അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ നല്ല പ്രകൃതിക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല പ്രകൃതിക്കായി

1974 മുതൽ ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ 1972 - ൽ നടന്ന സ്റ്റോക്ക്ഹേം കോൺഫറൻസിന്റെ ഭാഗമായി ഇന്ന് 143 രാജ്യങ്ങൾ വർഷംതോറും ഈ ദിനം വിവിധ പരിസ്ഥിതി ബോധവത്ക്കരണ - സംരക്ഷണ പ്രവർത്തനങ്ങളോടെ ആചരിക്കുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധജലവും ശുദ്ധവായുവും ജൈവവൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശം സ്വാതന്ത്രമാണ് എന്ന സങ്കൽപ്പമാണ് ലോകപരിസ്ഥിതിദിനത്തിന്റെ കാതൽ.

മലിനീകരണത്തിനും വനനശീകരണത്തിനും എതിരായി മനുഷ്യരെല്ലാം ഒന്നായി പ്രവർത്തിക്കുക എന്നതാണ് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനുള്ള മാർഗ്ഗം. ഭൂമിയെ സുരക്ഷിതമായും ഭദ്രവുമായും ഒരു ഹരിത കേന്ദ്രമാക്കി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ഇന്നിന്റെ ആവശ്യമാണ്.

പച്ചയിൽ കുളിച്ച് കൈയോട് കൈ കോർത്ത് ഇളംകാറ്റിൽ ചാഞ്ഞും ആടിയുലഞ്ഞു സുഗന്ധം പരത്തുന്ന മരങ്ങളും, മഴവില്ലിൻ വർണ്ണങ്ങൾ തന്റെ മേനിയിൽ ഏറ്റുവാങ്ങിയ പൂക്കളും, സൂര്യന്റെ ഉഗ്ര കോപത്തിൽ നിന്നും ഭൂമിയുടെ ഹൃദയത്തെ തെളിനീരിന്റെ തണുപ്പിൽ അലിയിക്കുന്ന അരുവിയും, ആകാശത്തിലെ മേഘത്തെ ഭൂമിയിലേക്ക് പറഞ്ഞയച്ചത് പോലെ ഭൂമിയിലെത്തിയ മഞ്ഞും മാഞ്ഞിരിക്കുന്നു.

നഗരങ്ങളെല്ലാം മലിനീകരണം മൂലം മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങി. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും, ശുചീകരണത്തിനും, മലിനീകരണത്തിനും പ്രശ്നം സൃഷ്ടിക്കുന്നു. അതോടൊപ്പം ആരോഗ്യപ്രശ്നം ഉയരുന്നു. പകർച്ചവ്യാധി പടരുന്നു. ഭൂമിയിൽ ലഭ്യമായ ജലത്തിന്റെ 97 ശതമാനവും ഉപ്പുവെള്ളമാണെന്ന റിപ്പോർട്ടുകളുണ്ട്. ജലമലിനീകരണം , ഖരമാലിന്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, അതിവൃഷ്ടി, വരൾച്ച, മണൽ ഖനനം, വ്യവസായവൽക്കരണം മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, വർണ്ണമഴ, ഭൂമികുലുക്കം തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു.

സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. വികസനത്തിൽ നിന്ന് വികസനത്തിലേയ്ക്കാണ് നാം ഇന്ന് കാലെടുത്ത് വയ്ക്കുന്നത്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ പരിസ്ഥിതിയെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്.

തകർന്നടിഞ്ഞ പരിസ്ഥിതി സൗഹാർദം കൂട്ടായ യജ്ഞത്തിലൂടെ നമുക്ക് പുന സ്ഥാപിക്കാം. തുടർച്ചയായ വനനശീകരണത്തിലൂടെയും വ്യവസായവൽക്കരണത്തിലൂടെയും അന്ത്യശ്വാസം വലിച്ച കേരളത്തെ നാം തിരികെ കൊണ്ടുവരണം. കേരളത്തിന്റെ പച്ചപ്പ് നമുക്ക് വീണ്ടെടുക്കാം. ദൈവത്തിന്റെ സ്വന്തം നാടിനെ നമുക്കു പടുത്തുയർത്താം. കൃഷിയാണ് സംസ്കാരത്തിന്റെ മാതാവ്. ആ മാതാവിന്റെ പാത നമുക്ക് പിന്തുടരാം.

ബ്ലെസിമോൾ ബെന്നി
9 C അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം