നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഫറോക്ക്

അടിസ്ഥാന വിവരങ്ങള്

15.54 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ തെക്ക് : കടലുണ്ടി പഞ്ചായത്ത്, വടക്ക് : ചെറുവണ്ണൂർനല്ലളം, രാമനാട്ടുകര പഞ്ചായത്തുകൾ, കിഴക്ക് : ചേലേമ്പ്ര (മലപ്പുറം) പഞ്ചായത്ത്, പടിഞ്ഞാറ് : കടലുണ്ടി, ബേപ്പൂർ പഞ്ചായത്തുകൾ എന്നിവയാണ്. 1950-ലെ മദ്രാസ് വില്ലേജ് പഞ്ചായത്ത് ആക്ട് അനുസരിച്ച് 1955 ഏപ്രിൽ 11ന് ഫറോക്ക് പഞ്ചായത്തിന്റെ പ്രഥമഭരണസമിതി നിലവിൽ വന്നു. ചെറുകാട് കുട്ടി ശങ്കരക്കുറുപ്പായിരുന്നു ആദ്യപ്രസിഡന്റ്. 5 വാർഡുകളാണ് അന്ന് ഉണ്ടായിരുന്നത്. സ്ഥലവിസ്തൃതി അന്നും ഇന്നും 15.54 ചതുരശ്രകിലോമീറ്റർ തന്നെ. 1955 ഏപ്രിൽ 19 ന് പഞ്ചായത്ത് ഓഫീസ് പ്രവർത്തനാരംഭിച്ചതായി രേഖകളിൽ കാണുന്നു.

ഭൂമി ശാസ്ത്രം

വെസ്റ്റ്നല്ലൂർ, ഫറോക്ക് റെയിൽവേസ്റ്റേഷൻ, കരുവൻതിരുത്തി, ചാലിയാറിന്റെ തീരം എന്നിവിടങ്ങളിലേക്കു ചെനപ്പറമ്പ് പ്രദേശം ചെരിഞ്ഞുകിടക്കുന്നു. കോട്ടക്കുന്നിന്റെ ചെരിവ്, വാരഞ്ചരി താഴം, ചാലിയാർ തീരം, ഫറോക്ക് ടൌൺ, അമ്പലപ്പുറം ഭാഗത്തേക്കാണ്. അമ്പലങ്ങാടി, മൂന്നിലാംപാടം, കൈതോലിപ്പാടം, വാലത്തിൽ പടി എന്നീ ഭാഗത്തേക്കാണ് കുറുന്തലക്കുന്നിന്റെ ചെരിവ്. കള്ളിക്കൂടം, പെരുമുഖം എന്നീ ഭാഗങ്ങളാകട്ടെ, കാട്ടുങ്ങൽതാഴം, കാരട്ടിയിൽപ്പാടം, മലയിൽത്താഴം, കൊളത്തോട്ടുതാഴം, നാക്കുന്നപ്പാടം, പുതുക്കുഴിപ്പാടം എന്നിവിടങ്ങളിലേക്കും ചെരിഞ്ഞു കിടക്കുന്നു. പഞ്ചായത്തിൽ കൂടുതലും സമതലങ്ങളാണ്. മണൽ പറ്റുള്ള മണ്ണാണ് ഇവിടെ ഭൂരിഭാഗവും. പാണ്ടിപ്പാടം, മേലായിവളപ്പ്, മുക്കോണം, പാലാക്കൊടി, പുതുക്കഴിപ്പാടം, പുളിക്കൽതറ, കോട്ടപ്പാടം, കാരട്ടിയിൽപ്പാടം എന്നീ പ്രദേശങ്ങളാണ് ചതുപ്പുനിലങ്ങളായുള്ളത്. ചതുപ്പ് നിലം കൂടുതലായും കളിമണ്ണാണ്.

