ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/എന്റെ ഗ്രാമം
കടയ്ക്കൽ വിപ്ലവം 1938
1938-ൽകൊല്ലം ജില്ലയിൽ നിലമേലിനും മടത്തറക്കും ഇടയിലുള്ള കടയ്ക്കൽ എന്ന ഗ്രാമത്തിൽ സ്വാതന്ത്ര്യ സമരത്തിൽ ഉൾപ്പെട്ട ദക്ഷിണ കേരളത്തിലെ ഒരു മഹാ പ്രക്ഷോഭമാണ് കടയ്ക്കൽ വിപ്ലവം എന്നറിയപ്പെടുന്നത്. സർ സി.പി ക്കെതിരെ പോരാടി സ്വന്തമായി ഒരു സ്റ്റേറ്റ് തന്നെ പ്രഖ്യാപിക്കുകയും ജനാധിപത്യത്തിലൂന്നിയ മന്ത്രിസഭ ഉണ്ടാക്കുകയും ചെയ്ത കടയ്ക്കൽ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു. കടയ്ക്കൽ ഉൾപ്പെടുന്ന പ്രദേശത്തിന്റെ ഭരണം ഏറ്റെടുത്ത് പ്രദേശം ഒരു രാജ്യമായി പ്രഖ്യാപിക്കുകയും കടയ്ക്കൽ സ്റ്റാലിൻ എന്ന് അറിയപ്പെടുന്ന ഫ്രാങ്കോ രാഘവൻ പിള്ള രാജാവും കാളിയമ്പി മന്ത്രിയുമായി ഒരു ഭരണ സംവിധാനം നിലവിൽ വരികയും ചെയ്തു. കേരളത്തിലെ ആദ്യത്തെ ജനകീയ മന്ത്രിയായാണ് കാളിയമ്പിയെ അറിയപ്പെടുന്നത്.അന്യായമായ ചന്തപ്പിരിവ് നൽകാതെ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനങ്ങൾ നടത്തിയ മുന്നേറ്റമാണു കടയ്ക്കൽ സമരമായി രൂപാന്തരപ്പെട്ടത്. ദേശിയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണു കടയ്ക്കൽ സമരം സംഘടിക്കപ്പെട്ടത് ഗവർൺമെന്റ് നിയോഗിച്ചിട്ടുള്ള കടയ്ക്കലെ ചന്ത കോൺട്രാക്ടർ അനുവദിച്ചതിലും അധികം തുക കർഷകരിൽ നിന്നും ചന്ത കരമായി ഈടാക്കിയിരുന്നു.അനുവധിച്ചതിലും പതിന്മടങ്ങ് കരം പിരിച്ചിരുന്ന കോൺട്രാക്ടർക്ക് പോലീസിന്റെ സഹായവും ലഭിച്ചിരുന്നു.ചന്തക്കരത്തിനും ചന്തയിൽ നടക്കുന്ന മറ്റഴിമതികൾക്കെതിരേയും പ്രക്ഷോഭണം കടയ്ക്കലിൽ ആരംഭിക്കണമെന്ന് കടയ്ക്കൽ ആൽത്തറമൂട് ചേർന്ന സ്റ്റേറ്റ് കോൺഗ്രസ് യോഗത്തിൽ പ്രവർത്തകർ തീരുമാനിച്ചു.ചങ്കുവിള ഉണ്ണി ആയിരുന്നു ആൽത്തറമൂട് യോഗത്തിന്റെ പ്രധാന സൂത്രധാരൻ.
കടയ്ക്കൽ വിപ്ലവം നടന്നത് 1938ലാണ്. കൊല്ലവർഷം 1114 കന്നി 10 മുതൽ 18വരെയാണ് (1938 സെപ്തംബർ 26 - ഒക്ടോബർ 4) രൂക്ഷമായ സമരം നടന്നത്. സമരം മൂർദ്ധന്യതയിലെത്തിയ സെപ്തംബർ 29ന് പോലീസ് സ്റ്റേഷൻ തകർക്കപ്പെട്ടു. 1938 നവംബർ രണ്ടിലെ മലയാളരാജ്യം പത്രത്തിൽ പോലീസ് സ്റ്റേഷൻ പൊളിച്ചതിന്റെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു (കേരളാ സംസ്ഥാന ആർക്കൈവ്സ് ഡിപ്പാർട്ട്മെന്റിന്റെ കടയ്ക്കൽ റെബലിയൻ 1939 എന്ന പ്രസിദ്ധീകരണത്തിൽ 1939 എന്നു രേഖപ്പെടുത്തിയതു തെറ്റാണ്). 1938 ഒക്ടോബർ 14ലെ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയും ഇതു വിശദീകരിച്ചിട്ടുണ്ട്. ഒക്ടോബർ അഞ്ചിന് പട്ടാളം എത്തിയതോടെ സമരത്തിന്റെ പ്രത്യക്ഷ പരിപാടികൾ അവസാനിച്ചു.
കടയ്ക്കൽ ദേവീക്ഷേത്രം
കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ ആൽത്തറമൂട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കടയ്ക്കൽ ദേവി ക്ഷേത്രം. കടയ്ക്കലമ്മ എന്നപേരിലാണ് കടയ്ക്കൽ ദേവിക്ഷേത്രത്തിലെ മൂർത്തി അറിയപ്പെടുന്നത്. ദേവിയുടെ തൃപ്പാദം (കടയ്ക്കൽ) എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കൽ എന്ന പേരു കിട്ടിയതെന്ന് കരുതുന്നു. നാനാജാതി മതസ്ഥരെയും ആകർഷിക്കുന്ന പ്രശസ്തമായ കടയ്ക്കൽ തിരുവാതിര ഉത്സവം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് എല്ലാ വർഷവും കുംഭമാസത്തിൽ ആഘോഷിക്കുന്നത്. ഇവിടെ പ്രതിഷ്ഠയില്ല എന്നതാണ് ഒരു പ്രത്യേകത.
