ഉള്ളടക്കത്തിലേക്ക് പോവുക

സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

2026-27

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് (ഫെയ്സ് I)

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് (ഫെയ്സ് I)

2025 -28 ബാച്ച് വിദ്യാർഥികൾക്കായി 15 /05/2026 സെൻറ് തെരേസാസ് എച്ച്എസ്എസ് കണ്ണൂരിൽ വിജയകരമായി സംഘടിപ്പിച്ചു.

ക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷ്നി മാന്വൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ കഴിവുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവർ പ്രചോദനപരമായ സന്ദേശം നൽകി. തുടർന്ന് ബിനു ജോൺ എന്ന കൈറ്റ് മാസ്റ്റർ മീഡിയ ട്രെയിനിംഗ് പ്രാധാന്യവും അത് വിദ്യാർത്ഥികളുടെ ആശയവിനിമയ കഴിവ്, സാങ്കേതിക അറിവ് എന്നിവ വർദ്ധിപ്പിക്കുന്നതിൽ എങ്ങനെ സഹായകരമാണെന്ന് വിശദീകരിച്ചു.

പരിശീലന ക്ലാസിന് നേതൃത്വം നൽകിയത് ആശ്രിത എംകെ ടീച്ചറായിരുന്നു. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ക്യാമറ കൈകാര്യം ചെയ്യൽ എന്നിവിടെ അടിസ്ഥാന കാര്യങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. കൂടാതെ പ്രമോഷണൽ വീഡിയോകൾ എങ്ങനെ തയ്യാറാക്കാം എന്നതിലും പരിശീലനം നൽകി. kdenlive എന്ന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മീഡിയ ഫയലുകൾ റിപ്പോർട്ട് ചെയ്യൽ, ടൈംലൈനിൽ ക്രമീകരിക്കൽ, വീഡിയോ ട്രിം ചെയ്യൽ, ട്രാൻസിഷൻ, ടൈറ്റിൽ, ഇഫക്ടുകൾ ചേർക്കൽ, ഓഡിയോ ക്രമീകരിക്കൽ, ഫൈനൽ വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നിവയും വിദ്യാർഥികൾ അഭ്യസിച്ചു.

പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി വിദ്യാർഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യത്യസ്ത ആശയങ്ങളെ അടിസ്ഥാനമാക്കി സ്വന്തം രീതിയിൽ റീലുകൾ തയ്യാറാക്കി. സൃഷടിപരമായ ചിന്തകളും പുതിയ ആശയങ്ങളും ഉൾപ്പെടുത്തി ഓരോ ഗ്രൂപ്പും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുകയും മികച്ച രീതിയിൽ വീഡിയോ നിർമ്മാണ പ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്തു.

കൂടാതെ സ്കൂൾ സ്പോർട്സ് ഭാഗമായുള്ള ഒരു പ്രമോഷണൽ വീഡിയോയും kdenlive ഉപയോഗിച്ച് നിർമ്മിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അനുപമ, നവനി എന്നിവരോടൊപ്പം സ്കൂൾ അധ്യാപികയായ ഷെറി ടീച്ചറും കുട്ടികൾക്ക് പൂർണ്ണ പിന്തുണ നൽകി.

ഈ മീഡിയ പരിശീലന ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ മീഡിയ രംഗത്തെ അടിസ്ഥാന അറിവുകളും പ്രായോഗിക പരിചയവും നൽകിക്കൊണ്ട് വളരെ പ്രയോജനകരമായ ഒരു അനുഭവമായി മാറി. പുതിയ സാങ്കേതികവിദ്യകൾ പഠിക്കാനും സൃഷ്ടിപരമായ കഴിവുകൾ വളർത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഈ പരിശീലനം സഹായകമായി. ഭാവിയിൽ കൂടുതൽ ഉത്തരവാദിത്വത്തോടെയും കഴിവോടെയും ഡിജിറ്റൽ ലോകത്തെ സമീപിക്കാൻ ഈ ക്യാമ്പിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കി.

എസ് പി സി ക്യാമ്പ് ശ്രദ്ധേയമായി

സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ കണ്ണൂരിൽ വിദ്യാർത്ഥി പോലീസ് കേഡറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.

വിദ്യാർഥികളിൽ അച്ചടക്കവും ഉത്തരവാദിത്വബോധവും സേവന മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ കണ്ണൂരിൽ സംഘടിപ്പിച്ച വിദ്യാർത്ഥി പോലീസ് കേഡറ്റ്( എസ് പി സി) കാൻസർ ശ്രദ്ധേയമായി. വിവിധ ബോധവൽക്കരണ ക്ലാസുകളും പ്രവർത്തനങ്ങളുമായി നടന്ന ക്യാമ്പിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ശ്രദ്ധ നേടിയിരുന്നു.

