ഗവ.എൽ.പി.എസ് തലച്ചിറ/ചരിത്രം
തലച്ചിറയിലെ ആദ്യത്തെ വിദ്യാലയമാണ് തലച്ചിറ ഗവൺമെൻറ് എൽ പി സ്കൂൾ. ബാലചന്ദ്ര വിലാസം എൽ പി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് . 1917 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത് . ആദ്യം ഒന്ന് രണ്ട് ക്ലാസുകളിൽ മാത്രമാണ് പ്രവർത്തനമാരംഭിച്ചത്. ഒന്നാം ക്ലാസിൽ 57 ഉം രണ്ടാം ക്ലാസിൽ 27 ഉം കുട്ടികൾ ഉണ്ടായിരുന്നു. പിന്നീട് 1 മുതൽ 5 വരെ ക്ലാസ്സുകൾ നടന്നിരുന്നു. അന്ന് ഇത് ഗവൺമെൻറ് സ്കൂൾ അല്ലായിരുന്നു. ഇന്നത്തെ എസ്എൻഡിപി സ്കൂളിനോട് അടുത്തുള്ള മഠത്തിൽ പുരുഷോത്തമൻ സാർ നൽകിയ സ്ഥലത്ത് ഒരു ഷെഡ്ഡിലാണ് ആദ്യം സ്കൂൾ തുടങ്ങിയത്. മഠത്തിൽ സുരേന്ദ്രൻ സാർ ആയിരുന്നു ഹെഡ്മാസ്റ്റർ . കുറേ വർഷങ്ങൾ കഴിഞ്ഞപ്പോൾ അത് നശിച്ചു. പിന്നീട് തലച്ചിറ വായനശാലയുടെ അടുത്തുള്ള കിഴക്കേക്കര വീടിൻ്റെ വരാന്തയിൽ കുറെനാൾ സ്കൂൾ പ്രവർത്തിച്ചു . അവിടെനിന്ന് തലച്ചിറ ജംഗ്ഷനിലുള്ള അടി മുറിയിൽ വീടിൻ്റെ വരാന്തയിൽ കുറേക്കാലം സ്കൂൾ നടത്തി. ഇങ്ങനെ മാറിമാറി പല കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിച്ചു.
1972 - ൽ ഇപ്പോൾ സ്കൂൾ നിലനിൽക്കുന്ന സ്ഥലം സർക്കാർ സ്കൂളിനായി അനുവദിച്ചു. രണ്ടുവർഷംകൊണ്ട് അവിടെ ഇന്നത്തെ കെട്ടിടം പണികഴിപ്പിച്ചു. 1976 - ൽ നാല് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമുള്ള പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. പിന്നീട് അഞ്ചാം ക്ലാസ് 1952 - ൽ സ്ഥാപിച്ച എസ്.എൻ.ഡി.പി .യു.പി. സ്കൂളിലേക്ക് മാറ്റി. 1995 സ്കൂളിൻ്റെ മുറ്റം കെട്ടി ഉയർത്തി, മതിലുംകെട്ടി. 2003 എസ്. എസ്. എ ഫണ്ട് ഉപയോഗിച്ച് ഒരു ഓഫീസ് കെട്ടിടം പണികഴിപ്പിച്ചു. ഇത് കോൺക്രീറ്റ് കെട്ടിടമാണ്. 2012 - ൽ എസ് .എസ്.എ.യിൽ നിന്ന് ലഭിച്ച മേജർ മെയിൻറനൻസ് ഗ്രാൻറ് ഉപയോഗിച്ച് സ്കൂൾകെട്ടിടം നവീകരിച്ചു. ഭിത്തിയിൽ മനോഹരമായ ചിത്രങ്ങൾ വരച്ചു, ചെറിയ പാർക്ക് സ്ഥാപിച്ചു, സ്കൂൾ മനോഹരവും ആകർഷകവും ആക്കി .