സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചേന്നാട്

            കിഴക്കും പടിഞ്ഞാറുമുള്ള കുന്നുകൾക്കും തെക്ക്

മാളികമുടിക്കും വടക്ക് മണിയംകുളത്തിനുമിടയ്ക്കുള്ള 1090 ഏക്കർ 23 സെന്റ് സ്ഥലമാണ് ചെന്നാട് എന്നറിയപ്പെടുന്നത്. ഈ പ്രദേശം ദേവസ്വം വകയായിരുന്നു. ആദ്യ കുടിയേറ്റക്കാരായ പനച്ചയിൽപണിക്കർ കുടുംബം ഏകദേശം 1000 വർഷം മുമ്പാണ് ഇവിടെയെത്തിയത്. അവർക്കൊപ്പം വന്നവരാണ് മുളംകുന്നത്ത്, ചക്കുങ്കൽ, പുരുഷമണിക്കത്ത് തുടങ്ങിയ നായർ കുടുംബങ്ങൾ. പനതച്ചിയിൽ കുടുംബത്തിന് രാജാവ് കരമൊഴിവായി ധാരാളം സ്ഥലം നൽകുകയും പണിക്കർ സ്ഥാനം നൽകി ആദരിക്കുകയും ചെയ്തു. ഈ കുടുംബത്തിന്റെ ശാഖകളാണ് വടക്കേവീട്ടിൽ, കണ്ടത്താനിക്കൽ തുടങ്ങിയവ. ഇവർക്കുശേഷമാണ് വരകപിള്ളിക്കാരും അവരുടെ ബന്ധുക്കളായ പുതുപ്പള്ളിക്കാരും ഇവിടെയെത്തിയത്. വരകപ്പിള്ളിക്കാർക്കുമാത്രം 950 ഏക്കർ സ്ഥലമുണ്ടായിരുന്നു. ഇവരിൽ നിന്നാണ് ഈ പ്രദേശത്തെ ഭൂരിപക്ഷം കർഷകരും ഭൂമി പാട്ടം-കിളച്ചുപാതി വ്യവസ്ഥയിൽ സ്വന്തമാക്കിയത്. ചേന്നാട്ടെ ആദ്യ കുടിയേറ്റക്കാർ നീണ്ടുക്കുന്നേൽ, തൈലംമാനാൽ, വെള്ളിയാംകുളം, വയലിൽ, ആറ്റുചാലിൽ, അരിമറ്റം, പോർക്കാട്ടിൽ, കളത്തൂർ, കാപ്പിലിപ്പറമ്പിൽ, വെള്ളമുണ്ടയിൽ എന്നീ കുടുംബക്കാരായിരുന്നു.

ആരാധനാലയങ്ങൾ

ലൂർദ്  മാതാ  പള്ളി

എഴു നൂറ്റാണ്ടിനപ്പുറം ചരിത്രമുള്ള നാടാണു ചേന്നാട് ആ ചരിത്രമുറങ്ങുന്ന നാട്ടിലേയ്ക്ക് നടന്ന പിൽക്കാല കുടിയേറ്റങ്ങൾക്ക് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട് പടത്താൻപതാം നൂറ്റാണ്ടിൻ്റെ അവസാന കാലഘട്ടങ്ങളിലും ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യകാലഘട്ടങ്ങളിലുമായി കാർഷികാവശ്യങ്ങൾക്കായി ഇടമറ്റം, അരുവിത്തുറ, തിടനാട്, പൂവത്തോട് പ്രദേശങ്ങളിൽ നിന്നും കുടിയേറിപാർത്തവരാണ് ഇന്നീ പ്രദേശത്ത് അധിവസിക്കുന്നവരുടെ മുൻതലമുറ ആ കുടിയേറ്റ ജനതയിലെ ക്രൈസ്‌തവ വിശ്വാസികൾ തങ്ങളുടെ ആത്മീയ കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത് അരുവിത്തുറ, തിടനാട്, പൂഞ്ഞാര, മണിയംകുന്ന്, മലയിഞ്ചിപ്പാറ തുടങ്ങിയ സമീപ ഇടവക ദേവാലയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. ഒരു ഇടവകപള്ളി തങ്ങൾക്കും വേണമെന്ന് ബോധ്യം വന്ന വിശ്വാസസമൂഹത്തിന് തിടനാട് പള്ളിയുടെ കുരിശുപള്ളിയായി ചേന്നാട് മാസത്തിലൊരിക്കൽ കുർബാനയും ആത്മീയകാര്യങ്ങളും നടത്തുവാൻ ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്നും അനുവാദമായി

1939 ആഗസ്റ്റ് 15 ചൊവ്വാഴ്‌ച മാതാവിൻ്റെ സ്വർഗ്ഗാരോപണത്തിരുനാൾദിനത്തിൽ തിടനാട് പള്ളി അസിസ്റ്റന്റ് വികാരിയും മുട്ടുചിറ ഇടവകക്കാരനായ പള്ളിവാതുക്കൽ ബഹു. യൗസേഹച്ചൻ ഇവിടെ ആദ്യബലി അർപ്പിച്ചുകൊണ്ട് ഈ നാട്ടുകാരുടെ ആത്മീയ സാഫല്യത്തിന് ആരംഭം കുറിച്ചു. അതിൻ്റെ സുവർണ്ണജൂബിലി 1989 ആഗസ്റ്റ് 15 ന് ആഘോഷിക്കുകയുണ്ടായി

സ്വന്തമായി ഒരിടവകയും വികാരിയച്ചനും ഉണ്ടായിക്കാണുവാൻ വിശ്വാസിസമൂഹം തീക്ഷ്‌ണമായി പ്രയത്നിച്ചതിൻ്റെ ഫലമായി 1944 ആഗസ്റ്റ് 15 ന് തിടനാട് പള്ളി അസിസ്റ്റൻ്റ് വികാരിയായിരുന്ന ബഹു സെബാസ്റ്റ്യൻ ഇളംതുരുത്തിയിലച്ചനെ ചേന്നാട് പള്ളിയുടെ ആദ്യവികാരിയായി അഭിവന്ദ്യ ചങ്ങനാശ്ശേരിമെത്രാൻ മാർ ജെയിംസ് കാളാശ്ശേരി നിയമിച്ചു. 1946 ജനുവരി 4 ന് ചേന്നാട്‌പള്ളിയെ ഒരു സ്വതന്ത്ര ഇടവകയാക്കി ഉയർത്തി അന്ന് 178 കത്തോലിക്കാകുടുംബങ്ങൾ ഇവിടെ ഉണ്ടായിരുന്നു.

ചേന്നാട് ഇടവകയുടെ ശൈശവദശയിൽ ആത്മീയ ഭൗതിക വിദ്യാഭ്യാസ പരിചരണം നൽകി പരിപോഷിപ്പിച്ചവരിൽ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചനുമുണ്ടായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. രാമപുരം പള്ളിയിൽ അസിസ്റ്റൻ്റ് വികാരിയായി സേവനം ചെയ്യവേ തനിക്കേറ്റവും പ്രിയപ്പെട്ട ദളിത് തൊഴിലാളി വിഭാഗങ്ങളുടെ ആത്മീയ ഭൗതിക വളർച്ചയ്ക്കുവേണ്ടി അദ്ദേഹം അക്ഷീണം പ്രയത്നിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തിരുന്നു. ആ അവസരത്തിൽ ചേന്നാട് വേങ്ങത്താനം എസ്റ്റേറ്റുകളിലെ തൊഴിലാളി കുടുംബങ്ങളെ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കുകയും അവരെ പ്രബുദ്ധരാക്കുന്നതിനായി പ്രയത്ന‌നിക്കുകയും ചെയ്‌തു

വിനോദ സഞ്ചാര കേന്ദ്രങ്ങൾ

വേങ്ങത്താനം അരുവി വെള്ളച്ചാട്ടം

കാഴ്ചയിൽ അൽപ്പം വെള്ളവും അപകടസാധ്യതയേറെയുമുള്ള അരുവിയാണ് വേങ്ങത്താനം. ഈരാറ്റുപേട്ടയിൽ നിന്ന് കാഞ്ഞിരപ്പള്ളി വഴിയിൽ അല്പം സഞ്ചരിച്ചു ഇടത്തേക്കു 12 കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിൽ എത്താൻ സാധിക്കും. (ചേന്നാട് മാളിക എന്ന സ്ഥലത്തു നിന്നും അല്പം മുന്നോട്ടു പോയി വലത്തേക്കുള്ള റബ്ബർ തോട്ടത്തിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിന്റെ മുകളിലെത്താം ) ശാന്തമായ ചെറിയ നീരൊഴുക്ക് മാത്രമാണെങ്കിലും ചെരിഞ്ഞ പാറകൾ അപകടം വരുത്തുന്നതാണ്. വഴുക്കലുള്ള പാറയിൽ കയറി തെന്നിയാൽ 250 അടിയോളം താഴ്ചയിലേക്കാണ് വീഴുന്നത്.