ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം

2025-26 അധ്യയന വർഷത്തെ സ്കൂൾതല പ്രവേശനോത്സവം രക്ഷിതാക്കളുടെ മഹനീയമായ സാന്നിധ്യത്തിൽ കുളത്തൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ അങ്കണത്തിലെ വർണാഭമായ വേദിയിൽ വച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ തത്സമയ പ്രക്ഷേപണം ഏവർക്കും ആസ്വദിക്കാനാവും വിധം വേദിയിൽ പ്രദർശിപ്പിച്ചത് പൊതുവിദ്യാഭ്യാസ മേഖലയിലെ സാധ്യതകളെ അടുത്തറിയാൻ സഹായിക്കുന്ന അവസരമായി മാറി.
12.00 മണിക്ക് സ്കൂൾതല പ്രവേശനോത്സവത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ബഹു.കഴക്കൂട്ടം എം.എൽ.എ ശ്രീ കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ഗോപകുമാർ അധ്യക്ഷത വഹിച്ചയോഗത്തിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീമതി ദീപടീച്ചർ സ്വാഗതം ആശംസിക്കുകയും പോതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ മേടയിൽ വിക്രമൻ, പൗണ്ട്കടവ് വാർഡ് മെമ്പർ ശ്രീമതി ജിഷാ ജോൺ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി മായ ടീച്ചർ സ്റ്റാഫ് സെക്രട്ടറി സിദ്ദിക് സുബൈർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
എസ്.എസ്.എൽ.സി, പ്ലസ്ടൂ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരേയും യു.എസ്.എസ്. പരീക്ഷയിൽ വിജയിച്ചവരേയും ചടങ്ങിൽ ആദരിച്ചു.
സ്കൂൾ ക്യാമ്പിനോടനുബന്ധിച്ച് നടന്ന ഫുടിബോൾ മത്സരത്തിൽ വിജയികളായവർക്കും ജില്ലാതല ഫുട്ബോൾ മത്സരത്തിൽ വിജയികളായ SPC ടീമംഗങ്ങൾക്കും ട്രോഫികൾ വിതരണം ചെയ്തു.
കുട്ടികൾക്കെല്ലാം പായസം വിതരണം നടത്തി. സ്കൂളിലെ മുൻഅധ്യാപിക ശ്രീമതി കല ടീച്ചർ സ്പോൺസർ ചെയ്ത പുരസ്കാരങ്ങൾ എസ്.എസ്.എൽ.സി, യു.എസ്.എസ് വിജയികൾക്ക് വിതരണം ചെയ്തു.