ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ഭിന്ന ശേഷി സൗഹൃദ വിദ്യാലയം
ഈ വിദ്യാലയത്തിൽ ഭിന്ന ശേഷി വിദ്യാർത്ഥികളും പഠിതാക്കളാണ്. അവർക്ക് പ്രത്യേകമായി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് സൗകര്യങ്ങളുമുണ്ട്. ബി.ആർ.സിയിൽ നിന്ന് റിസോർസ് ടീച്ചർ, വിവിധ പഠന ഉപകരണങ്ങൾ, വീൽ ചെയർ സംവിധാനം, സ്പെഷ്യൽ ശുചീകരണ മുറി എന്നിവയെല്ലാം ലഭ്യമാണ്. നിർദ്ദിഷ്ട ആനുകൂല്യങ്ങൾക്ക് അർഹതയുള്ളവരായവർക്ക് ധനസഹായ മടക്കമുള്ള എല്ലാ സേവനങ്ങളും റിസോർസ് അധ്യാപിക മുഖേന കൃത്യ സമയത്ത് ലഭ്യമാക്കാനും സ്കൂൾ അധികൃതർ കൃത്യമായി ശ്രദ്ധിക്കുന്നു. ഇവർക്കു വേണ്ടി മികച്ച പഠനാനുഭവങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സോപ്പ് നിർമ്മാണം, പേപ്പർ പേന നിർമ്മാണം തുടങ്ങിയ പരിശീലനങ്ങളും നടക്കുന്നുണ്ട്. ഭിന്ന ശേഷി വിദ്യാർത്ഥികളുടെ വീട്ടിലെത്തി പ്രത്യേക സന്ദർശനവും ദിന്നശേഷി വാരാഘോഷവും ഓരോ വർഷവും സംഘടിപ്പിക്കുന്നു.
2021-22
സ്നേഹസംഗമം
ലോക ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷിക്കാരനായ സഹ പഠിതാവിനെ തേടി ചങ്ങാതിമാരെത്തി. ഗവൺമെന്റ് എൽ പി സ്കൂൾ ഒളകരയിലെ നാലാം ക്ലാസുകാരൻ വിഷ്ണുവിന്റെ വീട്ടിലാണ് സ്നേഹ സംഗമത്തിനായി അവർ ഒത്തുചേർന്നത്. ചങ്ങാതിമാരോടൊത്ത് ആടിയും പാടിയും സമയം ചെലവഴിച്ച വിഷ്ണുവിന് സ്കൂൾ തുറന്നിട്ട് ഇതുവരെയായും വിദ്യാലയത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ചങ്ങാതിമാർക്കത് സ്നേഹ സംഗമമായി. സമ്മാനങ്ങളും മിഠായികളുമായി കൂട്ടുകാരെത്തിയത് വിഷ്ണുവിനും അവിസ്മരണീയമായ മുഹൂർത്തമാണ് സമ്മാനിച്ചത്. പ്രധാന അധ്യാപകൻ കെ.ശശികുമാർ, സീനിയർ അസിസ്റ്റൻറ് സോമരാജ് പാലക്കൽ, കെ.കെ റഷീദ്, കെ സദഖത്തുള്ള എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു. പരിമിതികളോട് പോരാടുന്ന ഭിന്നശേഷിക്കാരുടെ സാമൂഹിക പങ്കാളിത്തവും നേതൃപാടവവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഐക്യരാഷ്ട്രസഭ ഇത്തവണത്തെ ഭിന്നശേഷി ദിനത്തിൽ മുന്നോട്ടുവെക്കുന്ന പ്രമേയം.
2019-20
ഭിന്ന ശേഷി വാരാചരണം
ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ഒളകര ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർഥികൾക്കായി ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. ഒന്നാണ് നമ്മൾ എന്ന സന്ദേശം ഉൾക്കൊണ്ട് ഭിന്ന ശേഷിക്കാരായ സഹപാഠികൾക്കായി അവരെയും സമൂഹത്തിന്റെ ഭാഗമായി കണ്ട് ശാക്തീകരണം നടത്തുക എന്നതാണ് വാരാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. വിജയികൾക്ക് എച്ച് എം എൻ വേലായുധൻ ഉപഹാരങ്ങൾ നൽകി.
ചങ്ങാതിച്ചെപ്പ്
ഒളകര ഗവ.എൽപി സ്കൂളിന്റെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളുടെ ഗൃഹ സന്ദർശനം നടത്തുന്ന ചങ്ങാതിക്കൂട്ടം പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടമെന്ന നിലയിൽ മൂന്നാം ക്ലാസുകാരി ജുമാനയെ കാണാനായാണ് കയ്യിൽ ചങ്ങാതി ചെപ്പുമായി കൂട്ടുകാരെത്തിയത്. അവളോടൊത്ത് പാട്ടുപാടി ഉല്ലസിച്ച് അവിസ്മരണീയ മുഹൂർത്തങ്ങാണ് ചങ്ങാതിക്കൂട്ടം സമ്മാനിച്ചത്. ചങ്ങാതിക്കൂട്ടം ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് അധികൃതർ അറിയിച്ചു. അദ്ധ്യാപികമാരായ ടി. കൗലത്ത് , ഇ.രാധിക എന്നിവർ കുട്ടികളെ അനുഗമിച്ചു.
