പ്രവർത്തനങ്ങൾജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/കൂടുതൽ അറിയാൻ
റീഡിങ് ടൈം
ഞങ്ങളുടെ സ്കൂളിന്റെ തനത് പരിപാടിയാണ് റീഡിങ് ടൈം @ 7. നല്ല ശീലങ്ങൾ വളർത്തുക, വായന ശീലം വളർത്തുക, കുട്ടി തന്റെ ടെക്സ്റ്റ്ബുക്കിനെ അറിയുക ,ടെക്സ്റ്റ് ബുക്കിനെ പരമാവധി ഉപയോഗപ്പെടുത്തുക, രക്ഷിതാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നതൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കുട്ടികളുടെ വിദ്യാഭ്യാസം വീണ്ടും ഓൺലൈനിലേക്ക് നീങ്ങിയപ്പോൾ അക്ഷരങ്ങളുടെയും വായനയുടെയും ലോകത്തിലേക്ക് വന്ന് തുടങ്ങിയ കുഞ്ഞുങ്ങൾ വീണ്ടും സ്ക്രീനിലേക്ക് മാറുമ്പോൾ ഒരുപാട് ആശങ്കയും ആകുലതകളും കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉണ്ടായിരുന്നു.അതിനൊരു പരിധി വരെ പരിഹാരമെന്നോണമാണ് ഈ പരിപാടി ഞങ്ങളുടെ പ്രധാനാധ്യാപകനായ ശ്രീ.മുഹമ്മദ് സാറിന്റെ നേതൃത്വത്തിൽ തുടങ്ങിയത്. എസ്.ആർ. ജി തീരുമാനപ്രകാരം രാത്രി 7 മുതൽ 8 മണി വരെ ടെക്സ്റ്റ്ബുക്ക്, നോട്ട്ബുക്ക് എന്നിവയുമായി സ്കൂളിലെ ഓരോ കുട്ടിയും അവരുടെ അധ്യാപകരുമായി ഒന്നിച്ചിരിക്കുന്നു. വായന എന്ന പ്രവർത്തനത്തിൽ ഏർപ്പെടുന്നു.കുട്ടികളുടെ പങ്കാളിത്തം കൊണ്ടും രക്ഷിതാക്കളുടെ സഹായസഹകരണം കൊണ്ടും മികച്ച ഒരു തനത് പ്രവർത്തനം തന്നെ ആണിത്.
ഓണസ്‌റ്റി ബുക്ക് സ്റ്റാൾ
2020 ജനുവരി 23 വ്യാഴം കൃത്യം 2.30 ന് ഓണസ്റ്റി ബുക്ക് സ്റ്റാളും അതിന്റെ ഉദ്‌ഘാടന ചടങ്ങും നടന്നു.നാഗലാന്റിലെ കിഫിരെ ജില്ലയിലെ കളക്‌ടർ ബഹു. മുഹമ്മദലി ശിഹാബ് ഐ.എ.എസ്. ചടങ്ങിന്റെ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളിൽ വായനാ ശീലം വളർത്താനായിരുന്നു ഇത്തരമൊരു സംരംഭം.അഥവാ ഓണസ്റ്റി ബുക്ക് സ്റ്റാൾ.സ്കൂൾ മുറ്റത്ത് വ്യത്യസ്ത സ്റ്റാളുകളാക്കി തിരിച്ചാണ് പുസ്തക പ്രദർശനവും വില്പനയും നടത്തിയത്.ഇത്തരമൊരു സംരഭം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ ഹരം നൽകുന്നതായിരുന്നു.
