ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/പ്രകൃതി
പ്രകൃതി
യമുന നല്ല ഉറക്കത്തിലാണ് . തലയണകൾ ക്കിടയിൽ മുഖം പൂഴ്ത്തി ഇടയ്ക്ക് മറിഞ്ഞും തിരിഞ്ഞും വലിയ മെത്തയിൽ വിശാലമായ ഉറക്കത്തിൽ . അമ്മ അടുക്കളയിൽ ജോലി ചെയ്യുന്നു.ഇടയ്ക്കിടെ "അവൾ എഴുന്നേറ്റോ" എന്ന് അമ്മമ്മയോട് വിളിച്ച് ചോദിക്കുന്നു."ഇല്ല" എന്നായിരുന്നു ഓരോ തവണയും അവരുടെ മറുപടി.മണി എട്ട് ആയി.അഛൻ നടത്തതിനു ശേഷം തിരികെ വന്നിരിക്കുന്നു.ഗേറ്റ് കടക്കുന്നതിന് മുൻപ് പത്രക്കാരൻ അയ്യപ്പൻ സാറേ എന്നുറക്കെ വിളിച്ചുകൊണ്ട് പത്രം അയാൾക്ക് നേരേനീട്ടി.അഛൻ ഒരു മാസത്തെ പണം നൽകി.വീട്ടിൽ കയറുന്നതിന് മുൻപ് പത്രത്തിലൂടെ കണ്ണോടിച്ച ശേഷം ഇന്റ൪ലോക്കിട്ട മുറ്റത്തൂടെ വീട്ടിൽ കയറി.""സംഗീതേ ,ചായ"” എന്നുറക്കെ വിളിച്ചു പറഞ്ഞു.ചായയുമായി അമ്മ അഛനടുക്കലേക്ക് വന്നു."കണ്ടില്ലേ പുന്നാരമോൾ ഇതുവരെ ഉണർ ന്നിട്ടില്ല.ഇനിയെന്നാ ഇവൾ നേരത്തിനും കാലത്തിനും എഴുന്നേൽക്കുന്നത് . വയസ്സ് പതിനാലായി എന്നിട്ടും ഒരു ഉത്തരവാദിത്വവുമില്ല”.അമ്മ ദേഷ്യത്തോടെ പറഞ്ഞു.ആ ശബ്ദതരംഗങ്ങൾ യമുനയുടെ കാതിലാണ് മൃത്യുവരിച്ചത് . യമുന പതിയെ എഴുന്നേറ്റു.ചിട്ടയില്ലാതെ പാറിനടന്ന മുടികളെ തന്റെ ചുവന്ന ബണ്ണുകളാൽ ബന്ധിയാക്കി.പതിയെ ജനാലകൾ തുറന്ന ശേഷം പഠന മേശയുടെ മുകളിൽ പതിച്ചിരുന്ന ദൈവത്തിന്റെ ചിത്രത്തിനു മുന്നിൽ കൈകൂപ്പി.അഛൻ പഠിപ്പിച്ച ശീലങ്ങൾ ഇന്നും തുടരുന്നു.പ്രാർ ഥനയെക്കുറിച്ച് അമ്മ പറഞ്ഞത് അവൾ എന്നും ഓർക്കും.പ്രാർഥനയെന്നാൽ സ്വാദുള്ള ഭക്ഷണം മതിയാവുന്നതുവരെ കഴിക്കുന്നതു പോലെയാണെന്ന് . പ്രാഥമിക കൃത്യങ്ങൾക്ക് ശേഷം അമ്മയുടെ അടുക്കലേക്ക് വന്നു.""അമ്മേ ചായ.” ഓ എഴുന്നേറ്റോ അമ്മ ദേഷ്യത്തിൽ ചോദിച്ചു."അവധിക്കാലത്ത് വൈകി എഴുന്നേൽക്കുന്നത് നിനക്കൊരു ശീലമായി”. ചായ എടുക്കുന്നതിനിടയിൽ അമ്മ പറഞ്ഞു. എന്നാൽ അവൾക്ക് അമ്മയോട് അമർഷം തോന്നിയില്ല.ആ വാക്കുകളിൽ വാത്സല്യം ഉണ്ടായിരുന്നു എന്ന് അവൾക്ക്അറിയാമായിരുന്നു .ചായയുമായി കഥ കേൾ ക്കാൻ അഛന്റെയടുത്ത് ചെന്നു.