സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സബ്‍ജില്ലാ കലോത്സവം - മികവുപുലർത്തി സെന്റ് മൈക്കിൾസ്

കണ്ണൂർ ടൗൺ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കണ്ണൂർ നോർത്ത് സബ്‍ജില്ലാ സ്കൂൾ കലോത്സവത്തിൽ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനകരമായ വിജയം. എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 34 ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 29 ഇനങ്ങൾ സബ്‍ജില്ലയെ പ്രതിനിധീകരിച്ച് കണ്ണൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ പങ്കെടുക്കും.

[[പ്രമാണം:LP UP Winners.jpg|

സബ്‍ജില്ലാ സർഗോത്സവം - മികവുപുലർത്തി സെന്റ് മൈക്കിൾസ്

കാഞ്ഞിരോട് എ യു പി സ്കൂളിൽ നടന്ന കണ്ണൂർ നോർത്ത് സബ്‍ജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സർഗോത്സവത്തിൽ മികച്ച പ്രകടനവുമായി സെന്റ് മൈക്കിൾസ് വിദ്യർത്ഥികൾ. യു പി വിഭാഗത്തിൽ ആരുഷ് പറമ്പത്ത് (കവിതാരചന), നിവിൻ പി കെ (കാവ്യാലാപനം), ഹൈസ്കൂൾ വിഭാഗത്തിൽ അദ്രിനാഥ് കെ (നാടൻപാട്ട്) എന്നിവർ ജില്ലാ സർഗോത്സവത്തിലേക്ക് യോഗ്യത നേടി.

സബ്‍ജില്ലാ കലോത്സവം - വിഭവസമാഹരണത്തിന് പിന്തുണ നല്കി സെന്റ് മൈക്കിൾസ് വിദ്യാർത്ഥികൾ

ഒക്ടോബർ 22 മുതൽ 25 വരെ കണ്ണൂർ ഗവ. ടൗൺ ഹയർ സെക്കൻഡറി സ്കൂളിന്റെ ആതിഥേയത്വത്തിൽ നടക്കുന്ന സബ്‍ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് ഭക്ഷണ കമ്മിറ്റി സംഘടിപ്പിച്ച വിഭവ സമാഹരണ യജ്ഞത്തിന് പിന്തുണ നല്കി സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ. പലവ്യ‍‍ഞ്ജനങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള വിഭവങ്ങളാണ് വിദ്യാർത്ഥികൾ കമ്മിറ്റിക്ക് കൈമാറിയത്.

വിദ്യാർത്ഥി ദിനത്തിൽ ജില്ലാ കലക്ടറുമായി സംവദിച്ച് വിദ്യാർത്ഥികൾ

മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15, ലോക വിദ്യാർത്ഥി ദിനത്തിൽ കണ്ണൂർ ജില്ലാ കലക്ടറുമായി സെന്റ് മൈക്കിൾസ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അമൻ എൻ ബിനോയ് ഉൾപ്പെടെയുള്ളവർ സംവദിച്ചു. ആകാശവാണി കണ്ണൂർ നിലയമാണ് വിദ്യാർത്ഥികൾക്കായി ഇങ്ങനെയൊരു അവസരം ഒരുക്കിയത്.

സബ്‍ജില്ലാ ശാസ്ത്രോത്സവത്തിലും സെന്റ് മൈക്കിൾസിന് കിരീടം

കണ്ണൂർ ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന സബ്‍ജില്ലാ ശാസ്ത്രോത്സവത്തിൽ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം നിലനിർത്തി.

മുടിയേറ്റ് - ഒക്ടോബർ 31 ന്

സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി, ഹയർ സെക്കൻഡറി വിഭാഗം സഹൃദയ കൂട്ടായ്മയുടെ സഹകരണത്തോടെ ഒക്ടോബർ 31, വെള്ളിയാഴ്ച വൈകുന്നേരം 3.45 മുതൽ അനുഷ്ഠാന നാടോടി നാടകം മുടിയേറ്റ് അവതരിപ്പിക്കും.

കാളിയും കൂളിയും ദാരികനും ദാനവേന്ദ്രനും അരങ്ങിലെത്തുന്ന മുടിയേറ്റ് അവതരിപ്പിക്കുന്നത് കീഴില്ലം ഉണ്ണികൃഷ്ണനും സംഘവുമാണ്.

സബ്‍ജില്ലാ കായികമേള - സെന്റ് മൈക്കിൾസ് ചാമ്പ്യന്മാർ

മാങ്ങാട്ടുപറമ്പ് കേരള സായുധ സേന നാലാം ദളം ഗ്രൗണ്ടിൽ രണ്ട് ദിവസമായി നടന്നുവന്ന കണ്ണൂർ നോർത്ത് സബ്‍ജില്ലാ കായികമേളയിൽ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിന് ചാമ്പ്യൻഷിപ്പ്. യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ കായികമേളയിലാണ് ഏറ്റവും കൂടുതൽ പോയിന്റ് നേടി സെന്റ് മൈക്കിൾസ് ജേതാക്കളായത്. ജൂനിയർ വിഭാഗത്തിൽ ഡിയോൺ ജോസഫ്, സബ്‍ജൂനിയർ വിഭാഗത്തിൽ ആദിൽഷ് പി വി എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.

നാടും നന്മയും - സർക്കസ് കലാകാരന്മാരെ ആദരിച്ച് നല്ലപാഠം വിദ്യാർത്ഥികൾ

നാടും നന്മയും എന്ന സന്ദേശവുമായി സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ നല്ലപാഠം വിദ്യാർത്ഥികൾ, കണ്ണൂരിൽ വിജയകരമായി പ്രദർശനം നടന്നുവരുന്ന ഗ്രേറ്റ് ബോംബെ സർക്കസ് കലാകാരന്മാരെ ആദരിച്ചു. മുൻ പ്രധാനാധ്യാപകൻ ഫാ. മാത്യു കളപ്പുരയ്കൽ, ലിസി ആന്റണി, സലൂജ ഗ്ലാറ്റ്യൂസ് എന്നിവർ നേതൃത്വം നല്കി.

മാത്‍സ് ടാലന്റ് സെർച്ച് പരീക്ഷ - ജില്ലാതലം - രണ്ടാം സ്ഥാനം നേടി ആതിഷ് പി പി

കണ്ണൂർ റവന്യൂ ജില്ലാതല മാത്‍സ് ടാലന്റ് സെർച്ച് പരീക്ഷയിൽ രണ്ടാം സ്ഥാനം സെന്റ് മൈക്കിൾ‍സ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ആദിഷ് പി പി കരസ്ഥമാക്കി.

സബ് ജില്ലാ സാമൂഹ്യശാസ്ത്ര മേള - ക്വിസ് മത്സരങ്ങളിൽ മികവ് പുലർത്തി സെന്റ് മൈക്കിൾസ്

കണ്ണൂർ നോർത്ത് ഉപജില്ലാതല സാമൂഹ്യശാസ്ത്ര മേളയുടെ ഭാഗമായ ക്വിസ് മത്സരത്തിൽ അഥർവ് ധനേഷ് (എൽ പി വിഭാഗം) ഒന്നാം സ്ഥാനവും രോഹിത് റോഷൻ (യു പി വിഭാഗം) ലക്ഷ്മി ടി കെ (ഹയർ സെക്കൻഡറി വിഭാഗം) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മാതൃഭൂമി സീഡ് - സീസൺ വാച്ച് പുരസ്കാരം

മാതൃഭൂമി സീഡ് സീസൺ വാച്ച് പുരസ്ക്കാരം സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിന്. ആദിൽ അഭിലാഷ്, ദേവാംഗ് കെ കെ, ആദിഷ് രാജീവൻ, ടീച്ചർ ഇൻ ചാർജ്ജ് ഡോ. ടി വി ശ്രുതി എന്നിവരുടെ നേതൃത്വത്തിൽ പുരസ്കാരം ഏറ്റുവാങ്ങി.

മൊബൈൽ ഫോൺ - അമിത ഉപയോഗം - ബോധവത്ക്കരണ ക്ലാസ്

മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികളിൽ എന്ന വിഷയത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസിന് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ സിന്ധു ജീജേഷ് നേതൃത്വം നൽകി. ഇംഗ്ലീഷ് ക്ലബ്ബ്, വിമുക്തി ക്ലബ്ബ്, നല്ലപാഠം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ക്വിസ് മത്സരങ്ങളിൽ മികവുമായി സെന്റ് മൈക്കിൾസ് വിദ്യാർത്ഥികൾ

കണ്ണൂർ നോർത്ത് ഉപജില്ലാതല അക്ഷരമുറ്റം, അറിവുത്സവം, സി എച്ച് പ്രതിഭാ ക്വിസ് എന്നിവയിൽ മികച്ച പ്രകടനവുമായി സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ.

കലയും കായിക വിനോദങ്ങളും മനുഷ്യരെ ഒരുമിപ്പിക്കണം : സന്തോഷ് ഏച്ചിക്കാനം

കലയും കായിക വിനോദങ്ങളും മനുഷ്യരെ ഒരുമിപ്പിക്കണമെന്നും ഏഷ്യാകപ്പ് ക്രിക്കറ്റിൽ അരങ്ങേറിയതുപോലെയുള്ള സംഭവവികാസങ്ങൾ ജാതിയുടേയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും രാഷ്ട്രത്തിന്റെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ മാത്രമേ സഹായിക്കൂവെന്നും എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം. ഇത്തരത്തിലുള്ള വിഭാഗീയതകൾ സൃഷ്ടിക്കുന്ന കള്ളനാണയങ്ങളെ എഴുത്തിലൂടെ തുറന്നുകാട്ടണമെന്നും വായനക്കാരെ വിജ്ഞാനത്തിന്റെ ലോകത്തിലേക്ക് നയിച്ച് ചൂഷണത്തിൽ നിന്നും മുക്തരാക്കാൻ സാഹിത്യത്തിന് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി സഹൃദയ ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച എഴുത്തുകാരനൊപ്പം പരിപാടിയിൽ സംവദിക്കുകയായിരുന്നു സന്തോഷ് ഏച്ചിക്കാനം. മാനേജർ ഫാ. രാജു അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടോംസൻ ആന്റണി, കെ റഷീദ് കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ സി കെ മനോജ്കുമാർ സ്വാഗതവും ഇ കെ അലൻമോൻ നന്ദിയും പറഞ്ഞു.

എഴുത്തുകാരനൊപ്പം - അതിഥിയായി സന്തോഷ് ഏച്ചിക്കാനം

സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി വായനാനന്ദം പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന എഴുത്തുകാരനൊപ്പം പരിപാടിയുടെ രണ്ടാം ലക്കം ഒക്ടോബർ മൂന്നിന് വെള്ളിയാഴ്ച നടക്കും. കഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം മുഖ്യാതിഥിയാവും.