ചരിത്രം

കോഴിക്കോട് ജില്ലയിലെ ഒരു ചെറുപട്ടണമാണ് ഫറോക്ക്. കോഴിക്കോടിന്റെ തെക്കുവശത്തായി ചാലിയാർ പുഴയോടു ചേർന്നാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വടക്ക് ചാലിയാർ പുഴയും തെക്ക് വടക്കുമ്പാട് പുഴയും (കടലുണ്ടിപ്പുഴയുടെ ഭാഗം) കിഴക്ക് രാമനാട്ടുകര ഗ്രാമപഞ്ചായത്തും പടിഞ്ഞാറ് ചാലിയാർ പുഴയും അതിർത്തികൾ. ഫാറൂഖാബാദ് എന്ന് ടിപ്പുസുൽത്താൻ നൽകിയ പേര് പിന്നീട് ഫറൂഖ് എന്നായി മാറുകയായിരുന്നു. എന്നാൽ പറവൻമുക്ക് (പറവൻമാർ എന്ന ഒരു വിഭാഗം ഇവിടെ താമസിച്ചിരുന്നു) എന്നതിൽ നിന്നാണ് ഫറോക്ക് എന്നത് രൂപം കൊണ്ടത് എന്ന് പ്രദേശവാസികൾ അഭിപ്രായപ്പെടുന്നു. ഇവിടുത്തെ പ്രധാന വ്യവസായം ഓട് വ്യവസായമാണ്. ടിപ്പുവിന്റെ പടയോട്ട കാലത്ത് ഇവിടം ഒരു വിജനമായ കുന്നിൻ പ്രദേശമായിരുന്നു. ടിപ്പു സുൽത്താൻ മലബാർ കീഴടക്കിയതിനു ശേഷം ഫറോക്കിനെ മലബാറിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. ടിപ്പു സുൽത്താൻ മലബാർ പടയോട്ടക്കാലത്ത് കോഴിക്കോടിനും പാലക്കാടിനും ഇടയ്ക്കുള്ള തന്റെ പ്രദേശങ്ങളുടെ മേൽനോട്ടത്തിന് ഒരു കോട്ട പണിയാൻ തെരഞ്ഞെടുത്ത സ്ഥലം ഫറോക്കായിരുന്നു. ടിപ്പുവിന്റെ ഒളിത്താവളമായി ഫറോക്ക് കോട്ടക്കുന്നിൽ ഒരു കോട്ടയും നിർമ്മിച്ചു. കോട്ടക്കുന്നും, കോട്ടപ്പാടവും ജീവഹാനിപ്പറമ്പും, ചെനപ്പറമ്പുമെല്ലാം ടിപ്പുവിന്റെ ഫറോക്കുമായുള്ള ബന്ധത്തിന്റെ സൂചനകളാണ്. എന്നാൽ ഇവിടം ആൾ താമസം കുറവായതിനാലും എത്തിച്ചേരാൻ ബുദ്ധിമുട്ടിയത് കൊണ്ടും മലബാറിലെ പ്രശസ്തമായ വഴികളും പാതകളും ഫറോക്കുമായി ബന്ധിപ്പിച്ചു. കൂടാതെ ഇവിടെ വന്ന് താമസിക്കാൻ വേണ്ടി ടിപ്പു കോഴിക്കോട്ടു നിന്ന് ആളുകളെയും കൊണ്ട് വന്നു. പക്ഷെ ടിപ്പു സുൽത്താൻ മൈസൂരിലേക്ക് മടങ്ങി പോയപ്പോൾ ഇവർ തിരിച്ച് പോവുകയും ചെയ്തു. മംഗലാപുരം സന്ധിയനുസരിച്ചാണ് ഈ സ്ഥലം ബ്രീട്ടിഷുകാരുടെ കൈവശം വന്നു ചേർന്നത്. റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറുവശം സ്ഥിതി ചെയ്യുന്ന ചെനപ്പറമ്പിൽ ഇപ്പോൾ കാണാവുന്ന ശവക്കല്ലറകൾ മഹാശിലായുഗ (ബി.സി.4000 മുതൽ) ത്തോളം പഴക്കമുള്ള സംസ്ക്കാരം ഈ നാടിനുണ്ടെന്ന് സൂചിപ്പിക്കുന്നു.

സാംസ്കാരികം

ടിപ്പുസുൽത്താൻ മലബാർ പടയോട്ടക്കാലത്ത് കോഴിക്കോടിനും പാലക്കാടിനും ഇടയിലുള്ള പ്രദേശങ്ങളുടെ മേൽനോട്ടത്തിനായി ഫറോക്കിൽ കോട്ടകൾ സ്ഥാപിച്ചിരുന്നു. ഫറോക്കിലെ ഭൂരിഭാഗം ഭൂസ്വത്തുക്കളും നല്ലൂർ ദേവസ്വം വകയായിരുന്നു. ഇവിടെ സ്ഥാപിക്കപ്പെട്ട റെയിൽവേസ്റേഷനു ബ്രിട്ടീഷുകാർ ഫറോക്ക് എന്ന് പേരിട്ടതു മുതലാണ് ഈ പ്രദേശം ഈ പേരിൽ പരക്കെ അറിയപ്പെടാൻ തുടങ്ങിയത്. ഇവിടെ നിന്നും ദേശീയപ്രസ്ഥാനത്തിൽ പ്രവർത്തിച്ച പ്രധാന വ്യക്തികളായിരുന്നു പെരുന്തൊടി തൂമ്പൻ, പട്ടാഞ്ചേരി കൃഷ്ണൻ, ചിമ്മിനി വാസു, കെ.ടി.അബു, ടി.ഗോപാലൻ എന്നിവർ. 1911-ൽ ബാസൽ മിഷനറിമാരുടെ നേതൃത്വത്തിൽ ആരംഭിച്ച ബാസൽ മിഷൻ കമ്പനിയുമായി ബന്ധപ്പെട്ടാണ് ഇവിടെ ആദ്യമായി തൊഴിലാളി സംഘം രൂപീകൃതമായത്. ഓട്ടു കമ്പനി തൊഴിലാളികളുടെ ജോലി സമയം എട്ടു മണിക്കൂറാക്കാൻ കെ.പി.ഗോപാലന്റെ നേതൃത്വത്തിൽ തൊഴിലാളികൾ സമരം നടത്തുകയുണ്ടായി. 1906-ൽ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ സ്ഥാപിച്ച എലിമന്ററി സ്കൂളാണ് ഫറോക്ക് ഗ്രാമത്തിലെ ആദ്യത്തെ സ്കൂൾ. ബ്രിട്ടീഷുകാർ ഫറോക്ക് റെയിൽവേ സ്റേഷൻ ആരംഭിച്ചതോടെ ഈ പ്രദേശം വികസിക്കാൻ ആരംഭിച്ചു. ഫറോക്കിലെ ഓട്ടുവ്യവസായം വളരെ പഴക്കമുള്ളതും പ്രശസ്തിയാർജിച്ചതുമാണ്. പുരാതനമായ നല്ലൂർ ശിവക്ഷേത്രം, ശ്രീകുറുമ്പാ ദേവീക്ഷേത്രം, പേട്ടയിലെ പള്ളിയും ജാറവും എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങൾ. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ നവോത്ഥാനത്തിന്റെ സന്ദേശമെത്തിക്കുന്ന കൂട്ടത്തിൽ ഫറോക്കിൽ 1940-കളിൽ നടന്ന മിശ്രഭോജനം എടുത്തുപറയത്തക്കതാണ്. മദ്യവർജ്ജനപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന കള്ളുഷാപ്പ് പിക്കറ്റിംഗ് ഫറോക്കിന്റെ വിവിധഭാഗങ്ങളിൽ നടക്കുകയുണ്ടായി. കോട്ടക്കൽ കിഴക്കെ കോവിലകം, പടിഞ്ഞാറെ കോവിലകം, തിരുവണ്ണൂർ കോവിലകം തുടങ്ങിയ കോവിലകങ്ങൾക്കും ഏതാനും നമ്പൂതിരി കൂടുംബങ്ങൾക്കും മറ്റും അവകാശപ്പെട്ടിരുന്ന ഭൂസ്വത്തുകൾ കാലാന്തരത്തിൽ ഭൂരിഭാഗവും ഫറോക്കിലെ പൂതേരി കുടുംബത്തിൽ നിക്ഷിപ്തമായി. ഈ പഞ്ചായത്തിലെ പെരുന്തൊടി തൂമ്പൻ, പട്ടാഞ്ചരി (കളത്തിൽ) കൃഷ്ണൻ, ചമ്മിനി വാസു തുടങ്ങിയവർ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടവരിൽ ചിലരാണ്.

കീഴരിയൂർ ബോംബുകേസ്

കീഴരിയൂർ ബോംബുകേസിന്റെ ഗുഢാലോചന നടന്നത് കൊയിലാണ്ടിയിലെ കീഴരിയൂരായിരുന്നുവെങ്കിലും ബോംബ് പ്രയോഗിച്ചത് ഫറോക്ക് റെയിൽ പാലത്തിലായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന ഈ സംഭവത്തിൽ ഡോ.കെ.ബി.മേനോൻ, എൻ.പി.അബു, ടി.പി.കുഞ്ഞിരാമക്കിടാവ് എന്നിവർക്കൊപ്പം ഫറോക്കിലെ കെ.ടി.അലവിയും ഉൾപ്പെട്ടിരുന്നു.

