അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

'അഞ്ചരക്കണ്ടി' എൻ്റെ ഗ്രാമം

കണ്ണൂർ ജില്ലയിലെ മനോഹരമായ ഒരു ഗ്രാമം ആണ് അഞ്ചരക്കണ്ടി. അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിൻറെ ആസ്ഥാനം കൂടിയാണ് ഈ പ്രദേശം. അഞ്ചരക്കണ്ടി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം പുഴയോടൊപ്പം തന്നെ പ്രസിദ്ധമാണ്. ഇന്ത്യയിലെ ആദ്യത്തെ സബ്-രജിസ്ട്രാർ ഓഫീസ്, ഏഷ്യയിലെ ഏറ്റവും വലിയ കറപ്പത്തോട്ടം എന്നിവ മൂലം അഞ്ചരക്കണ്ടി പ്രസിദ്ധമാണ്.

ചരിത്രം

മൈസൂർ രാജാവായിരുന്ന ഹൈദരാലി മലബാർ ആക്രമിച്ചപ്പോൾ, കോലത്തിനാട് വാണിരുന്ന വടക്കിളംകൂർ രാജാവിനെ ഈസ്റ്റിന്ത്യാ കമ്പനിക്കാരുടെ വെള്ളപ്പട്ടാളം സഹായിക്കാനെത്തുകയും കോലത്തിരി രാജാവിന്റെ സാമാന്തരായിരുന്ന തലയിലച്ഛന്മാർക്ക് രക്ഷ നൽകുകയുമുണ്ടായി. ഈ സഹായത്തിന് പ്രത്യുപകാരമായി നൽകാം എന്ന് ഏറ്റിരുന്ന പ്രതിഫലം യഥാസമയം ഈസ്റ്റിന്ത്യാ കമ്പനിക്ക് നൽകാതെ വന്നപ്പോൾ അഞ്ചരക്കണ്ടിപ്പുഴയുടെ ഇരുകരയിലുമുള്ള ഭൂമിയുടെ നികുതി പിരിക്കാനുള്ള അവകാശം തലയിലച്ഛന്മാർ ഈസ്റ്റിന്ത്യാ കമ്പനിക്ക് നൽകി. 1799-ൽ കുരുമുളക്, കാപ്പി, കറപ്പ, ചന്ദനം തുടങ്ങിയവ കൃഷി ചെയ്യുന്നതിനായി അവർ അഞ്ചു കണ്ടികൾ (വലിയകൃഷിയിടം) വില കൊടുത്തു വാങ്ങി. പിന്നീട് തോണിയിൽ സാധനങ്ങൾ കയറ്റുവാനും ഇറക്കുവാനുമായി അര കണ്ടി കൂടി വിലയ്ക്കുവാങ്ങിയ വെള്ളക്കാർ ഈ കൊച്ചുപ്രദേശത്തെ, അഞ്ചരക്കണ്ടി എന്ന നാമധേയത്തിൽ പിൽക്കാലത്ത് അറിയപ്പെടുന്നതിനുള്ള ചരിത്രപശ്ചാത്തലമൊരുക്കി.

അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടവും, നാടിൻറെ നാൾവഴികളും

വലിപ്പത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തും ഏഷ്യയിൽ ഒന്നാം സ്ഥാനത്തും നിലകൊള്ളുന്ന കറപ്പത്തോട്ടം(കറുവാപ്പട്ട-സിനമൺ) അഞ്ചരക്കണ്ടിക്ക് അഖിലലോകപ്രശസ്തി നേടിക്കൊടുത്തു. രണ്ടത്തറ സിനമൺ എസ്റ്റേറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഈ കറപ്പത്തോട്ടം വിദേശീയർ നട്ടുണ്ടാക്കിയ ഇന്ത്യയിലെ തോട്ടങ്ങളിൽ ഏറ്റവും പ്രമുഖമാണ്. വിദേശ ഉടമയിലുള്ള കേരളത്തിലെ ആദ്യത്തെ തോട്ടവും ഇതുതന്നെെയാണ്.

കേരളത്തിൽ ആദ്യമായി കാപ്പിക്കൃഷി ആരംഭിച്ചത് ഇവിടെയാണ്. അഞ്ചരക്കണ്ടി സായ്പൻമാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബ്രൌൺ സായ്പന്മാരുടെ കാലഘട്ടവും വിദേശീയരുടെ ആഗമനവും ഈ പ്രദേശത്തെ സാമൂഹിക, സാമ്പത്തിക മേഖലകളിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു എന്നു കാണാം. വിദേശങ്ങളിൽ പോലും നല്ല മാർക്കറ്റുള്ള കറപ്പത്തൈലവും കറുവപ്പട്ടയും ഇവിടെനിന്ന് ഉൽപാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്.

1800-ൽ പഴശ്ശിരാജാവിന്റെ സൈന്യവും ബ്രിട്ടീഷുകാരും തമ്മിൽ ഈ മണ്ണിൽ വച്ച് യുദ്ധം നടക്കുകയും കറപ്പത്തോട്ടം പഴശ്ശിരാജാവ് പിടിച്ചെടുക്കുകയും ചെയ്തു. ഈ യുദ്ധത്തിൽ രണ്ടുതറ ദേശക്കാരുടെ അകമഴിഞ്ഞ പിന്തുണ പഴശ്ശിരാജാവിന് ലഭിച്ചിരുന്നു. 1803-ൽ സമീപപ്രദേശമായ കതിരൂരിൽവച്ച് പഴശ്ശിരാജാവും ബ്രിട്ടീഷുകാരും വീണ്ടും ഏറ്റുമുട്ടുകയും തോട്ടം ഈസ്റ്റിന്ത്യ കമ്പനി തിരിച്ചുപിടിക്കുകയും ചെയ്തു. 1789-ൽ ഫ്രഞ്ചു സർവീസിൽ നിന്നും ഇംഗ്ളീഷുകാരുടെ കൂടെ പോലീസ് സൂപ്രണ്ടായി പ്രവർത്തിച്ചിരുന്ന മഡോക്ക് ബ്രൌൺ ഈ തോട്ടത്തിന്റെ ഓവർസിയറായി. അദ്ദേഹം ഈസ്റ്റിന്ത്യ കമ്പനിയിൽ നിന്ന് 90 വർഷം ഈ തോട്ടം പാട്ടത്തിനെടുത്തു. ബ്രൌൺ സായ്പിനുശേഷം തോട്ടത്തിന്റെ ഭരണം അദ്ദേഹത്തിന്റെ പിൻമുറക്കാർ ഏറ്റെടുക്കുകയും ബ്രൌൺ’സ് സിനമൺ എസ്റ്റേറ്റ് എന്ന പേരിൽ ഇത് അറിയപ്പെടാനും തുടങ്ങി. അഞ്ചരക്കണ്ടിയുടെ സാംസ്കാരികമണ്ഡലത്തിൽ എടുത്തുപറയത്തക്ക ധാരാളം മാറ്റങ്ങൾ വരുത്തിയത് ബ്രൌൺ കുടുംബമാണ്.

അഞ്ചരക്കണ്ടിയിലെ ഭൂമി സർവേ ചെയ്യാനും അതിന്റെ രേഖകൾ സൂക്ഷിക്കുവാനുമുള്ള പുതിയൊരു സമ്പ്രദായത്തിന് ഇവർ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ സബ്രജിസ്ട്രാർ ഓഫീസ് അഞ്ചരക്കണ്ടിയിൽ സ്ഥാപിക്കപ്പെട്ടത് അക്കാലത്താണ്. കേരളത്തിലെ ആദ്യത്തെ സഹകരണസ്ഥാപനമായ അഞ്ചരക്കണ്ടി കടം വായ്പാ സഹകരണ സംഘത്തിൽ 1914 ഫെബ്രുവരി 2-ന് റോബർട്ട് എഡ്വേർഡ് ബ്രൌൺ ആദ്യ അംഗമായി സ്ഥാപിതമായി.

ഇന്ത്യയിലെ ആദ്യത്തെ സബ് രജിസ്ട്രാർ ഓഫീസ്
ഇന്ത്യയിലെ ആദ്യത്തെ സബ് രജിസ്ട്രാർ ഓഫീസ്

ഇംഗ്ളണ്ടിലെ തെയിംസ് നദിക്കരയിൽ സ്ഥിതിചെയ്യുന്ന ബ്രൌൺ കുടുംബത്തിന്റെ ബംഗ്ളാവിന്റെ അതേ മാതൃകയിൽ തന്നെെ, അഞ്ചരക്കണ്ടിപുഴയുടെ തീരത്ത് ബ്രൌൺ സായ്പ് പണി കഴിപ്പിച്ച ബംഗ്ളാവ് ഇന്നും നിലകൊള്ളുന്നു. വെള്ളക്കാരുടെ ഭരണകാലത്ത് തോട്ടത്തിന്റെ ഉടമകളായി വന്ന വിവിധ സായ്പന്മാർ അവരുടെ ആവശ്യങ്ങൾക്കായി നിർമ്മിച്ച ചക്കരക്കൽ-പനയത്താംപറമ്പ്, തട്ടാരി-പനയത്താംപറമ്പ്, തട്ടാരിപ്പാലം-പാളയം, കാവിന്മൂല-പുറത്തേക്കാട് എന്നീ റോഡുകൾ അഞ്ചരക്കണ്ടിയുടെ ഗതാഗതചരിത്രത്തിൽ വികസനനാഴികക്കല്ലുകളാണ്. 1943-ൽ ബ്രൌൺ കുടുംബത്തിന്റെ ഭരണം അവസാനിക്കുകയും മിസ്സിന് മാർഗരറ്റ് ഗ്രേസി എന്ന വെള്ളക്കാരി തോട്ടത്തിന്റെ ഉടമയാകുകയും ചെയ്തു. 1967-ൽ ക്രെയ്ഗ് ജോൺസ് എന്ന സായ്പ് തോട്ടം വിലയ്ക്കുവാങ്ങി.

അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്

പഴയ ചിറക്കൽ താലൂക്കിൽപെട്ട അഞ്ചരക്കണ്ടി വില്ലേജിന്റെ ഭൂവിഭാഗം മാത്രം ഉൾപ്പെടുത്തിക്കൊണ്ട് രൂപവൽക്കരിച്ച പഞ്ചായത്താണ് അഞ്ചരക്കണ്ടി പഞ്ചായത്ത്. ഉയർന്നു പരന്ന കുന്നിൻപ്രദേശങ്ങളും, ചെരിവുകളും, ചെറിയ ചെരിവുള്ള സമതലപ്രദേശങ്ങളും, വയലുകളും അടങ്ങിയതാണ് ഇവിടത്തെ ഭൂപ്രദേശം. പാലേരി, അഞ്ചരക്കണ്ടി, കാമേത്ത്, മാമ്പ, മുരിങ്ങേരി എന്നീ അഞ്ചു ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് അഞ്ചരക്കണ്ടി.

അഞ്ചരക്കണ്ടിയിൽ 1942-ൽ മുഴപ്പാല ഗ്രന്ഥാലയം എന്ന പേരിൽ ആദ്യത്തെ ഗ്രന്ഥാലയം സ്ഥാപിതമായി. ഭൂമിശാസ്ത്രപരമായി അഞ്ചരക്കണ്ടി പഞ്ചായത്തിലല്ലെങ്കിലും അഞ്ചരക്കണ്ടിയിലെ എല്ലാ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കും നാന്ദികുറിച്ചത് നാലാംപീടികയിലുള്ള ശ്രീനാരായണജ്ഞാനപ്രദായനി വായനശാലയിൽ നിന്നാണ്. അഞ്ചരക്കണ്ടി പഞ്ചായത്തിന്റെ പ്രഥമ ഭരണസമിതിയോഗം 5.11.1955-ന് ചേർന്നത് ഇവിടെ വച്ചാണ്. 1957 ജൂൺ 12-ാം തീയതി അഞ്ചരക്കണ്ടി ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചതും ഈ വായനശാലയിലാണ്. അന്നു ഇന്നും ഈ വായനശാലയുടെ പ്രധാന പ്രവർത്തകർ അഞ്ചരക്കണ്ടി പഞ്ചായത്തിലുള്ളവരാണ്.

1950-ൽ മാമ്പദേശത്ത് വെലങ്ങേരി വീട്ടിൽ വി.എ.അമ്പുവിന്റെ നേതൃത്വത്തിൽ, കർഷക പ്രസ്ഥാനത്തിന്റെ അമരക്കാരായിരുന്ന പ്രമുഖനേതാക്കൾ പങ്കെടുത്ത കർഷകസമ്മേളനം നടന്നിട്ടുണ്ട്. ഈ സമ്മേളനങ്ങൾ കർഷക-ബഹുജന സംഘടനകളുടെ രൂപീകരണത്തിലും വളർച്ചയിലും നിർണായ പങ്കു വഹിച്ചിട്ടുണ്ട്. ഇവിടത്തെ ഒരു പ്രധാന കുടിൽ വ്യവസായമായിരുന്നു, അവിൽ ഉത്പാദനം. കണ്ണൂരിലെ കൈത്തറി വ്യവസായ കേന്ദ്രങ്ങളിൽ പ്രധാന സ്ഥാനം അഞ്ചരക്കണ്ടിക്കുണ്ടായിരുന്നു. സാർവ്വത്രിക വിദ്യാഭ്യാസത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് അഞ്ചരക്കണ്ടിയിലെ ആദ്യത്തെ വിദ്യാലയം പാളയത്ത് അഞ്ചരക്കണ്ടി എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ടു.