രാവിലെ ശാരീരിക പരിശീലന തോടെ ആണ് ക്യാമ്പ് ആരംഭിച്ചത്. തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങിൽ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ശ്രീ ഷിജു സി കെ മുഖ്യാതിഥിയായി പങ്കെടുത്തു. സമൂഹത്തിനോടുള്ള ഉത്തരവാദിത്വവും സേവനമനോഭാവവും വിദ്യാർഥികൾ വളർത്തിക്കൊണ്ടു വരേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.

കേരളത്തിൽ പാമ്പുകടിയേറ്റ സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ" പാമ്പുകളുടെ സ്വഭാവം, അപകടസാധ്യതകൾ. അടിയന്തര രക്ഷാപ്രവർത്തനങ്ങൾ" എന്നീ വിഷയങ്ങളെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായി ക്ലാസ്സ് പുതിയ അറിവുകൾ സമ്മാനിച്ചു. ക്യാമ്പിന് ഭാഗമായി കുട നിർമ്മാണ ശില്പശാലയും വിവിധ വിനോദ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. വടംവലി പോലുള്ള സംഘ ചേതനയും കൂട്ടായ്മയും വളർത്തുന്ന കളികൾ കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു. ക്യാമ്പിലെ വിവിധ പരിപാടികളും ക്ലാസുകളും പ്രവർത്തനങ്ങളും" ലിറ്റിൽ കൈറ്റ്സ്' അംഗങ്ങൾ ഫോട്ടോകളും വീഡിയോകളും പകർത്തി മനോഹരമായി രേഖപ്പെടുത്തി. വിദ്യാർത്ഥികളുടെ ആവേശവും കൂട്ടായ്മയും നിറഞ്ഞ ക്യാമ്പ് ഓർമ്മകളാൽ സമ്പന്നമായ അനുഭവമായി മാറി.

അവസാനമായി നടന്ന രക്ഷിതാക്കളുടെ യോഗം കൂടിയാണ് ക്യാമ്പ് സമാപിച്ചത്. വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക ബോധവൽക്കരണത്തിന് ക്യാമ്പും മികച്ച വേദിയായി അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു

പ്രവേശനോത്സവം 2026–27

2026 ജൂൺ 1-ന് രാവിലെ 11 മണിക്ക്, സെന്റ് തെരെസാസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 2026–27, ലെ പ്രവേശനോത്സവം ഭംഗിയായി സംഘടിപ്പിച്ചു. പുതിയ അധ്യയന വർഷത്തിലേക്ക് കടന്നുവരുന്ന വിദ്യാർത്ഥികളെ സ്നേഹത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്നതിനായാണ് പരിപാടി ഒരുക്കിയത്.

ബാൻഡ് വാദ്യങ്ങളുടെ മധുരനാദത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന പ്രാർത്ഥന, ചടങ്ങിന് ആത്മീയ ഭംഗി പകർന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്കിറ്റും, നൃത്തവും പരിപാടിയെ കൂടുതൽ ആകർഷകമാക്കി.

സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിനയ സ്വാഗതപ്രസംഗം നടത്തി എല്ലാവരെയും ചടങ്ങിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ. ഷിബു ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനവും ആത്മവിശ്വാസവും പകരുന്ന വാക്കുകളായിരുന്നു ഉദ്ഘാടന പ്രസംഗത്തിന്റെ മുഖ്യ ആകർഷണം.

തുടർന്ന് പ്രവേശനോത്സവ ഗാനവും വിവിധ കലാപരിപാടികളും അരങ്ങേറി. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ജീവ എ.സി. ആശംസകൾ നേർന്നു. വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും സ്കൂൾ നൽകുന്ന പ്രാധാന്യം അവർ തന്റെ സന്ദേശത്തിൽ എടുത്തുപറഞ്ഞു.

പരിപാടിയുടെ അവസാനം, അധ്യാപിക ലോറൈൻ മിസ്സ്‌ നന്ദി പ്രസംഗം നടത്തി. ദേശീയഗാനത്തോടുകൂടി പ്രവേശനോത്സവ പരിപാടികൾ സമാപിച്ചു.

