ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

എൻെറനാട്


കിളിമാനൂർ സ്ഥലനാമം

കിളികളു‍ടേയുംമാനുകളുടേയും ഊര് എന്ന അർത്ഥത്തിലാണ് കിളിമാനൂർ എന്നപേരുവന്നത് എന്ന് ഐതീഹ്യം.

തിരുവാതിര

മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ.

പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഏതെങ്കിലും ഒരു തറവാട്ടുമുറ്റത്ത് ഒത്തുചേർന്നിട്ടായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ ആഘോഷം ചുരുക്കം ചില കുടുംബങ്ങളിലും ശിവക്ഷേത്രങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുന്നു.

കാക്കാരശ്ശി നാടകം

ആൽത്തറകളിലെ ഉത്സവമുമായി ബന്ധപ്പെട്ടാണ് കക്കാരിശ്ശിനാടകം അരങ്ങേറുന്നത് .ഗ്രാമീണ കലാരൂപമാണ് കാക്കാരിശ്ശി നാടകം. കാക്കാലച്ചി നാടകം, കാക്കാല നാടകം, കാക്കാ ചരിതം എന്നീ പേരുകളിലും ഇതറിയപ്പെടാറുണ്ട്. കാക്കാലൻ എന്ന പേരിലറിയപ്പെടുന്ന 'സഞ്ചാരിവർഗ്ഗത്തിൽ' പെടുന്ന വിഭാഗക്കാർ കേരളത്തിൽ പല പ്രദേശങ്ങളിലും ഉണ്ട്. തമിഴ് കലർന്ന മലയാളമാണ് ഇവർ സംസാരിക്കുന്നത്. ചില പ്രദേശങ്ങളിൽ തെലുങ്കു ഭാഷയിലെ വാക്കുകളും ധാരാളമായി ഉപയോഗിക്കുന്നതായി കാണാം. കുറവർ, കൊറവർ, കുറഗർ എന്നീ പേരുകളിലും ഇവർ അറിയപ്പെടുന്നുണ്ട്. പക്ഷിശാസ്ത്രം, ഭാവി പ്രവചിക്കലുമാണ് ഇവരുടെ മുഖ്യതൊഴിൽ.


കാക്കാലന്മാരുടെ പേരിലാണ് ഈ ഗ്രാമീണനാടകം അറിയപ്പെടുന്നതെങ്കിലും ഇവർക്ക് നാടകവുമായി നേരിട്ട് ബന്ധമൊന്നുമില്ല. നാടകത്തിൽ താല്പര്യമുള്ള മറ്റ് ആളുകളാണ് നാടകം ഉണ്ടാക്കി അരങ്ങേറുന്നത്.


കാക്കാരിശ്ശി നാടകത്തിന് ഒരു പ്രത്യേക ഘടനയുണ്ട്. മിക്കവാറും എല്ലാ നാടകങ്ങളിലും സുന്ദരൻ കാക്കാനാണ് മുഖ്യനായകൻ. ഇതിനു പുറമെ കാക്കാത്തിമാർ, വേടൻ തുടങ്ങിയ പ്രധാനകഥാപാത്രങ്ങളും ഉണ്ടാകും. കാക്കാലവർഗ്ഗത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രം തന്നെയാണ് സുന്ദരൻ കാക്കാൻ. പാട്ടുപാടി ചുവടുവെച്ചുകൊണ്ടാണ് കഥാപാത്രങ്ങൾ അഭിനയിക്കുന്നത്. പഴയ സംഗീത നാടകത്തിന്റെ ശൈലിയിൽ സംഭാഷണവും സംഗീതവും നൃത്തച്ചുവടുകളും ഇഴചേർത്തുകൊണ്ടുള്ള അഭിനയരീതിയാണ് ഇതിലുള്ളത്. ഹാർമോണിയം, മൃദംഗം, ഗഞ്ചിറ, കൈമണി തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിക്കാറുണ്ട്.

വന്ദനഗാനത്തോടെയാണ് നാടകം തുടങ്ങുന്നത്. തുടർന്ന് കാക്കാലൻ പ്രവേശിക്കുന്നു. കൈയ്യിൽ ഉയർത്തിപ്പിടിച്ച പന്തവുമായി താളം ചവുട്ടിക്കൊണ്ടാണ് കക്കാലന്റെ വരവ്. ചോദ്യക്കാരനായി വേദിയിൽ 'തമ്പുരാൻ'ഉണ്ടാവും. തമ്പുരാന്റെ ചോദ്യവും കാക്കാലന്റെ വിശദീകരിച്ച മറുപടിയുമായാണ് നാടകം മുന്നോട്ടുപോകുന്നത്. പാട്ടും നൃത്തവുമായി അരങ്ങുതകർത്തുകൊണ്ടാണ് നാടകം പുരോഗമിക്കുന്നത്.

