ആസ്വാദനക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

ആസ്വാദനക്കുറിപ്പ്

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം, കേൾക്കുമ്പോൾ തന്നെ കൗതുകമുണ്ടല്ലേ ? പ്രൊഫ. എസ്. ശിവദാസ് എഴുതിയ പുസ്തകമാണ് "വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം ". സുന്ദരിയായ പ്രകൃതിയെയാണ് ഇവിടെ ഭംഗിയായി വിവരിക്കുന്നത്. കഥാകൃത്ത് തന്നെയാണ് പ്രധാന കഥാപാത്രവും .ഒരു നാട്ടിൻപുറത്താണ് ഈ കഥ നടക്കുന്നത്. ബാലവേദിയിലെ കുട്ടികളും മാസ്റ്ററും തമ്മിലുള്ള വിശേഷങ്ങളാണ് ഈ പുസ്തകത്തിൽ പറയുന്നത്. അപ്പുക്കുട്ടൻ, ജയൻ , രൂപ, കൊച്ചുറാണി, കൊച്ചുമുഹമ്മദ്, മീന, സൂസി ,  തോമസ്, ലില്ലിക്കുട്ടി തുടങ്ങിയവരാണ് പ്രധാനമായും കഥയിലെ കഥാപാത്രങ്ങൾ .

                               മാസ്റ്ററും കുട്ടികളും നല്ല കൂട്ടുകാരാണ്. വേനൽക്കാലത്താണ് ഈ വിശേഷങ്ങളെല്ലാം നടക്കുന്നത് . 12 കഥകളാണ് പുസ്തകത്തിൽ ഉള്ളത്. മാസ്റ്ററും കൂട്ടരും വലിയ പ്രകൃതിസ്നേഹികളാണ് . മാസ്റ്റർ അനുഭവങ്ങളിലൂടെയാണ് കുട്ടികളെ ഓരോരുത്തരെയും പഠിപ്പിക്കുന്നത്.പ്രകൃതിയിലെ മനോഹരമായ കാഴ്ചകൾ ഈ പുസ്തകം വായിക്കുമ്പോൾ നമ്മുടെ മനസ്സിൽ തെളിയും . ഞാൻ ഈ പുസ്തകം വായിക്കുമ്പോൾ കഥാകൃത്ത് എൻറെ മനസ്സറിഞ്ഞാണോ എഴുതിയിരിക്കുന്നത് എന്ന് തോന്നി. കാരണം, എഴുത്തുകാരൻ ഓരോ കാര്യം പറയുമ്പോഴും എൻറെ മനസ്സിൽ തോന്നുന്ന അതേ സംശയങ്ങളാണ് കുട്ടികൾ കഥാകൃത്തിനോട് ചോദിക്കുന്നത്.നാം പ്രകൃതിയോട് കാണിക്കുന്ന ക്രൂരതയും പ്രകൃതി അനുഭവിക്കുന്ന വേദനകളുമാണ് എഴുത്തുകാരൻ ഇവിടെ തുറന്നുകാട്ടുന്നത് .വളരെ രസകരമായാണ് ഓരോ കാര്യവും  എഴുത്തുകാരൻ എഴുതിയിരിക്കുന്നത്.ജയനും കൊച്ചുമുഹമ്മദും വലിയ തമാശക്കാരാണ് അതുകൊണ്ടുതന്നെ എല്ലാ കാര്യത്തെയും തമാശയാക്കി മാറ്റും.ഒരുപാട് നാട്ടുവിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അതുപോലെ പലതരം സസ്യങ്ങളെയും .

                                       പാമ്പുകളി  എന്ന കഥയാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. കാരണം ഈ കഥ വളരെ രസകരമാണ്. മാസ്റ്റർ കുട്ടികൾക്ക് ഒരു ചേരപ്പാമ്പിനെ യാണ് പരിചയപ്പെടുത്തുന്നത്. ആദ്യം കഥയിലെ കൂട്ടുകാർ പേടിച്ചതുപോലെ ഞാനും ഒന്നു ഞെട്ടി .പിന്നീട് പാമ്പിനെ മാസ്റ്റർ കഴുത്തിൽ ചുറ്റിയിട്ട് പറഞ്ഞു "ഇവൻ പാവമാ വിഷമില്ല" . പിന്നെ അവനെ കുട്ടികളും കയ്യിലെടുക്കാൻ തുടങ്ങി .അപ്പോൾ എൻറെ പേടിയും മാറി.

                                          പ്രകൃതി വായിച്ചാലും വായിച്ചാലും തീരാത്ത ഒരു പുസ്തകമാണ് എന്നാണ് എഴുത്തുകാരൻ പറയുന്നത്. സത്യത്തിൽ അത് ശരിയാണ്. ഒരിക്കലും പ്രകൃതിയിലെ എല്ലാം നമുക്ക് പഠിച്ചെടുക്കാൻ കഴിയില്ല. ആ പുസ്തകത്തിലെ താളുകൾ ഒരിക്കലും തീരില്ല .അത് വർദ്ധിച്ചുകൊണ്ടിരിക്കും. നമ്മെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്ന ഈ പുസ്തകം നമ്മളെല്ലാം എത്ര ക്രൂരരാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.പ്രകൃതിയുടെ സന്തുലനം തകരുകയാണ് .അത് മനസ്സിലാക്കിയില്ലെങ്കിൽ മനുഷ്യൻ വരുത്തിവെച്ച വിനയ്ക്ക് ലോകത്തെ എല്ലാ ജീവനുകളും അനുഭവിക്കേണ്ടിവരും. അതിൻറെ ചെറിയ അറിയിപ്പുകളാണ് കൊറോണയും പ്രളയവുമൊക്കെയെന്ന് ചിന്തിച്ചപ്പോൾ എനിക്ക് ബോധ്യമായി.അതുകൊണ്ടുതന്നെ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ചുമതല നമുക്കാണ്. അതിൻറെ ഉത്തരവാദിത്വവും നമുക്കാണ്.

                                                  നിഹ . സി .ബി

                                                             7 എ

        കെ.വി.എം.യു.പി.എസ്. പൊൽപ്പുള്ളി.

"https://schoolwiki.in/index.php?title=ആസ്വാദനക്കുറിപ്പ്&oldid=1467790" എന്ന താളിൽനിന്ന് ശേഖരിച്ചത്