ആലങ്ങാടിന്റെ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
ചരിത്രം ഉറങ്ങുന്ന ആലങ്ങാട്
പവിത്ര കെ. ദാസ്
സമർപ്പണം
സർവ്വേശ്വരനും പിന്നെ വാമൊഴിയായും വരമൊഴിയായും ഇതെന്നിലേക്കെത്തിച്ചവർക്കും.

ഉള്ളടക്കം

ആമുഖം

ചരിത്രം വർത്തമാനകാലത്തിൽ നിന്നും ഭൂതകാലത്തിലേക്ക് സ്വയം കണ്ണാടി നോക്കുന്ന എന്നു പറയാറുണ്ട്. ഭൂതകാലത്തിൽ അടുക്കും ചിട്ടയും ഇല്ലാത്ത കിടക്കുന്ന ഒരുപാട് വിവരങ്ങളാണു ചരിത്രം. ഈ ചെറിയ ചരിത്ര രചനയിൽ എഴുതപ്പെട്ട ചരിത്രവും ഐതിഹ്യ ചരിത്രവും ആണ് ഞാൻ മുഖ്യമായും ചേർത്തിട്ടുളളത്. എഴുതപ്പട്ട ചരിതത്തിൽ പ്രധാനമായി അംഗീകരിക്കപ്പെട്ട പുസ്തകങ്ങളും, ഐതിഹ്യ ചരിത്രത്തിൽ വാമൊഴികളും പൊതുവേ അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത ചില എഴുതപ്പെട്ട തെളിവുകളുമാണ് ആധാരം.

സ്ഥലനാമ ചരിത്രം

ആലങ്ങാടൻ സർക്കരയുണ്ടകൾ നാലഞ്ചങ്ങു വിളമ്പിടിൽ അതി കോലാഹലമാണെന്നുടെ ഭക്ഷണ ലീലാവിധമിങ്ങന്നൊരു വിപ്രൻ

കുഞ്ചൻ നമ്പ്യാർ - പാത്രചരിതം തുള്ളൽകഥ

ആലൈ എന്ന തമിഴ് പദത്തിൽ നിന്നുമാണ് ആലങ്ങാട് എന്ന പേര് ഉണ്ടായതെന്നു കരുതപ്പെടുന്നു. കരിമ്പ്, കരിമ്പാട്ടുന്ന ചക്ക് എന്നും ഇതിനർത്ഥമുണ്ട്. കരിമ്പ് ധാരാളമായി കൃഷി ചെയ്യുകയും , കരിമ്പിൻ ശർക്കര വ്യാവസായികമായി നിർമിക്കുകയും ചെയ്തിരുന്ന സ്ഥലമായിരുന്നു. സംഘം കൃതികളിൽ ആലങ്ങാടിനെ ആലങ്കാനം എന്നു പരാമർശിച്ചിരിക്കുന്നതായി ചരിത്രകാരനായ വി. വി. കെ വാലത്ത് രേഖപ്പെടുത്തിയിരിക്കുന്നു. കാനത്തിനു കാനനം അഥവാ കാട് എന്ന അർത്ഥം ശബ്ദതാരാവലിയിൽ കാണാവുന്നതാണ്. അതു പ്രകാരം ആലങ്ങാട് പണ്ട് കരിമ്പിന്റെ കാടായിരുന്നിരിക്കണം.

അതേ സമയം ശൈശവമതത്തിന്റെ സ്വാധീനത്തിൽ നിന്നും ഈ പേര് ലഭിച്ചതാകാം എന്നും ഒരഭിപ്രായം നിലവിലുണ്ട്. ആലമുണ്ടവൻ (വിഷം ഭക്ഷിച്ചവൻ) എന്നതിനും ആലകണ്ഠൻ എന്നതിനും ശിവൻ എന്നാണല്ലോ അർത്ഥമാക്കുന്നത്. മങ്ങാട് കൈമൾ രാജാവായിരുന്നതുകൊണ്ട് ഈ പ്രദേശം മങ്ങാട് എന്നും അറിയപ്പെട്ടിരുന്നു.