ഫുട്ബോൾ (അണ്ടർ 14) ജേതാക്കളായി സെന്റ് മൈക്കിൾസ്

കണ്ണൂർ നോർത്ത് ഉപജില്ലാതല സ്കൂൾ ഗെയിംസ് ആൺകുട്ടികളുടെ അണ്ടർ 14 ഫുട്ബോൾ കിരീടം സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിന്. ആവേശകരമായ ഫൈനൽ മത്സരത്തിൽ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സെന്റ് മൈക്കിൾസ് പരാജയപ്പെടുത്തിയത്.

ആവേശത്തിരയിളക്കി കായികമേളയ്ക്ക് സമാപനം

രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ, ബ്ലൂ, ഗ്രീൻ, റെഡ്, യെല്ലോ എന്നിങ്ങനെ നാല് ഹൗസുകൾ, എൽ പി മിനി, കിഡ്ഢീസ്, യു പി കിഡ്ഡീസ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ പത്തോളം വിഭാഗങ്ങൾ, ഓട്ടം, ചാട്ടം, ത്രോ എന്നിങ്ങനെ എഴുപതോളം മത്സരയിനങ്ങൾ., മൂന്ന് ദിവസത്തോളം നീണ്ട മത്സരങ്ങൾ. ഒടുവിൽ ആവേശോജ്ജ്വലമായ സമാപനം. യെല്ലോ ഹൗസ് ജേതാക്കൾ, റെഡ് ഹൗസ് രണ്ടാമത്. മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരവും ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ അംഗീകൃത പരിശീലകനുമായ ബിനീഷ് കിരൺ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് അഡ്വ. ജോ ജോർജ്ജ് അധ്യക്ഷത വഹിച്ചു. മാനേജർ ഫാ. രാജു അഗസ്റ്റിൻ, പ്രിൻസിപ്പാൾ സി കെ മനോജ് കുമാർ, ഹെഡ്‍മാസ്റ്റർ ഫാ. ടോംസൻ ആന്റണി എന്നിവർ സംസാരിച്ചു.

കായികാധ്യാപകരായ കപിൽ സെബാസ്റ്റ്യൻ, ജിതിൻ റോഷൻ, സ്റ്റാഫ് സെക്രട്ടറി പി കെ അഫ്ര അബ്ദുള്ള എന്നിവർ നേതൃത്വം നൽകി.

കോസ്റ്റൽ ക്ലീനപ്പ് - പങ്കാളികളായി സെന്റ് മൈക്കിൾസ്

കോസ്റ്റൽ ക്ലീനപ്പ് ക്യാമ്പയിന്റെ ഭാഗമായി ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് കേരളത്തിലുടനീളം നടത്തുന്ന കോസ്റ്റൽ ക്ലീനിംഗ് പ്രവർത്തനത്തിൽ പയ്യാമ്പലത്ത് വച്ച് നടന്ന ശുചീകരണത്തിൽ നമ്മുടെ വിദ്യാലയത്തിലെ സ്കൗട്ട്സ് പങ്കാളികളായി.

ബോക്സിംഗിൽ വീണ്ടും സ്വർണ്ണം നേടി റിതിൻ രാജ്

കണ്ണൂർ റവന്യൂ ജില്ലാതല സ്കൂൾ ഗെയിംസ് ജൂനിയർ ആൺകുട്ടികളുടെ 50 കി. ഗ്രാം ബോക്സിംഗ് ഇനത്തിൽ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി റിതിൻ രാജ് ഒന്നാം സ്ഥാനം നേടി ചാമ്പ്യനായി.

കണ്ണൂർ താലൂക്ക് വായനോത്സവം - നേട്ടവുമായി സെന്റ് മൈക്കിൾസ്

കേരള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യർത്ഥികൾക്കായി സംഘടിപ്പിക്കുന്ന വായനോത്സവത്തിൽ കണ്ണൂർ താലൂക്ക്തല മത്സരത്തിൽ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി അമൻ എൽ ബിനോയ് - ക്ക് മൂന്നാം സ്ഥാനം.

ഉപജില്ലാ ഹോക്കി - കിരീടം ചൂടി സെന്റ് മൈക്കിൾസ്

കണ്ണൂർ നോർത്ത് ഉപജില്ലാതല സ്കൂൾ ഗെയിംസ് ആൺകുട്ടികളുടെ അണ്ടർ 17 ഹോക്കി കിരീടം സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിന്.

ത്വയ്ക്കൊണ്ടോ സ്വർണ്ണ മെഡൽ നേടി ജിയ

കണ്ണൂർ റവന്യൂ ജില്ലാതല സ്കൂൾ ഗെയിംസ് സീനിയർ പെൺകുട്ടികളുടെ ത്വയ്ക്കൊണ്ടോ (63 കി. ഗ്രാം) ഇനത്തിൽ പ്ലസ് ടു വിദ്യാർത്ഥി ജിയ സ്വർണ്ണ മെഡൽ നേടി.

ത്വയ്ക്കൊണ്ടോ വെള്ളി മെഡൽ നേടി അഞ്ജന അജിത്

കണ്ണൂർ റവന്യൂ ജില്ലാതല സ്കൂൾ ഗെയിംസ് സീനിയർ പെൺകുട്ടികളുടെ ത്വയ്ക്കൊണ്ടോ (42 കി. ഗ്രാം) ഇനത്തിൽ അഞ്ജന അജിത്ത് വെള്ളി മെഡൽ നേടി.

ത്വയ്ക്കൊണ്ടോ വെള്ളി മെഡൽ നേടി ശ്രീഹരി

കണ്ണൂർ റവന്യൂ ജില്ലാതല സ്കൂൾ ഗെയിംസ് സബ് ജൂനിയർ ആൺകുട്ടികളുടെ ത്വയ്ക്കൊണ്ടോ (35 കി. ഗ്രാം) ഇനത്തിൽ ശ്രീഹരി കെ വെള്ളി മെഡൽ നേടി.

കായികമേളയുടെ കാഹളമുയർത്തി ക്രോസ് കൺട്രി മത്സരം

വാർഷിക കായികമേളയ്ക്ക് മുന്നോടിയായി ക്രോസ് കൺട്രി മത്സരം സംഘടിപ്പിച്ചു. വിദ്യാലയത്തിൽ നിന്നാരംഭിച്ച് ആർമി പബ്ലിക് സ്കൂൾ - സെന്റ് തെരേസാസ് സ്കൂൾ - ബേബി ബീച്ച് - പയ്യാമ്പലം - എസ് എൻ പാർക്ക് - നാലാം പീടിക - ഒണ്ടേൻ റോഡ് വഴി വിദ്യാലയത്തിൽ സമാപിച്ചു.

നിർമൽ കെ, യതിൻ വിനോദ്, അഡോൺ ജോൺ സെബാസ്റ്റ്യൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

മയ്യഴി സ്വാതി സംസ്കൃത ക്രോസ് കൺട്രി മത്സരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ സാന്നിധ്യമായി.

ബോക്സിംഗ് - വെള്ളി മെഡൽ നേട്ടവുമായി പ്രണവ് കെ

കണ്ണൂർ നോർത്ത് ഉപജില്ലാതല സ്കൂൾ ഗെയിംസ് സീനിയർ ആൺകുട്ടികളുടെ 52 കി. ഗ്രാം ബോക്സിംഗ് ഇനത്തിൽ പ്ലസ് ടു ബയോളജിക്കൽ സയൻസ് വിദ്യാർത്ഥി പ്രണവ് കെ വെള്ളി മെഡൽ നേടി.

ബോക്സിംഗിൽ നേട്ടവുമായി റിതിൻ രാജ്

കണ്ണൂർ നോർത്ത് ഉപജില്ലാതല സ്കൂൾ ഗെയിംസ് ജൂനിയർ ആൺകുട്ടികളുടെ 50 കി. ഗ്രാം ബോക്സിംഗ് ഇനത്തിൽ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി റിതിൻ രാജ് ചാമ്പ്യനായി.

പി ടി എ ജനറൽ ബോഡി യോഗം

അധ്യാപക രക്ഷാകർത്തൃ സമിതി വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് അഡ്വ. ജോ ജോർജ്ജ്, മാനേജർ ഫാ. രാജു അഗസ്റ്റിൻ, പ്രിൻസിപ്പാൾ സി കെ മനോജ് കുമാർ, ഹെഡ്‍മാസ്റ്റർ ഫാ. ടോംസൻ ആന്റണി എന്നിവർ സംസാരിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിലെ വാർഷിക പരീക്ഷയിൽ 90 ശതമാനത്തിലേറെ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് പ്രൊവിഷ്യൻസി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഹിന്ദി ദിനാചരണം

ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ഹിന്ദി അസംബ്ലി സംഘചിപ്പിച്ചു. അധ്യാപകരായ ദീപ കരോളിൻ ജോസ്, സിജോ ജോസ്, എ സബിന എന്നിവർ നേതൃത്വം നല‍കി.

ഉപജില്ലാതല സാഹിത്യ സെമിനാർ - ഒന്നാമതെത്തി അമൻ എൽ ബിനോയ്

വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന എം ടിയുടെ മഞ്ഞ് - സാഹിത്യ സെമിനാറിൽ കണ്ണൂർ നോർത്ത് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അമൻ എൽ ബിനോയ്. റവന്യൂ ജില്ലാതലത്തിൽ നടക്കുന്ന സെമിനാറിൽ കണ്ണൂർ നോർത്ത് ഉപജില്ലയെ പ്രതിനിധീകരിച്ച് അമൻ എൽ ബിനോയ് പങ്കെടുക്കും.

ഡ്രാഗൺ ഫ്രൂട്ട് കൃഷിയുമായി സെൻ്റ് മൈക്കിൾസിലെ എൻ എസ് എസ് യൂണിറ്റ്

പോഷകസമ്പുഷ്ടവും രുചികരവുമായ വിദേശ ഫലം ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് കണ്ണ് സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. വിദ്യാലയത്തിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് കൃഷിക്ക് തുടക്കമിട്ടത്. കൃഷി അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ ജേക്കബ് തോമസ് തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രശസ്ത ഡ്രാഗൺ ഫ്രൂട്ട് കർഷകനായ ജീവൻ അഴീക്കൽ കൃഷി രീതികളെ കുറിച്ച് കുട്ടികളോട് സംവദിച്ചു. പ്രിൻസിപ്പൽ സി കെ മനോജ് കുമാർ, പ്രോഗ്രാം ഓഫീസർ ടോണി സെബാസ്റ്റ്യൻ, ഫാ. ബാസ്റ്റിൻ ജോസ് എന്നിവർ സംസാരിച്ചു. വളണ്ടിയർ ലീഡർ എസ് അഖില സ്വാഗതവും എസ് ബി ശ്രീനന്ദ നന്ദിയും പറഞ്ഞു.

അരങ്ങുവാണ് നളനും ഹംസവും, നവ്യാനുഭവമായി രാജകീയം കഥകളി പാഠശാല

പാഠപുസ്തകങ്ങളിൽ കണ്ടും ക്ലാസ്സ് മുറികളിൽ കേട്ടും മാത്രം പരിചയിച്ച കഥകളി വേഷങ്ങൾ വാദ്യങ്ങളുടെയും സംഗീതത്തിന്റെയും അകമ്പടിയോടെ അരങ്ങുവാണപ്പോൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും അത് നവ്യാനുഭവമായി. കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയും മലയാളം അധ്യാപക കൂട്ടായ്മയും ചേർന്ന് തളിപ്പറമ്പ് കഥകളി പഠനകേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രാജകീയം കഥകളി പാഠശാലയും അവതരണവുമാണ് നേരനുഭവമായത്. പത്താം ക്ലാസ്സ് കേരളപാഠാവലിയിലെ ഉണ്ണായിവാര്യരുടെ നളചരിതം ഒന്നാം ദിവസം എന്ന പാഠഭാഗത്തിന്റെ അവതരണത്തിൽ പച്ച വേഷത്തിൽ നളനും തേപ്പ് വേഷത്തിൽ ഹംസവും അരങ്ങത്തെത്തി. കഥകളിയുടെ ചരിത്രം, കഥകളിയിലെ വേഷങ്ങൾ, അഭിനയരീതികൾ, വാദ്യങ്ങൾ, ചടങ്ങുകൾ എന്നിവയെ പരിചയപ്പെടുത്തുന്ന പാഠശാലയ്ക്കും അവതരണത്തിനും കഥകളി കേന്ദ്രം ചെയർമാൻ കഥകളി കേന്ദ്രം കൃഷ്ണകുമാർ, പീശപ്പള്ളി രാജീവൻ എന്നിവർ നേതൃത്വം നൽകി. നളനായി കോട്ടക്കൽ സുധീർ, ഹംസമായി കലാമണ്ഡലം ആദിത്യൻ എന്നിവർ അരങ്ങിലെത്തി. സാരംഗ് പുല്ലൂർ, നിരഞ്ജൻ മോഹൻ (പാട്ട്), കോട്ടക്കൽ രമേശൻ (മദ്ദളം), കലാനിലയം സജിത്ത് പണിക്കർ (ചെണ്ട), കലാനിലയം പത്മനാഭൻ (ചുട്ടി), ടി എം പ്രേംനാഥ്, കഥകളി കേന്ദ്രം വൈശാഖ്, കഥകളി കേന്ദ്രം എ ദേവജിത്ത് (അണിയറ) എന്നിവരും രാജകീയത്തിൻ്റെ ഭാഗമായി. ഹെഡ്മാസ്റ്റർ ഫാ. ടോംസൻ ആന്റണി, എ സജിത്ത് എന്നിവർ സംസാരിച്ചു . വീണ വി നമ്പ്യാർ, വി വൈശാഖ്, കെ റഷീദ് കുമാർ, എ സബിന, ടി വി ലിലിയ മോൾ, പ്രിയ കണ്ടിയത്ത് എന്നിവർ നേതൃത്വം നൽകി.

ശാസ്ത്ര ക്വിസ് - ഒന്നാം സ്ഥാനം നേടി സെന്റ് മൈക്കിൾസ്

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, കണ്ണൂർ അസംബ്ലി നിയോജക മണ്ഡലം തലത്തിൽ സംഘടിപ്പിച്ച ശാസ്ത്ര ക്വിസിൽ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിലെ അമൻ എൽ ബിനോയ്, ധനുർവേദ് രാജേഷ് എന്നിവരടങ്ങിയ ടീം ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.

ദേശീയ ഗ്രേപ്ലിങ് ചാമ്പ്യൻഷിപ്പ് - ഉജ്ജ്വലനേട്ടവുമായി സെന്റ് മൈക്കിൾസ്

ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ നടന്ന 5-ാമത് ദേശീയ ഗ്രേപ്ലിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മെഡൽ നേടിയവരിൽ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ കായികതാരങ്ങളും.

കേരളത്തിനായി ആൺകുട്ടികളുടെ വിത്ത് ഗി, വിത്തൗട്ട് ഗി വിഭാഗങ്ങളിലാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ ആഷ്‍ലി ജോൺ പി (2 സ്വർണ്ണം), അലൻ സി ജോസ് (1 സ്വർണ്ണം, 1 വെള്ളി), ആദിദേവ് പി (2 വെള്ളി), അമേഗ് ടി കെ (1 വെള്ളി, 1 വെങ്കലം), ആൽഡ്രിൻ ജെ മെൻഡോസ (1 വെങ്കലം), അലോഷ്യസ് ‍സാൽവദോർ മെൻഡോസ (1 വെങ്കലം), കെസ്റ്റർ തോമസ് കുറിച്ചിയിൽ (1 വെങ്കലം), ബെസ്റ്റർ ജോസഫ് കുറിച്ചിയിൽ (1 വെങ്കലം) എന്നിവർ മെഡലുകൾ നേടിയത്.

അനീതികൾക്കെതിരെയുള്ള ആയുധമാണ് കവിത: മുരുകൻ കാട്ടാക്കട

അനീതികൾക്കെതിരെയുള്ള ആയുധമാണ് കവിതയെന്നും സമൂഹത്തെ നവീകരിക്കുന്നതിന് കവിതയാകുന്ന ആയുധം ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്നും കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട. കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വായനാനന്ദം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കവിയോടൊപ്പം സർഗസംവാദം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ ഫാ. രാജു അഗസ്റ്റിൻ, ഫാ. ബാസ്‌റ്റിൻ ജോസ്, വീണ വി നമ്പ്യാർ എന്നിവർ സംസാരിച്ചു. വി വൈശാഖ് മോഡറേറ്ററായിരുന്നു. എ സജിത്ത് സ്വാഗതവും കെ റഷീദ് കുമാർ നന്ദിയും പറഞ്ഞു.

ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു

കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ 2025 -26 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാ. രാജു അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഫാ. ടോംസൻ ആന്റണി, സ്കൂൾ ലീഡർ ജിതിൻ ജോസഫ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ സി കെ മനോജ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി കെ അഫ്ര അബ്ദുള്ള നന്ദിയും പറഞ്ഞു.

ക്ലബ്ബ് ഭാരവാഹികൾ

കുട്ടികളുടെ മാതൃകകൾ പൊതുവേദിയിൽ എത്തിക്കാൻ ഗ്രീൻ ഇനിഷ്യേറ്റീവ്

കണ്ണൂർ ജില്ലയിലെ ഹരിത ശുചിത്വ പ്രവർത്തനങ്ങളിൽ കുട്ടികളെ കേന്ദ്രീകരിച്ചും കുട്ടികളുടെ നേതൃത്വത്തിൽ നടന്നതുമായ പ്രവർത്തനങ്ങളെ പൊതുജനസമക്ഷം കൊമ്ടുവരുന്നതിനായി ഗ്രീൻ ഇനിഷ്യേറ്റീവ് പരിപാടിയിൽ ഒമ്പതാം തരം വിദ്യാർത്ഥി അമൻ എൽ ബിനോയ് പങ്കെടുത്തു. കുട്ടികളിൽ നിന്ന് പകർത്താം കുട്ടികളെ മാതൃകയാക്കാം എന്നസന്ദേശം മുൻനിർത്തി ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, വിദ്യാഭ്യാസ വകുപ്പ്, വിദ്യാകിരണം മിഷൻ, മോർ സംഘടന എന്നിവ ചേർന്നാണ് ഗ്രീൻ ഇനിഷ്യേറ്റീവ് സംഘടിപ്പിച്ചത്. വിദ്യാലയത്തിൽ നടന്നുവരുന്ന ഹരിത-ശുചിത്വവത്ക്കരണ പ്രവർത്തനങ്ങളെക്കുറിച്ചും വളപട്ടണം പ‍ഞ്ചായത്ത് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഗ്രീൻ ഇനീഷ്യേറ്റീവ് പ്രവർത്തനങ്ങളെക്കുറിച്ചും അമൻ എൽ ബിനോയ് വിശദീകരിച്ചു. പങ്കെടുത്ത കുട്ടികൾക്കുള്ള സാക്ഷ്യപത്രം കളക്ടർ അരുൺ കെ വിജയൻ സമ്മാനിച്ചു.

പ്രേംചന്ദ് ദിനാചരണം

പ്രേംചന്ദ് ദിനാചരണത്തിന്റെ ഭാഗമായി മഹാകവി മുൻഷി പ്രേംചന്ദിന്റെ സാഹിത്യ സംഭാവനകളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്താനുതകുന്ന വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. യു പി വിഭാഗത്തിന് ക്വിസ് മത്സരം, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രേചന്ദ് സാഹിത്യവും സമൂഹവും എന്ന വിഷയത്തിൽ പ്രസംഗ മത്സരവും സംഘടിപ്പിച്ചു. ആദിൽ അഭിലാഷ്, മുഹമ്മദ് നൂർ എന്നിവർ വിജയികളായി. ഹിന്ദി അധ്യാപകരായ ദീപ കരോളിൻ ജോസ്, സിജോ ജോസ്, എ സബിന എന്നിവർ നേതൃത്വം നല്കി.

വിദ്യാരംഗം കണ്ണൂർ നോർത്ത് ഉപജില്ല - പ്രവർത്തന മികവ് -തുടർച്ചയായി നാലാം തവണയും സെന്റ് മൈക്കിൾസ്

കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തന മികവിന് ഏർപ്പെടുത്തിയ മികവ് പുരസ്കാരം ഹൈസ്കൂൾ വിഭാഗത്തിൽ തുടർച്ചയായ നാലാം വർഷവും സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. ഹെഡ്മാസ്റ്റർ ഫാ. ടോംസൻ ആന്റണി, വിദ്യാരംഗം കോർഡിനേറ്റർ വീണ വി നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിൽ 2024 - 25 അധ്യയനവർഷം സംഘടിപ്പിച്ച വൈവിധ്യമാർന്ന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം കരസ്ഥമാക്കിയത്.

