എൽ.എം.യൂ.പി.എസ്.അടിമലത്തുറ/അക്ഷരവൃക്ഷം/കേൾവി ശക്തി
കേൾവി ശക്തി
സൂര്യനോടൊപ്പം ഞാനും എഴുന്നേറ്റു. തണുത്ത പ്രഭാതത്തിൽ അമ്മയുടെ തലോടൽ ഏറ്റുവാങ്ങി സ്കൂളിൽ എത്തി. സന്തോഷം, സ്നേഹം, വികൃതികൾ, പഠനം എല്ലാം നിറഞ്ഞ അന്തരീക്ഷം. എനിയ്ക്ക് വളരെ ഇഷ്ടമുള്ള മൂർത്തി സാർ ക്ലാസ്സിൽ എത്തി. എല്ലാ കുട്ടികൾക്കും എന്തെങ്കിലും കഴിവുകൾ ഉണ്ടെന്നു പറഞ്ഞ് പറഞ്ഞ് ഞങ്ങളെ ചിത്രം രചന, കഥ രചന, കവിത രചന മുതലായവ ചെയ്യിക്കുക പതിവായിരുന്നു. സാറ് ഇന്ന് പിരീഡ് തീരാറായപ്പോൾ പറഞ്ഞു - " കേൾവി ശക്തിയില്ലാതിരുന്നാലും ഉയരാൻ സാധിക്കും. ഇതുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനം ചെയ്തു കൊണ്ടുവരുക. എന്റെ മനസ്സിൽ ഈ ഒരു ചിന്ത മാത്രമായിരുന്നു വഴിനീളെ. വീട്ടിലെത്തി. ഉമ്മറത്ത് അമ്മുമ്മ. എന്നെ കണ്ടപ്പോൾ മുഖത്ത് സന്തോഷം. അടുത്തിരുത്തി ഒരു പാട്ടും ഒരു കടല മിഠായിയും കിട്ടി. കാലും മുഖവും കഴുകി സന്ധ്യ നാമവുച്ചൊല്ലി. അമ്മുമ്മമുടെ മടിയിൽ തലയും വച്ചു കിടന്നു. തലയിൽ തലോടികൊണ്ടിരുന്നു. പെട്ടെന്ന് ഞാൻ എഴുന്നേറ്റ് അമ്മുമ്മയോട് ചോദിച്ചു - "അമ്മുമ്മേ, ഇന്ന് ക്ലാസ്സിൽ മൂർത്തി സാറ് ഒരു വാക്യാംശം പറഞ്ഞ് അതുമായി ബന്ധപ്പെട്ട് ഒരു പ്രവർത്തനം ചെയ്യാൻ പറഞ്ഞു. " അമ്മുമ്മ - " എന്ത് വാക്യാംശം?" ഞാൻ പറഞ്ഞു - " കേൾവി ശക്തിയില്ലാതിരുന്നാലും ഉയരാൻ സാധിക്കും." അമ്മുമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി മിന്നിമറഞ്ഞു, അടുത്തിരുന്ന അമ്മയുടെ മുഖത്തും പുഞ്ചിരി, ഒന്നും മനസ്സിലാകാതെ ഇരുവരേയും മാറി മാറി നോക്കി. അമ്മുമ്മ പറഞ്ഞു - "രാത്രി അച്ഛനോട് തന്നെ ചോദിക്ക്." രാത്രി ഒൻപത് മണിയ്ക്ക് അച്ഛൻ വന്നു. ഊണെല്ലാം കഴിഞ്ഞ് എല്ലാപേരും വരാന്തയിൽ ഇരിക്കുകയായിരുന്നു. ഞാൻ ബുക്കും പെൻസിലുമായി അച്ഛന്റെ അടുത്തെത്തി. മൂർത്തിസാറ് പറഞ്ഞ വാക്യാംശം ഞാൻ ആവർത്തിച്ചു. അച്ഛൻ അല്പം ആലോചിട്ട് പറയാൻ തുടങ്ങി. മോനെ ഞാൻ ഒരു കഥ പറയാം.... പണ്ട് പണ്ട് ഒരു രാജ്യത്തിൽ മരം കയറുന്ന മത്സരം നടക്കുകയായിരുന്നു. മരമെന്നാൽ ശിഖരങ്ങളുള്ളതല്ല, ഒറ്റത്തടി അതിൽ എണ്ണ തേച്ചിരിക്കും മുകളിൽ എത്തിയാൽ രാജാവിന്റെ 100 സ്വർണ്ണ നാണയങ്ങൾ സമ്മാനം