ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സാംസ്കാരിക കേരളത്തിന്റെ തലസ്ഥാന നഗരിയായ തൃശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിൽ പുന്നയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ജി.എഫ്.യു.പി സ്കൂൾ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. സ്വാതന്ത്രം കിട്ടുന്നത് വരെ ഫിഷറീസ് ഡിപ്പാർട്മെന്റിന്റെ കീഴിലും സ്വാതന്ത്ര്യാനന്തരം എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിലും പ്രവർത്തിച്ചു വരുന്നു.

തൃശൂർ ജില്ലയുടെ തീരദേശ മേഖലയായ മന്ദലാംകുന്ന് പ്രദേശത്തെ നിർധനരായ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി 1923 ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് ഇതാരംഭിച്ചത്. അഞ്ചാം തരം വരെയുളള പ്രൈമറി വിദ്യാലയമായി ആരംഭിച്ച ഈ സ്കൂൾ പിന്നീട് അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. മന്ദലാംകുന്ന് പ്രദേശനിവാസികൾ അറിവിന്റെ ആദ്യാക്ഷരം നുകർന്നത് അറബിക്കടലിനോട് ചേർന്നു കിടക്കുന്ന ഈ വിദ്യാലയത്തിലൂടെയാണ്.

പുന്നയൂർ പഞ്ചായത്തിലെ ഏക ഫിഷറീസ് യു.പി സ്കൂളും എടക്കഴിയൂർ മുതൽ തൃശ്ശൂർ ജില്ലയുടെ വടക്കേ അതിർത്തിയായ കാപ്പിരിക്കാട് വരെ നീണ്ടു കിടക്കുന്ന 11 കി.മീ തീരദേശത്തെ ഒരേയൊരു ഗവൺമെന്റ് ഫിഷറീസ് സ്കൂളും മന്ദലാംകുന്ന് യു.പി സ്കൂൾ മാത്രമാണ്.

പഠിതാക്കളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു കൊണ്ട് ഏറെ ദീർഘവീക്ഷണത്തോടെ പുതിയ സാധ്യതകൾ ഉൾക്കൊണ്ടുള്ള പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കാണ് ഈ വിദ്യാലയം നേതൃത്വം കൊടുക്കുന്നത്. ഇംഗ്ലീഷ് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് ആവിഷ്കരിച്ച ബീച്ച് പദ്ധതിക്ക് ( Build English Efficiency Among children) SCERT യുടെ അംഗീകാരം ലഭിച്ചതും മികച്ച PTA യ്ക്കുള്ള ഉപജില്ലാ അവാർഡ് ലഭിച്ചതും ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലെ പൊൻതൂവലുകളാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ പല വിദ്യാലയങ്ങളും മൺമറഞ്ഞപ്പോഴും നമ്മുടെ വിദ്യാലയം വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

വിദ്യാലയത്തിന്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിന് വേണ്ടി നവീനമായ നിരവധി പ്രവർത്തനങ്ങൾ ഓരോ വർഷവും നടത്തിവരുന്നു. പഞ്ചായത്ത് തല ഇംഗ്ലീഷ് ഡ്രാമയിൽ ഒന്നാം സ്ഥാനത്തോടെ തൃശൂർ റവന്യൂ ജില്ലയിൽ മികവു നേടിയ ജില്ലയിലെ ഏക സർക്കാർ വിദ്യാലയം എന്ന ബഹുമതി ഈ വിദ്യാലയത്തിന് സ്വന്തമാണ്. പഞ്ചായത്ത് തല മികവുത്സവത്തിൽ ഒന്നാം സ്ഥാനവും ഉപജില്ലാ മികവുത്സവത്തിൽ മൂന്നാം സ്ഥാനവും സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇങ്ങനെ നിലവാരത്തിലുണ്ടായ ഉയർച്ച സമൂഹത്തിലെത്തിക്കാനും ഫലമായി ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടാക്കാനും വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.[1]

അവലംബം

  1. 1. ദർപ്പണം , സപ്പ്ലിമെൻറ് , 2016  മാർച്ച്, ഗവണ്മെന്റ് ഫിഷറീസ് യു പി സ്‌കൂൾ, മന്ദലാംകുന്ന് 2. ജ്വലനം , സപ്പ്ലിമെൻറ് , 2018 ,മാർച്ച് , ഗവണ്മെന്റ് ഫിഷറീസ് യു പി സ്‌കൂൾ, മന്ദലാംകുന്ന്