പങ്ങട ഗവ എൽപിഎസ്/അക്ഷരവൃക്ഷം/പ്രകൃതി ഒരു വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ഒരു വിദ്യാലയം

ലോക് ഡൗൺ കാരണം പുറത്തേയ്ക്കൊന്നും കളിക്കാൻ വിടില്ല. രാവിലെ പല്ലുതേപ്പും, കാപ്പി കുടിയും കഴിഞ്ഞ് വീടിനുചുറ്റും സൈക്കിൾ ചവിട്ടി നടന്നപ്പോഴാണ് പ്ലാവിൻ ചുവട്ടിൽ മാളു രണ്ട് വണ്ണാത്തിക്കിളികളെ കണ്ടത്.പെട്ടന്ന് ടീച്ചർ പറഞ്ഞ ബേഡ് ബാത്തിനെക്കുറിച്ചവൾ ഓർത്തു .അടുക്കളയിൽ നിന്നും ഒരു പഴയ പരന്ന പാത്രം സംഘടിപ്പിച്ച് പ്ലാവിൽ ചുവട്ടിൽ അവൾ ബേഡ് ബാത്ത് ഒരുക്കി. അര മണിക്കൂർ കഴിഞ്ഞില്ല. അവിടേയ്‌ക്ക് വാലാട്ടിക്കുരുവിയും ഓലേഞ്ഞാലിയുമെല്ലാം വരാൻ തുടങ്ങി. മതിലിന്റെ തൂണിൽ വച്ച പാത്രത്തിൽ കിളികൾ അവസരത്തിനായി വരിവരിയായി കാത്തു നിൽക്കുന്നതു കണ്ട അവൾക്ക് അത്ഭുതം തോന്നി. എന്തൊരച്ചടക്കം! ഇവരെ കണ്ടും പഠിക്കാനുണ്ടല്ലോ! നല്ല വെയിലായാൽ പിന്നെ ചെറുകിളിക്കളാരും അങ്ങോട്ടു വരില്ല .കാക്ക മാത്രം വരും, മീൻ തലയുമായി .അത് വെള്ളത്തിലിട്ട് ആകെ നാശമാക്കും. ആരാ ഈ കാക്കയെ വൃത്തിയുടെ പക്ഷിയെന്നു വിളിച്ചത്? അവളച്ഛനോടു ചോദിച്ചു. നമ്മൾ മീൻതല വലിച്ചെറിഞ്ഞിട്ടല്ലേ കാക്ക അതു കൊണ്ടിടുന്നത്? അച്ഛന്റെ മറുപടി കേട്ടപ്പോൾ അവൾക്കും തോന്നി, ശരിയാണ് കാക്കയുടെ കുഴപ്പമല്ല. വൈകുന്നേരം വെള്ളംമാറ്റിവയ്ക്കാം. അവൾവിചാരിച്ചു.മാളു ,നീ വരുന്നോ? അച്ഛൻ തൂമ്പയുമായി പറമ്പിലേയ്ക്ക് ഇറങ്ങിയപ്പോൾ അവളെ വിളിച്ചു. എങ്ങനെയെങ്കിലും സമയം പോകണ്ടെ, അവളും ഒപ്പം കൂടി.പയറും, ചീരയും, വെണ്ടയും, ചീനിയും, പടവലവും,പാവലും, വഴുതിനയും, തക്കാളിയുമെല്ലാം നടാൻ അവളും ഒപ്പം ചേർന്നു. നല്ല രസമുള്ള ഒരു കളിയാണ് കൃഷി അവൾക്കു തോന്നി. സ്കൂളടച്ചപ്പോൾ നട്ട പത്തു മണി ചെടികളെല്ലാം എത്ര വേഗമാണ് വളർന്നത്‌.കൃത്യം പത്തു മണിക്കു തന്നെ അതിൽ പൂ വിരിയുന്നതും സമയം തെറ്റാതെ തേനീച്ചകൾ അതിൽ വന്ന് തേൻ കുടിച്ചു പോകുന്നതുമെല്ലാം അവളെ ഏറെ അതിശയിപ്പിച്ചു.പ്രകൃതി ഒരു വിദ്യാലയമാണെന്നവൾക്കു തോന്നി അച്ചടക്കവും കൃത്യനിഷ്ഠയും ഒരു മടുപ്പും കൂടാതെ പഠിപ്പിക്കുന്ന വിദ്യാലയം

ശിവനന്ദന അഭിലാഷ്
4 എ പങ്ങട ഗവ എൽപിഎസ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