കിട്ടും. മത്സരത്തിൽ പങ്കെടുക്കാൻ ധാരാളം ശക്തിശാലികൾ എത്തി. പലരും ശ്രമിച്ചു, പക്ഷെ ആർക്കും മുകളിൽ എത്താൻ സാധിച്ചില്ല. പലരും പിൻമാറി. രാജാവിന് സങ്കടമായി, നമ്മുടെ നാട്ടിൽ ശക്തന്മാർ ആരുമില്ലെ? പതുക്കെ പതുക്കെ സമ്മാനതുക കൂട്ടി കൂട്ടി 1000 സ്വർണ്ണ നാണയത്തിലെത്തി. എന്നിട്ടും ആർക്കും വിജയിക്കാൻ സാധിച്ചില്ല. ഇതെല്ലാം നോക്കി ആ കൂട്ടത്തിൽ ഒരു കുട്ടി അച്ഛനോടൊപ്പം ഇരിക്കുകയായിരുന്നു. അവൻ അച്ഛനെ ഒന്നു നോക്കി, അച്ഛന് കാര്യം മനസ്സിലായി. അച്ഛൻ മകന്റെ കുറുക്കിൽ തട്ടി പ്രോത്സാഹിപ്പിച്ചു. മരം കയറാൻ അയച്ചു. കുട്ടിയെ കണ്ട മാത്രയിൽ ആളുകളിൽ നിന്നും നിരുത്സാഹപ്പെടുത്തുന്ന വാക്കുകൾ ഉയർന്നു. അച്ഛൻ എല്ലാം കേട്ട് പുഞ്ചിരിച്ചുകൊണ്ട് മകനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ആ കുട്ടി ധൈര്യത്തോടെ മരം കയറി വിജയിച്ചു. രാജാവിന് വളരെ സന്തോഷമായി. സമ്മാനം വാങ്ങിക്കാൻ രാജാവിന്റെ അടുത്ത് അച്ഛനും മകനുമെത്തി. രാജാവ് ചോദിച്ചു - " ഇത്രയും നിരുത്സാഹപ്പെടുത്തീട്ടും എങ്ങനെ നീ വിജയിച്ചു? പക്ഷെ കുട്ടി ചിരിച്ചു കൊണ്ട് അച്ഛനെ നോക്കി. അച്ഛൻ രാജാവിന് മറുപടി കൊടുത്തു. "രാജാവേ, ഇവർ പറഞ്ഞ ഒരു വാക്കു പോലും എന്റെ മകന്റെ ചെവിയിൽ എത്തിയില്ല. അവൻ എന്റെ പ്രോത്സാഹനം മാത്രമേ കണ്ടോള്ളു. " ഇത് കേട്ട രാജാവിന് കുട്ടിയോടുള്ള സ്നേഹം കൂടി. ആ കുട്ടിയ്ക്ക് സമ്മാനവും രാജ്യത്തിൽ നിന്നും എല്ലാ വിധ പഠന സഹായങ്ങളും ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. ഗുണപാഠം: നമ്മളും ജീവിതത്തിൽ പല സന്ദർഭങ്ങളിലും കേൾവി ശക്തിയില്ലാത്തതുപ്പോലെയായാൽ വിജയിക്കാൻ സാധിക്കും. അച്ഛൻ കഥ പറഞ്ഞു നിറുത്തി. "അച്ഛനെ ഈ കഥ കേൾപ്പിച്ചത് ആരാണ്? " ഞാൻ ചോദിച്ചു. അച്ഛനും ചിരിച്ചു കൊണ്ട് ഒന്നും പറയാതെ അപ്പുപ്പനെ നോക്കി. സാറ് ഈ വാക്യാംശം എന്നെ നോക്കി ചെറുപുഞ്ചിരിയോടെ പറഞ്ഞത് ഇപ്പോൾ മനസ്സിലായി. എന്തെന്നാൽ സാറ് വരുന്നതിന് മുമ്പ് ഞാൻ എഴുതിയ കുഞ്ഞു കവിത കൂട്ടുകാരെ കേൾപ്പിച്ചു. അവരെല്ലാം എന്നെ കണക്കിന് കളിയാക്കുകയും ചെയ്തു. പിന്നെ ഞാൻ ആ കവിത പുറത്തെടുത്തില്ലായിരുന്നു.....
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |