വിദ്യാലയത്തിന്റെ ചരിത്രം

എസ്എൻഡിപി വിഎച്ച്എസ്എസ് കാഞ്ഞീറ്റുകര പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷൻ നഗറിൽ നിന്നും ഏകദേശം രണ്ടര കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അയിരൂർ പഞ്ചായത്തിലെ നിലവിലുള്ള 17 വിദ്യാലയങ്ങളിൽ ഒന്നാണ്.
കേരളീയ നവോത്ഥാനത്തിന്റെ രാജശില്പിയായ ശ്രീനാരായണഗുരുദേവൻ ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതകളെ പറ്റി തീവ്രമായി ചിന്തിക്കുകയും സാധാരണ ജനങ്ങളിൽ അതിന്റെ പ്രകാശധാര ചൊരിയാൻ നിരന്തരം പ്രയത്നിക്കുകയും ചെയ്ത സമുന്നതനായ വിദ്യാഭ്യാസ ചിന്തകനും അതിന്റെ കർമ്മ ഭടനുമായിരുന്നു.
വിദ്യകൊണ്ട് പ്രബുദ്ധരാകുവാനും സംഘടനകൊണ്ട് ശക്തരാകുവാനും ഉദ്ബോധനം ചെയ്ത ശ്രീനാരായണഗുരുദേവ തൃപ്പാദങ്ങളുടെ നാമധേയത്തിലുള്ള ഈ സരസ്വതി ക്ഷേത്രം 1955ൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു.
1965ൽ ഒരു പൂർണ്ണ ഹൈസ്കൂൾ ആയി ശ്രീ ആർ. ശങ്കർ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഉയർത്തപ്പെട്ടു. ഒരു മാനേജ്മെന്റ് സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1966 എസ്എൻഡിപി യോഗം കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂൾ ആയി തീർന്നു. അയിരൂർ 250 നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ പരിശ്രമങ്ങളുടെ ഫലമായി 2001ൽ വിദ്യാലയത്തിൽ ഹയർസെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.