ബഹുമാനപ്പെട്ട ഉദ്‌ഘാടകൻ കുറച്ചു സമയം കുട്ടികളുമായി സമയം ചെലവിട്ടത് വേറിട്ടൊരനുഭവമായി . തന്റെ ജീവിതനുഭവകഥയിലൂടെ വായനയുടെ പ്രാധാന്യവും അത് ജീവിതത്തിൽ ഉണ്ടാക്കുന്ന നേട്ടത്തെ കുറിച്ചും അദ്ദേഹം കുട്ടികളുടെയും രക്ഷിതാക്കളുടെയും മുന്നിൽ വിവരിച്ചു.കഷ്ടപ്പാടിന്റെയും പ്രയത്നത്തിന്റെയും സാഫല്യമാണ് തന്റെ കളക്ടർ പദവിയെന്നും ഉദ്ഘാടകൻ സൂചിപ്പിച്ചു . ഉദ്ഘാടന ചടങ്ങിന് പി.ടി.എ പ്രസിഡന്റ് ശ്രീ.ശഫീഖ് അധ്യക്ഷത വഹിച്ചു.അരീക്കോട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ശ്രീ.ഉമ്മർ വെള്ളേരി.പി ഗീത,പി.ടി. എ വൈസ് പ്രസിഡന്റ് അശോക് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച്കൊണ്ട് സംസാരിച്ചു.ചടങ്ങിൽ സ്കൂൾ പ്രധാനധ്യാപകൻ സലാം മാസ്റ്റർ സ്വാഗതവും എസ്.ആർ.ജി കൺവീനർ റഊഫ് റഹ്‌മാൻ നന്ദിയും അറിയിച്ചു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥി കളുടെ വീട്ടിലും ലൈബ്രറി സൗകര്യം ഒരുക്കുക എന്നതും അതിലൂടെ വായനയുടെ ലോകത്തിലേക്ക് കുട്ടികളെ നയിക്കുക എന്നതുമാണ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യം.ഇത് രണ്ടാമത്തെ വർഷമാണ് വിദ്യാലയം ഇത്തരത്തിലുള്ള പരിപാടി ഏറ്റെടുക്കുന്നത്.രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യം കൊണ്ടും സഹകരണം കൊണ്ടും പരിപാടി വൻവിജയമായി മാറി.
ഹലോ സ്കൂൾ സംവിധാനം
സ്കൂളിനും രക്ഷിതാക്കൾക്കും തമ്മിൽ വിവരങ്ങൾ കൈമാറാനുള്ള ലളിതമായ ഒരു സംവിധാനമാണ് ഹലോ സ്കൂൾ.ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം ബഹുമാനപ്പെട്ട അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.കെ.ടി.അബ്ദുഹാജി നിർവഹിച്ചു. ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത എന്ന് പറയുന്നത് ഇന്റർനെറ്റും സ്മാർട്ഫോണും ഇല്ലാതെ തന്നെ ഈ പദ്ധതിയുടെ ഗുണഭോക്താവാകാൻ കഴിയും എന്നതാണ് .ആദ്യം രക്ഷിതാക്കളുടെ നമ്പറുകളെല്ലാം ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നു.ഹലോ സ്കൂൾ എന്ന പേരിൽ ഒരു ഫോൺ നമ്പർ ഉണ്ടായിരിക്കും.ഈനമ്പറിലേക്ക് ഫോൺ ചെയ്താൽ സ്കൂൾ സംബന്ധമായ വിവരങ്ങൾ എല്ലാം ആർക്കും ഏത് സമയത്തും അറിയാൻ സാധിക്കും.മാത്രമല്ല സ്കൂളിൽ നിന്നുള്ള വിവരങ്ങളെല്ലാം ഫോൺ കോളുകളായി രക്ഷിതാക്കൾക്കെത്തും .അഥവാ സ്‌കൂളിൽ നിന്നും വിളിക്കുന്ന സമയത്ത് രക്ഷിതാവിനു അറ്റൻഡ് ചെയ്യാൻ പറ്റിയില്ല എങ്കിൽ ഹലോ സ്കൂൾ നമ്പറിലേക്ക് തിരിചു വിളിച്ചാൽ വിവരങ്ങൾ അറിയാനും സാധിക്കും .
പ്രഭാത ഭക്ഷണം
2019 ൽ കുട്ടികൾക്ക് വേണ്ടി പി ടി എ യുടെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് "പ്രഭാത ഭക്ഷണം പദ്ധതി ". വളരെനേരത്തെ പ്രഭാത ഭക്ഷണം കഴിച്ചു വരുന്ന കുട്ടികൾക്ക് ഉച്ചയൂണിനു മുൻപ് ലഭിക്കുന്ന ഒരാശ്വാസമായിരുന്നു പ്രഭാത ഭക്ഷണം എന്ന പേരിൽ അറിയപ്പെട്ട കുരിയരിക്കഞ്ഞിയും ഉപ്പേരിയും .രാവിലെ ഇന്റർവൽ സമയത്തായിരുന്നു കുട്ടികൾക്ക് അത് നൽകിയിരുന്നത്. അതുപോലെ തന്നെ പിടിഎ യുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ മാസത്തിലൊരിക്കൽ മാംസവും ബിരിയാണി ,കബ്സ പോലെയുള്ള ഭക്ഷണങ്ങളും കുട്ടികൾക്ക് നൽകി വരുന്നു.
സ്കൂളിൽ സി.സി.ടി.വി. പരിരക്ഷ
ഞങ്ങളുടെ സ്കൂളിൽ സി.സി.ടി.വി. കാമറ സ്ഥാപിച്ചു .പ്രമുഖ പ്രവാസി വ്യവസായി ശ്രീ.മുഹമ്മദിന്റെ സഹായത്താൽ പി.ടി.എ. സ്ഥാപിച്ച സി.സി.ടി.വി.യുടെ സ്വിച്ച് ഓൺ കർമം പഠനോത്സവ വേദിയിൽ വെച്ച് നിർവഹിച്ചു .
