ജി. എച്ച്. എസ്. എസ്. പാക്കം/ചരിത്രം
പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രികമാക്കുക എന്ന ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യത്തിന്റെ ഭാഗമായി 1951- 55 കാലഘട്ടത്തിൽ നിരവധി ഏകാധ്യാപക വിദ്യാലയങ്ങളും പ്രൈമറി സ്കൂളുകളും രാജ്യത്താകമാനം ആരംഭിച്ച കൂട്ടത്തിൽ 1955 ലാണ് ഈ സരസ്വതി ക്ഷേത്രത്തിന് സമാരംഭം കുറിച്ചത്. അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ദക്ഷിണ കാനറ ജില്ലയിലെ കാസറഗോഡ് താലൂക്കിൽ സ്ഥാപിക്കപ്പെട്ട അപൂർവ്വം വിദ്യാലയ ങ്ങളിൽ ഒന്നാണ് ഇത്. വിദ്യാഭ്യാസതൽപ്പരരായ നാട്ടുകാരുടെ ശ്രമഫലമായി 1955ൽ നിർമ്മിച്ച താത്ക്കാലിക ഷെഡിലായിരുന്നു ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. ആദ്യ അവധിക്കാലത്ത് കാറ്റിൽ തകർന്നുപോയ സ്ക്കൂൾ പാക്കം കണ്ണംവയൽ അമ്പലത്തിന്റെ കലവറയിലേക്കു മാറി. തൊട്ടടുത്ത് ഓലയും പുല്ലുംകൊണ്ട് ഒന്നും രണ്ടും ക്ലാസ് മുറികൾ നിർമ്മിച്ച് അതിൽ പ്രവർത്തനം തുടർന്നു. 1960ൽ കൂക്കൾ കുഞ്ഞമ്പുനായരുടെ വാടകകെട്ടിടത്തിൽ upക്ലാസുകൾ ആരംഭിച്ചു. അപ്പോഴും എല്ലാക്ലാസുകളും നടത്താൻ ആ കെട്ടിടം മതിയായില്ല. 1963ൽ ശ്രീ.കെ .ചന്ദ്രശേഖരൻ കേരളത്തിന്റെ നിയമകാര്യമന്ത്രിയായ അവസരത്തിലാണ് പാക്കം ഗവൺമെന്റ് ഹൈസ്ക്കൂളിലെ പ്രധാന കെട്ടിടം - പാക്കം ഗവൺമെന്റ് യു.പി സ്ക്കൂളിന് വേണ്ടി - ഉദ്ഘാടനം ചെയ്യപ്പെട്ടത്. 1963 ൽ യു പി സ്കൂളായും 1990 ൽ ഹൈസ്കൂളായും 2010 ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തി. പി ടി എ യുടെ പൂർണനിയന്ത്രണത്തിൽ 2020 ൽ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളും 2011 -12 ൽ ഇംഗ്ലീഷ് മാധ്യമത്തിലൂടെയുള്ള പഠനവും സമാരംഭിക്കപ്പെതോടെ ക്ലാസ്സുകളും കോഴ്സുകളും ഇന്ന് കാണുന്ന തരത്തിൽ പൂർണ്ണതയിലേക്കെത്തി. കാസർഗോഡ് ജില്ല, ഹോസ്ദുർഗ് താലൂക്ക്, പള്ളിക്കരപഞ്ചായത്തിലെ പനയാൽ വില്ലേജിൽപ്പെട്ട ഈ വിദ്യാലയം പള്ളിക്കര - പെരിയ റോഡിനോരം ചേർന്ന് കണ്ണംവയൽ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. പള്ളിക്കര - പെരിയാറോഡ് ജംഗ്ഷനിൽനിന്ന് ഏകദേശം രണ്ടരകിലോമീറ്റർ കിഴക്ക് മാറിയാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. –2 മുതൽ +2 വരെയുള്ള 29 ഡിവിഷനുകളിലായി ആയിരത്തിലധികം വിദ്യാർത്ഥികൾ ഇന്ന് ഇവിടെ വിദ്യ അഭ്യസിച്ചുവരുന്നു. പാഠ്യ – പാഠ്യേതര രംഗങ്ങളിൽ ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്ന് എന്ന നേട്ടം ഇതിനോടകം നാം നേടിക്കഴിഞ്ഞു. സുശക്തമായ പി ടി എ, മദർ പി ടി എ, എസ് എം സി, എസ് ഡി സി, ഒ എസ് എ, തദ്ദേശഭരണസ്ഥാപന ങ്ങൾ, പൊതുസമൂഹം, രക്ഷിതാക്കൾ എന്നിവയുടെ മാതൃകാപരമായ കൂട്ടായ്മയാണ് ഇതിനു പിന്നിലെ ശക്തി.
മികച്ച പഠന രീതിയും, പരിപൂർണ്ണ അച്ചടക്കവും പഠനത്തോടൊപ്പം ഉത്തമ പൗരനായി സമൂഹത്തിൽ വളരാനുള്ള പരിശീലനവും ഒരുമിച്ച് നൽകാൻ സാധിക്കുമ്പോഴാണ് വിദ്യാലയ ത്തിന്റെ ചുമതല പൂർത്തിയാകുന്നത്. ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അക്ഷരാ ത്ഥത്തിൽ ഇവ പ്രാവർത്തികമാക്കുന്നുണ്ട്. പാക്കത്തേയും പരിസരപ്രദേശങ്ങളിലേയും ജന സഞ്ചയത്തെ കഴിഞ്ഞ ആറരപതിറ്റാണ്ടിലേറെയായി വിദ്യകൊണ്ട് സമ്പന്നമാക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |