ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/അക്ഷരവൃക്ഷം/കൊറോണ എന്ന മൂന്നാം ലോകമഹായുദ്ധം-ലേഖനം-ജൂവൽ.എസ്
കൊറോണ എന്ന മൂന്നാം ലോകമഹായുദ്ധം
ലോക ജനതയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ മഹാമാരിയാണ് കോവിഡ്-19. മനുഷ്യൻ വികസനങ്ങളിലേക്ക് ചുവടു വെക്കുന്നതിനിടയിൽ, സംസ്കാരത്തിനും ജീവിതശൈലിക്കും ഒക്കെ വളരെ വ്യത്യാസം വന്നുചേർന്നു. ഇതേ തുടർന്ന് നമ്മുടെ പ്രകൃതിക്കും അന്തരീക്ഷത്തിനും ഒക്കെ വ്യത്യാസം ഉണ്ടായി. രോഗങ്ങൾ വർദ്ധിക്കാൻ തുടങ്ങി. അടുത്തിടെയായി ഓരോ പുതിയ രോഗങ്ങൾ ജനിക്കുന്നത് നാം അറിയുന്നുണ്ട്. സിക്ക, നിപ്പ, തുടങ്ങി അത് ഇന്ന് കൊറോണയിൽ എത്തി നിൽക്കുന്നു.മറ്റ് അപകടകരങ്ങളായ വൈറസ് രോഗങ്ങളെ അപേക്ഷിച്ച് മരണസാധ്യത വളരെ കുറഞ്ഞ രോഗമാണ് കൊവിഡ്-19. എന്നാൽ വളരെ വേഗം പടരുന്നു എന്നതാണ് രോഗത്തെ ഭീകരമാക്കുന്നത്. സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് (SARS - cov - 2) മൂലം ഉണ്ടാകുന്ന രോഗമാണിത്. ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവൻ വ്യാപിച്ചു. രോഗം ബാധിച്ച വ്യക്തി ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി പടരുന്നത്. രോഗാണുസമ്പർക്കം ഉണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2-14 ദിവസം വരെയാണ്. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ എഴുപത് വർഷങ്ങളായി കൊറോണ വൈറസ് എലി, നായ, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ, ഇവയെ ബാധിക്കാം എന്ന് ശാസ്‌ത്രജ്ഞർ കണ്ടെത്തി. 'സ്യൂട്ടോണിക്' എന്നാണ് ഇവയെ ശാസ്‌ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർത്ഥം.റിഡോവൈറലസ് എന്ന നിരയിൽ കൊറോണവൈരിഡി കുടുംബത്തിലെ ഓർത്തോകൊറോണവൈറിനി എന്ന ഉപകുടുംബത്തിലെ വൈറസുകളാണ് കൊറോണ വൈറസ്. മനുഷ്യരിൽ ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയും ഒക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം, എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ ജനിതക മാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്. പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും ഇത് പിടി മുറുക്കും.2019 ഡിസംബർ 31 നാണ് ലോകത്തിൽ ആദ്യത്തെ കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുന്നത്. ഫെബ്രുവരി 11- നാണ് ഈ രോഗത്തിന് WHO കൊവിഡ്-19 എന്ന് പേര് നൽകിയത്. ജപ്പാനിലെ വുഹാനിൽ ഉത്ഭവിച്ച കൊറോണ ക്രമേണ പല രാജ്യങ്ങളിലേക്ക് പടർന്നു. ഇന്ന് അത് ഏകദേശം ലോകത്തെ മുഴുവൻ കീഴടക്കിയിരിക്കുന്നു. ലോകത്താകമാനം 20,24,676 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 14,02,987 കേസുകൾ പോസിറ്റിവ് ആയി നിലവിലുണ്ട്. രോഗം ഭേദമായവർ 4,92,717 ഉം മരണപ്പെട്ടവർ 1,28,972 ഉം ആണ്. ജനുവരി 22 ന് 580 കേസുകൾ ഉണ്ടായിരുന്നത് മാർച്ച് 16 ഓടെ 1,82,432 കേസുകൾ ആവുകയും, എന്നാൽ ഏപ്രിൽ 14 ഓടെ 19,97,906 എന്ന ഉയർന്ന സംഖ്യയിലേക്ക് എത്തുകയും ചെയതു. ജനുവരി 22 ൽ 17 ആയിരുന്ന മരണസംഖ്യ ഏപ്രിൽ 14 ആയതോടെ 1,26,601 ൽ എത്തിയിരിക്കുന്നു. (രാജ്യം - നിലവിലെ കേസുകൾ - മരണപ്പെട്ടവർ - ഭേദപ്പെട്ടവർ, എന്ന ക്രമത്തിൽ ) USA-550831-26185-38879 ഇതാണ് ഇന്നുവരെ ഉള്ള കണക്കുകൾ. ഈ മഹാമാരിയിൽനിന്ന് രക്ഷ നേടാൻ ശ്രമിക്കുകയാണ് ലോകമെമ്പാടും ഉള്ള രാജ്യങ്ങൾ. അതിന്റെ ഭാഗമായി ഇന്ത്യയും ലോക്ഡൗണിലൂടെയും കർഫ്യൂവിലൂടെയും കൊവിഡിനെതിരെ പൊരുതുന്നു.വിലക്കുകൾ കുറച്ചാലും ലോക്ഡൗൺ പിൻവലിച്ചാലും ശ്രദ്ധയോടെ തുടരേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. മാസ്കുകൾ ധരിക്കാനും, ദൂരയാത്രകൾ ഒഴിവാക്കാനും, ഗവൺമെന്റിന്റെയും അധികൃതരുടെയും നിർദ്ദേശങ്ങൾ പാലിക്കാനും നാം ശ്രമിക്കണം. ഓരോ വ്യക്തിയുടെയും ശ്രദ്ധയില്ലായ്മ അവസ്ഥയെ കൂടുതൽ ഗുരുതരം ആക്കും. അതിനാൽ നമുക്ക് ഒരുമയോടെ, ആത്മവിശ്വാസത്തോടെ ഈ മഹാമാരിക്കെതിരെ പോരാടാം. ഓർക്കുക "ഭയം വേണ്ട ജാഗ്രത മതി." |