കുഞ്ഞൂസ് റേഡിയോ
കുട്ടികളുടെ സർഗവാസനകളെ പരിപോഷിക്കാൻ സ്കൂളിൽ ആവിഷ്ക്കരിച്ചു പദ്ധതിയാണ് കുഞ്ഞൂസ് റേഡിയോ. എല്ലാ ക്ലാസ്സ് റൂമിലും സ്പീക്കർ സംവിധാനിക്കുകയും നല്ല ഒരു റേഡിയോ സ്‌റ്റേഷൻ ഒരുക്കുകയും ചെയ്തുകൊണ്ടാണ് കുഞ്ഞൂസ് റേഡിയോ തുടങ്ങിയത്. കുഞ്ഞൂസ് റേഡിയോ കുട്ടികളുടെ ഒരാഘോഷമായി കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. നാടൻപാട്ട് കലാകാരനും നടനും അധ്യാപകനുമായ നാരായണൻകുട്ടി മാസ്റ്ററാണ് റേഡിയോയുടെ ഉദ്ഘാടനം നിർവഹിച്ചത് . കുട്ടികൾ ഉച്ചയ്ക്ക് ഒഴിവുവേളകളിൽ നാടൻ പാട്ടുകൾ കവിതകൾ മാപ്പിളപ്പാട്ടുകൾ കഥ പറച്ചിൽ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ മൈക്കിലൂടെ അവതരിപ്പിക്കുന്നു.ഓരോ ക്ലാസ്സും ഓരോ ദിവസവും പരിപാടി അവതരിപ്പിക്കുന്ന രീതിയിലാണ് കുഞ്ഞൂസ് റേഡിയോവിൻ്റെ പ്രോഗ്രാം ആവിഷ്കരിച്ചത്, കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കാനുള്ള ആത്മവിശ്വാസവും താൽപര്യവും ഉണ്ടാക്കാനും സഭാകമ്പം ഒഴിവാക്കാനും ഇത് മുഖേന സാധിക്കുന്നു
കുട്ടികളെ അറിയാൻ കുടുംബത്തിലേക്ക്
[ഗൃഹസന്ദർശന പരിപാടി ]
കുട്ടികൾ വളരുന്ന സാഹചര്യവും കുട്ടികളുടെ പരിസരവും അറിയാൻ സ്കൂളിൾ ആവിഷ്കരിച്ച പരിപാടിയാണ് ഗൃഹസന്ദർശന പരിപാടി .ഇതു മുഖേന്ന പിന്നോക്കക്കാരയ കുട്ടികളുടെ വീട്ടിലെ സാഹചര്യവും പിന്നോക്കം നിൽക്കാനുള്ള കാരണങ്ങൾ അറിയാനും, അവ പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാനും കഴിഞ്ഞു. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ആറ് കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകാനും സാധിച്ചു.
ഹോം ലൈബ്രറി
കുട്ടികളെ വായനാശീലം ഉണ്ടാക്കാൻ സ്കൂൾ ആവിഷ്ക്കരിച്ച പദ്ധതിയാണ് ഓരോ വീട്ടിലും ഒരു ലൈബ്രറി. സ്കൂളിൽ കുട്ടികൾക്കാവശ്യമായ പുസ്തക പ്രദർശനവും, വിൽപനയും സ്കൂളിൽ സംഘടിപ്പിക്കുകയും കുട്ടികൾക്ക് പുസ്തകങ്ങൾ കുറഞ്ഞ വിലക്ക് വാങ്ങാൻ അവസരമൊരുക്കുകയും ചെയ്തു .ശേഷം ഓരോ വീട്ടിലും ഒരു ലൈബ്രറി ഒരുക്കാനുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു. ഏറ്റവും നല്ല ലൈബ്രറികൾക്ക് സമ്മാനവും പ്രഖ്യാപിച്ചു. കുട്ടികൾ ഓരോ വീട്ടിലും മികച്ച ലൈബ്രറികൾ ഒരുക്കുകയും അവയുടെ ഫോട്ടോകൾ ക്ലാസ്സ് അധ്യാപകർക്ക് അയച്ചു കൊടുക്കുകയും ചെയ്തു.മികച്ച ലൈബ്രറിക്ക് ആകർഷണീയമായ സമ്മാനങ്ങൾ വാർഷിക ദിനത്തിൽ നൽകുകയും ചെയ്തു.