പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ സാമ്പത്തികം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ സാമ്പത്തിക ശാസ്ത്രം

ലോകമാകെ പടർന്നു പിടിച്ചിട്ടുള്ള കോവിഡ് .. 19 എന്ന രോഗത്തേക്കുറിച്ചുള്ള വാർത്തകളാണല്ലോ ഇപ്പോൾ മാധ്യമങ്ങൾ നിറയെ .ഈ മഹാമാരി ലോക സാമ്പത്തിക രംഗത്ത് വരുത്താനിടയുള്ള പ്രത്യാഘാതങ്ങളേക്കുറിച്ചാണ് സാമ്പത്തിക ശാസ്ത്രജ്ഞന്മാരും ലോകനേതാക്കളും മറ്റും ഏറ്റവും കൂടുതൽ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത് .ലോകത്തെ ഉത്പാദന വിതരണ ശൃംഖലയാകെ താറുമാറായിരിക്കുന്ന ഈ അവസ്ഥയിൽ സമ്പത്തിനേക്കുറിച്ചുള്ള ചിന്തയ്ക്ക് ഏറെ പ്രസക്തിയുണ്ട് . നിലവിലെ ലോക സാഹചര്യം - ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളും ലോക് ഡൗണിലാണ് .ഫാക്ടറികൾ പ്രവർത്തിക്കുന്നില്ല ,തൊഴിലാളികൾക്ക് ജോലിയില്ല .എല്ലാ വിമാനത്താവളങ്ങളും തുറമുഖങ്ങളും അടഞ്ഞുകിടക്കുന്നു . ടാക്സ് ഇനത്തിൽ ലഭിച്ചുകൊണ്ടിരുന്ന വരുമാനം ഗവൺമെന്റുകൾക്ക് നഷ്ടപ്പെടുകയും ആരോഗ്യം , സാമൂഹിക സുരക്ഷാ തുടങ്ങിയ രംഗങ്ങളിൽ അധികച്ചിലവ് വരികയും ചെയ്തിരിക്കുന്നു .ലോകം ഈ പ്രതിസന്ധികളിൽ നിന്നും കരകയറാൻ അനേക വർഷങ്ങൾ എടുക്കും എന്നാണ് വിദഗ്ദാഭിപ്രായം എന്താണ് സമ്പത്ത് ? .................................... ഈ സാഹചര്യത്തിൽ സമ്പത്തിനേക്കുറിച്ചുള്ള ഒരു പുനർ വിചിന്തനം പ്രസക്തമാണ് എന്നു തോന്നുന്നു .എല്ലാവരുടേയും ആവശ്യത്തിനുള്ളത് ഈ ലോകത്തുണ്ട് എന്നാൽ ആർത്തിക്കുള്ളത് ഇല്ല താനും എന്ന ഗാന്ധിജിയുടെ വചനങ്ങൾ ഇത്തരുണത്തിൽ പ്രസക്തമാണ് .ഉത്പാദനത്തിന്റേയും വിതരണത്തിന്റേയും പരസ്യങ്ങളുടേയും മായിക ലോകത്ത് മനുഷ്യൻ തന്നെ ഒരു ഉപഭോഗവസ്തുവായി മാറിയ കാഴ്ചയാണ് നാം കാണുന്നത് .സ്പോർട്സും കലകളും ഉൾപ്പെടെ മനുഷ്യന്റെ എല്ലാ പ്രവൃത്തികളും കമ്പോള താത്പര്യങ്ങൾക്കനുസരിച്ച് കച്ചവടവത്കരിക്കപ്പെടുന്നത് നാം കാണുന്നു .അവിടെ മനുഷ്യത്വം ആർക്കും വേണ്ടാത്ത ഒരു ചരക്കായി മാറുന്നു . സമ്പത്തിനേക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിന് അടിമുടിയായ ഒരു മാറ്റം കണ്ടെത്താനുള്ള ഒരു സുവർണാവസരമാണ് നമുക്ക് ലഭിച്ചിരിക്കുന്നത് .

