അസംപ്ഷൻ യു പി എസ് ബത്തേരി /കലാസൃഷ്ടികൾ
യാത്രാവിവരണംപ്രകൃതിയുടെ മടിത്തട്ടിൽ - തൊവരിമല വനത്തിലേയ്ക്ക് ഒരു യാത്ര
10.30 ന് ഞങ്ങൾ അവിടെ എത്തിച്ചേർന്നപ്പോൾ ഞങ്ങളെ കാത്ത് വനം വകുപ്പിലെ ഉദ്യോഗസ്ഥരായ ബഷീർ, ശശിധരൻ എന്നിവർ കാത്തു നിൽപ്പുണ്ടായിരുന്നു. ബസിൽ നിന്നിറങ്ങിയ ഞങ്ങൾക്കായി അവിടെ ലഘുഭക്ഷണം കരുതിയത് ഞങ്ങളെ വിസ്മയിപ്പിച്ചു. ലഘുഭക്ഷണത്തിനുശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ ആ വനത്തിന്റെ പ്രത്യേകതകൾ ഞങ്ങൾക്ക് വിവരിച്ചു തന്നു. അത് ഒരു നിത്യഹരിത വനമാണെന്നും, അത്തരം വനങ്ങളുടെ പ്രത്യേകതകളും, അതിൽ കാണപ്പെടുന്ന മൃഗങ്ങളെക്കുറിച്ചും, പക്ഷികളെക്കുറിച്ചുമെല്ലാം അവർ വിശദമായി പറഞ്ഞുതന്നു. ദൂരെ മരക്കൊമ്പുകളിൽ ഇരുന്ന് വിശ്രമിക്കുന്ന വിവിധതരം പക്ഷികളെ ഞങ്ങൾക്ക് അടുത്തു കാണിച്ചു തരുന്നതിനായി അവർ ദൂരദർശിനികൾ കരുതിയിരുന്നു. അവയിലൂടെ ഞങ്ങൾ ഊഴമിട്ട് വിവിധ തരം പക്ഷികളെയും, അകലെയുള്ള മറ്റ് മനോഹര ദൃശ്യങ്ങളെയും, അരികിലെന്നോണം കണ്ടാസ്വദിച്ചു. ഇതെല്ലാം ഞങ്ങൾ കാടിന്റെ ഉൾഭാഗങ്ങളിലേയ്ക്ക് നടക്കുന്നതിനിടയിയിരുന്നു. യാത്രക്കിടയിൽ അരികിലും, അകലെയുമായി പടർന്നു നിൽക്കുന്ന പലതരം വൻ മരങ്ങളെയും ആ ഉദ്യോഗസ്ഥർ ഞങ്ങൾക്ക് പേരും, പ്രത്യേകതകളും പറഞ്ഞ് പരിചയപ്പെടുത്തിത്തന്നുകൊണ്ടിരുന്നു. ഏറെ ആഹ്ലാദത്തോടെയായിരുന്നു ഞങ്ങളുടെ യാത്രയെങ്കിലും വഴിയിലുടനീളമുള്ള അട്ടകൾ ഞങ്ങളെ അലോസരപ്പെടുത്തി. എല്ലാവരുടെയും തന്നെ കാലുകളിൽ കയറി അവ ചോര കുടിച്ചുകൊണ്ടിരുന്നു. കയ്യിൽ കരുതിയിരുന്ന ഉപ്പുവിതറി അവയുടെ ആക്രമണത്തെ ഞങ്ങൾ പ്രതിരോധിക്കാൻ ശ്രമിച്ചു. വനത്തിലൂടെയുള്ള ആ യാത്രക്കിടയിൽ പലയിടത്തും തെളിനീരൊഴുകുന്ന ഉറവകൾ ഞങ്ങൾക്കായി കുളിർജലം പ്രദാനം ചെയ്തു. അവയിൽ നിന്നു കുപ്പികളിൽ വെള്ളെം ശേഖരിച്ചും, മുഖം കഴുകിയും, കാലുകൾ നനച്ചും കുട്ടികൾ ഉത്സാഹത്തോടെ യാത്ര തുടർന്നു. ഇതിനിടയിൽ വിവിധയിനം പക്ഷികളെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. പക്ഷെ ഒരു മൃഗത്തെപ്പോലും കാണാൻ കഴിയാതിരുന്നത് ഞങ്ങൾക്ക് നേരിയ ഇച്ഛാഭംഗത്തിനിടയാക്കി. ആൽ, പേരാൽ, ഓക്ക്, ഉങ്ങ്, യൂക്കാലിപ്റ്റ്സ്, ഏഴിലം