ഓടു വ്യവസായം

1911-ൽ ബാസൽമിഷനറിമാരുടെ നേതൃത്വത്തിൽ ആരംഭിച്ച ബാസൽ മിഷൻ കമ്പനിയുടെ പ്രവർത്തനഫലമായി ഓടു വ്യവസായത്തിന് പ്രസിദ്ധമായി തീർന്ന സ്ഥലമാണ് ഫാറോക്ക്. ഫറോക്ക് റെയിൽവേ സ്റ്റേഷന്റെ ആവിർഭാവത്തോടുകൂടി വളർച്ച പ്രാപിച്ച ഫറോക്ക് അങ്ങാടി അമ്പതുകളുടെ അവസാനത്തോടെ നവീനവൽക്കരിച്ചതിൽ പി.കെ.കൃഷ്ണമേനോൻ (പൂതേരി) വഹിച്ച പങ്ക് സ്മരണീയമാണ്.

ഗതാഗതം

ഫറോക്ക് പഞ്ചായത്തിലെ ഗതാഗതസൌകര്യങ്ങളിൽ റെയിൽ, റോഡ് എന്നീ സൌകര്യങ്ങൾ തുല്യപ്രധാന്യം വഹിക്കുന്നു. സതേൺ റെയിൽവേയുടെ ഷൊർണ്ണൂർ-മംഗലാപുരം പാത ഫറോക്ക് പഞ്ചായത്തിൽ കൂടി തെക്കുവടക്കായി 2.504 കിലോമീറ്റർ നീളത്തിൽ കടന്നുപോകുന്നു. സ്ഥാപിത വർഷത്തിന് വ്യക്തമായ രേഖകൾ ലഭ്യമല്ലെങ്കിലും ഫറോക്ക് റെയിൽവേസ്റ്റേഷന് ഒന്നര നുറ്റാണ്ടോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. കുറച്ചു വർഷം മുമ്പു വരെ റെയിൽ മാർഗ്ഗം വന്നു ചേരുന്ന മരങ്ങളും ഭാരമേറിയ മറ്റു സാധനങ്ങളും ക്രെയിൻ വഴി ചാലിയാറിൽ ഇറക്കി ജലമാർഗ്ഗം വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിന് സൌകര്യമുണ്ടായിരുന്നു. ഏതാണ്ട് 1973 വരെ ചാലിയാർ പുഴയിലൂടെ ബോട്ട് സർവ്വീസ് ഉണ്ടായിരുന്നു. ആ കാലഘട്ടങ്ങളിൽ വാഴയൂർ, ആക്കോട്, വാഴക്കാട് തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകേണ്ടവർ ഫറോക്ക് വാഴക്കാട് ബോട്ട് സർവ്വീസ് ആയിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്. ക്രമേണ ബസ്സർവ്വീസുകൾ നിലവിൽ വന്നതോടു കൂടി ജലഗതാഗതം നിന്നു പോകുകയാണുണ്ടായത്. നാഷണൽ ഹൈവേയുടെ 3 കി.മീ നീളം വരുന്ന റോഡും പൊതുമരാമത്ത് വകുപ്പിന്റെ 10 കി.മീ റോഡും ഫറോക്ക് പഞ്ചായത്തിൽകൂടി കടന്നുപോകുന്നു. നല്ലൂർ ശിവക്ഷേത്രത്തിന്നടുത്തുണ്ടായിരുന്ന ഒരു കോവിലകത്തേക്ക് കുതിരവണ്ടി പോകാൻ വെട്ടിയുണ്ടാക്കിയ വഴിയാണ് ഇന്ന് ഏറ്റവും തിരക്കുള്ള ഫറോക്ക്-മണ്ണൂർ-കടലൂണ്ടി റോഡ്. വളരെക്കാലം മുമ്പു വരെ കോവിലകം റോഡ് എന്ന പേരിലാണ് ഈ റോഡ് അറിയപ്പെട്ടിരുന്നത്.