അഛൻ കഥ പറയാനുള്ള തയാറെടുപ്പിലേക്ക് കടന്നു.കാലുകൾ മേശപ്പുറത്തേക്ക് നിവർത്തി വച്ച് ഗ്ളാസിൽ മട്ടടിഞ്ഞ് കിടക്കുന്ന ബാക്കി ചായ കുടിച്ച് തൊണ്ടയിലെ വരൾച്ചയിലെ വരവിനെ തടഞ്ഞ് കഥ പറയാൻ തയാറായി. കഥയ്ക്ക് ഒരു മുഖാവരണം എന്ന മട്ടിൽ യമുനയോട് പറഞ്ഞു."ഇന്ന് ഞാൻ പറയുന്ന കഥ ഇതുവരെയും പറയാത്ത ഒന്നിനെക്കുറിച്ചാ ണ് ”."അതെന്താണ് ?"യമുന ചോദിച്ചു. പ്രകൃതി."പ്രകൃതി എന്ന അമ്മയെക്കുറിച്ച് .” "പണ്ടു പണ്ട് അങ്ങ് ദൂരെ കൊച്ചു വീട്ടിൽ അഛനും അമ്മയും മകളും താമസിച്ചിരുന്നു.ലില്ലി എന്ന അവൾ കുസൃതിക്കാരിയായിരുന്നു.മറ്റുള്ളവരിൽ നിന്ന് അവൾ വ്യത്യസ്തയായിരുന്നു.കാരണം അവൾഒരു കാര്യത്തെ മാത്രം അറിയാൻ ശ്രമിച്ചു.പ്രകൃതിയെ. പ്രകൃതി പുരുഷനോ സ്ത്രീയോ?അതിനെ എവിടെ കാണാൻ കഴിയും? എന്നെല്ലാമായിരുന്നു അവളുടെ ചോദ്യങ്ങൾ. ആർക്കും അതിന് ഉത്തരം നൽകാൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ അവളുടെ നഗരത്തിൽ ഒരു വലിയ ആഘോഷം അരങ്ങേറി.എല്ലാ വീടുകളും അലങ്കരിച്ചു.നഗര വീഥികൾ ജനനിബിഢമായി.ആഘോഷത്തി നുള്ള സാധനങ്ങൾ വാങ്ങാൻ അവളുടെ മാതാപിതാക്കൾ പുറത്തുപോയി.വീട്ടിൽ ഒറ്റയ്ക്കായപ്പോൾ ലില്ലി ചിന്തയിൽ മുഴുകി.നിശബ്ദതയ്ക്ക് ഭംഗം വരുത്തി വാതിലിൽ ആരോ മുട്ടി.ജനാലയിലൂടെ നോക്കിയപ്പോൾ മനോഹരമായ വസ്ത്രം ധരിച്ച ഒരു യുവതിവാതില്ക്കൽ നിൽക്കുന്നു.അവൾ വാതിൽ തുറന്നു.ആരാണെന്ന് ചോദിക്കാൻ ശ്രമിച്ചെങ്കി ലും ശബ്ദം പുറത്തു വന്നില്ല.അവരുടെ തേജസിൽ അവൾ മുഴുകിപ്പോയി.ലില്ലി ആ സ്ത്രീയെ നോക്കി നിന്നു.പച്ച നിറമുള്ള സുന്ദരമായ വസ്ത്രങ്ങൾ.എന്നാൽ അവരുടെ വലതുകൈ മുറിഞ്ഞ് രക്തം ധാരധാരയായി ഒഴുകുന്നു."എന്തുപറ്റിയതാണ് ”?മുറിഞ്ഞ കൈകളിലേക്ക് ചൂണ്ടിക്കൊണ്ട് ആ പെൺ കുട്ടി ചോദിച്ചു."ഏയ് ഒരു കുഴപ്പവുമില്ല.ചെറി യൊരു മുറിവ് , മരുന്നന്വേഷിച്ച് വന്നതാണ് ”. മനോഹരമായ ശബ്ദത്തിൽ അവർ പറഞ്ഞു. കണ്ണുകളിൽ കരുണയുടെ നിലാവ് . മുടിയിഴകൾ പാറിപ്പറന്നു.ലില്ലി അവരെ അകത്തേക്ക് വിളിച്ചു.ചില പച്ച മരുന്നുകൾ പേരെടുത്ത് പറഞ്ഞ് ലില്ലി അവരുടെ കൈകളിൽ വച്ചു കെട്ടി.മുറിവിന് നല്ല ആഴമുണ്ടായിരുന്നു.