പാല, കാട്ടുചെമ്പകം, തേക്ക്, വീട്ടി, മഹാഗണി തുടങ്ങി പല വൻ മരങ്ങളേയും ബഷീർ സാർ പരിചയപ്പെടുത്തിത്തന്നു. വീണ്ടും ഉൾവനത്തിലേയ്ക്ക് ഞങ്ങളെ കൊണ്ടുപോകാൻ ഫോറസ്റ്റ് ഓഫീസേഴ്സ് സന്നദ്ധരായിരുന്നെങ്കിലും, അട്ടകളുടെ ആക്രമണം രൂക്ഷമായിക്കൊണ്ടിരുന്നതിനാൽ തിരിച്ചുപോരാൻ ഞങ്ങൾ നിർബന്ധിതരായി. ഒരുമണിയോടുകൂടി ഞങ്ങൾ തിരിച്ചുനടക്കാനാരംഭിച്ചു. കാടിറങ്ങി തിരിച്ചു നടന്നു ക്ഷീണിച്ച ഞങ്ങൾ കാടതിർത്തിയിലുള്ള ഒരു വീടിന്റെ മുറ്റത്ത് വിശ്രമിക്കാനിരുന്നു. നടന്നു തളർന്നുപോയ ഞങ്ങൾക്ക് ഒന്നിരിക്കേണ്ടത് അത്യാവശ്യമായിരുന്നു. കാട്ടിലൂടെയുള്ള യാത്ര ഉല്ലാസപ്രദമായിരുന്നുവെങ്കിലും ചോരകുടിയന്മാരായ അട്ടകൾ എവിടെയും ഇരുന്ന് വിശ്രമിക്കാൻ ഞങ്ങളെ അനുവദിച്ചിരുന്നില്ല. അതിനാൽ ആ വീടിന്റെ മുറ്റത്ത് ഞങ്ങൾ എല്ലാവരും ആശ്വാസത്തോടെ ഇരുന്നു വിശ്രമിച്ചു. അവിടേയ്ക്ക് വനം വകുപ്പുകാർ ഒരുക്കിയ ഉച്ചഭക്ഷണവും എത്തി. വിഭവസമൃദ്ധമായ ആ ഭക്ഷണം വിശന്നു വലഞ്ഞിരുന്ന ഞങ്ങൾ ആസ്വദിച്ചു കഴിച്ചു. അല്പ സമയത്തിനുശേഷം തിരിച്ചു നടന്ന് ബസിലെത്തി. അവിടെ വച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞ് എല്ലാവരും ബസിൽ കയറി. പിന്നെ സ്കൂളിലേയ്ക്ക് തിരികെ യാത്ര, ആ നല്ല, വിലപ്പെട്ട നിമിഷങ്ങൾ അയവിറക്കിക്കൊണ്ട് . . . . . . . . . . തയ്യാറാക്കിയത് : ബീന മാത്യു.
ചിത്രരചന |
നന്മയുള്ള പുഴ ഒരിടത്ത് നല്ല ഭംഗിയുള്ള ഒരു കാട്ടിൽ ഒരു പുഴയുണ്ടായിരുന്നു. ഒരിക്കൽ ഒരു കൊച്ചു കുട്ടി അതുവഴി വന്നു. ആ പുഴക്ക് ആ കൊച്ചു കുട്ടിയെ വലിയ ഇഷ്ടമായി. അവൻ എന്നും പുഴയുടെ അടുത്തു വരും. പുഴയിൽ നീന്തും. അതിലെ താമരകൾ പറിക്കും. ക്ഷീണിച്ച് തളരുമ്പോൾ പുഴയുടെ അടുത്ത് കിറന്നുറങ്ങും. ഇതു കണ്ട് കുഞ്ഞു മീനിനു പോലും അസൂയ തോന്നി. കുഞ്ഞു മീൻ ചോദിച്ചു. “മോനേ നിനക്ക് വീട്ടിൽ പോകണ്ടെ. അമ്മ അന്വേഷിക്കില്ലെ?”