രാജകീയം - കഥകളി പാഠശാലയും അവതരണവും ആഗസ്റ്റ് 9 ശനിയാഴ്ച്ച

കണ്ണൂർ സെന്റ് മൈക്കിൾ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി മലയാളം അധ്യാപക കൂട്ടായ്മയുമായി ചേർന്ന് ആഗസ്ത് 9 ശനിയാഴ്ച രാവിലെ 9.30 മുതൽ തളിപ്പറമ്പ് കഥകളി പഠനകേന്ദ്രത്തിന്റെ സഹകരണത്തോടെ രാജകീയം എന്ന പേരിൽ കഥകളി പാഠശാലയും അവതരണവും സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്സ് കേരളപാഠാവലിയിലെ ഉണ്ണായിവാര്യരുടെ നളചരിതം ഒന്നാം ദിവസം എന്ന പാഠഭാഗത്തിന്റെ അവതരണം ആണ് നടക്കുക. കഥകളിയുടെ ചരിത്രം, കഥകളിയിലെ വേഷങ്ങൾ, അഭിനയരീതികൾ, വാദ്യങ്ങൾ, ചടങ്ങുകൾ എന്നിങ്ങനെ കഥകളിയെക്കുറിച്ച് അറിയേണ്ടതെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഈ മേഖലയിൽ വിദഗ്ധരായ വ്യക്തികൾ നയിക്കുന്ന പാഠശാലയും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പാഠശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. 9074492811, 7012333162

Hands on Science - ഏകദിന ശില്പശാല സംഘടിപ്പിച്ചു

കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ Hands on Science - ഏകദിന ശില്പശാല സംഘടിപ്പിച്ചു. ശാസ്ത്രപ്രചാരകരും വിദഗ്ദരുമായ അനീഷ് നിലമ്പൂർ, ഇ വി ടോമി എന്നിവർ പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശില്പശാല നയിച്ചു. അധ്യപകരായ ടി പി അനീഷ്, വർഗീസ് ചാക്കോ, ജോർജ്ജ് റോഷൻ പി എന്നിവർ നേതൃത്വം നല്കുി. 7, 8, 9 ക്ലാസ്സുകളിലെ നൂറോളം വിദ്യാർത്ഥികൾ ശില്പശാലയിൽ പങ്കുചേർന്നു.

Hands on Science - ഏകദിന ശില്പശാല, ആഗസ്ത് 2 ന്

കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഗസ്ത് 2 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ Hands on Science - ഏകദിന ശില്പശാല സംഘടിപ്പിക്കും. ശാസ്ത്രപ്രചാരകരും വിദഗ്ദരുമായ അനീഷ് നിലമ്പൂർ, ഇ വി ടോമി എന്നിവർ നേതൃത്വം നല്കും.

മുരുകൻ കാട്ടാക്കടയുമായി സർഗസംവാദം

കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വായനാനന്ദം പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് നാലിന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയുമായി സർഗസംവാദം പരിപാടി സംഘടിപ്പിക്കുന്നു. കണ്ണൂർ നോർത്ത് ഉപജില്ലയിലെ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾ താഴെപ്പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. 9074492811 7012333162

ക്ലബ്ബുകളുടെ ഉദ്ഘാടനം

സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ആഗസ്ത് 4 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട നിർവ്വഹിക്കും. മാനേജർ ഫാ. രാജു അഗസ്റ്റിൻ അധ്യക്ഷത വഹിക്കും.

കണ്ണൂർ നോർത്ത് ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി - പ്രവർത്തനോദ്ഘാടനം

കണ്ണൂർ നോർത്ത് ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനം, പ്രവർത്തന മികവ് പുരസ്കാര വിതരണം, കയ്യെഴുത്തു മാസിക സമ്മാനദാനം, സംഗീതാസ്വാദന ശില്പശാല, മാപ്പിളപ്പാട്ട് ശില്പശാല, പുസ്തകാസ്വാദന ശില്പശാല എന്നിവ *കേളികൊട്ട്* എന്ന പേരിൽ സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.

കൗൺസിലർ കെ സുരേഷ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇബ്രാഹിം രയരോത്ത്, ഡയറ്റ് ഫാക്കൽറ്റി എ ഷാജീവ്, ബി പി സി കെ സി സുധീർ, ജസ്റ്റിൻ ജയകുമാർ, പിടിഎ പ്രസിഡൻ്റ് അഡ്വ. ജോ ജോർജ്ജ്, മദർ പിടിഎ പ്രസിഡൻ്റ് കദീജ ഹുമയൂൺ, വിവിധ അധ്യാപക സംഘടന പ്രതിനിധികളായ മഹേഷ് ചെറിയാണ്ടി, കെ പി മനോജ് കുമാർ, മുഹമ്മദ് റാസി, സി എം നൗഷാദ്, എം അഷറഫ്, കെ കെ എം അഷറഫ്, രാജിത്ത് കുളവയൽ, വിദ്യാരംഗം ജില്ലാ പ്രതിനിധി സി പി അഭിലാഷ് എന്നിവർ സംസാരിച്ചു.

സംഗീതാസ്വാദന, മാപ്പിളപ്പാട്ട്, പുസ്തകാസ്വാദന ശില്പശാലകൾക്ക് യഥാക്രമം ജെനീഷ് ജോൺ, സുഹൈൽ ബ്ലാത്തൂർ, ടി പി നിഷാറാണി എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ഫാ. ടോംസൻ ആന്റണി സ്വാഗതവും ഉപജില്ലാ കോർഡിനേറ്റർ കെ വിജയശ്രീ നന്ദിയും പറഞ്ഞു.

കണ്ണൂർ നോർത്ത് ഉപജില്ലയിലെ 90 ഓളം വിദ്യാലയങ്ങളിൽ നിന്നായി 300 - ലേറെ വിദ്യാർത്ഥികളും നൂറിലേറെ അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. 2024-25 അധ്യയന വർഷത്തിലെ പ്രവർത്തന മികവ് പുരസ്കാരങ്ങൾ വിതരണം ചെയ്തു.

LP വിഭാഗം ഒന്നാം സ്ഥാനം വെള്ളൂരില്ലം എൽ പി സ്കൂൾ

രണ്ടാം സ്ഥാനം മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ

മൂന്നാം സ്ഥാനം പുറവൂർ എ എൽ പി സ്കൂൾ

UP വിഭാഗം ഒന്നാം സ്ഥാനം തിലാന്നൂർ യു പി സ്കൂൾ രണ്ടാം സ്ഥാനം മൗവ്വഞ്ചേരി യു പി സ്കൂൾ മൂന്നാം സ്ഥാനം ഗൗരിവിലാസം യു പി സ്കൂൾ

HS വിഭാഗം ഒന്നാം സ്ഥാനം സെന്റ് മൈക്കിൾസ് AIHSS കണ്ണൂർ

രണ്ടാം സ്ഥാനം സെന്റ് ട്രീസാസ് AIHSS കണ്ണൂർ മൂന്നാം സ്ഥാനം ദീനുൽ ഇസ്ലാം സഭ ഗേൾസ് HSS കണ്ണൂർ

സ്റ്റുഡന്റ്സ് കൗൺസിൽ ഭാരവാഹികൾ ചുമതലയേറ്റു

2025 - 26 അധ്യയന വർഷത്തേക്കുള്ള സ്റ്റുഡന്റ്സ് കൗൺസിൽ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. പ്രിൻസിപ്പാൾ സി കെ മനോജ് കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു.

സ്കൂൾ ലീഡർ - ജിതിൻ ജോസഫ്

അസി. സ്കൂൾ ലീഡർ - ജീവൻ ജെയിംസ്

ഫൈൻ ആർട്സ് സെക്രട്ടറി - ദേവിക എൻ പി

ജോ. ഫൈൻ ആർട്സ് സെക്രട്ടറി - അദ്വൈത് രമേഷ് കെ വി

ജനറൽ ക്യാപ്റ്റൻ - ജോഷ്വ എം ഫിലിപ്പ്

വൈസ് ക്യാപ്റ്റൻ - ഹർഷിത് സുനിൽ

സംഘാടക സമിതി രൂപീകരിച്ചു

കണ്ണൂർ നോർത്ത് ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2025 - 26 വർഷത്തെ പ്രവർത്തനോദ്ഘാടനം - സംഘാടക സമിതി രൂപീകരണ യോഗം കണ്ണൂർ സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇബ്രാഹിം രയരോത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സി കെ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡൻ്റ് അഡ്വ. ജോ ജോർജ്ജ്, ഹെഡ്മാസ്റ്റർ ഫോറം സെക്രട്ടറി ജസ്റ്റിൻ ജയകുമാർ, വിവിധ അധ്യാപക സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഉപജില്ലാ കോർഡിനേറ്റർ കെ വിജയശ്രീ സ്വാഗതവും എ സജിത്ത് നന്ദിയും പറഞ്ഞു.


സ്റ്റുഡന്റ്സ് കൗൺസിൽ 2025

സ്കൂൾ സ്റ്റുഡന്റ്സ് കൗൺസിൽ ഇലക്ഷൻ നടന്നു.

*സ്കൂൾ ലീഡർ - ജിതിൻ ജോസഫ് (XII Biology)

*അസി. സ്കൂൾ ലീഡർ - ജീവൻ ജെയിംസ് (XA)

*ഫൈൻ ആർട്സ് സെക്രട്ടറി - ദേവിക എൻ പി (XII Commerce)

*ജോ. ഫൈൻ ആർട്സ് സെക്രട്ടറി - അദ്വൈത് രമേഷ് കെ വി (XB)

*ജനറൽ ക്യാപ്റ്റൻ - ജോഷ്വ എം ഫിലിപ്പ് (XII Biology)

*വൈസ് ക്യാപ്റ്റൻ - ഹർഷിത് സുനിൽ (XC)

മണ്ണേ നമ്പി - പത്രമാധ്യമങ്ങളിലൂടെ..