1 .പ്രകൃതി സമ്പത്ത് - കോടിക്കണക്കിന് രൂപ മുടക്കി അനേക വർഷങ്ങൾ കൊണ്ട് ഗംഗാനദിയെ മാലിന്യ മുക്തമാക്കി പുണ്യനദിയായി വീണ്ടെടുക്കുന്ന ഒരു പദ്ധതി നമുക്കുണ്ടായിരുന്നു .എന്നാൽ ഒരു മാസം മനുഷ്യൻ അവന്റെ ആർത്തിക്ക് അവധി കൊടുത്തപ്പോൾ ഒരു ചില്ലിക്കാശ് മുടക്കാതെ ഗംഗാനദിയിലെ ജലം കുടിക്കുന്നതിന് പറ്റുന്ന വിധം ശുദ്ധമായിത്തീർന്നു എന്ന് നാം കണ്ടു .യൂണിയൻ കാർബൈഡ്‌ ഫാക്ടറിയിൽ നിന്നുണ്ടായ വാതകച്ചോർച്ചയിൽ കോവിഡ് ബാധയേറ്റുണ്ടായതിനേക്കാൾ പത്തിരട്ടിയിലധികം മരണം ഒറ്റ ദിവസം കൊണ്ട് ഇന്ത്യയിലുണ്ടായി എന്ന് നാം മറക്കരുത് .വൈറസിനെ പേടിച്ച് നാം മുഖാവരണത്തോടെയാണ് പുറത്തിറങ്ങുന്നത് എങ്കിലും പക്ഷിമൃഗാദികൾ അവയ്ക്ക് ലഭിച്ച ശുദ്ധവായു ആവോളം ആസ്വദിക്കുന്ന ദൃശ്യങ്ങൾ നാം നവ മാധ്യമങ്ങളിലൂടെ കണ്ടു .കേരളത്തിൽ അടുത്തിടെയുണ്ടായ രണ്ട് വെള്ളപ്പൊക്കങ്ങളും സങ്കീർണമാക്കിയത് ഓടകളും തോടുകളും പല തരത്തിലുള്ള മാലിന്യങ്ങൾ കൊണ്ട് അടഞ്ഞു പോയതും തണ്ണീർത്തടങ്ങൾ നികത്തപ്പെട്ടതും മൂലമായിരുന്നു എന്ന് പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട് . വായു ,മണ്ണ് ,ജലം ,പരിസ്ഥിതി എന്നിവ വലിയ സമ്പത്താണെന്നും അവയുടെ ആരോഗ്യകരമായ നില നില്പ് മനുഷ്യന്റെ സുസ്ഥിതിക്ക് അനിവാര്യമാണെന്നും നാം മറക്കരുത് . അമിതലാഭം പ്രതീക്ഷിച്ചു കൊണ്ട് ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന മാരക വസ്തുക്കൾ പല തരം രോഗങ്ങൾക്ക് കാരണമാകുന്നു എന്ന് വൈദ്യശാസ്ത്ര രംഗത്തുള്ളവർക്കെല്ലാം അറിയാം .കൊറോണാനന്തര കാലഘട്ടത്തിൽ പരിസ്ഥിതിയുടെ ആരോഗ്യകരമായ സുസ്ഥിരത ഏറ്റവും വലിയ സമ്പത്താണെന്ന് നാം തിരിച്ചറിയണം .

2 . ആരോഗ്യ സമ്പത്ത് - ...................................... സമ്പത്തുണ്ടാക്കാനുള്ള നെട്ടോട്ടത്തിനിടയിൽ മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ ആരോഗ്യമാണ് എന്ന തിരിച്ചറിവ് നൽകുന്നതായിരുന്നു ഈ കാലം .പ്രതിരോധശേഷിയുള്ളവർ വലിയ പരിക്കേൽക്കാതെ രക്ഷപ്പെടുകയും പല തരത്തിലുള്ള ജീവിത ശൈലീ രോഗങ്ങൾക്ക് അടിമപ്പെട്ടവർ രോഗത്തിന് എളുപ്പം കീഴടങ്ങുന്ന കാഴ്ചയും നാം കാണുന്നു .ആധുനിക കാലത്തിന്റെ ജീവിത സങ്കീർണതകൾ പലരേയും മാനസിക സമ്മർദ്ദങ്ങൾക്ക് വശംവദരാക്കുകയും പല തരത്തിലുള്ള രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു .ജങ്ക് ഫുഡുകളുടെ ഉപയോഗവും വ്യായാമമില്ലായ്മയും ആളുകളെ നിത്യരോഗികളാക്കി മാറ്റുന്നു .തനതായ ഭക്ഷണ ശീലവും അടുക്കളത്തോട്ടവുമൊക്കെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റേണ്ടതിന്റെ പ്രാധാന്യം നാം തിരിച്ചറിഞ്ഞു . ഗ്രാമ സ്വരാജ് എന്നത് ഒരു പഴഞ്ചൻ സങ്കല്പമാണെന്നും ആഗോളവത്കരണമാണ് ഭാവി എന്നും ചിന്തിച്ചിരുന്നവർക്ക് കൊറോണക്കാലം യാഥാർത്ഥ്യം തിരിച്ചറിയാനുള്ള അവസരമായി മാറി .ആരോഗ്യം ,ഭക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും മറ്റ് രാജ്യങ്ങളെ ആശ്രയിച്ചിരുന്ന രാജ്യങ്ങൾ തങ്ങൾ അകപ്പെട്ടിരിക്കുന്ന ദുർഘട സ്ഥിതി തിരിച്ചറിഞ്ഞു .കേരളത്തിൽ തരിശായി കിടക്കുന്ന നിലങ്ങൾ കൃഷി ചെയ്യേണ്ടതിന്റെ പ്രാധാന്യം മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു .ഓരോ ഗ്രാമവും ഭക്ഷണത്തിന്റേയും മറ്റ് അവശ്യവസ്തുക്കളുടേയും കാര്യത്തിൽ സ്വയം പര്യാപ്തമാകുന്നതിലെ സാമ്പത്തികം ഇന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട് .