എഴുതപ്പെട്ട ചരിത്രം

രാജവംശം

കൊച്ചി രാജ്യത്തിന്റെ ഒരു സാമന്ത രാജ്യമായിരുന്നു ആലങ്ങാട്. ഇന്നത്തെ ആലുവ ആലങ്ങാടിന്റെ ഒരു പ്രദേശം മാത്രമായിരുന്നു. മങ്ങാട്ട് കൈമൾ എന്ന നായർ പ്രഭു ആയിരുന്നു ആലങ്ങാട് ദേശത്തിന്റെ രാജാവ്. കൊച്ചിയുടെ മേൽക്കോയ്മ അംഗീകരിച്ചിരുന്നവരായിരുന്നു മങ്ങാട് കൈമൾമാർ. ഇവർ പല യുദ്ധങ്ങളിലും കൊച്ചിയെ സഹായിച്ചിരുന്നു. കൊച്ചി കരുത്താർജ്ജിച്ചപ്പോൾ അവരുടെ മേൽക്കോയ്മ പൂർണ്ണമായും അംഗീകരിക്കാതിരിക്കാൻ ആലങ്ങാടിനു ആവുമായിരുന്നില്ല. ഇതു വഴി എല്ലാ യുദ്ധങ്ങളിലും കൊച്ചിയെ സഹായിക്കേണ്ടത് ആലങ്ങാടിന്റെ ഒരു ഉത്തരവാദിത്വം ആയി മാറി.

മങ്ങാട്ട് കൈമൾ സ്വരൂപം പിന്നീട് കറുത്ത താവഴി വെളുത്ത താവഴി എന്നിങ്ങനെ രണ്ടായി പിരിഞ്ഞു. അങ്കമാലിക്കു വടക്കുള്ള കോതകുളങ്ങര കറുത്ത താവഴിക്കാരുടെ ആസ്ഥാനമായി മാറി. വെളുത്ത താവഴിക്കാരുടെ ആസ്ഥാനം ഇന്നത്തെ ആലങ്ങാടിനു അടുത്തുള്ള കോട്ടപ്പുറമായിരുന്നു. ഓരോ സ്വരൂപവും ഈ സ്ഥലങ്ങളിൽ കൊട്ടാരം പണിതു വാഴ്ച തുടങ്ങി.

1735 ൽ വള്ളുവനാട് രാജവംശത്തിൽ നിന്നും ഏതാനും പേരെ കറുത്ത താവഴിയിലേക്കു ദത്തെടുക്കുകയുണ്ടായി. വെളുത്ത താവഴിയിലേക്കും ഇതു പോലെ ദത്തെടുക്കലുകൾ നടന്നിട്ടുണ്ട്. ഇത്തരം ദത്തെടുക്കലുകൾ ഡച്ചുകാരെ അറിയിക്കണമെന്നായിരുന്നു.

ധാരാളം നല്ല കുരുമുളകു ലഭിച്ചിരുന്ന ആലങ്ങാടുമായി ഡച്ചു കമ്പനിക്കു അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇവിടെ നിന്നും ഗുണമേന്മയുള്ള കുരുമുളക് ധാരാളമായി ലഭിച്ചിരുന്നുവെന്നു അന്നത്തെ ഡച്ചു മേധാവി ആയിരുന്ന ഗൊളനാസിയുടെ രേഖകളിൽ കാണുന്നുണ്ട്.