അവൻ പൊട്ടികരഞ്ഞുകൊണ്ട് പറഞ്ഞു. എന്റെ അച്ഛനും അമ്മയും എന്നെ വിട്ട് പോയി. ഞാൻ മുത്തശ്ശിയുടെ വീട്ടിലാണ് താമസം. അതു കേട്ടപ്പോൾ കുഞ്ഞു മീനിന് സങ്കടമായി. കാലങ്ങൾ കഴിഞ്ഞു പോയി. അവൻ വലുതായി. സ്കൂളിൽ പോകണം. പഠിക്കണം. അവന് തിരക്കായി. പിന്നെയും ഒരുപാട് കാലം കഴിഞ്ഞു പോയി. അവൻ വലുതായി. അവൻ ആ പുഴയുടെ അടുത്തുകൂടെ പോയി. പുഴക്ക് അവനെ മനസ്സിലായി. പുഴ അവനെ വിളിച്ചു. മോനേ വരൂ. എന്റെ മേൽ നീന്തൂ. അവൻ പറഞ്ഞു. എനിക്കതിന്റെ പ്രായമൊക്കെ കഴിഞ്ഞു. എനിക്കിപ്പോൾ ഒരു വീടു വേണം. എന്നിട്ട് കല്യാണം കഴിച്ച് സുഖമായി ജീവിക്കണം. പക്ഷേ എന്റെയടുത്ത് പണമൊന്നുമില്ല. മോനേ നീ എന്റെ മണൽ മുഴുവൻ വാരിക്കോ. കേൾക്കേണ്ട താമസം അവൻ പുഴയിലേക്ക് എടുത്തു ചാടി. മണൽ മുഴുവൻ വാരിയപ്പോൾ ജീവികളുടെ വാസസ്ഥലം നഷ്ടപ്പെട്ടു. കുുഞ്ഞുമീൻ കരഞ്ഞു. അവൻ വീണ്ടും മണൽ വാരി. കാലങ്ങൾ കഴിഞ്ഞു പോയി. ഒരു വലിയ മനുഷ്യൻ അതുവഴി വന്നു. ആ പുഴയ്ക്ക് അവനെ വേഗം മനസ്സിലായി. മകനെ വരൂ... എന്റെ മേൽ നീന്തൂ. ... അവൻ പറഞ്ഞു. എനിക്ക് അതിന്റെ പ്രായമൊക്കെ കഴിഞ്ഞു. എനിക്കിനി ഒരു വലിയ സമുദ്രം ഉണ്ടാക്കണം. അതിന് എനിക്ക് ഒരുപാട് ജലം ആവശ്യമാണ്. പുഴ പറഞ്ഞു. മകനേ എന്റെ ജലമെല്ലാം നീയെടുത്തോളൂ. നിനക്ക് ഒരു വലിയ സമുദ്രം ഉണ്ടാക്കാം. കേൾക്കേണ്ട താമസം അവൻ ജലമൊക്കെ ഒഴുക്കി വിട്ടു. കാലങ്ങൾ കഴിഞ്ഞുപോയി. ഒരു വൃദ്ധൻ അതുവഴി വന്നു. ആപുഴയ്ക്ക് ആവൃദ്ധനെ മനസ്സിലായി. നിങ്ങളെ എനിക്ക് സഹായിക്കണമെന്നുണ്ട്. പക്ഷെ ഞാൻ ഒരു കുഴി മാത്രമല്ലെ...? കൂട്ടുകാരെ നിങ്ങൾ മനസ്സിലാക്കൂ.... പ്രകൃതിയെ നമ്മൾ നശിപ്പിക്കരുത്. സുബൈദ റാനിയ – 4ഡി
സത് സ്വഭാവം ജീവിതത്തിന് വഴികാട്ടി ഒരു കൊച്ചുകുട്ടിയായിരുന്നു ബാലു. അവന്റെ ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ചു പോയതുകൊണ്ട് അവന്റെ മുത്തശ്ശീടെ അടുത്താണ് അവൻ താസിച്ചിരുന്നത്. കുറച്ചു കാലം കഴിഞ്ഞപ്പോൾ മുത്തശ്ശിയും മരിച്ചു. അതോടെ ബാലു അനാഥനായി. തൊഴിൽ തേടി അലഞ്ഞ് അവൻ ഒടുവിൽ എത്തിച്ചേർന്നത് ഒരു കച്ചവടക്കാരന്റെ അരികിലാണ്. സൽസ്വഭാവിയും സ്നേഹസമ്പന്നനുമായ ആ കച്ചവടക്കാരൻ ബാലുവിന് തൊഴിൽ നൽകി. ബാലു സത്യസന്ധതയോടെ ആ തൊഴിൽ ചെയ്തു. അതോടെ കച്ചവടക്കാരന് ബാലുവിനെ വലിയ ഇഷ്ടമായി. ആ കച്ചവടക്കാരൻ ബാലുവിനെ അയാളുടെ വീട്ടിലെ ഒരംഗത്തെപോലെ കരുതി. കച്ചവടസാധനങ്ങൾ വാങ്ങാനുള്ള ഭാരിച്ച തുക പോലും ബാലുവിന്റെ കയ്യിൽ കൊടുത്തയക്കാൻ അയാൾ മടിച്ചില്ല. അങ്ങനെയിരിക്കെ ബാലുവിന് ചന്തയിൽ പോകാൻ കഴിയാതെ വന്ന ദിവസം കച്ചവടക്കാരൻ തന്നെയാണ് ചന്തയിലേക്ക് പോയത്. അന്ന് രാവിലെ ബാലു ടൗണിൽ പോയി വരുമ്പോൾ വഴിയിൽ ഒരു പണക്കിഴി കിടക്കുന്നത് കണ്ടു. അതിനുള്ളിൽ എത്ര രൂപയാണെന്നറിയാൻ ബാലുവിന് തിടുക്കമായി. അവൻ ഓടിച്ചെന്ന് ആ പണക്കിഴി തുറന്നു. നൂറിന്റെ നോട്ടുകൾ. അവന്റെ കണ്ണുകൾ മഞ്ഞളിച്ചു. പണം കിട്ടിയ വിവരം ആരോടും പറയാതിരുന്നാലോ. അവന്റെ കൊച്ചു മനസ്സിൽ അങ്ങനെയൊരു ചിന്ത ഉണ്ടായി. ഉടനെ അവന്റെ നല്ല മനസ്സ് പറഞ്ഞു. വേണ്ട ഇത് തന്റേതല്ല. മറ്റാരുടെയോ വിയർപ്പിന്റെ ഫലമാണ്. വെറുതെ കിട്ടുന്ന ധനം ഒരിക്കലും ഉപകരിക്കില്ല. അങ്ങനെ അവൻ ആ പണക്കിഴിയുമായി വീട്ടിലേക്കു നടന്നു. വീട്ടിലെത്തി. കച്ചവടക്കാരനും ഭാര്യയും ഇരുന്നു കരയുന്നു. എന്തുപറ്റി? ബാലു ചോദിച്ചു. പണക്കിഴി കളഞ്ഞു പോയ വിവരം കച്ചവടക്കാരൻ ബാലുവിനെ അറിയിച്ചു. ബാലു പറഞ്ഞു. നിങ്ങൾ വിഷമിക്കാതെ ആ പണം എന്റെ കയ്യിൽത്തന്നെ കിട്ടിയിട്ടുണ്ട്. ഇത്രയും പറഞ്ഞ് ബാലു ആ പണക്കിഴി തിരികെ നൽകി. അപ്പോൾ കച്ചവടക്കാരൻ പറഞ്ഞു. ബാലു ഇത് നിനക്കുള്ളതാണ്. നീ സ്വന്തമായി ഒരു കച്ചവടം തുടങ്ങണം. വലിയൊരു പണക്കാരനാകണം. സത്യസന്ധതയും സത് സ്വഭാവവും കൈവിടരുത്. അങ്ങനെ ബാലു ഒരു കച്ചവടക്കാരനായി. അധികം വൈകാതെ വലിയൊരു പണക്കാരനുമായി. അപ്പോഴും സത് സ്വഭാവവും സത്യസന്ധതയും വിനയവും കൈവിട്ടില്ല. (ഗുണപാഠം - സത് സ്വഭാവവും സത്യസന്ധതയും ജീവിതത്തിലെ പടവുകളാണ്. അവ കൈ വെടിയരുത്.) ഫാത്തിമ നസ്റിൻ – 7എ
ഒരു കുടുംബത്തിന്റെ, സമൂഹത്തിന്റെ, രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് മനുഷ്യ വിഭവമാണ്. ഈ വിഭവം ഏറ്റവും നല്ല രീതിയിൽ ചിട്ടപ്പെടുത്തുമ്പോൾ മാത്രമെ ലോകത്തിന് നേട്ടം ഉണ്ടാവുകയുള്ളൂ. വിദ്യാഭ്യാസം ഈ വിഭവത്തെ പാകപ്പെടുത്തലാണ്. രൂപപ്പെടുത്തലാണ്. ശരിയായ വിദ്യാഭ്യാസം നല്ലഫലം പുറപ്പെടുവിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരുക്കലാണ്. വളർച്ചയുടെ തുടക്കത്തിൽ തന്നെ ജലവും ലവണങ്ങളും പോഷകഘടകങ്ങളും നല്കണം. വേണ്ട സമയത്ത് ആവശ്യമായത് സ്വീകരിക്കപ്പെടേണ്ട രീതിയിൽ നല്കണം. വിദ്യാഭ്യാസ രംഗത്ത് കലോചിതമായി നടന്നു വരുന്ന പരീക്ഷണങ്ങളും പരിഷ്കരണങ്ങളും ശരിയായ ചിന്തകളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിലല്ലാതെ വരുമ്പോൾ ഒരു തലമുറയുടെ മൊത്തം സ്വപ്നങ്ങളും പ്രതീക്ഷകളും കരിഞ്ഞു പോകും. കടം വാങ്ങിയ നൂതനരീതികളും ആശയങ്ങളും അനുകരിക്കുമ്പോൾ അത് സ്വീകരിക്കുന്ന വിദ്യാർത്ഥികളിൽ അനുകൂലവും അനുയോജ്യവുമായ ചുറ്റുപാട് ഉണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്. വിജയ പരാജയങ്ങൾ കാലഘട്ടത്തിനും സംസ്കാരത്തിനും പ്രദേശങ്ങൾക്കും ഭൗതിക സാഹചര്യങ്ങൾക്കും ഇന്ന് നല്കുന്നവന്റെ മനോഭാവത്തിലും ആശ്രയിച്ചിരിക്കും. കെട്ടിയേല്പിക്കപ്പെടുന്ന ചുമടുകൾ ശരിയായ രീതിയിൽ വിതരണം ചെയ്യപ്പെടുന്നുണ്ടോ എന്ന് വിചിന്തനം ചെയ്യേണ്ടതാണ്. ജീവിതഗന്ധിയും കാലഘട്ടത്തിന്റെ മാറ്റങ്ങളെ സ്വാംശീകരിക്കുന്നതിനും മനശാസ്ത്ര പരമായ അടിസ്ഥാനഘടകങ്ങളെ ഉൾക്കൊള്ളുന്നതും പ്രായോഗികമായി നടപ്പിൽ വരുത്താൻ സാധിക്കുന്നതുമായിരിക്കണം പരിക്ഷണങ്ങൾ. വിദ്യാഭ്യാസത്തിൽ പരീക്ഷണങ്ങൾ പാടില്ല. പരീക്ഷണത്തിന്റെ റിസൾട്ട് പോസിറ്റീവോ നെഗറ്റീവോ ആകാം. നെഗറ്റീവ് റിസൾട്ട് അധഃപതനത്തിലേക്കും നാശത്തിലേക്കും വഴിതെളിക്കും. ഭാാരതീയരായ നമുക്ക് മഹത്തായ ഒരു ദേശീയ പൈതൃകം ഉണ്ട്. നളന്ദയും തക്ഷശിലയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൾ നിന്നു പോലും വിദ്യാർത്ഥികളെ സ്വീകരിച്ചു. ഗുരുകുല വിദ്യാഭ്യാസത്തിൽ തുടങ്ങി ഡി.പി.ഇ.പി-യിലൂടെ സർവ്വശിക്ഷാ അഭിയാനിൽ എത്തിച്ച വിദ്യാഭ്യാസം എവിടെയോ ലക്ഷ്യപ്രാപ്തിയിലൂടെ ഉന്നതിയിൽ നിന്ന് വഴുതിപോയില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നൂറു ശതമാനം സാക്ഷരത കൈവരിച്ച കേരളം നൂറു ശതമാനം വിജയ പ്രഖ്യാപനങ്ങളിലേക്ക് മത്സരിക്കപ്പെടുമ്പോൾ വിദ്യാഭ്യാസം അതിന്റെ ലക്ഷ്യത്തിൽ നിന്നും ബഹുദൂരം അകന്നു നില്കുന്നുവെന്ന സത്യം വിസ്മരിച്ചുകൂടാ. പഠിച്ചാലും ഇല്ലെങ്കിലും സ്കൂൾ പരിസരത്ത് വരുന്ന എല്ലാവരെയും ജയിപ്പിക്കണം എന്നുള്ളപ്പോൾ കുട്ടികളും അധ്യാപകരും എന്തിന് വിയർപ്പൊഴുക്കണം. കുട്ടികളുടെ ചിന്തകളും താത്പര്യങ്ങളും മാറിക്കൊണ്ടേയിരിക്കുന്നു. TV യും