മണ്ണറിഞ്ഞ് മണ്ണിനെ അറിഞ്ഞ് മണ്ണേ നമ്പി കാർഷിക പാഠശാല

ക്ലാസ് മുറിയുടെ നാല് ചുമരുകൾക്കപ്പുറത്ത് പാഠപുസ്തകങ്ങളുടെ സാങ്കേതികതകൾക്കപ്പുറത്ത് മണ്ണിനെയും കൃഷിയെയും അറിഞ്ഞ് ഒരു കൂട്ടം വിദ്യാർത്ഥികൾ. കണ്ണൂർ സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി കാർഷിക ക്ലബ്ബുമായി ചേർന്നാണ് മയ്യിൽ മേച്ചേരി വയലിൽ ഏകദിന കാർഷിക പാഠശാല സംഘടിപ്പിച്ചത്. മേച്ചേരി പാടശേഖരസമിതി അംഗങ്ങളും മയ്യിൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരും അവർക്ക് കൂട്ടായി എത്തിയപ്പോൾ മണ്ണിനെയും കൃഷിയെയും മഴയെയും നാട്ടു നന്മകളെയും പരിചയപ്പെടാനുള്ള അപൂർവ്വ അവസരമായി അതുമാറി. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം വി അജിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എം രവി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രഥമ ഷാജൂ പനയൻ സ്മാരക പുരസ്ക്കാര ജേതാവ്, നാട്ടിപാട്ട് കലാകാരി പയ്യാടകത്ത് ദേവി നാട്ടിപ്പാട്ടുകളും കർഷക പുരസ്കാര ജേതാക്കളായ പി വി കാർത്ത്യായനി, ലക്ഷ്മണൻ കുന്നുമ്പ്രത്ത് എന്നിവർ കൃഷി അനുഭവങ്ങളും അറിവുകളും കുട്ടികളുമായി പങ്കുവെച്ചു. നാട്ടറിവ് പാട്ടുകൾക്ക് നാട്ടുകലാകാരക്കൂട്ടം ജില്ലാ പ്രസിഡണ്ട് കുട്ടാപ്പു കതിരൂർ, പ്രജീഷ് കുറ്റ്യാട്ടൂർ, അഭി മുഴപ്പിലങ്ങാട് എന്നിവർ നേതൃത്വം നൽകി. വയൽ നടത്തം, സൊറവരമ്പ്, നിലമൊരുക്കൽ, ഞാറുനടീൽ, ചെളിയുത്സവം, കപ്പേം കാപ്പീം, കഞ്ഞിയും പുഴുക്കും എന്നിവയും പാഠശാലയുടെ ഭാഗമായി ഒരുക്കിയിരുന്നു. കണ്ണൂർ നഗര ഹൃദയത്തിലെ വിദ്യാലയത്തിൽ നിന്നും 57 വിദ്യാർഥികളും 3 അധ്യാപകരും 5 രക്ഷിതാക്കളും അടങ്ങുന്ന സംഘമാണ് മണ്ണേ നമ്പി പാഠശാലയിൽ പങ്കെടുത്തത്.

സാംസ്കാരിക പ്രവർത്തകൻ രാധാകൃഷ്ണൻ മാണിക്കോത്ത്, അധ്യാപകരായ ഫാ. ബാസ്റ്റിൻ ജോസ്, ഫാ. സ്റ്റീവൻസൻ പോൾ, എ സജിത്ത് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ അമൻ എൽ ബിനോയ്, സൂര്യദേവ് രാജേഷ്, പി അർജുൻ, ശ്രാവൺ ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.

നല്ല പാഠം - ജില്ലാതല പുരസ്കാരം ഏറ്റുവാങ്ങി

നല്ല പാഠം പ്രവർത്തനങ്ങൾക്ക് കണ്ണൂർ ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിന് വേണ്ടി നല്ലപാഠം കോർഡിനേറ്റർമാരായ സലൂജ ഗ്ലാറ്റ്യൂസ്, ലിസി ആന്റണി, വിദ്യാർത്ഥികളായ ആരോൺ ജോസൻ, ഇനാൻ സിയാദ് എന്നിവർ സിറ്റി പോലീസ് കമ്മീഷണർ പി നിധിൻരാജ് ഐപിഎസ് - ൽ നിന്നും ഏറ്റുവാങ്ങി.

മൈക്കിൾസ് '64 - സംസ്ഥാനതല ചെസ് ടൂർണ്ണമെന്റ് - സീസൺ 5 സമാപിച്ചു

കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന അഞ്ചാമത് ഓൾ കേരള ചെസ്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. എൽ കെ ജി മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി മൂന്ന് കാറ്റഗറികളിലായി (LKG to Std. IV, Std. V to VII, Std. VIII to XII) തിരിച്ചാണ് മൽസരം നടന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറ്റമ്പതോളം വിദ്യാലയങ്ങളിൽ നിന്നായി നാനൂറിലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് ആകെ ഒന്നര ലക്ഷത്തിലധികം രൂപയുടെ കാഷ് അവാർഡുകളും ട്രോഫികളും മെഡലുകളും സമ്മാനമായി നൽകി. വിജയികൾ കാറ്റഗറി ഒന്ന് 1. നെയ്തൽ ഡി അൻസേര (മാതാ സ്കൂൾ, കൊല്ലം) 2. ദേവദർശ് ശ്രീരാജ് (സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം, ചിറ്റാരിക്കാൽ) 3. പ്രവിഷ്നവ് സി പി (ക്രസന്റ് പബ്ലിക് സ്കൂൾ, പനമരം, വയനാട്) കാറ്റഗറി രണ്ട് 1. അഥിരഥ് ടി (എസ് എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ, കൊല്ലം) 2. റിഷിക് ആർ (ന്യൂ യു പി സ്കൂൾ കല്ലൂർ, മട്ടന്നൂർ) 3. സിദ്ധാർത്ഥ് മനോജ് (ഗവ. യു പി സ്കൂൾ, നാദാപുരം) കാറ്റഗറി മൂന്ന് 1. അദ്വൈത് ദർശൻ ബി (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പുത്തൂർ, വടകര) 2. സാവന്ത് കൃഷ്ണൻ ആർ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, രാമന്തളി) 3. അനുരാഗ് എം എസ് (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മീനങ്ങാടി, വയനാട്) കണ്ണൂർ ജില്ലാ പോലീസ് മേധാവി പി നിധിൻരാജ് IPS ഉദ്ഘാടനം ചെയതു. മാനേജർ ഫാ. രാജു അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് അഡ്വ. ജോ ജോർജ്ജ്, മദർ പി ടി എ പ്രസിഡണ്ട് കദീജ ഹുമയൂൺ എന്നിവർ സംസാരിച്ചു. ഫാ. സ്റ്റീവൻസൻ സ്വാഗതവും പി കെ അഫ്ര അബ്ദുള്ള നന്ദിയും പറഞ്ഞു. ഫാ. ബാസ്റ്റിൻ ജോസ്, ടോണി സെബാസ്റ്റ്യൻ, കപിൽ സെബാസ്റ്റ്യൻ, ബിനോജ് പി ജെയിംസ്, സിജോ ജോസ് എന്നിവർ നേതൃത്വം നല്കി.

ജില്ലാ ആശുപത്രിയിൽ വായനാമൂലയൊരുക്കി നല്ലപാഠം കൂട്ടുകാർ

നല്ല ചിന്തയ്ക്ക് വായന, ആരോഗ്യത്തിന് വൃക്ക; രണ്ടും സംരക്ഷിക്കാം എന്ന സന്ദേശവുമായി ഡയാലിസിസ് സെന്ററിലെ മുഷിപ്പിക്കുന്ന കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ നല്ലപാഠം യൂണിറ്റ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ വായനാമൂല ഒരുക്കി. ആശുപത്രി സൂപ്രണ്ട് ഡോ. എം കെ ഷാജ് വായനാമൂലയുടെ ഉദ്ഘാടനം നിർവഹിച്ചു. നഴ്സിംഗ് സൂപ്രണ്ടുമാരായ തനൂജ, ശാന്ത എന്നിവർ പങ്കെടുത്തു. നല്ല പാഠം കോർഡിനേറ്റർമാരായ സലൂജ ഗ്ലാട്ട്യൂസ്, ലിസി ആന്റണി എന്നിവർ നേതൃത്വം നൽകി.

മണ്ണേ നമ്പി ഏകദിന കാർഷിക പാഠശാല ജൂലൈ 13 ന്

കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി, കാർഷിക ക്ലബ്ബുമായി ചേർന്ന് ജൂലൈ 13, ഞായറാഴ്ച്ച മയ്യിൽ കയരളം മൊട്ടയ്ക്ക് സമീപം മേച്ചേരി വയലിൽ ഏകദിന കാർഷിക പാഠശാല സംഘടിപ്പിക്കും. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം വി അജിത ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് അംഗം എം രവി മാസ്റ്റർ അധ്യക്ഷത വഹിക്കും. പ്രഥമ ഷാജൂ പനയൻ സ്മാരക പുരസ്ക്കാര ജേതാവും നാട്ടിപ്പാട്ട് കലാകാരിയുമായ പയ്യാടകത്ത് ദേവി, കർഷക പുരസ്കാര ജേതാക്കളായ പി വി കാർത്ത്യായനി, ലക്ഷ്മണൻ കുന്നുമ്പ്രത്ത് എന്നിവർ പങ്കെടുക്കും. മേച്ചേരി പാടശേഖരത്തിന്റെയും മയ്യിൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെയും സഹകരണത്തോടെ നടക്കുന്ന പരിപാടിയിൽ കൃഷി അറിവുകൾ, വയൽ നടത്തം, സൊറവരമ്പ്, കൃഷിപ്പാട്ടുകൾ, നാട്ടറിവുപാട്ടുകൾ, നിലമൊരുക്കൽ, ഞാറുനടീൽ, ചെളിയുത്സവം, കപ്പേം കാപ്പീം, കഞ്ഞീം പുഴുക്കും എന്നിവ ഉണ്ടാകും.

പേ വിഷബാധ - ബോധവത്ക്കരണ ക്ലാസ്

യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായി പേ വിഷബാധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. റാബീസ് മിഷൻ എജുക്കേഷൻ ഓഫീസർ ബിജു ആന്റണി ക്ലാസ് നയിച്ചു.

നല്ലപാഠം - മണി ബോക്സുകൾ നൽകി

2025-2026 നല്ല പാഠം ഫണ്ട് ശേഖരണാർത്ഥം ഓരോ ഡിവിഷനുകളിലും മണി ബോക്സ് നൽകി. സ്റ്റാഫ് സെക്രട്ടറി ആഫ്ര അബ്ദുല്ല ഒന്നാം ക്ലാസിലെ അധ്യാപികയായ നീതു സുരേന്ദ്രന് മണി ബോക്സ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ കൃഷിത്തോട്ടം സന്ദർശിച്ച് വിദ്യാർത്ഥികൾ

കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യു പി വിഭാഗം വിദ്യാർത്ഥികൾക്കായി പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കരിമ്പത്തെ ജില്ലാ കൃഷിത്തോട്ടത്തിലേക്ക് ഏകദിന പഠനയാത്ര സംഘടിപ്പിച്ചു. ആർട്ടിഫിഷ്യൽ പ്ലാന്റ് പ്രൊപ്പഗേഷൻ രീതികൾ, ടിഷ്യൂകൾച്ചർ തന്ത്രങ്ങൾ തുടങ്ങിയവ മനസ്സിലാക്കുന്നതിനാണ് വിദ്യാർത്ഥികൾ പഠനയാത്ര നടത്തിയത്. കൃഷി ഓഫീസർ ദീപ, അധ്യാപകരായ ലീന ഗോവിന്ദൻ, ഡോ. ടി വി ശ്രുതി, അഫ്ര അബ്ദുള്ള എന്നിവർ നേതൃത്വം നല്കി.

