അമ്മയ്ക്കൊരു സ്നേഹോപഹാരം...

Schoolwiki സംരംഭത്തിൽ നിന്ന്

എറണാകുുളം ജില്ലയിലെ ഫോർട്ട്കൊച്ചിയിൽ സ്ഥിതിചെയ്യുന്ന 'ആശ്വാസഭവൻ' എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് സിസ്റ്റർ ഫാബിയോള ഫാബ്രി എന്ന ഇറ്റാലിയൻ കന്യാസ്ത്രി. ''കൊച്ചിയിലെ മദർതെരേസ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അവർ, അഗതികളായി ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ സംരക്ഷിക്കുന്ന മഹത്തായ ഒരു ജീവകാരുണ്യ പ്രവർത്തനമാണ് വർഷങ്ങളായി നടത്തിവരുന്നത്. കൊൺസലേത്ത സിസ്റ്റർമാരുടെ സന്യാസമഠത്തിലെ മദർ സുപ്പീരിയറായ അവർ, 2013 മുതൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ചു. അനാഥരും ഭവനരഹിതരുമായ കുട്ടികളെ സംരക്ഷിക്കുകയും അവരെ വളർത്തി പഠിപ്പിക്കുകയും ചെയ്യുന്ന ഈ സിസ്റ്ററിന്റെ ജന്മദിനത്തിൽ, ലൊരേറ്റൊ സ്കൂളിലെ 2021-22 ബാച്ചിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ കുമാരി.സുലേഖ ബീവി നിർമ്മിച്ചതാണ് ഈ കലാസൃഷ്ടി. ജന്മപരമായി തനിക്കുണ്ടായ തന്റെ അംഗവൈകല്യവും കുറവുകളും വകവയ്ക്കാതെ അതിനെയെല്ലാം അതിജീവിക്കുന്ന തരത്തിൽ പഠനത്തിലും കലാപരമായ കഴിവുകളിലും മറ്റുള്ളവരേക്കാൾ മികച്ചു നിൽക്കുന്ന സുലേഖ, കൊച്ചി ഫിഷർമാൻ കോളനിയിലെ പാവപ്പെട്ട ഒരു മത്സ്യത്തൊഴിലാളിയുടെ മകളാണ്. പൂർണ്ണ ആരോഗ്യവും കഴിവുകളും സൗകര്യങ്ങളും ഉണ്ടായിട്ടും പ്രയോജനപ്പെടുത്താതെ പാഴാക്കിക്കളയുന്ന ഇന്നത്തെ യുവതലമുറയ്ക്ക് സുലേഖ എന്ന കുട്ടി ഒരു വലിയ പാഠമാണ്, ഒരു ജീവിത സത്യവും.. ഈ കൊച്ചു മിടുക്കിക്ക് എല്ലാ നന്മകളും നേരാം...