എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം
2026 ജൂൺ ഒന്നിന് സ്‌കൂൾ പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുകയുണ്ടായി. ഈ വർഷം കുട്ടികളുടെ കലാപരിപാടികൾക്കാണ് മുൻഗണന നൽകിയത്. പിടിഎ പ്രസിഡന്റ് കെ എസ് സുധീറിന്റെ അധ്യക്ഷതയിൽ തുടങ്ങിയ യോഗത്തിൽ സ്വാഗതമാശംസിച്ചത് പ്രിൻസിപ്പാൾ എ കെ ഗീതയാണ്. ഉദ്ഘാടനം നിർവ്വഹിച്ചത് അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് അനിൽ അക്കരയാണ്. വളരെ കുറഞ്ഞ സമയത്തിൽ വളരെയേറെ പ്രചോദനം നൽകുന്ന ഒരു പ്രസംഗമായിരുന്നു അദ്ദേഹം കാഴ്ച വെച്ചത്. ഒരു ചെറിയ ഉദാഹരണത്തിലൂടെ നാം വന്ന വഴി മറക്കാൻ പാടില്ല എന്നൊരു വലിയ സന്ദേശം അദ്ദേഹം കുട്ടികളിലെത്തിച്ചു. കുട്ടികൾക്കു മാത്രമല്ല അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രചോദനം നൽകുന്ന വാക്കുകളായിരുന്നു അവ. സ്‌കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി അനുഗ്രഹ പ്രഭാഷണം നടത്തി. സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ മാതാജി വിശദമാക്കുകയുണ്ടായി. തുടർന്ന് കുട്ടികൾ പ്രവേശനോത്സവ ഗാനമാലപിച്ചു. രണ്ടു വിദ്യാർത്ഥിനികൾ രംഗപൂജ(നൃത്തം) അവതരിപ്പിച്ചു. സ്‌കൂളിലേക്ക് പുതുമുഖമായി എത്തിയ ഒമ്പതം ക്ലാസ്സിലെ ഗായത്രി കുച്ചിപ്പുടി അവതരിപ്പിച്ചു. സ്‌കൂൾ വിഭാഗം പ്രധാനാധ്യാപിക എസ് സിന്ധു നന്ദി പ്രകാശിപ്പിച്ചു. യോഗത്തിനു ശേഷം കുട്ടികളെല്ലാവരും ഉത്സാഹത്തോടെ പുതിയ ക്ലാസ്സ് മുറികളിലേക്ക്.. മധുരപലഹാര വിതരണവും അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവുമുണ്ടായിരുന്നു.
ജൂൺ 5 പരിസ്ഥിതി ദിനം
സ്വാഗതമാശംസിച്ചത് പ്രിൻസിപ്പാൾ എ കെ ഗീതയും അധ്യക്ഷസ്ഥാനം അലങ്കരിച്ചത് പി ടി എ പ്രസിഡൻ്റ് കെ എസ് സുധീറുമാണ്. ഉദ്ഘാടനം നിർവ്വഹിച്ചത് സ്‌കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജിയായിരുന്നു. പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ചെറുപ്പത്തിൽ തന്നെ ശുചിത്വം ശീലിക്കേണ്ടതിനെ പറ്റിയും മാതാജി വിശദമാക്കി. പത്താം ക്ലാസ്സില ഗൗതമി ഉണ്ണിക്കൃഷ്ണൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുയും കുട്ടികൾ അതേറ്റു ചൊല്ലുകയും ചെയ്തു. പരിസ്ഥിതി ദിന സന്ദേശം നൽകിയത് അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് അനിൽ അക്കരയാണ്. പരിസ്ഥിതിദിനം എന്തുകൊണ്ട് ജൂൺ 5 എന്നതിനെ കുറിച്ച് വിശദീകരിച്ചു കൊണ്ടായിരുന്നു അദ്ദേഹം തുടങ്ങിയത്. ഒപ്പം കേരളത്തിൻ്റെ പ്രത്യേകതകളും പരാമർശിച്ചു.
തുടർന്ന് ആരുഷി അജയ് , ശ്രീപ്രിയ എന്നിവർ ഈ വർഷത്തെ ആഗോള പ്രമേയത്തെ കുറിച്ച് വിശദീകരിച്ചു. തുടർന്ന് പരിസ്ഥിദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുന്ന ഗാനമാലപിക്കുകയും കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പോസ്റ്ററുകളുടെ പ്രദർശനവുമുണ്ടായി. സ്‌കൂൾ അങ്കണത്തിൽ പിടിഎ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ നടന്നു.