സാമൂഹ്യവിമർശനം, ആക്ഷേപഹാസ്യം എന്നിവ കാക്കാരിശ്ശി നാടകത്തിന്റെ മുഖ്യ ഘടകങ്ങളാണ്.

ചെണ്ടമേളം

കേരളത്തിന്റെ തനതുവാദ്യകലകളിൽ ഏറ്റവും ജനകീയമാണ് ചെണ്ടമേളങ്ങൾ. നിരവധി കലാകാരന്മാർ മണിക്കൂറുകളായി താളം പിഴയ്ക്കാതെ, ചിട്ട തെറ്റാതെ നടത്തുന്ന ചെണ്ടമേളങ്ങൾ കേരളീയരുടെ ഉത്സവങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും ഹരം പകരുന്നു. പഞ്ചാരി, പാണ്ടി എന്നീ ചെണ്ടമേളങ്ങൾക്കാണ് ഏറെ പ്രചാരം (തായമ്പക അവതരിപ്പിക്കുന്നത് ചെണ്ടയിൽ ആണെങ്കിൽ അതിനെയും ചെണ്ടമേളമായി കണക്കാക്കാം. മിഴാവിലും തായമ്പക കൊട്ടാറുണ്ട്) പ്രമാണിയാണ് മേള നയിക്കുന്നത്. മധ്യത്താണ് അദ്ദേഹത്തിന്റെ സ്ഥാനം. ചിട്ടകൾക്കനുസരിച്ച് മേളം നിയന്ത്രിക്കാൻ പ്രമാണി നിരന്തരം മറ്റുളളവരോടു പ്രത്യേക രീതിയിൽ ആശയവിനിമയം നടത്തുന്നു.

സർപ്പപ്പാട്ടുകൾ

സർപ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും അപൂർവ്വമായി ഗൃഹങ്ങളിലും നടത്തുന്ന ഒരു അനുഷ്ഠാനകല. പുള്ളുവസമുദായാംഗങ്ങളാണ് ഈ അനുഷ്ഠാന കലയുടെ അവതരണവും മേൽനോട്ടവും. പാമ്പുതുള്ളൽ, പാമ്പിൻകളം, നാഗംപാട്ട്, സർപ്പോത്സവം എന്നിങ്ങനെയും അറിയപ്പെടുന്നുണ്ട്.അലങ്കരിച്ച പന്തലിൽ സർപ്പക്കളം ചിത്രീകരിക്കും. ഉച്ചയ്ക്കും രാത്രിയിലും പഞ്ചവർണ്ണപ്പൊടികൾകൊണ്ട് സർപ്പയക്ഷിക്കളം, നാഗയക്ഷിക്കളം, അഷ്ടനാഗക്കളം എന്നിങ്ങനെ പലവിധത്തിലുളള കളങ്ങൾ പുളളവർ ചിത്രീകരിക്കും. പന്തലിൽ വിളക്കുകൾ തൂക്കും. കളത്തിനു ചുറ്റും തെറ്റ്, അരി, നാളികേരം, വെറ്റില, പഴുക്ക, പാൽകുടം, എന്നിവയിൽ അലങ്കരിക്കും. കളം പൂജിച്ചു കഴിഞ്ഞാൽ സർപ്പം തുളളുന്ന സ്ത്രീയെ പന്തലിലേക്ക് ആനയിക്കും. നാഗരാജാവ്, നാഗയക്ഷി, സർപ്പയക്ഷി, മണിനാഗം, എരിനാഗം, കരിനാഗം, കുഴിനാഗം, പറനാഗം, കന്യാവ് എന്നീ  സങ്കൽപങ്ങളിലാണ് തുളളുക. ആർപ്പും കുരവയും കഴിഞ്ഞശേഷം സ്ത്രീകൾ  പൂക്കുല കൈകളിലേന്തി ആടാൻ തുടങ്ങും. വീണ, കുട, കൈമണി എന്നീ വാദ്യങ്ങളോടെ പുളളവർ പാടാൻ തുടങ്ങും. ആ പാട്ടുകളുടെ രാഗതാളങ്ങൾ മുറുകുമ്പോൾ തുളളലുമുണ്ടാകും. സർപ്പസങ്കല്പത്തിലാടുന്നവർ അതിനിടയിൽ ജനങ്ങളിൽനിന്ന് വഴിപാടും സ്വീകരിക്കും. അവരെ അനുഗ്രഹിക്കുകയും ചെയ്യും. സർപ്പംതുളളുന്നവരുടെ അരുളപ്പാടും നടക്കും. ആടുന്നവർ വീണുരുണ്ട് കളങ്ങൾ മായ്ക്കുകയും ഒടുവിൽ ആടിത്തളർന്ന് കിടക്കുകയും ചെയ്യും. ദിവസം മൂന്നു നേരം ഈ കർമ്മങ്ങൾ ആവർത്തിക്കും. ചിലപ്പോൾ തുളളൽ ഒരാഴ്ചയിലധികം നീണ്ടു പോയേക്കാം.

