അസംപ്ഷൻ യു പി എസ് ബത്തേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ. (പ്രഭാഷകൻ. 51, 23).

സു‍ൽത്താൻ ബത്തേരിസുൽത്താൻ ബത്തേരി യിലെയും, സമീപ പ്രദേശങ്ങളിലെയും അറിവിന്റെ ദാഹശമനത്തിനായി കൊതിച്ചിരുന്ന സാധാരണക്കാരായ കുടിയേറ്റ മക്കളുടെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു 1951 ൽ ക്രാന്തദർശിയായ ബഹു. സർഗ്ഗീസച്ചനാൽ അടിത്തറയിട്ട അസംപ്ഷൻ എ.യു.പി സ്കൂൾ. അസംപ്ഷന്റെ കളിമുറ്റത്തുനിന്ന് വില്ലേജ് ഓഫീസിന്റെ അകത്തളം മുതൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനം വരെ എത്തിനിൽക്കുന്ന പ്രതിഭകൾ, ഈ വിദ്യാലയത്തിന്റെ മികവിന്റെ അടയാളമാണ്. പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച്, ബാലമനസ്സുകളിലെ ചക്രവാളങ്ങളെ വികസിതമാക്കി, അസംപ്ഷൻ എ.യു.പി സ്കൂൾ ഒരു വെള്ളിനക്ഷത്രമായി ഈ നാട്ടിൽ പ്രശോഭിക്കുന്നു. ഇന്ന് മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി (CEADoM) യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയം ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണ്.

സുൽത്താൻ ബത്തേരിയുടെ ചരിത്ര ഗതിയിൽ നവതരംഗങ്ങൾ സൃഷ്ടിച്ച് സ്വപ്നങ്ങൾക്ക് വർണ്ണ ചിറകുകൾ നൽകി  ക്രാന്തദർശിയായ ബഹു. സർഗ്ഗീസച്ചനാൽ അടിത്തറയിട്ട് സ്വർഗ്ഗാരോപിത മാതാവിന്റെ നാമധേയത്തിൽ 1951 സെപ്തംബർ 19-നാണ് നമ്മുടെ വിദ്യാലയം സ്ഥാപിതമായത്. ചരിത്രത്തിന്റെ ഏടുകളിലേക്ക്  കടന്നു ചെല്ലുമ്പോൾ നമ്മുടെ ദൃഷ്ടി പതിക്കുന്നത്, ഒരു കാലഘട്ടത്തിന്റെ മുഴുവൻ വെല്ലുവിളികളെയും ശിരസ്സാ വഹിച്ച ഒരു സമൂഹത്തിലേക്കാണ്. വിദ്യാഭ്യാസ വിചിക്ഷണരും ദീർഘവീക്ഷണമുള്ളവരും ആത്മാർത്ഥതയുള്ളവരുമായ ഒരു പറ്റം അദ്ധ്യാപകരാണ് ഈ വിദ്യാലയത്തെ പ്രശസ്തിയുടെ സോപാനത്തിലെത്തിച്ചത്.

            അന്തോണി മാസ്റ്റർ, പി.ബാലകൃഷ്ണൻ മാസ്റ്റർ, ഭാസ്കർദാസ് മാസ്റ്റർ, കുര്യൻ മാസ്റ്റർ തുടങ്ങിയവരായിരുന്നു ആദ്യ കാല അദ്ധ്യാപകർ. വിവിധ ജാതി മതസ്ഥരായ 100-ൽ പരം കുട്ടികളുമായി  എൽ .പി സ്കൂളായി തുടക്കം കുറിച്ച വിദ്യാലയം പിന്നീട് യു .പി ആയി ഉയർത്തപ്പെട്ടു. K.M ജോർജ് സാർ ആയിരുന്നു ആദ്യ യു.പി സ്കൂൾ ഹെഡ്മാസ്റ്റർ .

         ഇപ്പോൾ മാനന്തവാടി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും പരിലാളനയിലുമാണ് അസംപ്ഷൻ എ.യു.പി സ്കൂൾ നിലകൊള്ളുന്നത്. 1 മുതൽ 7വരെ ക്ലാസ്സുകളിലായി 1500 ൽ അധികം വിദ്യാർത്ഥികൾ ഇന്ന് ഇവിടെ പഠനം നടത്തുന്നു .

  സുൽത്താൻ ബത്തേരിയുടെ മാത്രമല്ല വയനാടിന്റെ തന്നെ കലാസാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടും നാനാത്വത്തിൽ ഏകത്വം എന്ന മഹത്  വാക്യത്തിന് ഊന്നൽ കൊടുത്തുകൊണ്ടും ഇവിടം ഒരു വിജ്ഞാന സിരാകേന്ദ്രമായി നിലകൊള്ളുന്നു.