മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്.ഈരാറ്റുപേട്ട/എന്റെ ഗ്രാമം
കേരളത്തിലെ കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിലെ മീനച്ചിലാറിന്റെ കരകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു പ്രധാന പട്ടണമാണ് ഈരാറ്റുപേട്ട. പൂഞ്ഞാർ നിയമസഭാ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ ഈരാറ്റുപേട്ടയിലേക്ക് കോട്ടയത്തുനിന്ന് 40 കിലോമീറ്റർ ദൂരമാണുള്ളത്. പാലാ (12 കി.മീ), കാഞ്ഞിരപ്പള്ളി (17 കി.മീ), തൊടുപുഴ (30 കി.മീ) എന്നിവയാണ് സമീപ പട്ടണങ്ങൾ. പ്രസിദ്ധ ടൂറിസ്റ് കേന്ദ്രമായ വാഗമണിലേക്ക് ഇവിടെനിന്ന് 28 കി.മീ ദൂരമുണ്ട്. പ്രമുഖ ഹിന്ദു തീർഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള ഒരു പ്രധാന വഴിയാണിത്. ഇവിടെനിന്ന് 120 കി.മീ ദുരമാണ് ശബരിമലയിലേക്കുള്ളത്. എരുമേലിയിലേക്ക് 31 കി.മീറ്ററും.
2015 ജനുവരി 13 ന് ചേർന്ന മന്ത്രിസഭാ തീരുമാന പ്രകാരം ഈരാറ്റുപേട്ട പഞ്ചായത്തിനെ മുനിസിപ്പാലിറ്റി ആയി ഉയർത്താൻ തീരുമാനിച്ചു. നിലവിലുണ്ടായിരുന്ന അതിർത്തികൾ മാറ്റാതെ തന്നെയായിരുന്നു മുനിസിപ്പാലിറ്റി ആക്കി ഉയർത്താനുള്ള തീരുമാനം. 2016 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പോടെ ഓദ്യോഗികമായി മുനിസിപ്പൽ കൗൺസിൽ നിലവിൽ വന്നു. മൂന്ന് പോസ്റ്റ് ഓഫീസുകളാണ് നിലവിലുള്ളത് . ഈരാറ്റുപേട്ട ഹെഡ് പോസ്റ്റ് ഓഫീസിനു കീഴിൽ ഈരാറ്റുപേട്ട 2 ( അരുവിത്തുറ) ,നടക്കൽ എന്നീ മറ്റു രണ്ടു പോസ്റ്റ് ഓഫീസുകൾ കൂടി സ്ഥിതി ചെയ്യുന്നു.
ഭൂമിശാസ്ത്രം
വടക്കനാറും തെക്കനാറും കൂടിച്ചേർന്ന മീനച്ചിലാറായി ഒഴുകുന്നത് ഈരാറ്റുപേട്ടയുടെ ടൗണിനോട് ചേർന്ന ഭാഗത്തുനിന്നാണ് തെക്കേക്കര, കിഴക്കേക്കര, വടക്കേകര എന്നീ മൂന്നു കരകളിലായി ഈരാറ്റുപേട്ട പട്ടണം വ്യപിച്ചു കിടക്കുന്നു. അക്ഷാംശം 9.7 വടക്കും രേഖാംശം 76.78 കിഴക്കും ആയി സ്ഥിതിചെയ്യുന്നു.
വടക്കേക്കര, തെക്കേക്കര പാലങ്ങളാണ് ഈരാറ്റുപേട്ടയുടെ മൂന്ന് കരകളെ പരസ്പരം ബന്ധിപ്പിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ടൗണിൽ കുരിക്കൾ നഗറിൽനിന്ന് തെക്കേക്കരയിലേക്കും (മുഹിയുദ്ദിൻ പള്ളിയുടെ വശത്തു കൂടി) തോട്ടുമുക്കിൽനിന്ന് നടക്കലേക്കും, പുത്തൻപള്ളിക്കു സമീപത്തുനിന്ന് തടവനാൽ ഭാഗത്തേക്കും മൂന്ന് കോസ്വേകൾ നിർമിച്ചിട്ടുണ്ട്. പാലാ റോഡിൽനിന്ന് സെൻ്റ് ജോർജ് കോളേജിന് മുന്നിലൂടെ മറ്റൊരു പാലവും ഉണ്ട്.