സഹൃദയ - രൂപീകരിച്ചു

ഹയർ സെക്കണ്ടറി വിദ്യാർഥികളിൽ പൗരബോധവും സാമൂഹിക ബോധവും ഭാഷാനൈപുണി- വികാസവും ലക്ഷ്യമിട്ട് സഹൃദയ എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചു. പ്രിൻസിപ്പൽ സി കെ മനോജ് കുമാർ, ഫാ. ബാസ്റ്റിൻ ജോസ് എന്നിവർ സംസാരിച്ചു. അധ്യാപകരായ പ വി പ്രിയേഷ്, സിജി തോമസ്, പി വി രാഗേഷ് ബാബു, ഗ്രീഷ്മ ടീച്ചർ തുടങ്ങിയ അധ്യാപകരും സ്വയം സന്നദ്ധരായ നാൽപ്പതോളം കുട്ടികളും കൂട്ടായ്മയുടെ രൂപീകരണ യോഗത്തിൽ പങ്കെടുത്തു. സഹൃദയുടെ ലീഡർമാരായി ശബരീനാഥ് ടി ഒ , ജിയ ജെ ( പ്ലസ്ടു ) അലൻ മോൻ ഇ കെ, സൻഹ ഷഹീർ (പ്ലസ് വൺ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. അധ്യാപകനായ കെ റഷീദ് കുമാർ സ്വാഗതവും കുമാരി ഗൗരീനന്ദ നന്ദിയും പറഞ്ഞു.

ബഷീറും ബഷീറിന്റെ കഥാപാത്രങ്ങളും - കാരിക്കേച്ചർ ഗ്യാലറി

കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ആർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തോടനുബന്ധിച്ച് ബഷീറും ബഷീറിന്റെ കഥാപാത്രങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച കാരിക്കേച്ചർ രചനാ മത്സരത്തിലെ ഏതാനും സൃഷ്ടികൾ.

ബഷീർ സ്മരണ കാരിക്കേച്ചർ രചന മത്സരം സംഘടിപ്പിച്ചു

കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ആർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തോടനുബന്ധിച്ച് ബഷീറും ബഷീറിന്റെ കഥാപാത്രങ്ങളും എന്ന വിഷയത്തിൽ ജില്ലാതല കാരിക്കേച്ചർ രചന മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്നായി മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. എം ആർ അഭിനവ് (ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, ചെറുകുന്ന്) ഋത്വിക് എൻ സന്തോഷ് (എ കെ ജി സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ, പെരളശ്ശേരി) കെ വി ശ്രാവൺ (ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, ചട്ടുകപ്പാറ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫാ. ബാസ്റ്റിൻ ജോസ് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അധ്യാപകരായ കെ വി സന്തോഷ്, വി വൈശാഖ്, എ സജിത്ത്, വിദ്യാർത്ഥികളായ പി അർജുൻ, ശ്രാവൺ ശ്രീകാന്ത്, ജോഷ്വൽ രജിനോൾഡ്, കെ കെ ശ്രീഹരി, ജോബിൻ സാമുവൽ, സൂര്യദേവ് രാജേഷ് എന്നിവർ നേതൃത്വം നൽകി.

മൈക്കിൾസ് സൂപ്പർ ലീഗ് - 10 ഡി ചാമ്പ്യന്മാർ

സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്സ് ക്ലബ്ബ് പത്താം ക്ലാസ് വിദ്യാർത്ഥികളെ അണിനിരത്തി സംഘടിപ്പിച്ച മൈക്കിൾസ് സൂപ്പർ ലീഗ് ടർഫ് ഫുട്ബോൾ ടൂർണ്ണമെന്റിൽ 10 ഡി ജേതാക്കളായി. ഫൈനലിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് 10 സി യെ പരാജയപ്പെടുത്തി. വിജയികൾക്ക് വേണ്ടി ഷാരോൺ കെ ഹാട്രിക് നേടി, മറ്റൊരു ഗോൾ നേടിയത് അക്ഷയ് ആണ്. ഷാരോൺ കളിയിലെ താരമായി. വിജയികൾക്ക് വൈശാഖ് സുഗുണൻ ട്രോഫികൾ വിതരണം ചെയ്തു. കായികാധ്യാപകരായ കപിൽ സെബാസ്റ്റ്യൻ, ജിതിൻ റോഷൻ എന്നിവർ നേതൃത്വം നല്കി.

സ്കൂൾ കലോത്സവം - ഹൗസ് യോഗങ്ങൾ ചേർന്നു

ഈ അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം ബ്ലൂ, ഗ്രീൻ, റെഡ്, യെല്ലോ ഹൗസ് അംഗങ്ങളുടെ യോഗം ചേർന്നു. ഹൗസ് ചുമതലയുള്ള അധ്യാപകരായ ബ്ലെൻഡ റോഡ്രിഗസ്, ഒലീവിയ ജോസ്, സബിന എ, ഗ്രീഷ്മ ഒ, ലിഡിയ ജോണി, ലിലിയമോൾ ടി വി, ബിജു മാത്യു, ജോർജ്ജ് റോഷൻ പി, ജെറി തോമസ്, നീതു സുരേന്ദ്രൻ, ബിന്ദു ആന്റണി, ലയ സോജൻ, റോയ് അഗസ്റ്റിൻ എന്നിവരും അധ്യാപകരായ എ ഷൈജു, കപിൽ സെബാസ്റ്റ്യൻ, ജിതിൻ റോഷൻ, പ്രിയങ്ക ഒ വി, ഖാലിദ് മാസ്റ്റർ, കെ വി സന്തോഷ്, ബ്രദർ അഡോൾഫ്, എ സജിത്ത് എന്നിവർ നേതൃത്വം നല്കി.

ലഹരി വിരുദ്ധ ബോധവത്ക്കരണ നാടകം

വിദ്യാലയത്തിലെ ഇംഗ്ലീഷ് ക്ലബ്ബ്, വിമുക്തി എന്നിവയുടെ നേതൃത്വത്തിൽ ജൂലൈ 3 ന് വ്യാഴാഴ്ച രാവിലെ 10.15 മുതൽ ലൊയോള ഹാളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ നാടകം അരങ്ങേറും. നാടക പ്രവർത്തകൻ ധീരജ് ആണ് ലഹരി വിരുദ്ധ ഏകാങ്ക നാടകം അവതരിപ്പിക്കുക.

അഖില കേരള വായനോത്സവം

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വായനോത്സവം സ്കൂൾതല എഴുത്തുപരീക്ഷ ജൂലൈ 21ന് തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതൽ 9C ക്ലാസ്സിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. അഖില കേരള വായനോത്സവത്തിനായി ലൈബ്രറി കൗൺസിൽ 9 പുസ്തകങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ ഗ്രന്ഥാലോകം മാസികയുടെ 2024 നവംബർ, 2025 ഫെബ്രുവരി എന്നീ ലക്കങ്ങൾ സ്കൂൾതല മത്സരം മുതൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 9 പുസ്തകങ്ങൾ ചുവടെ ചേർക്കുന്നു. 1.നിന്ദിതരും പീഡിതരും - ദസ്തേവിസ്കി - നോവൽ 2.മഴുവിന്റെ കഥ - ബാലാമണിയമ്മ - കവിത 3.അരനാഴികനേരം - പാറപ്പുറത്ത് - നോവൽ 4.നീലക്കുറിഞ്ഞിയും തോഴിമാരും - ജോമി അഗസ്റ്റിൻ - പ്രകൃതി പഠനം 5.കുമാരു - 26 മണിക്കൂർ - ഡോ. എം എ സിദ്ദീഖ് - നോവൽ 6.യന്ത്രചിന്തയുടെ തന്ത്രങ്ങൾ - ഡോ. മനോജ് കോമത്ത് - ശാസ്ത്രം 7.പട്ടിന്റെ ഉലച്ചിൽ - മാധവിക്കുട്ടി - കഥകൾ 8.ദേശീയത - രവീന്ദ്രനാഥ ടാഗോർ - ലേഖനം. 9.ഗ്രാമകൗതുകം - വള്ളിക്കാവ് മോഹൻദാസ് - ബാലസാഹിത്യം പങ്കെടുക്കാൻ താല്പര്യമുള്ള ഹൈസ്ക്കൂൾ ക്ലാസ്സുകളിലെ കുട്ടികൾ എ സജിത്ത് മാഷ് വശം പേര് നൽകേണ്ടതാണ്.

സ്കൂൾ കലോത്സവം - മുന്നൊരുക്കങ്ങൾ ആരംഭിച്ചു.

2025 - 26 അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഹൗസ് മീറ്റിംഗുകൾ താഴെക്കൊടുത്ത പ്രകാരം നടക്കുന്നതാണ്. തീയതി : ജൂലൈ 2, ബുധൻ വേദി : ലൊയോള ഹാൾ HSS വിഭാഗം : ഉച്ചയ്ക്ക് 1.30 UP വിഭാഗം : ഉച്ചയ്ക്ക് 2.20 HS വിഭാഗം : വൈകുന്നേരം 3.10

വായനയാണ് ലഹരി - ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരം

എക്സൈസ് വകുപ്പ് ജില്ലാതലത്തിൽ വായനയാണ് ലഹരി എന്ന ആശയം പ്രചരിപ്പിക്കുന്നതിന് വേണ്ടി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരം സംഘടിപ്പിക്കുന്നു. പെരുമ്പടവം ശ്രീധരൻ രചിച്ച ഒരു സങ്കീർത്തനം പോലെ എന്ന പുസ്തകത്തിനാണ് ആസ്വാദനക്കുറിപ്പ് തയ്യാറാക്കേണ്ടത്. സ്കൂൾതല മത്സരം വിദ്യാരംഗം കലാസാഹിത്യ വേദി, വിമുക്തി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ജൂലൈ 14 ന് തിങ്കളാഴ്ച്ച വൈകുന്നേരം 3.30 മുതൽ നടത്തുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ക്ലാസിലെ മലയാളം അധ്യാപകർ വശം പേര് നൽകേണ്ടതാണ്.

കഥാരചന ശിൽപശാല സംഘടിപ്പിച്ചു

കണ്ണൂർ സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കഥകളതിമോഹനം എന്ന പേരിൽ കഥാരചന ശിൽപശാല സംഘടിപ്പിച്ചു. ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ കെ ടി ബാബുരാജ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. വിദ്യാലയത്തിലെ യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ശിൽപശാലയിൽ പങ്കെടുത്തത്. അധ്യാപകരായ കെ റഷീദ് കുമാർ, എ സജിത്ത് വിദ്യാർത്ഥികളായ സൂര്യദേവ് രാജേഷ്, കെ കെ ശ്രീഹരി എന്നിവർ നേതൃത്വം നൽകി.