Phoneഉം Internet ഉം ഏത് പ്രായത്തിലുള്ളവരുടെയും ഉറ്റചങ്ങാതിമാരായി മാറി. ഗുരുക്കന്മാർ രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. അവകാശങ്ങളെക്കുറിച്ച് നല്ലബോധമുള്ള വിദ്യാർത്ഥികൾ കടമകൾ വിസ്മരിച്ചുകളഞ്ഞു. വെറുതെ കിട്ടുന്നതുകൊണ്ട് മൂല്യം കുറഞ്ഞു. പുസ്തകം, യൂണിഫോം, ഭക്ഷണം, ക്ലാസ്സുകൾ എല്ലാം വെറുതെ കിട്ടുന്നു. ഇതിന്റെ ആത്യന്തിക ലക്ഷ്യമെന്താണെന്ന് പോലും കുട്ടികൾ ചിന്തിക്കുന്നില്ല. സർക്കാർ സ്വീകരിക്കുന്ന പരീക്ഷണങ്ങളും പരിഷ്കാരങ്ങളും നിയതമായ ലക്ഷ്യത്തിലെത്താതെ പിൻവാങ്ങേണ്ടി വരുന്നതായാണനുഭവം. അറിവിന്റെ വിസ്ഫോടനം അനുനിമിഷം നടന്നുകൊണ്ടിരിക്കുന്ന ഈ ലോകത്ത് നമ്മുടെ കുഞ്ഞുങ്ങൾ പിൻതള്ളി പോകാതിരിക്കണം. ഒരു വിദ്യാർത്ഥിയെ ജീവിക്കുന്നതിന് പ്രാപ്തനാക്കുവാൻ വിദ്യാഭ്യാസത്തിന് കഴിയണം. സിദ്ധാന്തങ്ങളും അറിവുകളും മനഃപാഠമാക്കുന്നതിനപ്പുറം അഭിരുചിക്കനുസരിച്ച് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നല്കണം. സ്വന്തം കഴിവിനും വാസനയ്ക്കും അനുസരിച്ചുള്ള മേഖലകളിലൂടെ ചെറുപ്പം മുതലേ കടന്നുപോകുന്നതിന് അവസരം ലഭ്യമാകണം. ഉത്തരപേപ്പറുകളിൽ നിന്ന് മാത്രം വിദ്യാഭ്യാസത്തെ അളക്കുന്നതിനപ്പുറം തൊഴിലുപകരണങ്ങളുടെ ഉപപയോഗത്തിന്റെ വൈദഗ്ദ്ധ്യത്തിനും മാർക്കിടണം. കുട്ടിക്ക് ഇപ്പോൾ കിട്ടുന്ന എ ഗ്രേഡും ബി ഗ്രേഡും നോക്കി ലക്ഷ്യത്തിൽ എത്തിയിട്ടുണ്ട് അല്ലെങ്കിൽ എത്തിയിട്ടില്ല എന്ന നിഗമനത്തിൽ എത്തേണ്ടതില്ല. കുട്ടിയുടെ ഉള്ളിൽ നിന്നും സ്വാഭാവികമായും നൈസർഗികമായും ഒളിഞ്ഞിരിക്കുന്ന പ്രായോഗിക ജ്ഞാനത്തെ വളർത്തിക്കൊണ്ടു വരുവാൻ കഴിയണം. അതിനുതകും വിധത്തിലുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നടപ്പിൽ വരുത്തുവാൻ വിദ്യാഭ്യാസ വിദഗ്ധർക്കും സർക്കാരിനും കഴിയട്ടെ. അപൂർണ്ണമായ വിദ്യാഭ്യാസം വ്യക്തിയേയും രാഷ്ട്രത്തേയും അധോഗതിയിലേക്കാണ് നയിക്കുക. ഷാജു എം.എസ് (അധ്യാപകൻ)