ജനസംഖ്യയും അനുബന്ധവിവരങ്ങളും

2011 ലെ സെൻസസ് പ്രകാരം അഞ്ചരക്കണ്ടിയിൽ 23,030 ആണ് ജനസംഖ്യ, അതിൽ 10,646 (46.2%) പുരുഷന്മാരും 12,384 (53.8%) സ്ത്രീകളും ഉൾപ്പെടുന്നു. അഞ്ചരക്കണ്ടി സെൻസസ് ടൗൺ 15.45 കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു, അതിൽ 5,245 കുടുംബങ്ങൾ താമസിക്കുന്നു. സ്ത്രീ പുരുഷ അനുപാതം സംസ്ഥാന ശരാശരിയായ 1,084 നേക്കാൾ 1,163 കൂടുതലാണ്. അഞ്ചരക്കണ്ടിയിലെ ജനസംഖ്യയുടെ 10.3% 6 വയസ്സിൽ താഴെയുള്ളവരാണ്. അഞ്ചരക്കണ്ടിയുടെ മൊത്തത്തിലുള്ള സാക്ഷരത സംസ്ഥാന ശരാശരിയായ 94% നേക്കാൾ 97.3% കൂടുതലാണ്. പുരുഷ സാക്ഷരത 98.5% ആണ്, സ്ത്രീ സാക്ഷരത 96.3% ആണ്.

അഞ്ചരക്കണ്ടിപ്പുഴ

അങ്ങ് വയനാടൻ മലകളുടെ പടിഞ്ഞാറുഭാഗത്ത് നിന്ന് ഉത്ഭവിച്ച്, പടിഞ്ഞാറോട്ടൊഴുകി ധർമ്മടത്തു വച്ച് രണ്ട് കൈവഴികളായി പിരിയുന്ന അഞ്ചരക്കണ്ടിപ്പുഴ 48 കിമീ ഒഴുകി ഒടുവിൽ അറബിക്കടലിൽ പതിക്കുന്നു. അഞ്ചരക്കണ്ടിയുടെ ചരിത്രപുരാവൃത്തങ്ങൾക്ക് സാക്ഷ്യംവഹിച്ച അഞ്ചരക്കണ്ടിപ്പുഴ കറപ്പത്തോട്ടത്തെ കീറിമുറിച്ച് ഒരല്പം ദൂരെ മാത്രം അഞ്ചരക്കണ്ടി പഞ്ചായത്തിനെ തഴുകിയൊഴുകുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • കണ്ണൂർ ഡെന്റൽ കോളേജ്
  • കോളേജ് ഓഫ് നഴ്സിംഗ് -കണ്ണൂർ മെഡിക്കൽ കോളേജ്
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ്
  • കോളേജ് ഓഫ് ഫാർമസി
  • കണ്ണൂർ മെഡിക്കൽ കോളേജ്
  • അഞ്ചരക്കണ്ടി ഇന്റഗ്രേറ്റഡ് കാമ്പസ്
2006ൽ സ്ഥാപിതമായ കണ്ണൂർ മെഡിക്കൽ കോളേജിൽ 500 കിടക്കകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ കണ്ണൂർ ഡെന്റൽ കോളേജും സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും, മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 2010 ൽ സ്ഥാപിതമായി. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ - കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ-എയ്ഡഡ് ഹൈസ്കൂളുകളിൽ ഒന്നാണ്.

ഗതാഗതം

റോഡ് ഗതാഗതം: തലശ്ശേരി, ഇരിട്ടി, കൂത്തുപറമ്പ്, കണ്ണൂർ തുടങ്ങിയ സമീപ സ്ഥലങ്ങളിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന അഞ്ചരക്കണ്ടി. കണ്ണൂർ നഗരത്തെയും മട്ടന്നൂർ ടൗണിനെയും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന താഴെ ചൊവ്വ-മട്ടന്നൂർ റോഡ്, മൈസൂർ, ബാംഗ്ലൂർ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന തലശ്ശേരി-ഇരിക്കൂർ റോഡ് എന്നിവയാണ് അഞ്ചരക്കണ്ടി ടൗണിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകൾ.

റെയിൽ ഗതാഗതം: മംഗലാപുരം-പാലക്കാട് പാതയിലെ തലശ്ശേരിയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഇൻറർനെറ്റ് വഴിയുള്ള മുൻകൂർ ബുക്കിംഗിന് വിധേയമായി ഇന്ത്യയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലേക്കും ട്രെയിനുകൾ ലഭ്യമാണ്.

വ്യോമ ഗതാഗതം: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മട്ടന്നൂരിൽ വിമാനത്താവളങ്ങളുണ്ട്, അഞ്ചരക്കണ്ടി ടൗണിൽ നിന്ന് 9 കിലോമീറ്റർ അകലെ, മംഗലാപുരം, കോഴിക്കോട്. അവയെല്ലാം അന്താരാഷ്‌ട്ര വിമാനത്താവളങ്ങളാണെങ്കിലും മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലേക്ക് മാത്രമേ നേരിട്ടുള്ള വിമാനങ്ങൾ ലഭ്യമാകൂ.

കടപ്പാട്

https://en.wikipedia.org/wiki/Anjarakkandy

https://m.facebook.com/story.php?story_fbid=259560987514398&id=258262850977545&scmts=scwsplos