കവിതാരചന ശിൽപശാല സംഘടിപ്പിച്ചു

കണ്ണൂർ സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വരികളൊക്കെയും കവിതകളാവുമ്പോൾ എന്ന പേരിൽ കവിതാരചന ശിൽപശാല സംഘടിപ്പിച്ചു. കവിയും അധ്യാപകനുമായ കെ പി സുനിൽ കുമാർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. വിദ്യാലയത്തിലെ യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ശിൽപശാലയിൽ പങ്കെടുത്തത്. അധ്യാപകരായ കെ റഷീദ് കുമാർ, എ സജിത്ത് വിദ്യാർത്ഥികളായ സൂര്യദേവ് രാജേഷ്, കെ കെ ശ്രീഹരി എന്നിവർ നേതൃത്വം നൽകി.

ഉന്നത വിജയികളെ അനുമോദിച്ചു

2024-25 അധ്യയന വർഷം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് യോഗ്യത നേടിയ വിദ്യാർത്ഥികളെയും ഭാരത് സ്കൗട്സ് & ഗൈഡ്സ് രാജ്യപുരസ്കാർ നേടിയ വിദ്യാർത്ഥികളെയും നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും വിദ്യാലയത്തിൽ സംഘടിപ്പിച്ച മെറിറ്റ് ഡേയിൽ അനുമോദിച്ചു. ഉത്തര മേഖല ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ബി എൻ അ‍ഞ്ജൻ കുമാർ ഐ എഫ് എസ് മുഖ്യാതിഥിയായി. പ്രിൻസിപ്പാൾ സി കെ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. രാജു അഗസ്റ്റിൻ എസ് ജെ, മദർ പി ടി എ പ്രസിഡന്റ് കദീജ ഹുമയൂൺ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഫാ. ടോംസൻ ആന്റണി എസ് ജെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി കെ അഫ്ര അബ്ദുള്ള നന്ദിയും പറഞ്ഞു. 2024-25 അധ്യയന വർഷം പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ നൂറ്റിഎഴുപത്തിരണ്ടോളം വിദ്യാർത്ഥികളാണ് അനുമോദനം ഏറ്റുവാങ്ങിയത്.

ലഹരി വിരുദ്ധ ദിനാചരണം - ബോധവത്ക്കരണ ക്ലാസ്

ലോക ലഹരി വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ എം രാജീവൻ നേതൃത്വം നല്കി. വിദ്യാലയത്തിലെ ഇംഗ്ലീഷ് ക്ലബ്ബ്, വിമുക്തി ക്ലബ്ബ്, നല്ലപാഠം എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാതല കാരിക്കേച്ചർ മത്സരം

പ്രശസ്ത മലയാള സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തോടനുബന്ധിച്ച് കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ആർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കാരിക്കേച്ചർ രചന മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ അഞ്ചിന് ശനിയാഴ്ച രാവിലെ 9.30 മുതൽ ആണ് മത്സരം നടക്കുക. ബഷീറും ബഷീർ കൃതികളിലെ കഥാപാത്രങ്ങളും എന്നതാണ് കാരിക്കേച്ചറിന്റെ വിഷയം. കണ്ണൂർ ജില്ലയിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 1500, 1000, 500 രൂപ കാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. രജിസ്റ്റർ ചെയ്യുന്നതിന് ജൂൺ 30ന് മുമ്പായി താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക. 9074492811

എഴുത്ത് - ഏകദിന രചനാ ശില്പശാല ജൂൺ 28 ന്

വായനമാസാചരണത്തിന്റെ ഭാഗമായി സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി എഴുത്ത് എന്ന പേരിൽ ഏകദിന രചനാ ശില്പശാല സംഘടിപ്പിക്കും. രാവിലെ 9.30 മുതൽ വരികളൊക്കെയും കവിതകളാവുമ്പോൾ എന്ന പേരിൽ കവിതാ രചനാ ശില്പശാലക്ക് കവിയും അധ്യാപകനുമായ കെ പി സുനിൽ കുമാർ നേതൃത്വം നല്കും. ഉച്ചയ്ക്ക് 2 മണിക്ക് കഥകളതിമോഹനം എന്ന പേരിൽ കഥാരചനാ ശില്പശാലക്ക് കഥാകൃത്ത് കെ ടി ബാബുരാജ് നേതൃത്വം നല്കും.

ലഹരി വിരുദ്ധ ദിനാചരണം - ബോധവത്ക്കരണ ക്ലാസ്

ലോക ലഹരി വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് ജൂൺ 26 ന് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കും. റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ എം രാജീവൻ നേതൃത്വം നല്കും. വിദ്യാലയത്തിലെ ഇംഗ്ലീഷ് ക്ലബ്ബ്, വിമുക്തി ക്ലബ്ബ്, നല്ലപാഠം എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ലഹരി വിരുദ്ധ ഒപ്പ് ശേഖരണം നടത്തി

കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂൾ വിമുക്തി ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ഒപ്പ് ശേഖരണം നടത്തി. എഴുത്തുകാരനും പ്രഭാഷകനുമായ നാരായണൻ കാവുമ്പായി, പ്രിൻസിപ്പാൾ സി കെ മനോജ് കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കോർഡിനേറ്റർ വീണ വി നമ്പ്യാർ, കൺവീനർ അമൻ എൽ ബിനോയ് എന്നിവർ നേതൃത്വം നല്കി.

മൈക്കിൾസ് '64 - All Kerala School's Open Chess Tournament - സീസൺ 5 - ജൂലായ് 12 ന്

കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന അഞ്ചാമത് ഓൾ കേരള ചെസ്സ് ചാമ്പ്യൻഷിപ്പ് മൈക്കിൾസ് '64 ജൂലായ് 12 ന് നടക്കും. എൽ കെ ജി മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി മൂന്ന് കാറ്റഗറികളിലായി (LKG to Std. IV, Std. V to VII, Std. VIII to XII)തിരിച്ചാണ് മൽസരം നടക്കുക. വിജയികൾക്ക് ആകെ ഒന്നര ലക്ഷത്തിലധികം രൂപയുടെ കാഷ് അവാർഡുകളും ട്രോഫികളും മെഡലുകളും സമ്മാനമായി ലഭിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : 8281485283, 7994342990, 9049116473 രജിസ്ട്രേഷനുള്ള അവസാന തീയ്യതി : ജൂലായ് 5

Page Turner Week - Reading Week - LP Section

https://youtube.com/shorts/AKwrcUZJJm8?feature=share

മെറിറ്റ് ഡേ ജൂൺ 27 ന്

2024-25 അധ്യയന വർഷം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് യോഗ്യത നേടിയ വിദ്യാർത്ഥികളെയും ഭാരത് സ്കൗട്സ് & ഗൈഡ്സ് രാജ്യപുരസ്കാർ നേടിയ വിദ്യാർത്ഥികളെയും നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ജൂൺ 27 ന് നടക്കുന്ന മെറിറ്റ് ഡേയിൽ അനുമോദിക്കും. ഉത്തര മേഖല ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ബി എൻ അ‍ഞ്ജൻ കുമാർ ഐ എഫ് എസ് മുഖ്യാതിഥിയാവും. പി ടി എ പ്രസിഡന്റ് അഡ്വ. ജോ ജോർജ്ജ്, സ്കൂൾ മാനേജർ ഫാ. രാജു അഗസ്റ്റിൻ എസ് ജെ, പ്രിൻസിപ്പാൾ സി കെ മനോജ് കുമാർ എന്നിവർ സംസാരിക്കും. ഹെഡ്മാസ്റ്റർ ഫാ. ടോംസൻ ആന്റണി എസ് ജെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി കെ അഫ്ര അബ്ദുള്ള നന്ദിയും പറയും.

വായനമാസാചരണം - LP, UP വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ

വായനമാസാചരണത്തിന്റെ ഭാഗമായി LP, UP വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ നടത്തും. ഓർമ്മ പരിശോധന, വായനമത്സരം, കടംകഥ, പദനിർമ്മാണം, പത്രപാരായണം, ആസ്വാദനക്കുറിപ്പ്, വായന കുറിപ്പ് മത്സരങ്ങളാണ് നടത്തുക.

സംഗീത ദിനം ആഘോഷിച്ചു

കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഗീതദിനാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഗാനാലാപന മത്സരം, പ്രസംഗമത്സരം എന്നിങ്ങനെയുള്ള പരിപാടികളിൽ എൽ പി വിഭാഗത്തിലെ വിവിധ കുട്ടികൾ പങ്കെടുത്തു. സംഗീതാധ്യാപകൻ എ ഷൈജു, ഒലീവിയ ജോസ് എന്നിവർ നേതൃത്വം നല്കി.

വായന ജീവിക്കാൻ പ്രചോദനമാവും: നാരായണൻ കാവുമ്പായി

സങ്കീർണതകൾ നിറഞ്ഞ ജീവിതത്തിൽ നിസ്സാരമായ പ്രശ്നങ്ങളുടെയും വഴക്കുകളുടെയും പേരിൽ ജീവിതത്തിൽ നിന്നും ഓടിയൊളിക്കാൻ ശ്രമിക്കുന്നവർക്ക് വായന ജീവിക്കാനുള്ള പ്രചോദനമാകുമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ നാരായണൻ കാവുമ്പായി അഭിപ്രായപ്പെട്ടു. കണ്ണൂർ സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി വായനമാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സഹൃദയ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന വീടുകളിലും വിദ്യാലയങ്ങളിലുംഎന്ന സന്ദേശത്തോടെയാണ് സഹൃദയ സംഗമം സംഘടിപ്പിച്ചത്. പ്രിൻസിപ്പാൾ സി കെ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. അമൻ എൽ ബിനോയ് പുസ്തക പരിചയം നടത്തി. അഹാൻ ബിജേഷ് വായനാനുഭവം പങ്കുവെച്ചു. പി കെ നിവിൻ കവിതാലാപനം നടത്തി. എ സജിത്ത് സ്വാഗതവും ശ്രാവൺ ശ്രീകാന്ത് നന്ദിയും പറഞ്ഞു. അധ്യാപകരായ വി വൈശാഖ്, വീണ വി നമ്പ്യാർ, വിദ്യാർത്ഥികളായ സൂര്യദേവ് രാജേഷ്, ഗൗരവ് എസ് പ്രശാന്ത്, പി അർജുൻ എന്നിവർ നേതൃത്വം നൽകി.

ഹിന്ദി ക്ലബ്ബ് - വായനദിനാചരണം

ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനദിനാചരണത്തോടനുബന്ധിച്ച് ഓർമ്മ പരിശോധന, പദനിർമ്മാണം, വായന മത്സരം എന്നിവ സംഘടിപ്പിച്ചു. ഹിന്ദി അധ്യാപകരായ ദീപ കരോളിൻ ജോസ്, സിജോ ജോസ്, സബിന എ എന്നിവർ നേതൃത്വം നല്കി.