അനവധി ആരാധനാലയങ്ങളും ക്ഷേത്ര സമുച്ചയങ്ങളും ഉള്ള കടയ്ക്കൽ ഗ്രാമത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് കടയ്ക്കൽ ദേവി ക്ഷേത്രം. കടയ്ക്കലമ്മ എന്നറിയപ്പെടുന്ന ഈ ദേവിയുടെ തൃപ്പാദത്തിൻ കടയ്ക്കൽ എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കൽ എന്ന പേരു കിട്ടിയതെന്ന് വിശ്വസിക്കപ്പെടുന്നു
കൊല്ലം ജില്ലയിൽ നിലമേലിനും ചിതറയ്ക്കും ഇടയിലുള്ള കടയ്ക്കൽ എന്ന കൊച്ച് ഗ്രാമം കേരള ചരിത്രത്തിൽ അറിയപ്പെടുന്നത് കടയ്ക്കൽ വിപ്ലവം എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരത്തിന്റെ പേരിലാണ്. സർ സി.പി ക്കെതിരെ പോരാടി സ്വന്തമായി ഒരു സ്റ്റേറ്റ് തന്നെ പ്രഖ്യാപിക്കുകയും ജനാധിപത്യത്തിലൂന്നിയ മന്ത്രിസഭ ഉണ്ടാക്കുകയും ചെയ്ത കടയ്ക്കൽ വിപ്ലവം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു. ഈ മലയോരഗ്രാമത്തിന്റെ പ്രധാന ഉപജീവന മാർഗ്ഗം കൃഷിയും കാലിവളർത്തലുമാണ്. കടയ്ക്കൽ ചന്ത മലഞ്ചരക്കു വിൽപ്പനയ്ക്ക് പ്രസിദ്ധമാണ്. അനവധി ആരാധനാലയങ്ങളും ക്ഷേത്ര സമുച്ചയങ്ങളും ഉള്ള കടയ്ക്കൽ ഗ്രാമത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് കടയ്ക്കൽ ദേവി ക്ഷേത്രം. കടയ്ക്കൽ ദേശത്തെ നാനാജാതി മതസ്ഥരുടെ ഉത്സവമാണ് കടയ്ക്കൽ തിരുവാതിര.
പാണ്ടി നാട്ടിൽ നിന്നും രണ്ട് സ്ത്രീകൾ അഞ്ചലിൽ വന്നെന്നും അവരെ കണ്ട് സ്ഥലത്തെ പ്രമാണിയായ കടയാറ്റുണ്ണിത്താൻ കുടിയ്ക്കാൻ ഇളനീർ നൽകുകയും വിശ്രമിക്കാൻ തണലിനായി പാലകൊമ്പ് വയൽ വരമ്പിൽ നാട്ടി കൊടുക്കുകയും ചെയ്തു. രാത്രി ഉറങ്ങാൻ ഒഴിഞ്ഞ് കിടന്നൊരു വീടും ഏർപ്പാടാക്കി. പിറ്റേന്ന് ഉണ്ണിത്താൻ വന്ന് ന്നോക്കിയപ്പോൾ ഒരു സ്ത്രീയെ മാത്രമെ കണ്ടുള്ളൂ. ഉണ്ണിത്താന് അവിടെ ഒരു ദിവ്യാനുഭൂതി അനുഭവപ്പെട്ടു. ആ സ്ത്രീയും അവിടെ നിന്ന് ഉടൻ അപ്രത്യക്ഷമായി. ഉണ്ണിത്താന്റെ മൂന്നിൽ നിന്നും അപ്രത്യക്ഷയായ സ്ത്രീ പാണ്ടിയിൽ നിന്നും ചരക്കുമായി വന്ന ആളുടെ കൂടെ കടയ്ക്കൽ എത്തുകയും അവിടെ സ്വയംഭൂവാവുകയും ചെയ്തു എന്നാണ് ഐതിഹ്യം. കടയാറ്റിൽ അപ്രത്യക്ഷയായ സ്ത്രീ കടയാറ്റ് ഭഗവതി എന്ന പേരിൽ അറിയപ്പെട്ടു. കടയ്ക്കൽ ഭഗവതിയും കടയാറ്റ് ഭഗവതിയും സഹോദരിമാരായിരുന്നു എന്ന് കരുതുന്നു. സ്വയംഭൂവായ കടയ്ക്കൽ ദേവിയുടെ ദർശനം ദേവിയുടെ കിരീടമായ തിരുമുടിയിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്നാണ് വിശ്വാസം.