ജി.എൽ.പി.എസ് കുന്നംകുളം/എന്റെ ഗ്രാമം
കുന്നംകുളങ്ങര എന്നായിരുന്നു പൂർവനാമം. കൊച്ചി രാജാക്കന്മാരുടെ 1763-ൽ പുറപ്പെടുവിച്ച ഒരു ഉത്തരവിൽ “കുന്നംകുളങ്ങരയിൽ കഴിഞ്ഞവർഷം 108 കടകൾക്കും ഈ വർഷം 11 കടകൾക്കും തീപിടിത്തം ഉണ്ടായിരിക്കുന്നു. ഇനിമുതൽ തീപിടിത്തം കൊണ്ടുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി എല്ലാ കട മുതലാളിമാരും അവരുടെ കടയുടെ മേൽക്കൂരകൾ ഓലയിൽ നിന്നു മാറ്റി ഓട് ആക്കുവാൻ ഉത്തരവിടുന്നു” എന്ന് എഴുതിയിരിക്കുന്നു.എന്നാൽ വാർഡിന്റെ റിപോർട്ടിൽ കൂനൻകുളങ്ങര എന്നാണു കാണപ്പെടുന്നത്. കുളക്കരയിലെ കാവുകളാണ് കുളങ്ങര എന്ന നാമത്തിനു പിന്നിൽ. കൂനൻ എന്നത് ദ്രാവിഡദേവതയായിരിക്കാൻ വഴിയുണ്ടെന്നും അല്ലെങ്കിൽ കുന്നുമായി ചേർന്ന കുളങ്ങരയുമാവാം പേരിനു പിന്നിൽ എന്ന് സ്ഥലനാമ ചരിത്രകാരൻ വി.വി.കെ വാലത്ത് അഭിപ്രായപ്പെടുന്നു. നോട്ട് ബുക്ക്-അച്ചടി വ്യവസായത്തിന് പ്രശസ്തമാണ് കുന്നംകുളം. കേരളത്തിലെ നോട്ട് ബുക്ക് ഉദ്പാദനത്തിന്റെ 90 ശതമാനത്തിലധികവും കുന്നംകുളത്ത് നിന്നാണ്. കടകളാലും അങ്ങാടികളാലും സമ്പന്നമായ ഈ ഗ്രാമത്തിൽ ക്രൈസ്തവരുടെ പല വിഭാഗത്തിലുള്ള പള്ളികൾ കാണാം. അടയ്ക്കാ മാർക്കറ്റ് അരിമാർക്കറ്റ് , മലഞ്ചരക്കുകൾ എന്നിവ വ്യാപരരംഗത്തെ പിടിച്ചടക്കിയിരിക്കുന്നു