സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

(1977-79 വർഷങ്ങളിൽ സ്കൂളിൽ പഠിച്ചിരുന്ന പി ജി തോമസ് എന്ന പൂർവ്വവിദ്യാർത്ഥി റീയൂണിയൻ സംഘടിപ്പിച്ചപ്പോൾ എഴുതിയ ഓർമ്മക്കുറിപ്പ്.ഇപ്പോൾ കെ എസ് ഇ ബി ഓവർസിയർ ആയി സേവനം ചെയ്യുന്നു.)

സമാഗമം

റീയൂണിയനുമായി ബന്ധപ്പെട്ട് ഇന്നലെ സ്ക്കൂളിൽ പോയപ്പോഴാണ് ഞാൻ പഴയ സ്റ്റേജിനെ ശ്രദ്ധിച്ചത്. അവിടെ അതിന് മുമ്പിൽ അല്പനേരം -കണ്ണടച്ചുപിടിച്ചു. അപ്പോൾ കേൾക്കാം..

"അടുത്ത ഡാൻസ്.... ചെസ്റ്റ് നമ്പർ ... ..ആൻഡ് പാർട്ടി.... ചിലങ്കയുടെ ശബ്ദം... ഒരേ താളം, ഒരേ ഗാനം ... പ്രതിഭകളുടെ നിലവാരങ്ങളിൽ സ്വാഭാവികമായും മാറ്റമുണ്ടാകും.....ആകാംക്ഷരെങ്കിലും മുൻ വിധിയോടെയിരിക്കുന്ന കാണികൾ .

ഉസൈൻ ബോൾട്ട് പങ്കെടുക്കുന്ന ഓട്ട മത്സരത്തിൽ -സമ്മാനം ആർക്കായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ..

അപ്പോഴാണ് ഞാൻ ടീനയെക്കുറിച്ചോർത്തത്.അകലെയാണെങ്കിലും അരികിലാണെൻ മാനസമെന്ന് .... പാടിയതു പോലെയാണ് ടീനയുടെ കാര്യം... ഗ്രൂപ്പിലെ ഒരേ ഒരു എച്ച.എം.ആണ്. അതിനാൽ തന്നെ മറ്റാരുമായും ഒട്ടും മത്സരമില്ല....,ഉള്ളത് പറഞ്ഞാൽ, അതിനൊട്ട് നേരോമില്ല.

"..ലക്ഷം മാനുഷർ കൂടുമ്പോളതിൽ ലക്ഷണമൊത്തവർ ഒന്നോ രണ്ടോ ...." എന്ന് കുഞ്ചൻ നമ്പ്യാർ പാടിയതോർക്കുന്നില്ലേ.... ടീനയും വിജിയും ജന്മദിനത്തിന് എക്ലയേഴ്സ് മിഠായി നൽകുമായിരുന്നതിനാൽ എന്റെ മനസ്സിൽ അവരായിരുന്നു ലക്ഷണമൊത്തവർ.

ഇന്ന് ഗ്രൂപ്പിൽ വന്നപ്പോഴല്ലെ അറിയുന്നത് ,

പണ്ട് സെന്റ് ജോസഫിൽ പഠിക്കുന്ന കാലത്ത് മിക്കവരും ലക്ഷണമൊത്ത സിംഹികൾ തന്നെയായിരുന്നെന്ന് .. അടുത്തിരിക്കുന്ന സഹപാഠിയുടെ വിശപ്പറിഞ്ഞു പ്രവർത്തിച്ചവർ. മിഠായിയിൽ നിന്നും അന്നത്തിലേക്കുള്ള ദൂരം തിരിച്ചറിയാൻ വിശപ്പെന്താണെന്ന് അറിയേണ്ടി വന്നു.... അതുമൊരു അനുഭവം... പറഞ്ഞു വന്നതെന്താണെന്ന് വച്ചാൽ,ആ മഹതികളിൽ ഒട്ടുമിക്കവരും ഇന്ന് നമ്മുടെ ഗ്രൂപ്പിലുണ്ട്.

ഏതായാലും സംഘർഷഭരിതമായ കർമ്മമണ്ഡലത്തിൽ നിൽക്കുമ്പോഴും എങ്ങിനെയെങ്കിലുമൊന്ന് ഒക്ടോബർ 21 ആയെങ്കിലെന്ന അക്ഷമയിലാണെന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം...

തന്റെ ആ പഴയ വിദ്യാലയ തിരുമുറ്റത്ത് കാലുകളൂന്നി , വിത്തൗട്ട് ടെൻഷനോടെ, വീണ്ടും നൃത്തം ചെയ്യാൻ , പാഠങ്ങൾ ചൊല്ലി പഠിച്ച ആ ക്ലാസ് മുറികളിൽ ഒരു ചിത്രശലഭത്തെ പോലെ പാറി കളിക്കാൻ .... ചിറകുവിരിച്ചു നിൽക്കുന്ന ചിത്രശലഭം.. ( മകൻ ജോക്കുട്ടൻ ചിറകൊടിഞ്ഞെന്ന് പറഞ്ഞ് ട്രോളിയാലൊന്നും നുമ്മ അത് സമ്മതിക്കൂല്ല..)

ആ കാഴ്ച്ചപാട് ഒരർത്ഥത്തിൽ ആത്മനിഷ്ഠ നിറഞ്ഞൊരു പ്രോത്സാഹനവും പ്രചോദനവുമാണ്.