പുതിയ സ്വപ്നങ്ങളുമായി സ്കൂൾ പടിവാതിൽ കടന്നുവന്ന ഓരോ കുഞ്ഞുമനസ്സിനും സ്നേഹപൂർവമായ സ്വീകരണം നൽകിക്കൊണ്ട്, അറിവിന്റെയും മൂല്യങ്ങളുടെയും വിജയങ്ങളുടെയും പുതിയ അധ്യായത്തിന് ഈ പ്രവേശനോത്സവം മനോഹരമായ തുടക്കമായി മാറി. "Love and Duty" എന്ന സ്കൂളിന്റെ ആപ്തവാക്യം ഉയർത്തിപ്പിടിച്ച്, വിദ്യാർത്ഥികൾക്ക് ഉജ്ജ്വലമായ ഒരു അധ്യയന വർഷം ആശംസിച്ചുകൊണ്ടാണ് ചടങ്ങ് സമാപിച്ചത്.

പരിസ്ഥിതി ദിനാഘോഷം 2026 –27

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ 2026 ജൂൺ 5ന് രാവിലെ 9:30ക്ക് പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.

"Inspired by Nature, For Climate, For Our Future" എന്ന ഈ വർഷത്തെ പ്രമേയം മുൻനിർത്തി വിദ്യാർത്ഥികളിൽ പ്രകൃതി സംരക്ഷണബോധവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടികൾ.

പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിൽ "LIVING SEEDS" എന്ന പുതിയ പദ്ധതി ആരംഭിച്ചു. പുനരുപയോഗത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ഉപയോഗിച്ച വസ്ത്രങ്ങളിൽ നിന്ന് നിർമ്മിച്ച ഗ്രോ ബാഗുകളിൽ വിത്തുകളും തൈകളും നട്ട് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.

എസ്.ബി.ഐ. കണ്ണൂർ മെയിൻ ബ്രാഞ്ച് ചീഫ് മാനേജർ ശ്രീ. ധീരജ്.ഡി, ആർ. ബി. ഒ. കണ്ണൂർ ഡെപ്പോസിറ്റസ് ചീഫ് മാനേജർ ശ്രീ. നിധിഷ് ജി. എൻ എന്നീ,ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ആയിരം വിത്ത് പാക്കറ്റുകളും കുട്ടികൾക്ക് വിതരണം ചെയ്തു.

ആറാം ക്ലാസ് വിദ്യാർത്ഥികൾ ഒരുക്കിയ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം മുഖ്യാതിഥിയായ സിസ്റ്റർ ജീവ മരിയ എ.സി. നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ജൈവകൃഷിയുടെയും പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശവും അവർ പങ്കുവെച്ചു.

ഈ വർഷത്തെ പ്രത്യേക ആകർഷണമായി, കുട്ടികളിൽ നിന്ന് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്നതിനായി Used Plastic Pen Collection Box (Pen Booth) സ്ഥാപിച്ചു. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനും പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഈ സംരംഭത്തിൽ വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കാളികളായി.കൂടാതെ പരിസ്ഥിതി ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ച് സ്കൂൾ ഹെഡ് മിസ്ട്രെസ്സ് സിസ്റ്റർ രോഷ്നി മാനുൽ സംസാരിച്ചു. പുണ്യത്രയ ലളിതമായ പ്രസംഗവും നടത്തി.

ഹൈസ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച പരിസ്ഥിതി ഗാനവും നൃത്താവിഷ്കാരവും ചടങ്ങിന് മാറ്റുകൂട്ടി. പരിസ്ഥിതി പ്രതിജ്ഞയും, ശുചിത്വ പ്രതിജ്ഞയും ബോധവൽക്കരണ സന്ദേശങ്ങളും പരിപാടിയെ കൂടുതൽ അർത്ഥവത്താക്കി.

"നാം എടുക്കുന്ന ഓരോ ശ്വാസവും കുടിക്കുന്ന ഓരോ തുള്ളി വെള്ളവും പ്രകൃതിയുടെ അമൂല്യമായ ദാനങ്ങളാണ്. പ്രകൃതി കഷ്ടപ്പെടുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ മനുഷ്യജീവിതത്തെയും ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ് പ്രകൃതിയെ സംരക്ഷിക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്."

"പ്രകൃതിയെ സംരക്ഷിക്കാം, ഹരിതഭാവി സൃഷ്ടിക്കാം" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് പരിസ്ഥിതി ദിനാഘോഷത്തിന് സനിത്ര നന്ദി പ്രസംഗം നടത്തി. അങ്ങനെ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം വിജയകരമായി സമാപിച്ചു.