എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ചില ഔഷധ അറിവുകൾ

അരൂത

           

നമ്മുടെ  പറമ്പുകളിൽ. പല തരത്തിലുള്ള ഔഷധ ച്ചെടികൾ കാണാൻ സാധിക്കും അത്തരത്തിലുളള  ഒരു ചെടിയാണ് അരൂത . അരൂത നമ്മുടെ  മുറ്റത്ത് ഉണ്ടെങ്കിൽ അവിടെ പാമ്പ് വരില്ല എന്നാണ് വിശ്വാസം .കൂടാതെ അരൂത ഉളള വീട്ടിൽ ആർക്കും അപസ്മാരം  ഉണ്ടാവുകയില്ല .അപസ്മാരം മൂലം തലചുറ്റി വീഴാൻ തുടങ്ങുന്ന  രോഗിയോട് അരുത് വീഴരുത്  എന്ന് പറയാൻ ഉളള ഔഷധമൂല്യം ഉളള ചെടിയാണ് അരൂത.അങ്ങനെ അരുത്  എന്ന വാക്കിൽ നിന്നുമാണ്  അരൂത എന്ന വാക്കുണ്ടായത് .

സംസ്കൃതത്തിൽ സന്താപ:    എന്നും ഇംഗ്ലീഷിൽ ഗാർഡൻ റൂ  എന്നും ഈ ചെടി അറിയപ്പെടുന്നു.റൂട്ടാഗ്രാവിയോലൻസ്  എന്നാണ് ശാസ്ത്രീയനാമം . റുട്ടേസി കുടുംബത്തിൽപ്പെടുന്നു. ഇതിന്റെ ഇലകളും കൊമ്പുകളും വളരെ മൃദുലമാണ്  ഇതിന്റെ  ഇല കൈയിൽ വെച്ച് തിരുമ്മി മണപ്പിച്ചാൽ  കാച്ചിയ വെളിച്ചെണ്ണയുടെ  മണം അനുഭവപ്പെടും .കുട്ടികൾക്കുണ്ടാകുന്ന  രോഗങ്ങൾക്ക്  കൺകണ്ട ഔഷധമാണിത് .നിറുത്താതെ  കരുന്ന കുഞ്ഞിന്റെ  കൈയിൽ അരൂതയുടെ ഇലകൾ  വെച്ചു കെട്ടിയാൽ കുഞ്ഞ് ഉടനെ കരച്ചിൽ നിറുത്തുന്നതായി

പലർക്കും അനുഭവമുളള കാര്യമാണ് .നെഗറ്റീവ് എനർജിയെ അകറ്റാൻ പലരും  അരൂതയുടെ ഇലകൾ തലയിണയുടെ അടിയിൽ വയ്ക്കാറുണ്ട് . കുട്ടികളുടെ അപസ്മാരം   കോച്ചിവലി  ശ്വാസനാളരോഗം  കഫജ്വരം  ശ്വാസംമുട്ടൽ  ചുമ പനി അതിസാരം  വയറുവേദന എന്നിവക്കെല്ലാം  അരൂത പല രീതിയിൽ  ഉപയോഗപ്പെടുത്തുന്നു .കുട്ടികൾക്കു മാത്രമല്ല   മുതിർന്നവരുടെയും പല തരം രോഗങ്ങൾക്കും അരൂതയുടെ  ഉപയോഗം ഫലപ്രദമാണ് .

തൊട്ടാവാടി

ഒന്ന് തൊട്ടാൽ  വാടിപോകുന്ന ചെടിയാണ്  തൊട്ടാവാടി .ഈ ചെടിയും നമ്മുടെ പറമ്പുകളിൽ ധാരാളമായി വളരാറുണ്ട് .

മനോഹരമായ റോസ് നിറത്തിലുളള പൂക്കൾ ഇതിനുണ്ടാകുന്നു. എന്നാൽ ചെടിയിലെ മുളളിന്റെ    സാമീപ്യം പലരെയും  ചെടിയിൽ നിന്നകറ്റുന്നു .ഇംഗ്ലീഷിൽ  sensitive pant എന്നും touch me not plant  എന്നുമെല്ലാം ഇത് അറിയപ്പെടുന്നു. മൈമോസേസി സസ്യകുടുംബത്തിൽ പ്പെടുന്നു . മൈമോസേ പുഡിക് ലിൻ   എന്നാണ് ശാസ്ത്രീയനാമം .തൊട്ടാവാടി ധാരാളം ഔഷധഗുണങ്ങൾ. നിറഞ്ഞ ഒന്നാണ് .തൊട്ടാവാടിയുടെ സമൂലം ഔഷധമായി ഉപയോഗിക്കുന്നു . സോറിയാസിസ്,   പ്രമേഹം,

കഫകെട്ട്  എന്നിങ്ങനെ  പല രോഗങ്ങൾക്കും തൊട്ടാവാടി ഔഷധമായി ഉപയോഗിക്കുന്നു .

മഞ്ഞൾ

മഞ്ഞൾ ഇല്ലാത്ത അടുക്കള നമുക്ക്  ചിന്തിക്കാനേ സാധിക്കില്ല .പാചകത്തിന് മാത്രമല്ല  സൗന്ദര്യവർദ്ധക വസ്തുവായും  ഔഷധമായും നമ്മൾ മഞ്ഞൾ ഉപയോഗിക്കുന്നു .മഞ്ഞളിനെ സംസ്കൃതത്തിൽ 'നിശാ 'എന്നും ഇംഗ്ലീഷിൽ ടർമെറിക് എന്നും  പറയുന്നു .സിഞ്ചിബറേസി കുലത്തിൽ പെടുന്നു.പ്രമേഹം , കുഴിനഖം, ത്വക് രോഗങ്ങൾ,അലർജിസംബന്ധമായ  അസുഖങ്ങൾ , അനാവശ്യ രോമവളർച്ച , വിഷബാധ നേത്രരോഗങ്ങൾ , എന്നിവക്കെല്ലാം  മഞ്ഞൾ ഒരു സിദ്ധൗഷധം  തന്നെയാണ്.

നോനി

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ  സർവരോഗ സംഹാരിയായ ഒറ്റമൂലി എന്ന  നിലയിൽ അറിയപ്പെടുന്ന. ഫലമാണ്  നോനി .നോനു , നോനോ , ഇന്ത്യൻ   മൾബെറി  എന്നീ പേരുകളിൽ ഇത് അറിയപ്പെടുന്നു . നോനി പഴമാണെങ്കിലും   രൂക്ഷമായ ഗന്ധം കാരണം നമുക്കിത് നേരിട്ട് ഉപയോഗിക്കാൻ  സാധിക്കില്ല .

തെക്കൻ ശാന്തസമുദ്രത്തിലെ  ദ്വീപുകളിൽ പെട്ട പോളിനേഷ്യയിലാണ് നോനി സമൃദ്ധമായി കണ്ടുവരുന്നത് .ആയിരക്കണക്കിനു  വർഷങ്ങളായി പോളിനേഷ്യക്കാർ  നോനിയുടെ ഇലകളും വേരുകളും പൂവും കായും നൂറുകണക്കിന് രോഗങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു .ഇന്ന് കേരളത്തിൽ പലയിടത്തും നോനി വിളഞ്ഞു  നിൽക്കുന്നതായി കാണാൻ സാധിക്കും.രൂക്ഷ  ഗന്ധമാണെങ്കിലും  പ്രോസസ് ചെയ്ത്  ടോണിക്  ആയും ജ്യൂസ്  ആയും ഗുളിക രൂപത്തിലും

നോനി മാർക്കറ്റിൽ ലഭ്യമാണ് .യൂറോപ്പിലും വടക്കേ അമേരിക്കയിലും ഔഷധത്തിലുപരി  മറ്റുളള ജ്യൂസുകൾ ഉപയോഗിക്കുന്നതുപോലെ ഉപയോഗിക്കുന്നു .അൾസർ , സന്ധിവാതം , ആസ്തമ , പ്രമേഹം , രക്താതിമർദം , ആർത്തവത്തകരാറുകൾ ,എയ്ഡ്സ് എന്നിവക്കെല്ലാം വിധിയായി നോനി ഉപയോഗിക്കാം . കൂടാതെ പ്രതിരോധശേഷി

വർധിപ്പിക്കാനും വേദന സംഹാരിയായി  പ്രവർത്തിക്കാനും നോനിക്കു  കഴിയും.

മുത്തിൾ

ബുദ്ധിവർദ്ധനവിനുളള. ഔഷധങ്ങളെക്കുറിച്ച്  കേൾക്കുമ്പോൾ  നമ്മുടെ മനസിലേക്ക്  ഓടിവരുന്നത്

ബ്രഹ്മിയായിരിക്കും  .എന്നാൽ  ബ്രഹ്മിപോലെ ബുദ്ധി  വർദ്ധിക്കാൻ പണ്ടുമുതലേ ഉപയോഗിച്ചുവരുന്ന  ചെടിയാണ്  മുത്തിൾ .

