മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടയം

മധ്യ തിരുവിതാംകൂറിലെ ഒരു പ്രധാന നഗരമാണ്‌ കോട്ടയം. കോട്ടയം ജില്ലയുടെ ആസ്ഥാനമാണ് ഈ നഗരം. നഗരത്തിന്റെ തിലകക്കുറിയായി തിരുനക്കര ക്ഷേത്രവും മൈതാനവും സ്ഥിതി ചെയ്യുന്നു. “അക്ഷര നഗരി” എന്നും കോട്ടയം അറിയപ്പെടുന്നു. കാരണം ആദ്യ അച്ചടി ശാലയായ സി എം എസ് പ്രസ്സ് ,കേരളത്തിലെ പ്രമുഖ ദിനപത്രങ്ങൾ പ്രമുഖ പ്രസിദ്ധീകരണ ശാലകൾ ,പ്രസിദ്ധിയാർജ്ജിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,,കലാലയങ്ങൾ എന്നിവയെല്ലാം ഉള്ളത് കൊണ്ടും ഇന്ത്യയിലാദ്യമായി സമ്പൂർണ്ണസാക്ഷരത കൈവരിച്ച നഗരമായത് കൊണ്ടും ആണ് ആ പേര് ലഭിച്ചത്. റെയിൽവേ സ്റ്റേഷൻ ,ബസ് ബേ ,നാട്ടകം തുറമുഖം ,കുമരകം ബോട്ട് സർവീസ് എന്നിവയും എം ജി യൂണിവേഴ്സിറ്റി ,റബ്ബർ ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ സ്ഥിചെയ്യുന്നു. ഒട്ടേറെ പ്രമുഖ വ്യക്തികളും ഉണ്ടായ നാടാണ് കോട്ടയം. മുൻ ഇന്ത്യൻ രാഷ്ട്രപതി കെ ർ നാരായണൻ, മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ, മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മമ്മൂട്ടി, അരുന്ധതി റോയ്, എന്നിവർ അവരിൽ ചിലർ മാത്രം .

കഞ്ഞിക്കുഴി

കഞ്ഞിക്കുഴി പണ്ട് കാടു പിടിച്ച ഒരു സ്ഥലമായിരുന്നു. കഞ്ഞിക്കുഴിക്ക് സമീപം മാങ്ങാനം മാനുകൾ നിറഞ്ഞ കാടായും മാവുകൾ നിറഞ്ഞ കാടായും പറയപ്പെട്ടു പോരുന്നു. മുളങ്കുഴി മുതൽ കഞ്ഞിക്കുഴി വരെ കൈവഴിയൊഴുകുന്ന എലിപ്പുലിക്കാട് കടവിന് സമീപവുമൊക്കെ കുറെയേറെ പാടശേഖരങ്ങളുണ്ടായിരുന്നു. തിരഞ്ഞാൽ മേഖലയിലും പാടശേഖരങ്ങളായിരുന്നു. പുളിക്കൽ ,തേർ താനത്ത് ,വാടാമറ്റം തുടങ്ങി ഏതാനും ജന്മി ഭവനങ്ങളും അവരുടെ അടിയാന്മാരും മാത്രമായിരുന്നു കഞ്ഞിക്കുഴി മേഖലയിൽ താമസിച്ചിരുന്നത്. യുദ്ധകാലവും അതേത്തുടർന്നുണ്ടായ ക്ഷാമകാലവും ഇവിടുത്തെ ജനങ്ങളെ പരിഭ്രാന്തരാക്കി. പട്ടിണി മരണം ഒരു സ്ഥിരസംഭവമായി ഒപ്പം പകർച്ചവ്യാധികളും. ഭക്ഷണം കിട്ടാതെ വലഞ്ഞ അധസ്ഥിതർക്ക് ചില ജന്മി ഭവനങ്ങളിൽ നിന്ന് പതിവായി വലിയ ചെമ്പുകളിൽ കഞ്ഞി കൊണ്ടുവന്നു നിലത്തു കിഴികുഴിച്ചു കൂവയില അതിൽ നിരത്തി ആ കുഴികളിൽ കഞ്ഞി വിളമ്പി കൊടുക്കാറുണ്ടായിരുന്നു. വളരെ നാൾ ഈ പ്രവർത്തനം തുടർന്ന് പൊന്നു കാലക്രമത്തിൽ കുഴിയിൽ കഞ്ഞി കിട്ടുന്ന സ്ഥലത്തിന് കഞ്ഞിക്കുഴിയെന്നു പേര് വീണു എന്ന് നാട്ടു ഭാഷ്യം.കേരളത്തിൽ കോട്ടയത്തും, ഇടുക്കിയിലും ,ആലപ്പുഴയിലും ഇത്തരം കഞ്ഞിക്കുഴികളുണ്ട് . കോട്ടയം കഞ്ഞിക്കുഴിക്ക് അഭിമാനിക്കാവുന്ന ധാരാളം പുരോഗമനങ്ങൾ ഇന്ന് സംഭവിച്ചു കഴിഞ്ഞു. ആ പുരോഗതിക്കു തുടക്കം കുറിച്ചത് മൗണ്ട് കാർമ്മൽ സ്‌കൂളിന്റെ ആവിര്ഭാവത്തോടു കൂടിയാണ് .ഇന്നത്തെ ഭാവൻസ് സ്റ്റുഡിയോ ഉടമകളുടെ (പുളിക്കലുകാർ) സ്വന്തമായിരുന്ന സ്ഥലമാണ് മൗണ്ട് കാർമ്മൽ സ്‌കൂൾ പണിയുന്നതിനായി വിട്ടു കൊടുത്ത്. അന്ന് തിരഞ്ഞാൽ റോഡിനുമപ്പുറം വരെ സ്‌കൂൾ ക്യാമ്പസ് ഉണ്ടായിരുന്നു .പിന്നീട് റോഡ് വിപുലീകരണത്താൽ ഏറെ സ്ഥലം നഷ്ടമായി .കഞ്ഞിക്കുഴി റോഡ് വാക്കുകളിൽ പണ്ട് മനോഹരങ്ങളായ കുറെ മഴമരങ്ങളും ,മാവുകളും ഉണ്ടായിരുന്നു. എന്നാൽ റോഡ് പരിഷ്കരണം മൂലം അവയൊക്കെ വെട്ടി മാറ്റപ്പെട്ടു. നിലവിൽ ഒരു മുത്തശ്ശിമാവും ,ഒരാണ്ട് മഴമരങ്ങളും മാത്രമാണ് അവശേഷിക്കുന്നത് .