പുതിയ ശുചീകരണ മുറി
ഭിന്ന ശേഷി വിദ്യാർത്ഥികൾക്കു വേണ്ടി പ്രത്യേകം ശുചി മുറി പഞ്ചായത്ത് നിർമിച്ചു നൽകി. വാർഡ് മെമ്പർ ഉദ്ഘാടനം നിർവഹിച്ചു. അത്യാധുനിക സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് ശുചി മുറി നിർമിച്ചിരിക്കുന്നത്.
സ്കൂളിന് വീൽ ചെയർ
ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേകം ഉപകരിക്കുന്ന വിൽ ചെയർ സ്കൂളിന് കെ.സി കൃഷ്ണനുണ്ണി സംഭാവന നൽകി. എച്ച്.എം എൻ വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, സോമരാജ് പാലക്കൽ, ഭിന്ന ശേഷി വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി.
2018-19
വൈകല്യം മറക്കാൻ പുരാവസ്തു പ്രദർശനം
ലോക ബധിര ദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടി കൊടക്കാട് ബധിര വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് വൈകല്യം മറക്കാൻ വിദ്യാർഥികൾ വർഷങ്ങൾ പഴക്കമുള്ള പുരാവസ്തുക്കളുടെയും നാണയ ശേഖരങ്ങളുടെയും ദൃശ്യ വിരുന്നൊരുക്കിയത് വേറിട്ടൊരുകാഴ്ചയായി. കേൾവിയും സംസാര ശേഷിയുമില്ലാത്ത ബാല്യങ്ങൾക്ക് പഴമയുടെ പാഠം പകരുന്നതായിരുന്നു പ്രദർശനം. ബധിര വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ നടന്ന വ്യത്യസ്ത പരിപാടികളിലേക്ക് പ്രത്യേക ക്ഷണിതാക്കളായാണ് കുരുന്നുകൾ പഴയ കാല പുരാവസ്ത്ര പ്രദർശനമൊരുക്കാനുള്ള ഒട്ടനവധി വസ്തുക്കളുമായെത്തിയത്. കോടിക്കണക്കിന് രൂപ വില വരുന്ന പുരാവസ്തുക്കളുടെ വൻ ശേഖരം കാണാൻ സ്കൂളിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സമീപ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും അവസരമൊരുക്കി. കേൾക്കാൻ കഴിവില്ലെങ്കിലും കണ്ട് പഠിക്കാൻ കഴിഞ്ഞ ആത്മ സംതൃപ്തിയാണ് വിദ്യാർഥികൾക്ക് ഇതിലൂടെ ലഭിച്ചത്. നയനാമൃതം 2018 എന്ന പേരിൽ ഒളകര ജി.എൽ.പി.സ്കുൾ സംഘടിപ്പിച്ച പ്രദർശനത്തിൽ വിദ്യാർഥികളും അധ്യാപകരും പി ടി.എയും ചേർന്നൊരുക്കിയ അമൂല്യമായ നാണയങ്ങൾ സ്റ്റാമ്പുകൾ, കാർഷികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ അളവു പാത്രങ്ങൾ, ആഭരണപെട്ടികൾ, ഗ്രാമഫോണുകൾ, റേഡിയോകൾ എന്നിവയുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരം സൗജന്യമായാണ് ഒരുക്കിയത്. ഇന്ന് നാട്ടിലില്ലാത്തതും അസ്തമിച്ചതുമായ കാലത്തിന്റെ സ്മരണ കുട്ടികളിൽ നേരറിവിന്റെ കൗതുകമുണർത്തുന്നതായിരുന്നു. പരിപാടി വള്ളിക്കുന്ന് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ നിസാർ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ബധിര വിദ്യാലയത്തിലെ എച്ച്.എം വി.കെ അബ്ദുൽ കരീം, പി സുഹറാബി, ഒളകര സ്കൂൾ പി.ടി.എ പ്രസിഡന്റ് സെയ്ദു മുഹമ്മദ്, അധ്യാപകരായ പി സോമരാജ്, കെ റഷീദ്, പി ഷാജി, കെ കരീം കാടപ്പടി, വി ജം ഷീദ്, ജയേഷ് നേതൃത്വം നൽകി.
ഭിന്ന ശേഷി വാരാചരണം
ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ഒളകര ഗവൺമെന്റ്എൽ.പി സ്കൂൾ വിദ്യാർഥികൾക്കായി ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. ഒന്നാണ് നമ്മൾ എന്ന സന്ദേശം ഉൾക്കൊണ്ട് ഭിന്ന ശേഷിക്കാരായ സഹപാഠികൾക്കായി, അവരെയും സമൂഹത്തിന്റെ ഭാഗമായി കണ്ട് ശാക്തീകരണം നടത്തുക എന്നതാണ് വാരാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ റഷീദ്, ഷാജി, റജുല എന്നിവർ നേതൃത്വം നൽകി.