ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/അക്ഷരവൃക്ഷം/ക്ലാരയുടെ മരം

Schoolwiki സംരംഭത്തിൽ നിന്ന്
ക്ലാരയുടെ മരം

വിഷയം - പരിസ്ഥിതി

പരീക്ഷ തീർന്നതിന്റെ സന്തോഷത്തിൽ സ്കൂൾ ബസ്സിൽ നിന്ന് ചാടി ഇറങ്ങി ക്ലാര വീട്ടിലേക്ക് കുതിച്ചു. വീടിനുള്ളിലേക്ക് അവൾ ഓടി കേറി ബാഗും വാട്ടർ ബോട്ടിലും കണ്ടിടത്തേക്ക് വലിച്ചെറിഞ്ഞ് അവൾ കോണിപ്പടി കയറി മുകളിലെ അവളുടെ റൂമിലേക്ക് പോയി. നാളെ അവളുടെ വെക്കേഷൻ തുടങ്ങുകയാണ് അതിന്റെ സന്തോഷത്തിൽ അവൾ കൂകി വിളിച്ചു തുള്ളിച്ചാടി. അവൾക്ക് ഈ സന്തോഷം ആരോടെങ്കിലും പങ്കുവെക്കാൻ കൊതിയായി. എന്നാൽ അവളുടെ സന്തോഷങ്ങളും സങ്കടങ്ങളും കേൾക്കാൻ ആ വീട്ടിൽ ആർക്കും നേരമില്ലായിരുന്നു. അത് അവൾക്ക് അറിയാം. കൊട്ടാരം പോലെയുള്ള ഒരു വീട്ടിലാണ് ക്ലാര താമസിക്കുന്നത്. ആ വീട്ടിൽ അവളുടെ മമ്മിയും ഡാഡിയും പിന്നെ ഒരു വേലക്കാരിയും ആണുള്ളത്. ക്ലാരയുടെ മമ്മിയും ഡാഡിയും ഡോക്ടർമാരാണ്. ഒരേ ഹോസ്പിറ്റലിലാണ് അവർ വർക്ക് ചെയ്യുന്നത്. രാവിലെ എട്ട് മണിക്ക് പോയാൽ രാത്രി ഏഴുമണിക്ക് അവർ തിരിച്ചു വരും. വന്നുകഴിഞ്ഞാൽ പിന്നെ ഹോസ്പിറ്റലിലെ കാര്യം ചർച്ചചെയ്യാനേ അവർക്ക് നേരമുള്ളൂ. അതുകൊണ്ട് ക്ലാരയുടെ കാര്യം നോക്കാനും വീട്ടുജോലി ചെയ്യാനുമായി നിർത്തിയിരിക്കുന്നത് ആണ് മീനാക്ഷിയെ. ക്ലാര ജനിച്ച ഒരു വയസ്സായപ്പോൾ തന്നെ ക്ലാരയുടെ മമ്മി ജോലിക്ക് പോയി തുടങ്ങി. അന്നുതൊട്ട് ഇന്നുവരെ ക്ലാരയുടെ ഒരു കാര്യവും അവർ തിരിഞ്ഞു നോക്കിയിട്ടില്ല അവളുടെ ഇഷ്ടാനിഷ്ടങ്ങൾ എന്താണെന്ന് അവർക്ക് അറിയില്ല അവളുടെ സന്തോഷങ്ങളും സങ്കടങ്ങളും അവർക്ക് അറിയേണ്ട. ഇതെല്ലാം ക്ലാരയെ വല്ലാതെ അലട്ടിയിരുന്നു എന്നാലും ഈ വിഷമങ്ങൾ ഒന്നും അവൾ ആരോടും പറഞ്ഞിട്ടില്ല അവളുടെ സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ കേൾക്കാനും കളിക്കാനും ഒക്കെ ഒരു കൊച്ചനുജൻ വേണം എന്ന് അവൾ ഒരുപാട് ആഗ്രഹിച്ചിരുന്നു. അങ്ങനെ ഒരു അനിയൻ ഉണ്ടായിരുന്നെങ്കിൽ എന്ന് പലവട്ടം അവൾ ആശിച്ചിട്ടുണ്ട്. എന്നാലും എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി കളിച്ച് ചിരിച്ചാണ് ക്ലാരനടക്കുന്നത് .രാത്രി വളരെ സന്തോഷത്തോടെ ക്ലാര അത്താഴം കഴിച്ചു കിടന്നു. എന്തൊക്കെയോ ചിന്തിച്ചു കൂട്ടി തിരിഞ്ഞും മറിഞ്ഞും കിടന്നു. മനസ്സിൽ അവധി എങ്ങനെ ഗംഭീരം ആക്കാം എന്നാണ് അവൾ തലപുകഞ്ഞ് ആലോചിക്കുന്നത് മറ്റു കുട്ടികളെപ്പോലെ ടിവി കണ്ടും കളിച്ചും സമയം കളയാൻ അവൾക്ക്ഇഷ്ടമല്ലായിരുന്നു. ഒടുവിൽ അവൾക്ക് ഒരു ആശയം തോന്നി എന്തെങ്കിലും പ്രത്യേകതയായി ചെയ്യണം പക്ഷേ എന്ത്? പിന്നെ അതിനെപ്പറ്റിയായി അവളുടെ ചിന്ത മുഴുവൻ. രാത്രി ഏറെ വൈകിയപ്പോൾ ചിന്തകളിൽ പകുതിക്ക് നിർത്തി അവൾ നിദ്രയിലേക്ക് വഴുതി വീണു. നേരം പുലരാൻ തുടങ്ങി സൂര്യൻ മേഘങ്ങൾക്കിടയിൽ നിന്നും നോക്കുന്നത് മതിയാക്കി മെല്ലെ പൊങ്ങിവരാൻ തുടങ്ങി. സമയം ഒൻപതു മണിയായപ്പോൾ അവൾ കട്ടിലിൽ നിന്ന് ഇറങ്ങി താഴേക്കു വന്നു. അപ്പോഴേക്കും അവളുടെ മമ്മിയും ഡാഡിയും ഹോസ്പിറ്റലിൽ പോയി കഴിഞ്ഞിരുന്നു. വെളിക്ക് നിൽക്കുന്ന മീനാക്ഷിയുടെ കൈയിൽനിന്ന് കാപ്പി മേടിച്ചു കുടിച്ച് അവൾ പുറത്തിറങ്ങി. സൂര്യനിലെ ചൂട് അവളിലേക്ക് ആഞ്ഞടിച്ചു. എന്നാൽ അത് അവൾക്ക് ഒരു പ്രശ്നം അല്ലായിരുന്നു. മീനാക്ഷി കൂടി വീടിന്റെ പിൻഭാഗത്തേക്ക് ചെന്നു. രാത്രിയിൽ പകുതിക്ക് നിർത്തിവെച്ച് ചിന്തകൾ അവൾ വീണ്ടും കുടഞ്ഞ് എടുത്തു. അവളുടെ ശ്രദ്ധ പെട്ടെന്ന് പ്രകൃതിയിലേക്ക് തിരിഞ്ഞു. പ്രകൃതിക്ക് വേണ്ടി എന്തെങ്കിലും ചെയ്താലോ എന്ന് അവൾ ചിന്തിച്ചു. അവൾ വീടിനു ചുറ്റും നോക്കി അവിടെ എവിടെയും ഒരു മരം പോലും അവൾക്ക് കാണാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഒരു മരം നടാം എന്ന് അവർ തീരുമാനിച്ചു. ഒരുപക്ഷേ പരിസ്ഥിതി ദിനത്തിന് അന്ന് ജനിച്ചത് കൊണ്ടാവാം ക്ലാരയ്ക്ക് "പ്രകൃതി" എന്നാൽ ജീവന്റെ ഒരു ഭാഗമായിരുന്നു. വീട്ടിലെ അടച്ചു മൂടിയ അന്തരീക്ഷത്തെക്കാൾ അവൾക്കിഷ്ടം പ്രകൃതിയിലെ തുറന്ന അന്തരീക്ഷമായിരുന്നു. മരങ്ങളും പുഴകളും പക്ഷികളും മൃഗങ്ങളും തുടങ്ങി പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും ക്ലാരയ്ക്ക് ഇഷ്ടമായിരുന്നു. എന്നാൽ അവളുടെ മമ്മിയും ഡാഡിയും അവളെ വീടിന് വെളിയിലേക്ക് വിടില്ലായിരുന്നു. മമ്മിയും ഡാഡിയും വീട്ടിൽ ഇല്ലാത്തതു കൊണ്ടാണ് അവൾ ഇപ്പോൾ വെളിയിൽ ഇറങ്ങി നടക്കുന്നത്. ഉടൻതന്നെ ക്ലാര അവളുടെ ആശയം മീനാക്ഷിയുമായി പങ്കുവെച്ചു. മീനാക്ഷി ക്ലാരയുടെ അഭിപ്രായത്തോട് വളരെയധികം യോജിപ്പ് ഉണ്ടായിരുന്നു. ആ വീട്ടുമുറ്റത്ത് ഒരു മരം പോലും ഇല്ലാത്തത് മീനാക്ഷിയെയും വളരെയേറെ വിഷമ പ്പെടുത്തിയിരുന്നു. എന്നാൽ അത് ആരോടും പറയാനുള്ള ധൈര്യം മീനാക്ഷിക്ക് ഉണ്ടായിരുന്നില്ല. ക്ലാരയ്ക്ക് നടാൻ വൃക്ഷത്തൈ ഇല്ലെന്നു പറഞ്ഞപ്പോൾ അത് തൻ്റെ വീട്ടിൽ നിന്ന് കൊണ്ട് നൽകാമെന്ന് മീനാക്ഷി വാക്ക് കൊടുത്തു. അത് സമ്മതിച്ചു ക്ലാര മുറിയിലേക്ക് കയറിപ്പോയി. അന്നത്തെ ദിവസം മുഴുവൻ ക്ലാര മരം നടുന്നത് മനസ്സിൽ കണ്ടു നടന്നു. രാവിലെ ക്ലാരയുടെ മമ്മിയും ഡാഡിയും ഹോസ്പിറ്റലിൽ പോയികഴിഞ്ഞ് മീനാക്ഷി ക്ലാരയുടെ മുറിയിലേക്ക് ചെന്നു. ക്ലാരയെ വിളിച്ചുണർത്തി വൃക്ഷത്തെ കൊണ്ടുവന്നിട്ടുണ്ട് എന്ന് പറഞ്ഞതും ക്ലാര കട്ടിലിൽനിന്ന് ചാടിയെഴുന്നേറ്റ് താഴേക്കു വന്നു. മീനാക്ഷി പുറത്ത് കവറിൽ വെച്ചിരുന്ന വൃക്ഷത്തൈകൾ അവളുടെ കയ്യിൽ കൊടുത്തു അവളുടെ മുഖം വിടർന്നു. അവളുടെ ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടു അവൾ അതുമായി വീടിന്റെ ഒരു മൂലയിലേക്ക് ഓടി,. അവൾ തന്റെ കയ്യിൽ കരുതിയിരുന്ന വൃക്ഷത്തൈ താഴെ വെച്ചു. ചെറിയൊരു കുഴിയുണ്ടാക്കി അവൾ അതിലേക്ക് വൃക്ഷത്തൈ നട്ടു ആ സമയത്ത് അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത്രയായിരുന്നു. പിന്നെ എന്നും ആ ചെടിയെ പരിപാലിക്കുന്നതായിരുന്നു അവളുടെ ജോലി. അവളുടെ മമ്മിയും ഡാഡിയും പോകുന്നതു മുതൽ വരുന്നതുവരെ അതിനോടൊപ്പം ആയിരുന്നു , അതിനു വെള്ളമൊഴിച്ചും വളമിട്ടും ക്ലാര തന്റെ സമയം ചെലവഴിച്ചു. അവളുടെ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ക്ലാര തന്റെ ചെടിയുമായി പങ്കുവെച്ചു. ദിവസം ചെല്ലുന്തോറും ആ ചെടി വളർന്നു വലുതാകാൻ തുടങ്ങി. അതോടൊപ്പം ക്ലാരയ്ക്ക് ഒറ്റപ്പെടലിൻിറെ വേദനയും മാറിത്തുടങ്ങി. ഒരു ഞായറാഴ്ച ക്ലാരയുടെ ഡാഡി വീടിന്റെ പിൻഭാഗത്ത് ഫോൺ ചെയ്തു കൊണ്ട് നടക്കുന്നതിനിടയിൽ ആ ചെടി കണ്ണിൽപ്പെട്ടു. ക്ലാരയുടെ ഡാഡി പിഴുതെറിയാൻ തുടങ്ങിയപ്പോഴേക്കുംമീനാക്ഷി എവിടെനിന്നോ ഓടിയെത്തി. ഈ ചെടി പിഴുത് കളയരുത് എന്നും അത് ക്ലാര നട്ടത് ആണെന്നും ഇത് പിഴുതാൽ അവൾക്ക് വിഷമമാകും എന്നൊക്കെ പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ ക്ലാരയുടെ ചെടി അത് അവിടെ നിർത്താൻ സമ്മതിച്ചു വർഷങ്ങൾ കടന്നു പോയി ക്ലാര വളർന്നുവലുതായി ക്ലാരയോടൊപ്പം തന്നെ അവളുടെ ചെടിയും വളർന്ന് വലിയൊരു മരമായി മാറി. ഇപ്പോൾ എല്ലാംകൊണ്ടും ക്ലാരയുടെ ഏറ്റവുമടുത്ത സുഹൃത്താണ് ആ മരം അവൾ ആ വീട്ടിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും ആ മരത്തെ ആണ്. എന്നാൽ ക്ലാരയുടെ മമ്മിക്കും ഡാഡിക്കും ആ മരം ഇഷ്ടമല്ലായിരുന്നു. ക്ലാര ആ മരത്തെ പരിപാലിക്കുന്നത് കാണുമ്പോൾ അവർക്ക് ദേഷ്യം അടക്കാൻ ആയിരുന്നില്ല. എങ്കിലും അവരുടെ ഒരേ ഒരു മോളുടെ ആഗ്രഹമല്ലേ എന്ന് കരുതി അവർ ഒന്നും പറഞ്ഞില്ല. ക്ലാര ഇപ്പോൾ വളർന്ന ഒരു മിടുക്കി കുട്ടിയായി മാറി ഒരു ദിവസം ഹോസ്പിറ്റലിൽ നിന്ന് വളരെ സന്തോഷത്തോടെയാണ് ക്ലാരയുടെ ഡാഡിയും മമ്മിയും കയറിവന്നത്. അവർ ആരെയും വിളിച്ച് അവളുടെ സന്തോഷത്തിനുള്ള കാര്യം പറഞ്ഞു. ക്ലാരയ്ക്ക് എം. ബി. ബി. എസ് പഠനത്തിനായി ബാംഗ്ലൂരിൽ ഒരു കോളേജിൽ അഡ്മിഷൻ ശരിയായി. അതാണ് അവളുടെ മമ്മിക്കും ഡാഡിക്കും ഇത്ര സന്തോഷം എന്നാൽ അത് കേട്ടതും ക്ലാര്ക്ക് സന്തോഷത്തേക്കാൾ ഉപരി സങ്കടമായിരുന്നു. തന്റെ പ്രിയപ്പെട്ട മരത്തെ വിട്ടു പോകേണ്ടി വരുമോ എന്ന വിഷമമായിരുന്നു ക്ലാരയ്ക്ക്. മനസ്സില്ലാമനസ്സോടെ ക്ലാര ബാംഗ്ലൂരിലേക്ക് പോകാൻ തയ്യാറെടുത്തു. എല്ലാവരോടും യാത്ര പറഞ്ഞ് ക്ലാര പുറകിലെത്തെ മരത്തിന് അടുത്തേക്കു ചെന്നു അവരുടെ പ്രിയപ്പെട്ട മരത്തിനോട് യാത്ര ചോദിച്ച് ബാംഗ്ലൂരിലേക്ക് തിരിച്ചു. ക്ലാര പോയതും അവളുടെ ഡാഡി മരംവെട്ടുകാരൻ സോമുവിനെ വിളിച്ച് എന്തൊക്കെയോ പറയുന്നത് മീനാക്ഷികേട്ടു. ക്ലാരയുടെ മരം വെട്ടി കളയാനുള്ള പുറപ്പാടിലാണ് ക്ലാരയുടെ ഡാഡി എന്ന് മീനാക്ഷിക്ക് മനസ്സിലായി. എന്നാൽ മീനാക്ഷിക്ക് ഒന്നും