വിദ്യാഭ്യാസം

പഴയ തെക്കേ മലബാറിൽ വിദ്യാഭ്യാസരംഗത്ത് മുന്നിട്ടുനിന്ന പ്രദേശമായിരുന്നു ഇത്. സംസ്കൃതപണ്ഡിതർ സവർണ്ണവിഭാഗങ്ങളിലെ കുട്ടികളെ വേദങ്ങളും ഉപനിഷത്തുകളും പഠിപ്പിക്കുന്ന സംവിധാനം നിലനിന്നിരുന്നു. അതുപോലെ നാട്ടാശാന്മാർ എഴുത്തുപള്ളിക്കൂടങ്ങളും നടത്തിയിരുന്നു. ഇത്തരം എഴുത്തു പള്ളിക്കൂടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നവരിൽ മൺമറഞ്ഞുപോയ തിരുമലമ്മൽ കളരിക്കൽ കേശവപണിക്കർ, വേലു പെരുവണ്ണാൻ, ചക്കുട്ടിപെരുവണ്ണാൻ എന്നിവർ സ്മരണീയരാണ്. 1906-ൽ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ (ബി.ഇ.എം) സ്ഥാപിച്ച ഹയർ എലിമെന്ററി സ്കൂളാണ് ഫറോക്കിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയം. അക്കാലത്ത് അവർണ്ണ-സവർണ്ണ ഭേദമെന്യേ പ്രവേശനം നൽകിയ ഈ വിദ്യാലയം ഇന്നും നല്ല നിലവാരം പുലർത്തുന്നു. 1914-ൽ പരേതനായ കുഞ്ഞിരാമ മാരാർ സ്ഥാപിച്ച് പിന്നീട് സർവ്വോത്തമറാവുവിന് കൈമാറിയ വിദ്യാലയമാണ് ഇന്നത്തെ ജി.ജി.യു.പി.സ്കൂൾ. അദ്ദേഹം ഇത് 1972-ൽ സർക്കാരിനെ ഏൽപ്പിച്ചു. ഹരിജൻ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് അവരുടെ ഇടയിലുള്ള ഒരു സമുദായിക പരിഷ്കർത്താവായ ചൂലൻ കൃഷ്ണൻ 1920-ൽ കുണ്ടേടത്തിൽ ഒരു വീടിന്റെ വരാന്തയിൽ 10 കുട്ടികളെ പഠിപ്പിക്കാൻ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. ജാതീയത കൊടികുത്തിവാണിരുന്ന അക്കാലത്ത് ഇങ്ങനെ പള്ളിക്കൂടം സ്ഥാപിച്ചു എന്നറിഞ്ഞതോടെ കടലുണ്ടി, മണ്ണാർ, ബേപ്പൂർ, കരിങ്കല്ലായ്, നല്ലളം തുടങ്ങിയ ഭാഗങ്ങളിൽ നിന്നും കുട്ടികൾ ഇവിടെയെത്തി പഠനം നടത്തിയിരുന്നു. പിന്നീട് പൂതേരി രാവുണ്ണിനായർ നൽകിയ സ്ഥലത്ത് ഷെഡ് കെട്ടി സ്കൂൾ പ്രവർത്തിച്ചു. ആദിദ്രാവിഡ സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം അറിയപ്പെടാൻ തുടങ്ങി. 1925-ൽ ഇത് ലേബർ സ്കൂൾ ആയി മാറി. അക്കാലത്ത് ഭക്ഷണം, വസ്ത്രം, പുസ്തകം എന്നിവ സൌജന്യമായി നൽകിയിരുന്നു. 1932 ലാണ് നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക് സ്ഥാപിതമാകുന്നത്. ലേബര് സ്കൂള് 1952-ൽ ഹരിജൻ വെൽഫെയർ സ്കൂളായും, 1964-ൽ ഗവ.വെൽഫെയർ എൽ.പി.സ്കൂളായും പരിണമിച്ചു.

സാമ്പത്തികം

വ്യാവസായികരംഗത്ത് അന്താരാഷ്ട്ര നിലവാരത്തിൽ അറിയപ്പെടുന്ന പ്രദേശമാണ് ഫറോക്ക്. ഓട്ടുവ്യവസായ രംഗത്ത് കേരളത്തിന്റെ വ്യാവസായിക ഭൂപടത്തിൽ ഫറോക്കിന്റെ സ്ഥാനം മുൻപന്തിയിലാണ്. വർഷങ്ങളായി നിലനിന്നുവന്ന ഈ പ്രശസ്തിക്ക് തികച്ചും മുതൽക്കുട്ടായ ഒരു സ്ഥാപനം ബാസൽമിഷ്യൻകാർ സ്ഥാപിച്ച മിഷ്യൻ കമ്പനി എന്ന കോമൺവെൽത്ത് ടൈൽ ഫാക്ടറിയാണ്. തുടർന്ന് ഫറോക്ക്-ചെറുവണ്ണൂർ മേഖലയിൽ വളർന്നുവന്ന ഓട്ടുവ്യവസായ ശൃംഖലയിൽ പ്രചുരപ്രചാരം നേടിയ പേരും ഫറോക്ക് തന്നെ.