ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ കിണ്ടി
കിണ്ടി
വെളുപ്പിന് ഉറങ്ങി എഴുന്നേറ്റ ഉടൻ ഉണ്ണിക്കുട്ടൻ അമ്മൂമ്മയേയും അന്വേഷിച്ച് നടപ്പായിരുന്നു വടക്കേ കോലയിൽ കാര്യമായ എന്തോ പണിയിലാണ് അമ്മൂമ്മ എന്ന് അവന് മനസ്സിലായി. അമ്മൂമ്മേ പശുവിനെ കറക്കാൻ പോണ്ടേ....? ഉണ്ണിക്കുട്ടന്റെ ചോദ്യം കേട്ടതും അമ്മൂമ്മ പറഞ്ഞു. ദേ...., ഉണ്ണി, ഇതൊന്നു തീർത്തിട്ട് ഇപ്പോ വര്യായ്. അമ്മൂമ്മ എന്തിനാ ഈ വിളക്കൊക്കെ ഇപ്പൊ കഴുകുന്നേ......? ഉണ്ണി ഇത് നോക്വേ.... ഈ നിലവിളക്കിന്റെ നിറം കണ്ടോ, ഹായ് നല്ല മിനുമിനാന്ന് ഉണ്ടല്ലോ. ഉണ്ണി അത്ഭുതംകൂറി പറഞ്ഞു. അമ്മൂമ്മ ഏതിനെ കൊണ്ടാണ് ഇത് തേച്ചുരക്കുന്നത്..? അമ്മൂമ്മ ഉണ്ണിയെ നോക്കി പറഞ്ഞു. ചകിരി, ചാരം. പിന്നെ ഇത് എന്താണെന്ന് ഉണ്ണി പറഞ്ഞേ, ഉം.. അറിയില്ല എന്താ അത്? ഇതാണ് ഉമി. ഉണ്ണിക്ക് നെല്ല് അറിയില്ലേ? അറിയാം, നെല്ലിൽ നിന്ന് അല്ലേ അരി ഉണ്ടാക്കുന്നത്. ഉണ്ണി പെട്ടെന്ന് ഉത്തരം പറഞ്ഞു. മിടുക്കൻ, ആ അരിയുടെ പുറംതോടാണ് ഉമി. ഇതും പുളിയില വെള്ളവും ഒക്കെ കൂടി ഉരച്ച് എടുത്താൽ ഇതുപോലെ ഓട്ടുപാത്രങ്ങൾ മിനുമിനാ ന്നിരിക്കും. മുഖം നിറച്ച ചിരിയുമായി ഉണ്ണിക്കുട്ടൻ അമ്മൂമ്മയുടെ അരികിലിരുന്നു. ഉണ്ണിക്കുട്ടാ ഇപ്പോൾ അമ്മൂമ്മ എന്തിനെയാണ് തേച്ച് ഉരക്കുന്നത് എന്ന് പറയാമോ..? മുത്തച്ഛന്റെ ചോദ്യംകേട്ട് ഉണ്ണിക്കുട്ടൻ തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു. "കിണ്ടി", അമ്പടാ നീ കൊള്ളാമല്ലോ ഉണ്ണീ .. മുത്തച്ഛൻ നീട്ടി ചിരിച്ചു. ആട്ടെ ഈ കിണ്ടി കൊണ്ട് എന്താ കാര്യം? ഉണ്ണിക്കുട്ടൻ പരുങ്ങി. പിന്നെ പറഞ്ഞു . വിളക്കുകളുടെ കൂടെ പൂജാമുറിയിൽ വെക്കാൻ. അതിൽ വെള്ളം ഉണ്ടാകും ഇതിലെ വെള്ളം തൊട്ടാണ് അമ്മ എനിക്ക് ചന്ദനക്കുറി വച്ച് തരാറ്..., ശരിയാ, എന്നാൽ പണ്ടൊക്കെ ഈ കിണ്ടിയുടെ സ്ഥാനം ഉമ്മറത്തെ തിണ്ണയിൽ ആയിരുന്നു.അവിടെ വെള്ളം നിറച്ച് വെക്കും. മുത്തച്ഛൻ പറഞ്ഞതും ഉണ്ണി സംശയത്തോടെ ചോദിച്ചു, അതെന്തിനാ മുത്തച്ഛാ,...ഉമ്മറത്തു കിണ്ടിയിൽ വെള്ളം നിറച്ചു വെക്കുന്നേ....? അതേയ്,നമ്മൾ പുറത്തുപോയി വീട്ടിലേക്ക് വരുമ്പോഴും പുറത്തു നിന്ന് ആരെങ്കിലും നമ്മുടെ വീട്ടിലേക്ക് വരുമ്പോഴും ഈ കിണ്ടിയിലെ വെള്ളം കൊണ്ട് കാലും കയ്യും മുഖവും കഴുകിയേ അകത്തുകയറുകയുള്ളൂ. മുത്തച്ഛൻ പറഞ്ഞതും ഉണ്ണിക്കുട്ടൻ പറഞ്ഞു അതു ശരിയാ ഇങ്ങനെ ചെയ്യാൻ ടീച്ചർ ഞങ്ങളോടു പറയാറുണ്ട്. എന്നിട്ട് ഉണ്ണി അങ്ങനെ ചെയ്യാറില്ലല്ലോ..? സ്കൂൾ വിട്ട് ഓടി വന്ന് പലഹാര പാത്രത്തിൽ കയ്യിടാറല്ലേ പതിവ്.? മുത്തച്ഛൻ ചോദിച്ചതും ഒരുനിമിഷം ഉണ്ണി ജാള്യത കൊണ്ട് മുഖം താഴ്ത്തി. ആട്ടെ, മുത്തച്ഛാ എന്തിനാ ഈ കിണ്ടിവെള്ളം ? നമുക്ക് ഇവിടെ പൈപ്പ് ഉണ്ടല്ലോ. പൈപ്പും വെള്ളവുമൊക്കെ ഉണ്ണിയുടെ അച്ഛൻ മാഷായതിനുശേഷം വന്നതല്ലേ, ഞാൻ മുമ്പത്തെ കാര്യമാ പറഞ്ഞത്. അന്നൊക്കെ എല്ലാത്തിനും വെള്ളം കിണറ്റിൽനിന്ന് കോരുക തന്നെ വേണം. വെക്കാനും കുടിക്കാനും കഴുകാനും തൊടിനനക്കാനും എന്തിനും നിന്റെ മുത്തശ്ശി വെള്ളം കോരി കൊണ്ടേയിരിക്കും. മെനക്കെട്ട പണി തന്നെ. അതുകൊണ്ടാ... മുത്തശ്ശി ഇങ്ങനെ മെലിഞ്ഞിരിക്കുന്നേ?...,പക്ഷേ എന്റെ അമ്മ വണ്ണിച്ചിരുന്നാലും കാര്യമില്ല. ഒന്നിനും വയ്യ... ഉണ്ണിക്കുട്ടൻ ഇതു പറഞ്ഞതും എല്ലാവരും ചേർന്ന് കൂട്ടച്ചിരിയായി. ഉണ്ണിക്കുട്ടൻ വീണ്ടും തുടർന്നു. മുത്തച്ഛാ....., പണ്ട് കാലത്തും ഉണ്ടായിരുന്നോ ഈ "കൊറോണ"......? പിന്നെ എന്തിനാണ് പുറത്തു പോയി വന്നാൽ കാലും കയ്യും മുഖവും ഒക്കെ വൃത്തിയായി കഴുകുന്നത്. ഉണ്ണിക്കുട്ടന്റെ കയ്യും പിടിച്ച് അരികിൽ ചേർത്ത് നിർത്തി മുത്തച്ഛൻ പറഞ്ഞു. ഇതുപോലുള്ള വലിയ ദീനങ്ങൾ പണ്ടും ഇടയ്ക്കിടെ ഉണ്ടാകാറുണ്ട് . അന്ന് കൊറോണ അല്ല കോളറയെന്നും പ്ലേഗെന്നും വസൂരിയെന്നുമൊക്കെ പോലുള്ള മഹാവ്യാധികൾ. അവയൊക്കെ മുറ്റത്ത് കഴുകിക്കളഞ്ഞു വേണം നമ്മൾ വീട്ടിലേക്ക് കടക്കാൻ. പിന്നെയും ഉണ്ടായിരുന്നു രോഗങ്ങൾ... മന്ത്, മലമ്പനി അങ്ങനെ എത്രയെത്ര....., മുത്തച്ഛാ ഈ മന്തും മലമ്പനിയും ഒക്കെ കൊതുക് പരത്തുന്ന രോഗങ്ങൾ ആണത്രേ....! ഉണ്ണിക്കുട്ടൻ പറഞ്ഞതു കേട്ടതും മുത്തച്ഛൻ അവനെ പൊക്കിയെടുത്തു. നിന്റെ ടീച്ചർ ആള് കൊള്ളാമല്ലോ..., കൊതുകിനെ തുരത്താൻ നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് ഉണ്ണി പറഞ്ഞേ.? അത് എനിക്ക് പഠിക്കാനുണ്ട്, വീടും പരിസരവും വെള്ളം കെട്ടി കിടക്കാതെ ശുചിയാക്കണം, ചിരട്ട, പ്ലാസ്റ്റിക്, ടയർ തുടങ്ങി വെള്ളം തങ്ങിനിൽക്കാൻ സാധ്യതയുള്ള എല്ലാം തന്നെ എടുത്തു മാറ്റി വൃത്തിയാക്കി പരിസരം സൂക്ഷിക്കണം. മുത്തച്ഛാ ഈ കിണ്ടി ഞാൻ ഉമ്മറത്തിണ്ണയിൽ വെച്ചോട്ടെ...? ഉണ്ണിക്കുട്ടൻ അപേക്ഷ പോലെ ചോദിച്ചു. അതെന്തിനാ ഉണ്ണീ.... കിണ്ടി കാണുമ്പോൾ ഞാനെന്നും കാലും കൈയും മുഖവും കഴുകാൻ ഓർ:ക്കും. "പഴമയിലെ നന്മ പുതുമയിലേക്ക് പടരട്ടെ......."
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ
' |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