കരിന്തക്കാളി , കരിമുത്തിൾ ,കുടകൻ , കുടങ്ങൽ. എന്നെല്ലാം ഇതിനെ  പറയാറുണ്ട് .മണ്ഡൂകപർണി  എന്ന് സംസ്കൃതത്തിലും  പെന്നിവർട്ട്  ഏഷ്യാറ്റിക്  എന്ന്  ഇംഗ്ലീഷിലും  പറയും .സെൻറല്ലാ  ഏഷ്യാറ്റിക്  എന്നാണ്  ശാസ്ത്രീയനാമം  .ഹൈഡ്രോ  കോട്ടിലേസി  എന്ന കുലത്തിൽ  പെടുന്നു .ഈ ചെടി നനവുളള  സ്ഥലങ്ങളിൽ  നിലംപറ്റി വളരുന്നു .സമൂലം ഔഷധമായി  ഉപയോഗിക്കുന്നു . ത്വക് രോഗം ,നാഡീവ്യൂഹരോഗം ,ആമവാതം ,കരൾരോഗം  , വിക്കൽ എന്നിവക്കെല്ലാം ഔഷധമായി മുത്തിൾ ഉപയോഗിക്കുന്നു .

മുത്തങ്ങ

മുത്തങ്ങയെപ്പറ്റി കേട്ടിട്ടില്ലാത്ത  മലയാളികൾ ഉണ്ടാകില്ല .ആയുർവേദ വൈദ്യ ശാലയിൽ നിന്നു കിട്ടുന്ന മുസ്താരിഷ്ടം  കുട്ടികൾക്കു കൃമിശല്യത്തിനു കൊടുക്കുന്ന  മുത്തങ്ങ ചേർത്ത സിദ്ധൗഷധമാണ് .മുത്തങ്ങക്ക് കോര എന്ന് പേരുണ്ട് .ഇതിൽ ചെറുകോര  പെരുംകോര  എന്നീ രണ്ടു തരമുണ്ട് .കിഴങ്ങുവർഗമാണ്  ചെറുകോര  പെരുംകോരക്ക്  കിഴങ്ങ്  ഉണ്ടായിരിക്കില്ല .പെരും കോരകൊണ്ട്  പായ നെയ്യുന്നു .ഇതാണ് കോരപ്പായ്  അഥവാ പുൽപ്പായ് .മുസ്താ  എന്ന് സംസ്കൃതത്തിലും നട്ട് ഗ്രാസ് എന്ന് ഇംഗ്ലീഷിലുംഇത് അറിയപ്പെടുന്നു .സൈപ്പറേസി കുലത്തിൽപ്പെടുന്നു  .കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങൾക്കാണ് അധികവും മുത്തങ്ങ ഉപയോഗിക്കുന്നത് .വയറിളക്കം , കരപ്പൻ ,  വിയർപ്പുനാറ്റം , കൃമിശല്യം , ഛർദി , വയറിലെ പ്രശ്നങ്ങൾ , പനി  എന്നിവക്കെല്ലാം ഔഷധമായി  മുത്തങ്ങ ഉപയോഗിക്കുന്നു .


വഴുതിനങ്ങ

വഴുതിനങ്ങ  നമ്മൾ കറിവെയ്ക്കാൻ. ഉപയോഗിക്കുന്ന  പച്ചക്കറിയാണ് .എന്നാൽ ധാരാളം ഔഷധഗുണങ്ങളുംവഴുതിനങ്ങയ്ക്കുണ്ട് .

ഭാരതത്തിൽ എല്ലായിടത്തും ഇത് കാണപ്പെടുന്നു .സംസ്കൃതത്തിൽ പീതഫല എന്നും ഇംഗ്ലീഷിൽ  ഭ്രിംജോൾ എന്നും  വഴുതിനങ്ങ അറിയപ്പെടുന്നു .സോളനേസി കുലത്തിൽ പെടുന്നു ഹൃദ്രോഗം  , രക്തസമ്മർദ്ദം  ,കൃമിശല്യം,രോഗപ്രതിരോധശക്തി, ചുമ, അലർജിസംബന്ധമായ തുമ്മൽ,രക്തക്കുറവ്,അമിതവിയർപ്പ്, കരൾസംബന്ധമായ രോഗങ്ങൾ, എന്നിവക്കെല്ലാം നല്ലൊരു പ്രതിവിധിയാണ് വഴുതിനങ്ങ ഉപയോഗിച്ചുളള ഔഷധകൂട്ടുകൾ  .

അത്തി

നാല്പാമരത്തിലെ  ഒരൗഷധമാണ്  അത്തി. അത്തി  , ഇത്തി , പേരാൽ , അരയാൽ എന്നിവയാണ് നാൽപാമരം. അത്തിമരത്തിന്റെ  തോലും ഇലയും പഴവും ഔഷധത്തിന് ഉപയോഗിക്കുന്നു . ഉദുംബരം എന്ന് സംസ്കൃതത്തിലും  ക്ലസ്റ്റർ എന്ന് ഇംഗ്ലീഷിലും  അറിയപ്പെടുന്നു .ഫിക്കസ് ഗ്ലോമേറാറ്റാ  എന്നാണ്  ശാസ്ത്രീയനാമം. മോറേസി കുടുംബത്തിൽ  പെടുന്നു .

