ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രസിദ്ധവും പ്രകൃതി രാമണീയവുമായ വെങ്ങാനൂർ ഗ്രാമത്തിന്റെ ഐശ്വര്യദേവതയായ ശ്രീ നീലകേശി അമ്മ കുടികൊള്ളുന്ന കൊച്ചു ക്ഷേത്ര മുറ്റത്തു സ്ഥാപിച്ച ഒരു ഓല കെട്ടിടമായിരുന്നു ആദ്യകാലത്തു മുടിപ്പുരനട എൽ. പി. എസ്. യശ:ശരീരനായ ശ്രീമാൻ. എൻ. വിക്രമൻ പിള്ള ആയിരുന്നു ഈ സ്കൂളിന്റെ സ്ഥാപകൻ. വെങ്ങാനൂരിന്റെ വിദ്യാഭ്യാസമേഖലയിലെ ആദ്യ സ്ഫുരണമായിരുന്നു മുടിപ്പുര നട സ്കൂൾ.1946-47കാലഘട്ടത്തിൽ സർ സി. പി രാമസ്വാമി അയ്യർ നടപ്പിലാക്കിയ ഭരണ പരിഷ്ക്കാരത്തിന്റെ പേരിൽ അന്നത്തെ നാണയമായ ഒരു ചക്രം പ്രതിഫലം പറ്റിക്കൊണ്ട് ഉടമസ്ഥനായ ശ്രീ എൻ. വിക്രമൻ പിള്ള സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു. ക്ഷേത്രാങ്കണത്തിലെ കെട്ടിടം ജീർണാവസ്ഥയിൽ എത്തിയപ്പോൾ ദേവസ്വം ഭരണ സമിതി ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഭാഗത്തു സൗജന്യമായി 25 സെന്റ് സ്ഥലം നൽകി. സർക്കാർ ചെലവിൽ പുതിയ കെട്ടിടം പണി അവിടെ ആരംഭിച്ചു. സ്കൂൾ പി. ടി. എ ശക്തമായതോടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങി. പിന്നീട് രണ്ടു നില കോൺക്രീറ്റ് കെട്ടിടവും ചുറ്റുമതിലും സ്കൂളിന് സ്വന്തമായി.ഈ കെട്ടിടം കമ്പ്യൂട്ടർ മുറിയായും ലൈബ്രറിയായും ഉപയോഗിക്കാൻ തുടങ്ങി. DPEP കാലഘട്ടത്തിൽ അധ്യാപക പരിശീലനകേന്ദ്രമായ ക്ലസ്റ്റർ സെന്റർ റൂം നിർമിക്കുകയും പ്രീ പ്രൈമറി ക്ലാസുകൾക്കു തുടക്കം കുറിക്കുകയും ചെയ്തു. എല്ലാ ക്ലാസുകളും ഉൾക്കൊള്ളിക്കാവുന്ന അത്യാധുനിക കോൺക്രീറ്റ് ഇരുനില കെട്ടിടം MLA ഫണ്ടിൽ നിന്ന് നമുക്കു ലഭ്യമായതു ഈയടുത്ത കാലത്താണ്.
ആധുനിക വിദ്യാഭ്യാസ കാലഘട്ടത്തിൽ കഠിനമായ വെല്ലുവിളികളെ നേരിട്ട് കൊണ്ട് വിദ്യാഭ്യാസ രംഗത്ത് തിളങ്ങി നിൽക്കുന്ന ഒരു മാതൃക സ്ഥാപനമായി നിലകൊള്ളുകയാണ് നമ്മുടെ വിദ്യാലയ മുത്തശ്ശി. ഈ വളർച്ചക്ക് പിന്നിൽ പ്രവർത്തിച്ച പ്രഗത്ഭരായ അദ്ധ്യാപകരുണ്ട്, ഉദാരമതികളായ രക്ഷിതാക്കളുണ്ട്, മാറി മാറി വന്ന സർക്കാരുകളുണ്ട്, പൂർവ വിദ്യാർത്ഥികളുണ്ട്. എല്ലാവരുടെയും അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമാണ് ഇന്നത്തെ മുടിപ്പുര നട LP സ്കൂൾ.