എത്ര നാളായി ഈ കിടപ്പുകിടക്കുന്നു. ഡോക്ടർ വെറുതെ റിസ്ക് എടുക്കേണ്ട. അവരെ പറഞ്ഞു വിട്ടേക്ക്. ലച്മീ......ലച്മീ ഈ കഞ്ഞി കുടി.....ഞാൻചൂടാക്കീതാ.... മുഖം ക്യാൻസർ വന്ന് ചീഞ്ഞളിഞ്ഞ് പുഴുക്കൾ നുരയുന്ന ലക്ഷ്മി എന്ന ആദിവാസി സ്ത്രീയെയും അവരെ സ്നേഹപൂർവ്വം ചേർത്ത്പിടിച്ച് ചൂടു കഞ്ഞി പകർന്നു നല്കുന്ന വെള്ളി എന്ന സഹോദരനെയും മൂക്കു പൊത്തി ഛർദ്ദിക്കാൻ നിൽക്കുന്ന നേഴ്സിനെയും ഏതു പ്രതിബന്ധവും അതിജീവിച്ച് അവരെ ശുശ്രൂഷിക്കാൻ തയ്യാറായി നിൽക്കുന്ന ഡോക്ടറെയും ഗീത മാറി മാറി നോക്കി. ലക്ഷ്മി ഇവിടെ കിടന്ന് സമാധാനത്തിൽ മരിക്കട്ടെ. നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പോകാം. ഞാൻ ഇവരെ നോക്കിക്കൊള്ളാം. ചെറുപ്പക്കാരനായ ആ ഡോക്ടർ നേഴ്സിനോടു പറഞ്ഞു. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും അലകൾ ആ മിഴികളിൽ മിന്നി മറയുന്നത് ആദരവോടെ ഗീത നോക്കിനിന്നു. ലക്ഷ്മിയുടെ ആരുമല്ലാത്ത ഡോക്ടർ .... ദുർഗന്ധം വമിക്കുന്ന ..... പുഴുക്കൾ നുരയുന്ന ആ ശരീരത്തെ തന്റെ കൈകളാൽ ശുശ്രൂഷിക്കാൻ വെമ്പുന്നു. ആരോരുമില്ലാത്തവരെ ചവിട്ടിപുറത്താക്കുന്ന ..... പണത്തിനുവേണ്ടി വില പേശുന്ന കരുണയില്ലാത്ത ലോകത്തിൽ കാരുണ്യത്തിന്റെ നെയ്ത്തിരികൾ ഇനിയും അണയാതെ നിൽക്കുന്നുവോ....? ഡോക്ടർ എന്തുവേണമെങ്കിലും ചെയ്തോ, എനിക്ക് പറ്റില്ല ഞാൻ പോകുവാ..... എന്തൊരു മണം? നേഴ്സ് കോപത്തോടെ കടന്നു പോയി. അന്തം വിട്ടു നിൽക്കുന്ന ഗീതയെ നോക്കി ഡോക്ടർ പറഞ്ഞു. ലക്ഷ്മിയെ ഒരിക്കൽ ബന്ധുക്കളുടെ കൂടെ വിട്ടതാണ്. ആരും തിരിഞ്ഞു നോക്കാതെ ഈ അവസ്ഥയിൽ എത്തിയ ഇവരെ ഇനിയും തെരുവിൽ ഉപേക്ഷിക്കാൻ എനിക്കു വയ്യ. എന്റെ കൈകളിൽ കിടന്നവർ ശാന്തമായി മരിക്കട്ടെ. ഇനി ലക്ഷ്മിയെ ഞാൻ എങ്ങോട്ടും വിടില്ല. കർത്താവെ എന്റെ സഹോദരന് ശക്തി കൊടുക്കണെ.... ഗീത മനസ്സുരുകി പ്രാർത്ഥിച്ചു. ഡാക്കിട്ടർ കഞ്ഞി ലച്മീടെ കവിളത്തൂടെ പോണു...... വലിയ ഓട്ട വീണിരിക്കുവല്ലേ. .... കയ്ക്കാൻ പറ്റൂല.... ഇങ്ങു തരൂ..... ലച്മിക്ക് ഞാൻ കൊടുക്കാം..... കാരുണ്യവാനായ ആ യുവഡോക്ടറുടെ കരങ്ങളിലേക്ക് ചാഞ്ഞ്, മെലിഞ്ഞുണങ്ങിയ പുഴുവരിച്ച ആ ദേഹം ഒരു പുഞ്ചിരിയോടെ കഞ്ഞി പതുക്കെ പതുക്കെ ഇറക്കി. ആ കണ്ണുകൾ ആരൊക്കെയോ തന്നെ കരുതാനുണ്ട് എന്ന സന്തോഷത്തിൽ വിടർന്നു തിളങ്ങി. പണത്തിനുമപ്പുറം, ചർമ്മ സൗന്ദര്യത്തെക്കാളുപരി മനുഷ്യന്റെ മഹത്വം തിരിച്ചറിഞ്ഞ തന്റെ സഹോദരനെ നോക്കി ഗീത ആനന്ദക്കണ്ണീരൊഴുക്കി. .... ലക്ഷ്മിയുടെ ശ്വാസം പതുക്കെ പതുക്കെ നേർത്തു വന്നു. ... ചുക്കിചുളിഞ്ഞ ആ കൈകൾ വെള്ളിയെയും ഡോക്ടറെയും മുറുക്കെ പ്പിടിച്ചു. ആ കണ്ണുകളിൽ നന്ദിയുടെ, സ്നേഹത്തിന്റെ മുത്തുകൾ പൊടിഞ്ഞു. സംതൃപ്തിയോടെ ശാന്തമായി ഈ ലോകം വിട്ടുയർന്ന ആ ആത്മാവ് ഒരു കുളിർക്കാറ്റായി അവരെ തഴുകി ആ കരുണയുടെ മാലാഖമാർ ലക്ഷ്മിയുടെ മൃതദേഹം താങ്ങിയെടുത്ത് കട്ടിലിൽ നേരെ കിടത്തുമ്പോൾ ദൈവമേ അവരെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിച്ച് നിറഞ്ഞൊഴുകുന്ന കണ്ണുകൾ തൂവാലകൊണ്ട് തുടച്ച് ഗീത പുറത്തേക്കിറങ്ങി. പുതിയൊരു ഉണർവോടെ ശക്തിയോടെ...... സി. അനിത (ആൻസി) സി.എം.സി (അധ്യാപിക)
പ്രകൃതിയുടെ ഓർമ്മകൾ ഇല പൊഴിയും വനങ്ങളും നറുമണം പരത്തുന്നു വിടരുമീ പൂക്കളും സുഗന്ധം പരത്തുന്നു കളകളമൊഴുകുമീ അരുവികൾ പുഴകളും ചിന്നിത്തെറിക്കയായ് തുള്ളിപോലെ സൂര്യന്റെ കിരണമേറ്റിട്ടതാ പുഴയിലെ രത്നമാം മീനുകൾ തിളങ്ങിടുന്നു പാറയെത്തട്ടി തിടുക്കമായോടുന്നു പുഴവെള്ളം നദിയിലേക്കായൊഴുകിടുന്നു പുഞ്ചിരിച്ചങ്ങനെ നിൽക്കയായ് നമ്മുടെ പ്രകൃതിയും ജീവജാലങ്ങളും ശാന്തിയുടെ സമാധാനം കവർന്നെടുത്തന്ന് ശാന്തിയുടെ കുളിർക്കാറ്റ് വീശിയന്ന് ലോകവും പുഞ്ചിരിച്ചന്ന് പ്രകൃതിയും പുഞ്ചിരിച്ചന്ന് ജീവജാലങ്ങളും പുഞ്ചിരിച്ചന്ന് സമാധാന കുളിർക്കാറ്റ് വീശിയന്ന് കളകളമൊഴുകിടും പുഴകളിലൂടെ മാലിന്യകൂമ്പാരം ഒഴുകിടുന്നു. സസ്യങ്ങളില്ലാ....പുഴകളില്ലാ.... കൃഷിയിടമില്ലാ.....വയലുമില്ലാ..... പടുകൂറ്റൻ കെട്ടിടം പൊങ്ങിടുന്നു വയലിലും മണ്ണിട്ട്, പുഴയിലും മണ്ണിട്ട് നശിപ്പിച്ചുകൊൾകയായ് പ്രകൃതിയെ, നമ്മുടെ പ്രകൃതിയെ... അശാന്തിയുടെ തീക്കാറ്റ് വീശിടും അശാന്തിയുടെ വേനൽ വിതച്ചിടും ലോകവും എരിഞ്ഞങ്ങ് തീർന്നിടും നമ്മുടെ പ്രകൃതിയും എരിഞ്ഞങ്ങ് തീർന്നിടും, പ്രകൃതിയും കേണിടുന്നു വികസിത വക്കിലേക്കൊഴുകിടും നമ്മുടെ പെരുമാറ്റമോർത്തിട്ട് കേണിടുന്നു പുതിയ വഴികൾ തേടരുതേ പ്രകൃതിയെ നശിപ്പിക്കാനൊരിങ്ങിടല്ലേ നിർമ്മലമമായ പ്രകൃതി വിഭവങ്ങളെല്ലാം ഓർമ്മകൾ മാത്രമായ് മാറിടുന്നു അശാന്തിയുടെ വേനലായ് മാറിടുന്നു. |