കടയ്ക്കൽ ദേവിക്ഷേത്രം, ശിവക്ഷേത്രം, തളിയിൽ ക്ഷേത്രം എന്നിവ കടയ്ക്കൽ ചിറ എന്നറിയപ്പെടുന്ന ക്ഷേത്രകുളത്തിൽ നിന്നും തുല്യ അകലത്തിൽ സ്ഥിതി ചെയ്യുന്നു. കടയ്ക്കൽ ഭഗവതി ക്ഷേത്തിലെ പൂജാരികൾ ബ്രാഹ്മണരല്ല. നെട്ടൂർ കുറുപ്പന്മാരാണ് പൂജകൾ നടത്തുന്നത്. കടയാറ്റു കളരീക്ഷേത്രത്തിൽ ഒരു പ്രത്യേക പ്രതിഷ്ഠയില്ല. പീഠത്തെയാണ് ആരാദിച്ചു വരുന്നത്. ഭക്തജനങ്ങൾ നേർച്ചയായി നൽകിയിട്ടുള്ളവയുമുണ്ട്. പന്ത്രണ്ടു വർത്തിലൊരിക്കൽ കടയ്ക്കൽ ക്ഷേത്രത്തിൽ നിന്നും ഭഗവതിയുടെ തിരുമുടി ആഘോഷപൂർവ്വം എഴുന്നള്ളിച്ച് കടയുറ്റു കളരി ക്ഷേത്രസന്നിധിയിൽ എത്തിക്കുന്ന ഉത്സവമാണ് 'മുടിയെഴുന്നള്ളത്ത്'. ജ്യേഷ്ഠത്തി കടയ്ക്കൽ ഭഗവതിയും അനുജത്തി കളരി ഭഗവതിയുമായുള്ള പുനഃസമാഗമമാണിതെന്നാണ് സങ്കല്പം. രാജഭരണകാലത്തും മുടിയെഴുന്നള്ളത്ത് നടന്നിട്ടുണ്ട്. അഞ്ചൽ കളരി ഭഗവതിയുടെ തിരുനാളായ മീനമാസത്തിലെ തിരുവാതിര നാളിൽ പ്രസ്തുത ഉത്സവം ആരംഭിച്ച് ഏഴുദിവസക്കാലം നീണ്ടുനില്ക്കുന്നു. ഇവിടെ വിഗ്രഹ പ്രതിഷ്ഠയില്ല.
-
കടയ്ക്കൽ ദേവീക്ഷേത്രം
പുരാതന കാലം മുതൽ പേരുകേട്ട കടക്കൽ ക്ഷേത്രക്കുളം പഞ്ചമഹാക്ഷേത്രങ്ങളുടെയിടയിൽ ആൽത്തറമൂട് കവലയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു. മൂന്ന് ഏക്കറിൽ കൂടുതൽ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന കുളത്തിൽ മുൻകാലത്ത് സ്ത്രീകൾക്ക് കുളിക്കാനായി കുളിപ്പുരകൾ ഉണ്ടായിരുന്നു. ഉത്സവകാലങ്ങളിലും, മറ്റ് വിശേഷാൽ പൂജാ ദിവസങ്ങളിലും ഏറം, താഴം എന്നീ തറവാട്ടുകളിൽ നിന്നുംവരുന്ന സ്ത്രീകൾ ഈ കുളത്തിൽ നീരാടിയ ശേഷം പനവൂർ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടിയിലുള്ള ആഭരണങ്ങളും ധരിച്ചു കൊണ്ടാണ് ക്ഷേത്ര ദർശനം നടത്തിയിരുന്നത് . ഹൈന്ദവാചാരം അനുസരിച്ച് ക്ഷേത്രക്കുളത്തിന് വളരെ പ്രാധാന്യമുണ്ട്. ഇപ്പോൾ ഉത്സവകാലങ്ങളിൽ ക്ഷേത്രച്ചിറയും പരിസരവും വൃത്തിയാക്കാറുണ്ട്.
അബ്രാഹ്മണരാണ് പൂജാരികൾ എന്നതും കടയ്ക്കൽ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു. പീടികയിൽ സ്വയം ഭൂവായ ദേവിയുടെ ചൈതന്യം ആദ്യമായി കണ്ട നെട്ടൂർ കുറുപ്പിന്റെ പിൻതലമുറക്കാരാണ് ശാന്തിക്കാർ. വിഗ്രഹമില്ല, അരി വച്ച് നിവേദ്യമില്ല, മലർ, പഴം എന്നിവയാണ് നിവേദ്യ വസ്തുക്കൾ. കുങ്കുമവും കളപ്പൊടിയും പ്രസാദമായി ലഭിക്കുന്നു.
കുംഭമാസത്തിലെ തിരുവാതിര കടയ്ക്കൽ ദേവിയുടെ തിരുനാളായി ആഘോഷിക്കുന്നു. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന തിരുവാതിര ഉത്സവം വ്രതാനിഷ്ടികളായ ബാലന്മാരുടെ കുത്തിയോട്ടത്തോടേ ആരംഭിയ്ക്കുന്നു. മകയിരം നാളിലെ പൊങ്കാലയ്ക്ക് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന സ്ത്രീകൾ പൊങ്കാലയിട്ട് കടയ്ക്കലമ്മയുടെ അനുഗ്രഹം നേടുന്നു. കടയ്ക്കൽ പീടിക ക്ഷേത്രത്തിന് മുന്നിൽ പ്രകൃതി ദത്ത നിറങ്ങൾ ഉപയോഗിച്ച് ഭദ്രകാളി രൂപം വരയ്ക്കുന്ന കളമെഴുത്തും ഉത്സവാഘോഷത്തിൽ പെടുന്നു.
ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണ് എടുപ്പ് കുതിരകൾ. ശില്പസുന്ദരമായ എടുപ്പു കുതിരകൾക്ക് കെട്ടുകാഴ്ചകളും, കതിരുകാളകളും, നാടൻ കലാരൂപങ്ങളും അകമ്പടി സേവിക്കുന്നു. 40 മുതൽ 80 അടി വരെ ഉയരവും 10 അടി വീതിയും ഉള്ള കൂറ്റൻ കുതിരകളെ തോളിലേറ്റി അമ്പലം പ്രദക്ഷിണവും എഴുന്നുള്ളത്തും നടത്തുന്നത് വ്രതാനുഷ്ടികളായ നൂറുകണക്കിനു ഭകതന്മാർ തോളിൽ ചുമന്നാണ്. കടയ്ക്കൽ ക്ഷേത്രത്തിൽ നിന്നും എഴുന്നുള്ളത്ത് പുറപ്പെട്ട് പീടിക ദേവി ക്ഷേത്രത്തിലെത്തി , അവിടെ നിന്നും മൂന്നാമത്തെ കുതിരയെ കെട്ടുന്ന കിളിമരം കാവിലെത്തി നാളികേരമുടച്ചതിനു ശേഷമാണ് കുതിരയെടുപ്പ് ആരംഭിക്കുന്നത്. പല ഭാഗങ്ങളിൽ നിന്നും വരുന്ന കെട്ടു കാഴ്ചകൾ രാത്രിയോടെ അമ്പല മുറ്റത്തെത്തുന്നു. അവസാന ദിവസം, പണ്ട് നടന്നിരുന്ന മൃഗബലിയ്ക്ക് പ്രതീകമായി കുബളങ്ങ വെട്ടി അർപ്പിക്കുന്ന ഗുരുതിയോടെ ഉത്സവം സമാപിക്കുന്നു.
കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷമാണ് കടയ്ക്കൽ ഭഗവതി മുടിയെഴുന്നള്ളത്ത്. അഞ്ചൽ ആറുകരക്കാരും കടയ്ക്കൽ പ്രദേശത്തുകാരും ചേർന്നാണ് മുടിയെഴുന്നള്ളത്ത് നടത്തുന്നത്. മുടിയെഴുന്നെള്ളത്ത് നടത്തുവാനുള്ള സമ്മതം വാങ്ങാനായി അഞ്ചൽ കരക്കാർ കടക്കൽ കരക്കാരെ സമീപീക്കുന്നു. അഞ്ചൽ ആറ് കരക്കാർ ഒത്തുകൂടി തീരുമാനങ്ങൾ കൈകൊണ്ടാണ് മുടിയെഴുന്നള്ളത്ത് നടത്താനുള്ള തീരുമാനങ്ങൾ എടുക്കുന്നത്. കുറുക്കോട്, പുത്തൻ വീട്, പനവീട്ടിൽ, ചാമക്കാല, കുരുവിള, ചെറുവള്ളി, കാരായിക്കോണം എന്നിവ ഏറം കരയിലും പുലിയത്തു, കിഴക്കതിൽ കോമളത്ത് തെക്കേതിൽ എന്നിവ അഗസ്ത്യക്കോട് കരയിലും നെടുങ്ങോട്ട്, പുത്താറ്റ് കൈപള്ളിൽ നെല്ലിത്താരം ഇന ഇടമുളക്കയ്ക്കൽ കരയിലും,അറപ്പുര ഏരൂർകരയിലും, കണ്ണങ്കരനെല്ലിപള്ളി, പാലറ എന്നിവ അലയമൺ കരയിലും പെട്ടിരുന്നു. മുടിയെഴുന്നെള്ളത്തിനു മുന്നോടിയായി കുറ്റിയടി നടത്തിയിരുന്നു. എന്നാൽ പിൽക്കാലത്ത് ഈ ചടങ്ങ് വേണ്ടാ എന്നു വച്ചു. ഈ ചടങ്ങ് കാണാനായി ധാരാളമാൾക്കാർ വരാറുണ്ട്. ഉത്സവാഘോഷത്തിന്റെ പ്രധാന ഇനം കെട്ടു കുതിരയായിരുന്നു. മുടിയെഴുന്നള്ളത്തിന്റെ ഏറ്റവും മുന്നിലായി ഭഗവതിയുടെ കിരീടമേന്തിയ രണ്ട് പേരുണ്ടാവും. അഞ്ചൽ തിരുമുടിയെഴുന്നള്ളത്തിനു കടയ്ക്കൽ ദേവിക്ഷേത്രത്തിൽ ആചാരവിധിപ്രകാരമുള്ള ഒരുക്കങ്ങൾ പൂർത്തിയായതിനുശേഷം ചടങ്ങുകളോടുകൂടി മുടിപ്പുര തുറക്കുന്നു. വ്രതം നിന്ന് മുടിയേറ്റുകാർ ദേവിയുടെ മൂന്ന് മുടികൾ എടുത്ത് പ്രധാന വേദിയിൽ ആ സമയം ആഘോഷ പരിപാടികൾ അരങ്ങേറുന്നു. രാജകൊട്ടാരത്തിൽ നിന്നും വിട്ട്കിട്ടിയിരുന്നതും ഇപ്പോൾ സർക്കാർ നൽകുന്നതും ആയ അശ്വരൂപസേന മുന്നിൽ നിരക്കുന്നു. ഏറ്റവും മുന്നിൽ കൊടിയുമായി വേലൻ നടക്കുന്നു. തൊട്ടുപിന്നിൽ വഴി വൃത്തിയാക്കാൻ ചൂലുമായി അണികൾ നിരക്കും. വൃത്തിയാക്കിയ വീഥിയിൽ കടൽജലം തളിക്കുന്നു. തുടർന്ന് പൂക്കൾ വിതറുന്നു. തുടർന്ന് അതിലൂടെ തിരുമുടിയേറ്റുകാർ നീങ്ങുന്നു. അവർക്കു പുറകിലായി ആഘോഷത്തിനകമ്പടി സേവിക്കാൻ വിവിധ ഫ്ളോട്ടുകൾ നിരക്കും.
