ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/History

Schoolwiki സംരംഭത്തിൽ നിന്ന്

             കേരള സംസ്ഥാനത്തിന്റെ ഏകദേശം മധ്യഭാഗത്തായി തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ആളൂർ ഗ്രാമം കുന്നുകുളം സമതലപ്രദ്ദേശങ്ങളും ചേർന്ന താരതതമ്യേന 
             ജനസാന്ദ്രതയേറിയ ഒരു പ്രദേശമാണ്. ആളൂർ,താഴേക്കാട്,കല്ലേറ്റുംകര എന്നീ റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്ന ആളൂർ ഗ്രാമപഞ്ചായത്ത് ഇരിഞ്ഞാലക്കുട 
             നിയമസഭാ മണ്ഡലത്തിലും,തൃശ്ശൂർ ലോകസഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 210 മീറ്റർ ഉയരത്തിൽ 34.39 ച.കി.മീ. 
             വിസ്തൃതിയോടെ ചാലക്കുടി മുനിസിപ്പാലിറ്റിക്കും കൊടകര, മുരിയാട്, വേളൂക്കര, പുത്തൻചിറ, മാള പഞ്ചായത്തുകൾക്കും നടുവിലായി ഈ പ്രദേശം സ്ഥിതിചെയ്യുന്നു. 
             ആലുകൾ ധാരാളമുള്ള പ്രദേശമായതിനാലും, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാലും ഈ പ്രദേശത്തിന് ആലൂർ എന്ന പേര് വന്നു. പിന്നീട് സംസാര
             ഭാഷയിൽ ആളൂർ എന്ന് വിളിച്ചുപോന്നുവെന്നാണ് സ്ഥലനാമ ഗവേഷകരുടെ നിഗമനം. ആളൂർ ജംഗ്ഷനിൽ നിന്നും രണ്ടു കിലോമീറ്റർ തെക്കുഭാഗത്തായി 
             ആളൂർ - മാള റോഡിന് സമീപം തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന നമ്മുടെ വിദ്യാലയത്തിന്റെ ചരിത്രം ഈ നാടിന്റെ ചരിത്രം തന്നെയാണ്. 
             ആനപ്പറമ്പ് എന്ന പേരിലാണ് ഈ വിദ്യാലയം മുമ്പ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ ബ്രിട്ടീഷ് മേൽക്കോയ്മക്കു കീഴിലായിരുന്ന
             കൊച്ചി രാജ്യത്തിന്റെ അതിർത്തിയിലായിരുന്നു ആളൂർ പ്രദേശം ഉൾപ്പെട്ടിരുന്നത്. വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായിരുന്ന അക്കാലത്ത് നിലത്താശാന്മാരുടെ
             കീഴിലും, ആളൂർ, കാരൂർ, കല്ലേറ്റുംകര, താഴേക്കാട് പള്ളിവക വിദ്യാലയങ്ങളിലും കുട്ടികൾ ആദ്യാക്ഷരം കുറിച്ചു.
             
             ഗതാഗത സൗകര്യങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് ഭൂരിപക്ഷം പേരും പ്രാഥമിക വിദ്യാഭ്യാസത്തോടെ പഠനം അവസാനിപ്പിച്ചിരുന്നു. സാമ്പത്തികശേഷിയുള്ളവർ
             തൃശ്ശൂർ, ഇരിഞ്ഞാലക്കുട, ചാലക്കുടി തുടങ്ങിയ സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലാണ് ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയിരുന്നത്. പെൺകുട്ടികൾക്ക്
             പ്രാഥമിക വിദ്യാഭ്യാസത്തിന‌ു ശേഷം പഠനസൗകര്യം ലഭിച്ചിരുന്നില്ല. നാടിന്റെ വികസനത്തിന് വിദ്യാഭ്യാസ സൗകര്യങ്ങൾ അനിവാര്യമായി മാറിയപ്പോൾ
             അതിനായി മുന്നിട്ടിറങ്ങിയ പ്രദേശവാസികളുടെ പ്രയത്നഫലമായി രൂപമെടുത്തതാണ് ആളൂർ ആർ.എം.എച്ച്.എസ്.എസ്. എന്ന വിദ്യാലയം.
          
             അമ്പഴക്കാട് പുളിയിലക്കുന്നിൽ വിശ്രമജീവിതം നയിച്ചുകൊണ്ടിരുന്ന റവ. ഫാദർ ആന്റണി പുല്ലോക്കാരന് ഈ പരിസരത്ത് ഒരു ഹൈസ്കൂളിന്റെ ആവശ്യകത 
             ബോധ്യപ്പെട്ടിരുന്നു. പ്രദേശവാസിയും കല്ലേറ്റുംകര എൽ.പി. സ്കൂൾ ഹെഡ്മാസ്റ്ററുമായിരുന്ന ശ്രീ.അരിക്കാട്ട് ജോൺ മാസ്റ്റർ ഒരേക്കർ സ്ഥലം സൗജന്യമായും,
             അൻപത് സെന്റ് വെറും നാമമാത്രമായ സംഖ്യക്കും സ്കൂളിനുവേണ്ടി ദാനം നൽകി.
             റവ. ഫാദർ ആന്റണി പുല്ലോക്കാരൻ, ശ്രീ. എ.ടി.ജോൺമാസ്റ്ററുടെ അഭിലാഷമനുസരിച്ച് വലിയവീട്ടിൽ കുരിയാക്കോസ് മാസ്റ്ററുടെയും പ്രദേശവാസികളായ
             തെന്നാടൻ വർക്കി, അരിക്കാട്ട് കുഞ്ഞുവറീത് ദേവസ്സി, പുളിക്കൽ ലോന, തെന്നാടൻ ചാക്കോ തുടങ്ങിയ നാട്ടുകാരുടെയും ഉപദേശങ്ങളും നിർദ്ദേശങ്ങളും 
             സ്വീകരിച്ചുകൊണ്ട് ക്ലാസ്സ് മുറികളും ഓഫീസ്റൂമും നിർമ്മിച്ചു. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ശ്രീ.ഐ.എം.മേനോന്റെയും, എ.ടി. ജോൺ
             മാസ്റ്ററുടെയും , ഫാ. ആന്റണി പുല്ലോക്കാരന്റെയും സൗഹൃദം നമ്മുടെ വിദ്യാലയത്തിന് കൊച്ചി ദിവാനിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്നതിനും,
             വിദ്യാലയത്തിന് ആവശ്യമായ ഫർണിച്ചർ ലഭിക്കുന്നതിനും കാരണമായി. സൗഹൃദത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനായി ശ്രീ.ഐ.എം.മേനോന്റെ പിതാവും 
             കൊച്ചി രാജാവുമായ രാജർഷിയുടെ നാമധേയം സ്കൂളിന് നൽകുകയും സ്കൂൾ രാജർഷി മെമ്മോറിയൽ ഹൈസ്കൂൾ എന്നറിയപ്പെടുകയും ചെയ്തു. 1942 ജൂൺ
             2ന് പ്രധാന അധ്യാപകൻ ശ്രീ.ടി.ടി.വറീത് മാസ്റ്റർ, സഹാധ്യാപകരായ ശ്രീ.എ.ജെ.ജോസഫ്, ശ്രീ.എ.സി.റപ്പായി എന്നീ മൂന്ന് അധ്യാപകരും
             തൊണ്ണൂറ് വിദ്യാർത്ഥാകളുമായി വിദ്യാലയം നിലവിൽ ആരംഭിച്ചു. 4,5,6 ക്ലാസ്സുകൾ ആയിരുന്നു ആരംഭഘട്ടത്തിൽ ഉണ്ടായിരുന്നതെങ്കിലും ബാലാരിഷ്ടതകൾ 
             പിന്നിട്ട് ഈ വിദ്യാലയം അഭിവൃദ്ധി പ്രാപിച്ചു. 1948-49 മാർച്ച് മാസത്തിൽ ആദ്യ എസ്.എസ്.എൽ.എസി. ബാച്ച് മികച്ച റിസൽട്ടോടെ പുറത്തിറങ്ങുകയും, 
             കൊച്ചി-മലബാർ മേഖലയിലെ ഉന്നത വിജയം നേടിയ ഒരു സ്കൂൾ ആയി രാജർഷി ഉയരുകയും ചെയ്തു.