അത്യാർത്തവം ,  രക്തം ചുമച്ചു തുപ്പൽ , വായ്പ്പുണ്ണ് , അഞ്ചൈന പെക്ടോറിസ്  എന്നിവ മാറുവാൻ അത്തിപ്പഴം തിന്നുന്നത് നല്ലതാണ് . അത്തിമരത്തിൽ നിന്നെടുക്കുന്ന  വെള്ളവും അത്തിപ്പഴവും പ്രമേഹത്തിന്  അത്യുത്തമമാണ് .

മലബന്ധം , അത്യാർത്തവം  ,മോണപ്പഴുപ്പ് ,രക്തപിത്തം ,അർബുദം  അമിതവിശപ്പ് എന്നിവക്കെല്ലാം  ശമനം നൽകാൻ അത്തി  ഉപയോഗിച്ചുളള. വിവിധ ഔഷധക്കൂട്ടുകൾക്ക്  സാധിക്കും .

ആര്യവേപ്പ്

ഭാരതത്തിൽ എല്ലായിടത്തും കാണപ്പെടുന്ന ഒന്നാണ് ആര്യവേപ്പ് .ഇതിന്റെ കുരുവിൽ നിന്നും എടുക്കുന്ന എണ്ണയാണ്

വേപ്പെണ്ണ . വേപ്പെണ്ണ ഔഷധമായും കീടനാശിനിയായും  ഉപയോഗിക്കുന്നു . വേപ്പിൻ പിണ്ണാക്ക്  വളമായി  ഉപയോഗിക്കുന്നു .

ആര്യവേപ്പിന്റെ  ഇലകൾ വായു മലിനീകരണത്തെ  തടയുന്നു . സംസ്കൃതത്തിൽ നിംബ:  എന്നും ഇംഗ്ലീഷിൽ. നീം ട്രീ  എന്നും അറിയപ്പെടുന്നു .അസഡിറാക്  ഇൻഡിക എന്നാണ്  ശാസ്ത്രീയനാമം. മിലിയേസീ കുടുംബത്തിൽ പെടുന്നു . പ്രമേഹം , ഛർദ്ദി , കുഷ്ഠം , വ്രണം , അർശസ് , മുടി നര , തിമിരം , മഞ്ഞപ്പിത്തം ,പാമ്പ് വിഷം ,  തേൾ വിഷം , ത്വക് രോഗങ്ങൾ ,താരൻ , സോറിയാസിസ്  എന്നിവയിലെല്ലാം വേപ്പിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന  ഔഷധങ്ങൾ അനിതരസാധാരണമായ ഫലമാണ്  ചെയ്യുന്നത് .

എളള്

എളള്  ഒരു എണ്ണക്കുരുവാണ് . നമ്മൾ വിളക്ക് കത്തിക്കുവാനായി ഉപയോഗിക്കുന്ന  നല്ലെണ്ണ എടുക്കുന്നത്  എളളിൽ നിന്നാണ് . ധാരാളം ഔഷധഗുണങ്ങൾ  എളളിനുണ്ട് .കടും ചുവപ്പ് , ഇളം ചുവപ്പ് , വെളള , കറുപ്പ്  എന്നിങ്ങനെ എളള് നാലു തരത്തിൽ  കാണപ്പെടുന്നു .കറുത്ത എളളിനാണ് ഔഷധഗുണവും പോഷകഗുണവും ഉളളത് .തിലം എന്ന്  സംസ്കൃതത്തിലും sesame എന്ന്

ഇംഗ്ലീഷിലും അറിയപ്പെടുന്നു .പെഡാലിയേസി കുടുംബത്തിൽ പെടുന്നു . ആർത്തവ പ്രശ്നങ്ങൾ , പല്ലിനുണ്ടാകുന്ന  രോഗങ്ങൾ , ചുണ്ടുവീക്കം ,തലമുടി നല്ല കറുപ്പായി വളരാൻ  എന്നിവക്കൊക്കെ എളള് ഉപയോഗിക്കാം . ആയുർവേദത്തിൽ തൈലങ്ങളും   കുഴമ്പുകളും നിർമിക്കുന്നതിനും  രസായനങ്ങളും ലേഹ്യങ്ങളും നിർമിക്കുന്നതിനും എള്ള് ഉപയോഗിക്കുന്നു .