ഭഗവതിപ്പാട്ടുകൾ.

ദേവീക്ഷേത്രങ്ങളിലും കാവുകളിലും നടത്തുന്ന പാട്ടുകളെ പൊതുവേ 'ഭഗവതിപ്പാട്ടുകൾ' എന്ന് പറയാറുണ്ട്. ദക്ഷിണകേരളത്തിലെ വേലൻസമുദായക്കാർ നടത്തുന്ന കളമെഴുത്തുപാട്ടിനെയും 'ഭഗവതിപ്പാട്ട്' എന്നാണ് പറഞ്ഞുവരുന്നത്. അല്പം ഉയർന്ന തറയിൽ ഭദ്രകാളിയുടെ രൂപം പഞ്ചവർണപ്പൊടികൾ കൊണ്ട് ചിത്രീകരിക്കും. 'ഭഗവതിപ്പാട്ട്' മൂന്നുദിവസത്തോളം നീണ്ടുനില്ക്കും. കളം പൂജിച്ചുകഴിഞ്ഞ ശേഷമാണ് പാട്ട് പാടുന്നത്. ഭഗവതിയെ കളത്തിൽ കുടിയിരുത്തുന്ന പാട്ടാണ് ആദ്യം പാടുക. തുടർന്ന് സ്തുതികളും കീർത്തനങ്ങളും തോറ്റങ്ങളും പാടുന്നു. കണ്ണകീചരിതം, ദാരികവധം എന്നിവ ഭഗവതിപ്പാട്ടുകളിൽ മുഖ്യങ്ങളാണ്. നന്തുണി, കുഴിത്താളം എന്നിവ പാട്ടിന് വാദ്യോപകരണങ്ങളായി ഉപയോഗിക്കുന്നു. മണ്ണാന്മാരുടെ പാട്ടിനെയും 'ഭഗവതിപ്പാട്ട്' എന്ന് പറയാറുണ്ട്.

കുത്തിയോട്ടപ്പാട്ടുകൾ

ഭഗവതീക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവകാലത്ത് നടത്താറുള്ള അനുഷ്ഠാനകലയാണ് കുത്തിയോട്ടം. അതിന് പാടുന്ന പാട്ടുകളുടെ വിഷയം ഭദ്രകാളിയുടെ ചരിതങ്ങളാണ്. കൃഷ്ണലീല മുതലായ മറ്റു ചില കഥകളും കുത്തിയോട്ടപ്പാട്ടുകളിൽ കാണുന്നു. മുഖത്ത് ചായംതേച്ച് തലയിൽ കിരീടമണിഞ്ഞ് മെയ്യാഭരണങ്ങളോടുകൂടിയ വേഷങ്ങൾ വാദ്യഘോഷത്തോടുകൂടി ക്ഷേത്രത്തിലേക്ക് വരും. കുട്ടികളാണ് ഈ വേഷങ്ങൾ കെട്ടുക. അവരോടൊപ്പം പാട്ടുപാടുവാൻ പ്രത്യേകം ആൾക്കാർ ഉണ്ടായിരിക്കും. പാട്ടുകാർ പരസ്പരം വെല്ലുവിളിച്ചുകൊണ്ട് പാടുമത്രേ. വ്യത്യസ്ത താളങ്ങളോടുകൂടി പാട്ടുപാടുന്ന അഞ്ചു ഖണ്ഡങ്ങൾ കുത്തിയോട്ടത്തിനുണ്ട്.

കേവലം വിനോദങ്ങൾക്കായി മാത്രമായുള്ള ഒട്ടനവധി നാടൻ കളികളും കിളിമാനൂർ ദേശത്ത് നിലനിന്നിരുന്നു

കമ്പടിക്കളി

കോൽക്കളിക്ക് കോലടിക്കളി, കമ്പടിക്കളി എന്നിങ്ങനെ പ്രാദേശികമായി പേരിൽ വ്യത്യാസം കാണാം..ആൽത്തറകളിലെ ഉത്സവങ്ങളോട് ബന്ധപ്പെട്ടാണ് കമ്പടികളി നടത്തുന്നത്.