ആദ്യമായി മുടിയെഴുന്നള്ളത്ത് നടത്തുവാനുള്ള സമ്മതത്തിനായി അഞ്ചൽ കരക്കാർ കടയ്ക്കൽ കരക്കാരെ രേഖാമൂലം സമീപിക്കുന്നു. അഞ്ചൽ ആറുകരക്കാർ ചേർന്ന് തീരുമാനങ്ങൾ എടുക്കുന്നു. അവരിൽ പ്രധാനികൾ പ്രാഥമിക ചർച്ചകൾക്കു ശേഷം കടയ്ക്കൽ കരക്കാരെ സമീപിക്കുകയും ഇരുകൂട്ടരും മുടിയെഴുന്നള്ളത്തിനു വേണ്ട ക്രമീകരണങ്ങൾ ആരംഭിക്കുകയും ചെയ്യുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കലാണ് മുടിയെഴുന്നള്ളത്ത് നടക്കുന്നത്. പല പരീക്ഷണ ഘട്ടങ്ങളിലും സാക്ഷാൽ ശിവൻ വേഷം മാറി വന്നിട്ടുണ്ട് എന്ന് ഐതീഹ്യം.
നമ്മുടെ ഗ്രാമം
കടയ്ക്കൽ പഞ്ചായത്ത് രൂപം കൊണ്ടത് 1953ലാണ്. ഇപ്പോൾ ബസ്റ്റാന്റിലേക്ക് തിരിയുന്ന മാടൻനടയുടെ അടുത്തായിരുന്നു പഴയ പഞ്ചായത്തോഫീസ്. പോസ്റ്റോഫീസ് ഇരിക്കുന്ന സ്ഥലം പഞ്ചായത്ത് മൈതാനമായിരുന്നു. പഴയ വില്ലേജോഫീസും മൃഗാശുപത്രിയും ചേരുന്നയിടത്ത് (ഇപ്പോൾ മിനി സിവിൽസ്റ്റേഷൻ പ്രവർത്തിക്കുന്നയിടം) ഉണ്ടായിരുന്ന വഴിയിലൂടെയായിരുന്നു മെയിൻ റോഡിലേക്ക് വരേണ്ടിയിരുന്നത്. കടയ്ക്കൽ വിപ്ലവക്കേസിലെ പ്രതിയായിരുന്ന മാർത്താണ്ഡന്റെ മകനാണ് ആദ്യ പഞ്ചായത്ത് പ്രസിഡന്റ്. പഞ്ചായത്തോഫീസ് ഇപ്പോൾ നിൽക്കുന്ന ഇടമായിരുന്നു മുമ്പ് ചന്ത. സബ് ട്രഷറി, പോലീസ് സർക്കിൾ ആഫീസ്, പോലീസ് സ്റ്റേഷൻ, എംപ്ലോയ്‌മെന്റ് എക്സേഞ്ച്, താലൂക്ക് ഗവ.ആശുപത്രി, സ്റ്റേറ്റ് സീഡ് ഫാം, സർക്കാർ മൃഗാശുപത്രി, ഫയർ സ്റ്റേഷൻ, ടെലിഫോൺ സബ് ഡിവിഷൻ ആഫീസ്, വാട്ടർ അതോറിറ്റി ആഫീസ്, ഇലക്ട്രിസിറ്റി സബ്ഡിവിഷൻ ആഫീസ്, സബ്‌രജിസ്ട്രാർ ആഫീസ്, സബ്ട്രഷറി എന്നിവ ഇവിടെയുണ്ട്. കടയ്ക്കൽ ചന്തയ്ക്കു മുന്നിലായി വിപ്ലവസ്മാരകം കാണാം. സാസ്കാരിക രംഗത്ത് വളരെ മുമ്പുതന്നെ ഉന്നതനിലവാരം പുലർത്തിയ ഗ്രാമമാണിത്. എല്ലാ വാർഡുകളിലും ഗ്രന്ഥശാലകൾ, കലാ സാംസ്കാരിക സംഘടനകൾ എന്നിവ പ്രവർത്തിക്കുന്നു. സെൻട്രൽ തീയറ്റേഴ്സ് എന്ന പേരിൽ കേന്ദ്രീകൃതമായ ഒരു കലാ സാംസ്കാരിക കേന്ദ്രം കാൽ നൂറ്റാണ്ട് മുമ്പ് വരെ സജീവമായിരുന്നു. അഖില കേരളാടിസ്ഥാനത്തിൽ കടയ്ക്കൽ നാടക മത്സരങ്ങൾ നടത്തിയിട്ടുള്ളത് ആ സംഘടനയാണ്. കടയ്ക്കൽ ഠൗണിൽ തന്നെയാണ് പഞ്ചായത്തിലെ ഏറ്റവും ഉയർന്ന സ്ഥലമായ മാറ്റിടാംപാറയുള്ളത്. വിനോദ സഞ്ചാരികൾക്കും സാഹസിക യാത്രികർക്കും പ്രീയപ്പെട്ട അവിടം വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത് തുടങ്ങിയിട്ടുണ്ട്. കലാപാരന്മാർക്കും പേരുകേട്ടതാണ് നമ്മുടെ ഗ്രാമം. പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് റാങ്കോടെ പാസ്സായി ദേശീയ അവാർഡുകളും നിരവധി സംസ്ഥാന അവാർഡുകളും നേടിയ ചിത്രങ്ങൾ എഡിറ്റു ചെയ്ത പ്രശസ്തനായ എഡിറ്റർ രവി ഈ ഗ്രാമത്തിന്റെ പുത്രനാണ്. സിനിമാരംഗത്ത് നാല് പതിറ്റാണ്ട് മുന്നേ കലാ സംവിധായകനായും പോസ്റ്റർ ഡിസൈനറായും തിളങ്ങിയിരുന്ന ശ്രീ. ആർടിസ്റ്റ് പുഷ്പൻ, പ്രശസ്ത ശില്പി ശ്രീ. ആർടിസ്റ്റ് പ്രശോഭനൻ എന്നിവരം നമ്മുടെ നാടിന്റെ സംഭാവനയാണ്. കടയ്ക്കൽ സ്കൂളുകളിൽ മലയാളം മീഡിയത്തിൽ പഠിച്ച് ഐ.എ.