ജി എൽ പി എസ് പൂവത്തൂരിൽ പ്രവേശനോത്സവം ഹൃദ്യമായി കൊണ്ടാടി നെടുമങ്ങാട്: പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് നെടുമങ്ങാട് നഗരസഭയിലെ ജി എൽ പി എസ് പൂവത്തൂർ സ്കൂളിൽ 'പ്രവേശനോത്സവം 2026' അത്യാഹ്ലാദപൂർവ്വം സംഘടിപ്പിച്ചു. "പാഠം 1 പുതുയുഗ വിദ്യാലയം" എന്ന പ്രധാന സന്ദേശമുയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ പ്രവേശനോത്സവം നടത്തിയത്. വിദ്യാലയ മുറ്റത്തേക്ക് ആദ്യമായി കടന്നുവന്ന നവാഗതരെയും വിദ്യാർത്ഥികളെയും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് താളാരവത്തോടെ ഹൃദ്യമായി വരവേറ്റു. രാവിലെ 9.30-ന് നെടുമങ്ങാട് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എസ്. എസ്. ബിജു പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും മികവുറ്റ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന പിന്തുണയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈല ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ പൂങ്കുമൂട് അജി അധ്യക്ഷത വഹിച്ചു.പി റ്റി എ പ്രസിഡന്റ് ശ്രീ പി വി രഞ്ചുനാഥ്, വൈസ് പ്രസിഡന്റ് ശ്രീമതി അഞ്ചു, ആരതി ടീച്ചർ, സൗമ്യ ടീച്ചർ ഹിതിൻ സർ എന്നിവർ ആശംസകൾ നൽകി. മധുരവും നുണഞ്ഞ് ഉപഹാരങ്ങളും ഏറ്റുവാങ്ങി പുഞ്ചിരിയോടെ പുത്തൻ അധ്യയനവർഷത്തിലേക്ക് ചുവടുവെച്ച കുട്ടികളുടെ സാന്നിധ്യം പ്രവേശനോത്സവത്തെ അവിസ്മരണീയമാക്കി മാറ്റി.