ലില്ലിഅവളുടെ പതിവ് ചോദ്യം അവരോടും ആവർ ത്തിച്ചു.യുവതി ചെറിയൊരു മന്ദഹാസത്തോടെ ലില്ലിയുടെ കൈയിൽ സ്പർശിച്ചു.അവരുടെ മുറിവ് അപ്രത്യക്ഷമായി.അവൾക്ക് അപൂർ വമായ ഒരനുഭൂതി തോന്നി.അവർ വാത്സല്യത്തോടെ പറഞ്ഞു "നമ്മളിലോരോരുത്തരിലും പ്രകൃതിയെ കാണാം.അവളെ സ്നേഹിക്കുന്നവരുടെ കൂടെ അവളുണ്ട് . നിന്നിൽ പ്രകൃതിയുണ്ട് ."ലില്ലി മൗനമായിരുന്നു.ആ യുവതി അവളിൽ നിന്നും ഒരുപാടൊരുപാട് ദൂരെപ്പോയി. അഛൻ ദീർ ഘനിശ്വാസത്തിലൂടെ കഥ അവസാനിപ്പിച്ചു. യമുന വെളുത്ത ടെയിൽ തറയിൽ കൈകൾ ഊന്നി ഇരുന്നു."എങ്ങനെയുണ്ട് എന്റെ കഥ "അഛൻ ചിരിയോടെ ചോദിച്ചു.നന്നായിട്ടുണ്ട് . കഥയിൽ നിന്നും പുറത്തുവരാതെ അവൾ ഉത്തരം പറഞ്ഞു. അഛന്റെ ഓരോ കഥയും അവളിൽ സ്വാധീനംചെലുത്തിയിട്ടുണ്ട് . അവൾ പതിയെ കസേരയിൽ ഇരുന്നു.താനും പ്രകൃതിയെ സ്നേഹിക്കണമോ?... ചുവന്ന ക്യൂട്ടക്സിട്ട കൈകൾ മേശപ്പുറത്ത് വച്ച് അവൾ ചിന്തിച്ചു. "മോളേ " ,അമ്മ വിളിച്ചു.അവൾ അടുക്കളയിലേക്കോടി."എന്താ അമ്മേ, "ചിരവ യോട് ചാരി നിന്ന് യമുന ചോദിച്ചു.അടുക്കളയ്ക്ക് പിറകിലുള്ള പച്ചക്കറിത്തോട്ടത്തിന് ചുറ്റും കെട്ടിയ മതിലിനു മുകളിൽ വെളുപ്പും ചാരനിറവും കലർന്ന നിറത്തിൽ ഒരു കുരങ്ങൻ.മെലിഞ്ഞ ശരീരം.പ്ലാവിലോട്ടാണവന്റെ നോട്ടം.വേനൽക്കാലമായതിനാൽ വെള്ളവും ഭക്ഷണവും കിട്ടാതെ കാട്ടിൽ നിന്ന്വന്നതാകാമെന്ന് അമ്മ പറഞ്ഞു.യമുന അതിന് പഴങ്ങൾ കൊടുക്കാൻ തുടങ്ങി പക്ഷേ അമ്മ സമ്മതിച്ചില്ല."അമ്മേ അതിന് കഴിക്കാനൊന്നും കാണില്ല.വിശക്കുന്നുണ്ടാവും.അതിന് ഭക്ഷണം കൊടുക്കേണ്ടത് നമ്മുടെ കടമയാണ് ”.അവൾ ആ പഴം അതിന് കൊടുത്തു.താൻ ചെയ്ത നന്മയോർത്ത് അവൾ സന്തോക്ഷിച്ചു.കുരങ്ങന് ഭക്ഷണം നൽകിയപ്പോൾ ഇത്രയും സന്തോഷം തോന്നുന്നെങ്കിൽ ഒരുപാട് മൃഗങ്ങളെ സഹായിക്കുമ്പോൾ എന്ത് സന്തോഷം തോന്നും. കിളികൾക്കും ചെടികൾക്കും വെള്ളം കൊടുക്കുന്നതും മരം നടുന്നതും പരിസ്ഥിതിയെ പരിപാലിക്കുന്നതും അവളുടെ ദിനചര്യയായി. സംരക്ഷിക്കണം .പുഴയെയും, മരത്തെയും പ്രകൃതി എന്ന അമ്മയെയും.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