എസ്സുകാരനായ ശ്രീ. രാജേന്ദ്രൻ നായർ, വേളിക്കാട്ട് കുടുംബാംഗമാണ്.താളവാദ്യകലാകാരനായ ഗോവിന്ദമണി അനേകം ശിഷ്യരുമായി സമീപ ജില്ലകളിൽ പോലും ക്ഷേത്രോത്സവങ്ങൾക്ക് മേളം പകരുന്നുണ്ട്. കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടുമാണ് പ്രധാന ചടങ്ങ്. പ്രകൃതിദത്തമായ പൊടികൾ മാത്രം ഉപയോഗിച്ച് പഞ്ചവർണ്ണങ്ങളിലാണ് കളമെഴുത്ത്.പാട്ടിന് നന്തുണി എന്ന സംഗീതഉപകരണമാണ് ഉപയോഗിയ്ക്കുക.രണ്ട് നൂറ്റാണ്ട് മുൻപേ ഇവിടെ സ്ക്കൂളുണ്ടായിരുന്നു.അരനൂറ്റാണ്ടു മുൻപ് ഇവിടെ ഹൈസ്ക്കൂൾ സ്ഥാപിയ്ക്കപ്പെട്ടു.
കാർഷിക സംസ്കാരം കടയ്ക്കലിൽ
വനമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശമാണ് കടയ്ക്കൽ. അതിനാൽ ഇവിടുത്തെ മണ്ണിന് ജൈവസമൃദ്ധി സ്വതസിദ്ധമാണ്. കാർഷികവിളകളെല്ലാം സുഭലമായിരുന്നതുകൊണ്ടാണ് അവയുടെ ക്രയവിക്രയത്തിന് ചന്ത രൂപം കോണ്ടാത്. ഇന്നും കേരളത്തിലെ മികച്ച ചന്തകളിലൊന്ന് കടയ്ക്കൽ ആണ്. സ്വന്തം മണ്ണിൽ വിളയിച്ച വാഴക്കുലയും മരച്ചീനിയും മധുരക്കിഴങ്ങും ചേനയും കാച്ചിലും മത്തങ്ങയും മുരിങ്ങക്കായയും ചുരയ്ക്കയും പാവലും പടവലും മറ്റും ചുമന്ന് ചന്തയിൽ എത്തിച്ചിരുന്നു. വിവിധയിനം പയറുവർഗങ്ങളും എള്ളും മുതിരയും കൂവരകും ഇഴുന്നും കൂവലും കടയ്ക്കൽ ചന്തയിൽ സുഭലമായിരുന്നു. അവയൊക്കെ വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ് തുടങ്ങിയ പ്രദേശങ്ങലിലേക്ക് കയറ്റിക്കൊണ്ടുപോയിരുന്നത് പഴയ ചരിത്രം. പാളയം ചന്തയിലും ചാലക്കമ്പോളത്തിലും കടയ്ക്കൽ ചേന ഇപ്പോഴും പ്രശസ്തമാണ്. ഇന്ന് ഒരു വ്യത്യാസമുണ്ട് ഇന്ന് ഇവയൊന്നും കടയ്ക്കൽ ചന്തയിൽ കാണാൻപോലുമില്ലാതായി. ഇപ്പോൾ അന്യ സംസ്ഥാനത്തുനിന്ന് പ്രത്യേകിച്ച് തമിഴ്നാട്ടിൽ നിന്നാണ് പച്ചക്കാറികളിലധികവും ലോറിയിൽ ഇവിടെ വരുന്നുത്. പുതിയ തലമിുറ മണ്ണിൽ പണിയെടുക്കുന്നതിനോട് വിമുഖത കാട്ടുന്നതാണ് ഈ പ്രവണതയ്ക്കു കാരണം. നിലം തരിശ്ശിടുന്നതും കുറവല്ല. നെൽകൃഷിക്ക് പാടശേഖരങ്ങളുണ്ടെങ്കിലും കൃഷി കുറഞ്ഞുവരുന്നു. പാടത്ത് പണിയടുക്കാൻ ആളെ കിട്ടാനില്ല എന്നാണ് കർഷകന്റെ പരാതി. ചരൽ കലർന്ന കളിമണ്ണാണ് കടയ്ക്കൽ പൊതുവേ കാണുപ്പെടുന്നത്. ജൈവാംശവും ഈർപ്പവുമുള്ളതിനാൽ ഈമണ്ണ് ഫലപൂയിഷ്ഠമാണ്.എങ്കിലും നെൽവയലുകൾഉൾപ്പെടെകാർഷികവിളകളുടെ സ്ഥാനം നാണ്യവിളയായാ റബ്ബർ കൈയ്യടക്കിക്കഴിഞ്ഞു. സാമ്പത്തികലാഭംനോക്കിയാണ് കർഷകർ റബ്ബർകൃഷിയിലേയ്ക്ക് ഇപ്പോൾ തിരിഞ്ഞിട്ടുള്ളത്.എന്നാൽ ഇത് സ്വന്തം മണ്ണിൽ വിളഞ്ഞഭക്ഷ്യവസ്തുക്കളുടെ രുചിയും മണവും പുതിയതലമുറയ്ക്ക് അനുഭിയ്ക്കാൻ കഴിയാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചു എന്നതാണ് യാഥാർത്ഥ്യം.നാട്ടിൻപുറങ്ങളിൽ അത്യാവശ്യം വേണ്ടപച്ചക്കറികളും പഴവർഗ്ഗങ്ങളും നമുക്ക്തന്നെ ഉത്പാദിപ്പിയ്ക്കാൻ കഴിയുമെന്നിരിയ്ക്കെ രാസവളങ്ങളും കീടനാശിനികളും തളിച്ചമറുനാടൻ പച്ചക്കറികൾക്ക്പിറകേ പോകേണ്ട അവസ്ഥയിലാണ് നാമിന്ന്.വീടിനോട് ചേർന്ന് ലഭ്യമായപരിമിതമായ സ്ഥലത്ത്അത്യാവശ്യം വേണ്ടപച്ചക്കറികൾ നമുക്ക് നട്ടുവളർത്താവുന്നതേയുള്ളു.