മൂരിയാട്ട് നമ്പ്യാർ, കൊരട്ട് കൈമൾ എന്നിവരുടെ കുടുംബത്തിൽ നിന്നും വെളുത്ത താവഴി ദത്തെടുത്തപ്പോൾ അവർ കൊച്ചി രാജ്യത്തെ അറിയിച്ചിരുന്നില്ല. ഇതിൽ കുപിതനായ കൊച്ചി രാജാവ് ആലങ്ങാടുമായി യുദ്ധം പ്രഖ്യാപിച്ചു. ആലങ്ങാടും കൊച്ചിയും ഡച്ചുകാരുടെ അടുത്ത മിത്രങ്ങളായിരുന്നതിനാൽ ഈ യുദ്ധം ഒഴിവാക്കേണ്ടത് അവരുടെ കൂടെ ആവശ്യമായിരുന്നു. മേലാൽ കൊച്ചി രാജ്യത്തിന്റെ അനുമതി ഇല്ലാതെ ദത്തെടുക്കലുകൾ ഉണ്ടാവുകയില്ലെന്നുള്ള ഉറപ്പിന്മേൽ ഡച്ചു ഗവർണറുടെ മധ്യസ്ഥതയിൽ ആ യുദ്ധം ഒഴിവായി.

മൂത്ത കൈമൾ ഇളയകൈമൾ എന്നാണ് ഈ താവഴികൾ അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് മുത്തേരിപ്പാട് ഇളേരിപ്പാട് എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകൾ ഇവർ സ്വീകരിച്ചു. മൂത്ത തിരുമുൽപാട്, ഇളയ തിരുമുൽപാട് എന്നിവയുടെ ചുരുക്കപേരുകളാണത്രേ ഇവ.

1756ൽ സാമൂതിരിയുടെ സൈന്യം ആലങ്ങാട്ട് രാജ്യം ആക്രമിച്ചു കീഴടക്കി. സാമൂതിരിയുടെ കാവൽ സേനയെ അവിടെ നിരീക്ഷണത്തിലുമാക്കി. 1762 ൽ സാമൂതിരിയുടെ സൈന്യം കൊച്ചിയെ ആക്രമിക്കാനായി പുറപ്പെട്ടു. സാമൂതിരിയുടെ സേനയെ നേരിടാനുള്ള കരുത്ത് കൊച്ചി സൈന്യത്തിനില്ലെന്നു തിരിച്ചറിഞ്ഞ കൊച്ചി രാജാവ് തിരുവിതാംകൂറിന്റെ സഹായം അഭ്യർത്ഥിച്ചു.

സാമൂതിരിയുടെ സൈന്യം കൊച്ചിരാജ്യത്തിന്റെ അതിർത്തി കടക്കുന്നതിനു മുന്നേ തന്നേ തിരുവിതാംകൂറിന്റെ സുസജ്ജമായ സേന സാമൂതിരിയെ തുരത്തി ഓടിച്ചു. ഇതിന്റെ നന്ദി സൂചകമായി പറവൂർ, ആലങ്ങാട് എന്നീ രാജ്യങ്ങൾ കൊച്ചി തിരുവിതാംകൂറിനു സമ്മാനമായി നൽകി. അങ്കമാലി, ചെങ്ങമനാട്, കോതകുളങ്ങര, പാറക്കടവ്, മാഞ്ഞാലി എന്നീ സ്ഥങ്ങൾ അന്ന് ആലങ്ങാടിൽ ഉൾപ്പെട്ടതായിരുന്നു. മഞ്ഞപ്ര ആയിരുന്നു ആലങ്ങാടിന്റെ അതിർത്തി. മലയാറ്റൂർ മറ്റൊരതിർത്തി ആയിരുന്നു.

ടിപ്പു സുൽത്താന്റെ ആക്രമണത്തിൽ ഏറ്റവും നാശനഷ്ടങ്ങൾ ഉണ്ടായത് ആലങ്ങാടിനും പറവൂരിനും ആയിരുന്നു. തിരുവിതാംകൂറിനെ കീഴ്പെടുത്തുക എന്നത് കൊച്ചിരാജാവിന്റെ ജീവിതാഭിലാഷമായിരുന്നു. എങ്കിലും അതിനുള്ളള സൈന്യം കൊച്ചിരാജാവിനുണ്ടായിരുന്നില്ല. തിരുവിതാംകൂറിനെ യുദ്ധം ചെയ്ത് തോൽപ്പിക്കാമെന്നും അതിനു പകരമായി ഇപ്പോൾ തിരുവിതാംകൂറിന്റെ അധീനതയിലുള്ള ആലങ്ങാടും പറവൂരും തനിക്കു തരണമെന്നും ടിപ്പു പാലക്കാട് നടന്ന ഒരു ചർച്ചയിൽ കൊച്ചി രാജാവിനോടാവശ്യപ്പെട്ടു. 1788 ഡിസംബർ 26 നു നടന്ന ഈ ചർച്ചയിൽ ടിപ്പുവിന്റെ ആവശ്യങ്ങളോട് കൊച്ചി രാജാവ് സമ്മതം മൂളിയില്ല. അത്തരം ഒരു നടപടി തന്റെ ജനങ്ങൾക്കിടയിൽ തന്റെ പ്രതിച്ഛായ ഇല്ലാതാക്കുമെന്നു അദ്ദേഹം ഭയന്നു. കൂടാതെ തിരുവിതാംകൂറിന്റെ സഖ്യകക്ഷികളായ ബ്രിട്ടീഷുകാരെ പിണക്കാനും ഇതിടയാക്കുമെന്നും അദ്ദേഹം കരുതി.

ടിപ്പു തിരുവിതാംകൂർ ആക്രമിച്ചെങ്കിലും ആലുവ പുഴയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്താലും ശ്രീരംഗപട്ടണം ബ്രിട്ടീഷുകാർ ആക്രമിച്ചതിനാലും ടിപ്പുവിനു തിരികേ പോരേണ്ടിവന്നു. പിന്നീട് ആലങ്ങാടിന്റേയും പറവൂരിന്റേയും അവകാശത്തെ ചൊല്ലി തിരുവിതാം കൂറും കൊച്ചിയും തമ്മിൽ തർക്കങ്ങൾ ഉണ്ടായി. എന്നാൽ കൊച്ചി അതു തിരുവിതാംകൂറിനു നൽകിയതാണെന്നുള്ളള രേഖകൾ കാണിച്ച് ഈ രണ്ടു പ്രദേശങ്ങളും തിരുവിതാംകൂർ അവകാശപ്പെടുത്തുകയായിരുന്നു.

പേർഷ്യൻ കുരിശ്

ആലങ്ങാട് വിശുദ്ധ തോമാസിന്റെ ദേവാലയത്തിൽ സ്ഥാപിച്ചിരിക്കുന്ന പുരാതന പലവി ലിപിയിൽ ആലേഖനം ചെയ്തിരിക്കുന്ന പേർഷ്യൻ കുരിശ് ക്രിസ്തുവർഷത്തിന്റെ തുടക്കം മുതൽ ഈ പ്രദേശം ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതിന്റെ തെളിവാണു. ക്രിസ്തുവിനു മുമ്പും, ക്രിസ്തുവർഷത്തിന്റെ തുടക്കത്തിലും പേർഷ്യയിൽ നിലവിലിരുന്ന ഒരു ലിപി ആണു പലവി. ഇത്തരം ലിപിയിലുള്ള ശിലാലിഖിതങ്ങൾ ഇന്ത്യയിൽ തന്നെ വളരെ അപൂർവ്വമായേ കാണാറുള്ളൂ.

സ്വർണ്ണനാണയ ശേഖരം

ഐതിഹ്യ ചരിത്രം

കുറിപ്പുകൾ

അവലംബങ്ങൾ

"https://schoolwiki.in/index.php?title=ആലങ്ങാടിന്റെ_ചരിത്രം&oldid=1097804" എന്ന താളിൽനിന്ന് ശേഖരിച്ചത്