സഹൃദയസംഗമം ജൂൺ 21 ന് ശനിയാഴ്ച്ച

വായനമാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദി ജൂൺ 21ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ സഹൃദയ സംഗമം എന്ന പേരിൽ ഒരു കൂട്ടായ്മ സംഘടിപ്പിക്കും. 'വായന വിദ്യാലയത്തിലും വീടുകളിലും' എന്ന സന്ദേശത്തോടു കൂടി നടത്തുന്ന സഹൃദയ സംഗമത്തിൽ കുട്ടികൾക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും പങ്കാളികളാകും. പ്രശസ്ത ബാലസാഹിത്യ എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ. നാരായണൻ കാവുമ്പായി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സഹൃദയരുമായി സംവദിക്കും.

വായനമാസാചരണത്തിന് തുടക്കമായി

കണ്ണൂർ സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലുള്ള വായനമാസാചരണ പരിപാടികൾ പ്രഭാഷകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഫാ. ടോംസൻ ആൻ്റണി അധ്യക്ഷത വഹിച്ചു. എ സജിത്ത്, വിദ്യാർത്ഥികളായ ആധവ് ദീപക്, കെ അശുതോഷ്, ധ്യാൻ ശങ്കർ, പി ധ്രുപദ്, ജോസഫ് ജോനാത് എന്നിവർ സംസാരിച്ചു. വിദ്യാരംഗം കോർഡിനേറ്റർ വീണ വി നമ്പ്യാർ സ്വാഗതവും വി വൈശാഖ് നന്ദിയും പറഞ്ഞു.

നല്ല പാഠം - അക്ഷരപ്പച്ച പദ്ധതിക്ക് തുടക്കമായി

പുനരുപയോഗം എന്ന ആശയത്തെ മുൻനിർത്തി സമാഹരിച്ച പഴയ പുസ്തകങ്ങൾ പുതുതലമുറയ്ക്ക് കൈമാറി. 1966 -ൽ പ്രസിദ്ധീകരിച്ച ചെല്ലമ്മ ജോസഫിന്റെ പ്രമീള എന്ന പുസ്തകവും ഇതിൽ ഉൾപ്പെടും.

പ്ലസ് വൺ പ്രവേശനോത്സവം - വരവേൽപ്പ്

2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവം സ്കൂൾ മാനേജർ ഫാ. രാജു അഗസ്റ്റിൻ SJ ഉദ്ഘാടനം ചെയ്തു. മൂന്ന് സബ്ജക്ട് കോമ്പിനേഷനുകളിലായി 180 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. വിദ്യാർത്ഥികളെക്കൂടാതെ 152 രക്ഷിതാക്കളും വരവേൽപ്പിന്റെ ഭാഗമായി. പി ടി എ പ്രസിഡന്റ് അഡ്വ. ജോ ജോർജ്ജ്, പ്രിൻസിപ്പൽ സി കെ മനോജ് കുമാർ, ഹെഡ്മാസ്റ്റർ ഫാ. ടോംസൻ ആന്റണി SJ, ഫാ. ബാസ്റ്റിൻ ജോസ്, സ്റ്റാഫ് സെക്രട്ടറി പി കെ അഫ്ര അബ്ദുള്ള എന്നിവർ സംസാരിച്ചു.

വായനമാസാചരണം സ്‌കൂൾതല ഉദ്ഘാടനം

വായനമാസാചരണത്തിൻ്റെ സ്‌കൂൾതല ഉദ്ഘാടനം പി എൻ പണിക്കരുടെ ഓർമ്മദിനമായ ജൂൺ 19 ന് പ്രഭാഷകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ രാധാകൃഷ്ണൻ മാണിക്കോത്ത് നിർവ്വഹിക്കും. ഹെഡ്മാസ്റ്റർ ഫാ. ടോംസൻ ആൻ്റണി അധ്യക്ഷത വഹിക്കും.

വിദ്യാരംഗം കലാസാഹിത്യ വേദി 2025 - 26

ക്ലാസ്സ് പ്രതിനിധികളുടെ യോഗം ചേർന്നു. സ്റ്റുഡൻ്റ് കോർഡിനേറ്ററായി അമൻ എൽ ബിനോയ്, ജോയിൻ്റ് കോർഡിനേറ്റർമാരായി ഋതു സനീഷ്, നമിഷ് ശ്രീജിത്ത് എന്നിവരെ തെരഞ്ഞെടുത്തു. കൺവീനർ വീണ വി നമ്പ്യാർ, അധ്യാപകരായ വി വൈശാഖ്, എ സജിത്ത് എന്നിവർ സംസാരിച്ചു.


ആരോഗ്യം, വ്യായാമം, കായിക ക്ഷമത, ആഹാരശീലം

ജൂൺ 09, 2025 കായിക - വ്യായാമ പരിശീലന സെഷനുകൾക്ക് കായികാധ്യാപകരായ കപിൽ സെബാസ്റ്റ്യൻ, ജിതിൻ റോഷൻ എന്നിവർ നേതൃത്വം നൽകി. ആരോഗ്യം, ആഹാരശീലങ്ങൾ എന്നിവയെക്കുറിച്ച് വിവിധ ക്ലാസ്സുകളിൽ വർഗീസ് ചാക്കോ, പി ജോർജ്ജ് റോഷൻ എന്നിവർ സംസാരിച്ചു.

വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവത്ക്കരണം

ജൂൺ 05, 2025 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ശുചിത്വവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനം മുതിർന്ന അധ്യാപകൻ വർഗീസ് ചാക്കോ, ലൈബ്രേറിയൻ ജോണി കെ ജോസഫ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. നേച്ചർ ക്ലബ് കോർഡിനേറ്റർ ഡോ. ടി വി ശ്രുതി, പി സബിന എന്നിവർ നേതൃത്വം നൽകി. ശുചിത്വ അസംബ്ലിക്ക് ഹെഡ്മാസ്റ്റർ ഫാ. ടോംസൻ ആന്റണി നേതൃത്വം നൽകി. ശാസ്ത്രാധ്യാപകൻ പി ജോർജ്ജ് റോഷൻ വ്യക്തിശുചിത്വത്തിലൂടെ സമൂഹശുചിത്വം എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സയൻ ഷാമിൽ പരിസ്ഥിതിദിന പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

ട്രാഫിക് നിയമങ്ങൾ

ജൂൺ 04, 2025 റോഡിലൂടെ നടന്നു വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ട്രാഫിക് നിയമങ്ങൾ, റോഡ് മുറിച്ച് കടക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ, സ്കൂൾ വാഹനങ്ങളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴും പാലിക്കേണ്ട കാര്യങ്ങൾ എന്നീ തീമുകളെ അടിസ്ഥാനമാക്കിയാണ് രണ്ടാം ദിവസത്തെ പ്രവർത്തനങ്ങൾ നടന്നത്. മുദ്രാവാചകം തയ്യാറാക്കൽ, ഉപന്യാസ രചന, റോഡ് സുരക്ഷാ വാചകങ്ങൾ പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ എന്നിവ വിവിധ ക്ലാസ്സുകളിൽ തയ്യാറാക്കി. വിവിധ ക്ലാസ്സുകളിലെ പ്രവർത്തനങ്ങൾക്ക് സിജോ ജോസ്, ഡെൽന ഫെർണാണ്ടസ് എന്നിവർ നേതൃത്വം നൽകി.

ലഹരിക്കെതിരെ പ്രതിരോധം

ജൂൺ 03, 2025 ആദ്യ ദിവസത്തിൽ ലഹരിക്കെതിരെയുള്ള പ്രതിരോധം എന്ന വിഷയത്തിലാണ് വിദ്യാലയങ്ങളിൽ പ്രവർത്തനങ്ങൾ നടന്നത്. വരും ദിവസങ്ങളിൽ ട്രാഫിക് നിയമങ്ങൾ, ശുചിത്വം മാലിന്യ സംസ്കരണം, ആരോഗ്യ ശീലങ്ങൾ, ഡിജിറ്റൽ അച്ചടക്കം, പൊതുമുതൽ സംരക്ഷണം, പരസ്പര സഹകരണം തുടങ്ങിയ വിഷയങ്ങളിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. കണ്ണൂർ മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെയുള്ള പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു. പോസ്റ്റർ പ്രചരണം, ലഹരിവിരുദ്ധ ദീപം തെളിയിക്കൽ, മാസിക നിർമ്മാണം എന്നിവ സംഘടിപ്പിച്ചു ഹെഡ്മാസ്റ്റർ ടോംസൻ ആന്റണി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു അധ്യാപകരായ വർഗീസ് ചാക്കോ, ടിപി അനീഷ് എന്നിവർ നേതൃത്വം നൽകി. ക്ലാസ്സുകളിൽ ക്ലാസ് ടീച്ചർമാർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കുട്ടികളിൽ സമൂഹത്തിലെ പൊതുകാര്യങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ച പ്രവർത്തനങ്ങൾക്ക് കണ്ണൂർ സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.

ഒന്നിച്ച് ഒന്നായി ഒന്നാവാം പ്രവേശനോത്സവം സംഘടിപ്പിച്ചു.

കണ്ണൂർ സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നിച്ച് ഒന്നായി ഒന്നാവാം എന്ന പേരിൽ 2025 - 26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം സംഘടിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ കെ സുരേഷ്, സ്കൂൾ മാനേജർ ഫാ. രാജു അഗസ്റ്റിൻ, അധ്യാപക രക്ഷാകർത്തൃ സമിതി പ്രസിഡണ്ട് അഡ്വ. ജോ ജോർജ്, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി കദീജ ഹുമയൂൺ, പ്രിൻസിപ്പൽ സി കെ മനോജ് കുമാർ എന്നിവർ ഭദ്രദീപം തെളിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഫാ.  ടോംസൻ ആന്റണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ കെ ജിജേഷ് നന്ദിയും പറഞ്ഞു

പ്രവേശനോത്സവം - വീഡിയോ - ലിറ്റിൽ കൈറ്റ്സ്

https://youtu.be/SIa32BlsV_k

പുതിയ അധ്യയന വർഷത്തെ വരവേൽക്കാനൊരുങ്ങി വിദ്യാലയം

എൽ എസ് എസ് പരീക്ഷയിൽ നൂറുമേനി, ചരിത്ര വിജയം

യു എസ് എസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം

എസ് എസ് എൽ സി പരീക്ഷയിൽ വീണ്ടും നൂറുമേനി, 72 ഫുൾ എ പ്ലസ്

sms2025