എതിർത്ത് പറയാനുള്ള അവകാശം ആ വീട്ടിൽ ഉണ്ടായിരുന്നില്ല. പിറ്റേന്നുതന്നെ മരംവെട്ടുകാരൻ സോമു വന്ന് ആ മരം മുറിച്ചു കളഞ്ഞു. അത് കണ്ടുനിൽക്കാൻ മീനാക്ഷിക്ക് സാധിച്ചില്ല. ക്ലാര മുടങ്ങാതെ അവളുടെ മമ്മിയും ഡാഡിയും വിളിക്കും. വിളിക്കുമ്പോൾ ആദ്യം തന്നെ അവൾ തന്റെ മരത്തിന്റെ വിശേഷങ്ങൾ ആണ് ചോദിക്കുന്നത് പക്ഷേ അപ്പോഴൊക്കെ എന്തെങ്കിലും പറഞ്ഞു അവർ ഒഴിഞ്ഞു മാറും. വർഷങ്ങൾ അങ്ങനെ കടന്നുപോയി ക്ലാരയുടെ എം ബി ബി എസ് പഠനം പൂർത്തിയായി. അവൾ ബാംഗ്ലൂരിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. വളരെ സന്തോഷത്തോടെയാണ് ക്ലാര മടങ്ങിയെത്തിയത്. തന്റെ പ്രിയപ്പെട്ട മരം കാണാനും അതിനോട് ഒരുപാട് വിശേഷങ്ങൾ പങ്കുവെക്കാനുള്ള തിരക്കിലാണ് അവൾ വീട്ടിലേക്ക് വന്നത്. വന്നതും ഉടൻതന്നെ അവൾ ആദ്യം ഓടിയത് അവളുടെ പ്രിയപ്പെട്ട മരത്തിന്റെ അടുത്തേക്കാണ്. ഒരുപാട് വിശേഷങ്ങൾ പറയാനും അതിനെ കെട്ടിപ്പിടിച്ച് ഒരു ചുംബനം നൽകാനുമാണ് അവളുടെ ഉദ്ദേശം. എന്നാൽ അവളുടെ പ്രതീക്ഷകളെല്ലാം മാറിമറിയുന്ന ഒരു രംഗമായിരുന്നു അവൾക്ക് അവിടെകാണാൻ സാധിച്ചത്. അവിടെ അവളുടെ പ്രിയപ്പെട്ട മരം ഇല്ല പകരം കൂന കൂടി കിടക്കുന്ന മൺതരികൾ മാത്രം. അവളുടെ മമ്മിയും ഡാഡിയും തന്റെ പ്രിയപ്പെട്ട മരം മുറിച്ചു കളഞ്ഞു എന്ന് അവൾക്കു മനസ്സിലായി. അവൾ വിങ്ങിപ്പൊട്ടി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവളുടെ കണ്ണിൽ നിന്നും ഇറ്റ് വീണ ആ കണ്ണീർ തുള്ളികൾ അവൾക്ക് പ്രകൃതിയോടുള്ള സ്നേഹത്തിൻറെയും കരുതലിന്റെയും ആഴം വിളിച്ചോതി. ക്ലാരയ്ക്ക് തന്റെ ചെടിയോട് ഉള്ള സ്നേഹം കണ്ട് അങ്ങകലെ സൂര്യൻ സഹതാപത്തോടെ തലകുനിച്ചു. അവളുടെ കണ്ണുനീർ തുള്ളിയെ മായ്ച്ചുകളഞ്ഞു കൊണ്ട് മഴ അവളിലേക്ക് ആശ്വാസമായി ചൊരിഞ്ഞു. പുതു മഴയുടെ പുതു മണം പേറുന്ന ആ മണ്ണിൽ അവളുടെ പ്രിയ മരം ദഹിക്കപ്പെട്ട ആ മണ്ണിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ തളിർക്കുന്നതായി അവൾക്കു തോന്നി.

ദിയ. എസ്
7 G ആദിത്യ വിലാസം ഗവ. എച്ച്.എസ് ,തഴവ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