മേമുണ്ട എച്ച്.എസ്സ്.എസ്സ്./ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അരനൂറ്റാണ്ട് മുമ്പ് ഹൈസ്കൂൾ വിദ്യാഭ്യാസം നാട്ടിൻപുറങ്ങളിലെ സാധാരണ കുട്ടികൾക്ക് അപ്രാപ്യമായിരുന്നു. സമൂഹത്തിലെ ദുർബലജനവിഭാഗങ്ങൾക്കും ഒരു പരിധിവരെ പെൺകുട്ടികൾക്കും ഹൈസ്കൂൾ വിദ്യാഭ്യാസം അന്ന് അസാധ്യമായിരുന്നു.വിദ്യാഭ്യാസരംഗത്തെ ദുരിതകരമായ ഈ അവസ്ഥയെ മാറ്റിത്തീർത്തത് 1957 ലെ കേരള മന്ത്രിസഭയുടെ പ്രഖ്യാപനമായിരുന്നു. പഞ്ചായത്തുകൾതോറും ഹൈസ്കൂളുകൾ അനുവദിച്ചുകൊണ്ടുള്ള അന്നത്തെ ഗവൺമെന്റിന്റെ തീരുമാനം കേരള ചരിത്രത്തിലെ നാഴികക്കല്ലായി മാറി. ജനകീയ കമ്മിറ്റികളുടെ നിയന്ത്രണത്തിനു കീഴിലായിരിക്കണം പുതുതായി രൂപം കൊള്ളുന്ന സ്കൂളുകൾ എന്ന ഗവൺമെന്റിന്റെ നയപരമായ തീരുമാനത്തിന്റെ ചുവടുപി‌ടിച്ചാണ് മേമുണ്ടയിൽ സ്വകാര്യമാനേജ്മെന്റിന് കീഴിൽ പ്രവർത്തിച്ചിരുന്ന ചിറവട്ടം ഹയർ എലിമെന്റെറി സ്കൂൾ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേമുണ്ട ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. 1957 ഒക്ടോബർ 19 ന് പുറത്തിറങ്ങിയ സർക്കാർ ഉത്തരവുപ്രകാരം 1958 ജൂലൈ 10 ന് മേമുണ്ട ഹൈസ്കൂളിന് തുടക്കമായി. ഈ സ്ഥാപനത്തിന്റെ പഴയ നാമധേയം ചിറവട്ടം സ്കൂൾ എന്നായിരുന്നു.ചിറവട്ടം എൽ.പി പിന്നീട് ചിറവ‌്‌ട്ടം ഹയർ എലിമെന്ററി ആയിത്തീർന്നു; 1 മുതൽ 8 വരെ ക്ലാസുകളുള്ള ഇ.എസ്.എൽ.സി പരീക്ഷയോടെ പഠനം പൂർത്തിയാക്കുന്ന സ്കൂൾ. ഈ യു.പി സ്കൂളിന്റെ ആദ്യ മാനേജർ കെ. കുഞ്ഞിക്കണാരക്കുറുപ്പ് ആയിരുന്നു.