അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ അരിയിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയരായ ഇന്ത്യൻ ജനതയെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി എല്ലാവർക്കും അടിസ്ഥാനവിദ്യാഭ്യാസം കൊടുക്കുവാനും അതിന്റെ ഭാഗമായി രാജ്യത്തിന്റെ പലഭാഗങ്ങളിലും ദേശീയ നേതാക്കന്മാരുടെയും സാമൂഹ്യ പരിഷ്കർത്താക്കളുടെയും ആഹ്വാനപ്രകാരം പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു തുടങ്ങുകയും ചെയ്തു.
ഈ അവസരത്തിൽ പരേതനായ ശ്രീ. കെ.ചന്തുകുട്ടി മാസ്റ്റർ 1918-ൽ ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്നിടത്തു നിന്നും 2 കിലോമീറ്റർ മാറി വെള്ളിക്കീൽ കടവിനടുത്ത് നാട്ടിൽ ഇദംപ്രഥമമായി ഒരു സ്കൂൾ സ്ഥാപിച്ചു. വാസ്തവത്തിൽ ശ്രീ ഒതേനൻ നമ്പ്യാർ തുടങ്ങി വെച്ച എഴുത്ത് പള്ളിക്കൂടം ശ്രീ.കെ.ചന്തുക്കുട്ടി മാസ്റ്റർ ഒരു സ്കൂളായി മാറ്റുകയാണ് ചെയ്തത്.
ജാതി സമ്പ്രദായം നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ ഹരിജൻ വിദ്യാർത്ഥികൾക്കും മറ്റ് പിന്നോക്ക സമുദായക്കാരുടെ മക്കൾക്കും ഈ വിദ്യാലയത്തിൽ പ്രവേശനം നൽകുകയുണ്ടായി. തത്ഫലമായി സവർണ വിഭാഗങ്ങളിൽ നിന്നും അതിശക്തമായ എതിർപ്പുകളെ നേരിടേണ്ടിവന്നു. തുടർന്ന് കയ്യംതടം എന്ന സ്ഥലത്ത് ഒരു ചെറിയ ഷെഡ്ഡ് കെട്ടി സ്കൂളിന്റെ പ്രവർത്തനം തുടർന്നു .ഇന്ന് കാണുന്ന ഈ സ്കൂൾ സ്വന്തം സ്ഥലമായ പാലേരി പറമ്പിൽ സ്ഥാപിതമായത് 1920-ൽ ആണ്. റോഡ് സൗകര്യം ഇല്ലാതായിരുന്ന ആ കാലത്ത് കെട്ടിട നിർമ്മാണത്തിനായി ശ്രീ .കെ .ചന്തുക്കുട്ടി മാഷും അനുജനും അധ്യാപകനുമായിരുന്ന ശ്രീ .കെ. രാമറുകുട്ടി മാസ്റ്ററും മറ്റു കുടുംബാംഗങ്ങളുടെയും വിശിഷ്യ നാട്ടുകാരും അനുഭവിച്ച ത്യാഗങ്ങൾ ഏറെയായിരുന്നു. തുടർന്ന് ശ്രീ .കെ. ചന്തുക്കുട്ടി മാസ്റ്റർ പ്രധാനാധ്യാപകനാവുകയും സ്കൂളിന്റെ പ്രവർത്തനം വളരെ നല്ല രീതിയിൽ മുന്നോട്ടു പോവുകയും ചെയ്തു. 1981-ൽ അദ്ദേഹം നിര്യാതനാകുന്നതുവരെ സ്കൂൾ മാനേജരായി സേവനമനുഷ്ഠിച്ചു.
കൂവോട്,കീഴാറ്റൂർ, പറപ്പൂൽ, കയ്യംതടം, വെള്ളിക്കീൽ , അരിയിൽ ,പരണൂൽ പഞ്ചളായി ,കയ്യം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം.നല്ല രീതിയിൽ വിദ്യാഭ്യാസം കൊടുക്കുന്നതിനായി കൂടുതൽ അധ്യാപകരെ നിയമിക്കുകയും അതിൽ ദൂരദേശത്തുകാരായവർ സ്കൂളിൽ താമസിച്ച് കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു .അവരിൽ പലരും നമ്മെ വിട്ടുപിരിഞ്ഞ് പോയിക്കഴിഞ്ഞു.
പഴയകാല പ്രതാപവും പ്രൗഡിയും നഷ്ടപ്പെടുത്താതെ തന്നെ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ടും പി.ടി.എ യുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ കുട്ടികളെ സമൂഹ¯nsâ മുൻനിരയിൽ കൊണ്ടു വരുന്നതിനായി അധ്യാപകർ കൂട്ടായി ശ്രമിച്ചുവരുന്നു.