കടയ്ക്കൽ-ദേശാഭിമാനികളുടെ നാട്
കടയ്ക്കൽ എന്ന് പുറം നാട്ടുകാർ കേൾക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുക കൊല്ലവർഷം 1114ൽ നടന്ന കാർഷിക കലാപമാണ്.ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ രാജ്യമെങ്ങും സംഘചിതവും ഒറ്റപ്പെട്ടതുമായ പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ട കാലമായിരുന്നു അത്.അവയിൽ അവഗണിയ്ക്കാനാവാത്തവിധം ഒരു സായുധസമരത്തിന് നേണ്ടുന്ന ഒരുക്കങ്ങൾ നടത്താൻപോന്ന തരത്തിൽ സന്നദ്ധമായ ഒരു ജനത ഇവിടെയുണ്ടായിരുന്നു.പുരാതനകാലംമുതലേ കാർഷികസമ്പന്നമായിരുന്നു ഈ നാട്.തനതു സാംസ്ക്കാരികനിലവാരമുണ്ടായിരുന്ന പ്രദേശമാണ് കടയ്ക്കൽ.
കോട്ടുക്കൽ ,കുമ്മിൾ, ചടയമംഗലം എന്നീസമീപസ്ഥലങ്ങളിലും കടയ്ക്കലുമായി അവശേഷിയ്ക്കുന്നക്ഷേത്രാവശിഷ്ടങ്ങൾ മുസ്ലിം പള്ളികൾ ക്രിസ്ത്യൻ മിഷണറി പ്രവർത്തനങ്ങളുടെ ശേഷിപ്പുകൾ എന്നിവ പഴയകാല സാമൂഹ്യവ്യവസ്ഥയുടെ സ്വഭാവം വ്യക്തമാക്കുന്നതാണ്.
1975 വരെയും നിലമേൽ ഠൗണിലുണ്ടായിരുന്ന ഫോറസ്റ്റ് ചെക്ക്പോസ്റ്റ് ആൽത്തറമൂട്ടിൽ പ്രവർത്തിച്ചുവന്നരുന്നഅഞ്ചലാഫീസ് കടയ്ക്കൽ പോലീസ് ഔട്ട് പോസ്റ്റ് ആളുകുന്നത്തെ വെർണ്ണാക്കുലർ മിഡിൽ സ്ക്കൂൾഎന്നിവ പ്രശസ്ഥമായിരുന്നു.ഇപ്പോഴത്തെ തമിഴ്‌നാട്ടിലെ മാർത്താണ്ഡം ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ലൂഥർമിഷൻസഭകടയ്ക്കൽ വെങ്കിട്ടക്കുഴി പറയാട് കാര്യം എന്നിനിടങ്ങളിൽസ്ക്കൂളുകൾ സ്ഥാപിച്ചതും വളരെക്കാലം മുമ്പാണ്.അവ ഇന്നാട്ടിലെ ഗതകാല സംസ്കൃതിയുടെ വിരൽചൂണ്ടികളായി ഇപ്പോഴുമുണ്ട്.കാട്ടുകുളങ്ങര മഹാവിഷ്ണു ക്ഷേത്രം കോട്ടുക്കൽ ഗുഹാക്ഷേത്രം മണികണ്ഠൻചിറ ശ്രീകൃഷ്ണപുരം എന്നീ ക്ഷേത്രാവശിഷ്ഠങ്ങൾ ആയിരംകൊല്ലം പഴക്കമുള്ളവയാണ് എന്ന് ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തുന്നു.
മണ്ണടിഞ്ഞുപോയ നാടുവാഴി വ്യവസ്ഥകളുടേയും ബ്രാഹ്മണ മേധാവിത്വത്തിന്റേയും ഭാഗമായകൊട്ടാരങ്ങളും മഠങ്ങളും മുമ്പുണ്ടായിരുന്ന സാമൂഹ്യവ്യവസ്ഥയെ ചികഞ്ഞെടുക്കാൻ സഹായകമാണ്.കിഴക്ക സഹ്യനപ്പുറം നാഞ്ചിനാട്ടിൽനിന്നും പടിഞ്ഞാറുനിന്നും പിൽക്കാലത്ത് എത്തിയവർ ബ്രാഹ്മണ നാടുവാഴി വ്യവസ്ഥയ്ക്ക് സാരമായ മാറ്റങ്ങൾ വരുത്തി.കടയ്ക്കൽ കാർഷിക കലാപത്തിന് മുൻപ് സഥാപിതമായ വിദ്യാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽതന്നെ പരിഷ്കൃതമായ ഒരു സമൂഹം ഇവിടെയുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്.
1938 ലെ കാർഷിക കലാപം
അക്കമ്മ വർക്കി എന്ന സ്റ്റേറ്റ് കോൺഗ്രസിന്റെ ലീഡർ എഴുതിയ ""1114ന്റെ കഥ""എന്ന പുസ്തകത്തിൽ വികാരാവേശത്തോടെയാണ് കടയ്ക്കൽ വിപ്ലവത്തെക്കുറിച്ച് എഴുതിയിട്ടുള്ളത്.തദ്ദേശവാസികൾക്ക്നേരേ അത്രമാത്രം നികൃഷ്ഠമായ നരനായാട്ടാണ് ബ്രിട്ടീഷ് പട്ടാളവും സർ സി പി യുടെപോലീസും നടത്തിയത്.
നാട്ടിലെ ഏക കാർഷിക വാണിജ്യ കേന്ദ്രമായിരുന്ന കടയ്ക്കൽ ചന്തയിൽ കരം വർദ്ധിപ്പിച്ചതായിരുന്നു കലാപത്തിന് കാരണം.എങ്കിലും സമാന വിഷയങ്ങളുമായി ബന്ധപ്പെട്ട് കല്ലറ പാങ്ങോട് പ്രദേശങ്ങളിലും ആറ്റിങ്ങലും നടന്ന കലാപങ്ങളും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ തുടക്കമിട്ടവയായിരുന്നു.ചിതറ സ്വദേശിയായ രാഘവൻ പിള്ള ഫ്രാങ്കോ, രാഘവൻ പിള്ള എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്,അദ്ദേഹത്തിന്റെ സന്തത സഹചാരിയായ ചന്തിരൻ കാളിയമ്പി എന്ന ഹരിജൻ യുവാവും ഈ സമര മുഖത്തെ പ്രമുഖരായിരുന്നു.ഇവരിരുവരും പിന്നീട് യഥാക്രമം കടയ്ക്കൽ രാജാവും മന്ത്രിയുമായി അറിയപ്പെട്ടു. ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ രാജ്യമൊട്ടുക്കും നടന്നപ്രക്ഷോഭങ്ങളിൽനിന്ന് ആവേശം ഉൾക്കൊണ്ടവരും കടയ്ക്കൽ സമരരംഗങ്ങളിലുണ്ടായിരുന്നു.ഈ പ്രക്ഷോഭങ്ങൾ മഹാത്മജിയുടെ ശ്രദ്ധയിൽപ്പെട്ടത് ചരിത്രരേഖകളിൽനിന്ന് മനസ്സിലാക്കാം.എന്നാൽ സ്റ്റേറ്റ് കോൺഗ്രസ്സിന്റഎ നേതൃത്ത്വത്തിലും ദേശീയതലത്തിലും നചന്ന അക്രമരഹിത സമര മാർഗ്ഗത്തിൽ നിന്ന് വ്യത്യസ്ഥമായി സായുധമായിട്ടായിരുന്നു ഈ നാട്ടിലെ സമരഭടൻമാർ ബ്രിട്ടീഷ് പട്ടാളത്തേയും സർ സി പി യുടെപോലീസിനേയും നേരിട്ടത്.അതുകൊണ്ടായിരിയ്ക്കാം കടയ്ക്കൽ വിപ്ലവത്തെ സ്റ്റേറ്റ് കോൺഗ്രസ്സ് ഒരവസരത്തിൽ തള്ളിപ്പറഞ്ഞത്.
കടയ്ക്കൽ കലാപത്തിൽപ്രതികളായിലോക്കപ്പിനുള്ളിൽക്കിടന്ന് ചോരതുപ്പി മരണത്തെ വരിച്ചവരും ജീവച്ഛവങ്ങളായി ശിഷ്ഠജീവിതം തള്ളിനീക്കിയവരും നിരവധിയാണ്.ബീഡിവേലു,തോട്ടുംഭാഗമ സദാനന്ദൻ,കേശവൻ വൈദ്യൻ,ഉമ്മിണിസദാനന്ദൻമാറാംകുഴിപരമു.കൂവത്താളി നാരായണൻ,കുഞ്ഞുശങ്കരൻമുതലാളി,ഇടത്തറപത്മനാഭൻ,മാർത്താണ്ഡൻ എന്നിവർ അവരിൽ ചിലർ മാത്രമാണ്.പ്രതികളായവരിൽപലരുടേയും വസ്തുവകകൾ സർക്കാർ കണ്ടുകെട്ടി.ചിലരൊക്കെ ശവമായിപ്പോലും തടവറയിൽ നിന്നുംപുറത്തുവന്നില്ല.ജീവിച്ചിരുന്ന പലർക്കും താമ്രപത്രവും പെൻഷനും നൽകി സ്വാതന്ത്ര്യസമരപോരാളികളായി അംഗീകരിച്ച് സ്വതന്ത്രഭാരതസർക്കാർ ആദരിച്ചു
ഈ ധീരദേശാഭിമാനിികളുടെ സ്മരണയിൽ കടയ്ക്കൽ ഇന്നും അഭിമാനിയ്കുന്നു.കടക്കൽ എന്ന ഗ്രാമം കേരളമെന്ന സംസ്ഥാനത്തിന് തന്നെ അഭിമാനമാണ് .