3. വിദ്യാഭ്യാസം ഒരു സമ്പത്ത് .............................................

വർക് അറ്റ് ഹോം എന്ന സങ്കല്പത്തിന് ഏറെ പ്രാധാന്യം കിട്ടിയ കാലമാണിത് 'ഐ.ടി കമ്പനികൾ മാത്രമല്ല സാധ്യമായ മറ്റ് മേഖലകളും വിവരവിനിമയ സാങ്കേതിക വിദ്യയെ ഫലപ്രദമായി തങ്ങളുടെ ജോലിക്ക് ഉപയോഗിച്ച് വരുന്നുണ്ട് .ഓൺലൈൻ ക്ലാസ്സുകളും മറ്റും സാർവ്വത്രികമായിക്കഴിഞ്ഞു .സോഫ്റ്റ് സ്കിൽ സ് എന്നറിയപ്പെടുന്ന കഴിവുകളെ ഒരു സമ്പത്തായി കാണുകയും അവയെ വികസിപ്പിക്കുകയും ചെയ്യുന്ന സമൂഹം അഭിവൃദ്ധി പ്രാപിക്കും .മനുഷ്യബന്ധങ്ങളിലെ സ്നേഹം ,കരുണ ,കരുതൽ എന്നിവ ഒരുവന്റെ അറിവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ വൈകാരിക ബുദ്ധി ,പ്രകൃതി പരമായ ബുദ്ധി എന്നിവ സമൂഹത്തിനാകെ ഒരു സമ്പത്താണ് എന്ന കാര്യം നാം തിരിച്ചറിയണം .പൊതുമേഖലയുടേയും അവശ്യ സേവനങ്ങളുടേയും പ്രസക്തി തിരിച്ചറിയുന്നത് വഴി അമിതമായ സ്വകാര്യവത്കരണം മൂലധനത്തിന്റെ കേന്ദ്രീകരണത്തിന് കാരണമാകും എന്ന സത്യം നാം തിരിച്ചറിഞ്ഞു .കഴിഞ്ഞു .എല്ലാവർക്കും നല്ല ആരോഗ്യം ,പാർപ്പിടം ,ഭക്ഷണം ,വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പു വരുത്തുകയും സമൂഹത്തിൽ സാമ്പത്തികമായ സമത്വം ഉണ്ടാകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ആമിഷ് ജനതയേപ്പോലെ ആധുനിക കാലത്തിന്റെ എല്ലാ സുഖ സൗകര്യങ്ങളും പരിത്യജിച്ച് ജീവിക്കണം എന്നല്ല പറഞ്ഞു വരുന്നത് . ആവശ്യങ്ങളും അനാവശ്യങ്ങളും നാം തിരിച്ചറിയണം. ഭൂമിയെ വീർപ്പുമുട്ടിക്കുന്ന വികസന സങ്കല്പത്തിൽ നിന്നും മാറി മാനവികതയിൽ ഊന്നി നിന്നുകൊണ്ടുള്ള ഒരു വികസനമാണ് നമുക്കാവശ്യം .വിവിധ ഭൂഖണ്ഡങ്ങളിൽ ജീവിക്കുന്നവരാണെങ്കിലും ഇന്റർനെറ്റ് എന്ന തലച്ചോറിലൂടെ മനുഷ്യരാശി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു .ഈ കൊറോണക്കാലം മനുഷ്യന് സ്വാസ്ഥ്യം നൽകുന്ന സമ്പത്തുകൾ കണ്ടെത്താനും ഉപയോഗിക്കാനുമുള്ള ഒരവസരമായി മാറട്ടെ .

സാന്ദ്ര സാറാ ബിനോയ്
+2 പുളിയപറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 10/ 2024 >> രചനാവിഭാഗം - ലേഖനം