ്ഥാപനത്തിൻ്റെ പുരോഗതിക്ക് വേണ്ടിയും പ്രവർത്തിച്ച ജീവിക്കുന്നവരും മൺമറഞ്ഞുപോയവരുമായ ഒരുപാട് വ്യക്തികളുണ്ട്. അവരോടുള്ള നന്ദിയും കടപ്പാടും ഞങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നു.