എച്ച് ഐ എം യു പി എസ് കൽപ്പറ്റ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
  • വന ഭംഗിയുടെ ആധികാരികതയിൽ തിളങ്ങി സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2800 അടി ഉയരത്തിൽ നിൽക്കുന്ന വയനാട് എന്നും ഏവർക്കും ആകർഷണമാണ്. കുടിയേറ്റങ്ങളുടെ കഥകൾ പാടും മുമ്പുതന്നെ തുടങ്ങിയ ശാന്തിയുടെയും മനോഹാരിതയുടെയും പൊൻ വർണ്ണങ്ങൾ വിളയിച്ച നാട്, വയനാട്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ ധീരന്മാരുടെ മണ്ണ്.ചരിത്രം സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട ഒരു ജനതയുടെ സ്വതസിദ്ധമായ ശൈലി പിന്തുടരുന്ന ദൈവത്തിന്റെ നാട്. വയനാടിന്റെ റാണിയെന്ന വിശേഷിപ്പിക്കാവുന്ന കൽപ്പറ്റയുടെ ഉള്ളകങ്ങളിൽ മാനുഷിക ജീവിതത്തിന്റെ പണാമ കഥകൾ ഉറഞ്ഞുകിടക്കുന്നു ണ്ടാവും. ചാലി പുഴയിൽ നിന്നും കൽപ്പറ്റയെന്ന മഹാ നഗരമായി മാറാൻ കുതിക്കുന്ന കൽപ്പറ്റ യുടെ വികസന വീഥികളിൽ ജന കൂട്ടായ്മയുടെ എഴുതിപ്പിടിപ്പിക്കാത്ത പരിശ്രമങ്ങളുണ്ട്. നെയ്ത്തു സംഘങ്ങൾ തമ്പടിച്ചിരുന്ന പുഴയുടെ തീരത്ത് നിന്നാവാം കൽപ്പറ്റ എന്ന വയനാടൻ വാണിയുടെ പദയാത്ര തുടങ്ങിയത്.

കൈനാട്ടി മുതൽ പുളിയാർമല (അന്ന് ആലം തട്ട ) വരെയുള്ള പ്രദേശമായിരുന്നു യഥാർത്ഥത്തിൽ കൽപ്പറ്റ. 'കൽപ്പേട്ട ' - കല്ലിന്റെ സങ്കേതം എന്ന കന്നഡ വാക്കിൽ നിന്നുമാണ് കൽപ്പറ്റ എന്ന് പരിണമിച്ചത്. 'വണ്ടി പ്പേട്ട ' എന്നായിരുന്നു ഇന്നത്തെ നഗരസഭ ബസ് സ്റ്റാൻന്റ് പരിസരം അറിയപ്പെട്ടിരുന്നത്. കർണ്ണാടകയിൽ നിന്നും വന്ന ചരക്ക് കാളവണ്ടികളുടെ താവളമായിരുന്നു ഇവിടം. കൽപ്പറ്റ 'ചുങ്ക' ത്തിന് ആ പേർ വന്നതിനു പിന്നിലുമുണ്ട് കഥ. ബ്രിടീഷുകാർ ആ ഭാഗത്തായിരുന്നു ഷെഡ് കെട്ടി ചുങ്കം പിരിച്ചിരുന്നത്. പിണങ്ങോട് റോഡിലേക്ക് തിരിയുന്ന വലതു വശത്തായിരുന്നു പിരിവുപുര.

ഭൂമിശാസ്ത്ര പ്രത്യേകത  

*ഭൂപ്രകൃതി* 

ഡക്കാൻ പീoഭൂമിയുടെ തുടർച്ചയായി കിടക്കുന്ന കൽപ്പറ്റ, കുന്നുകളും വയലുകളും ചേർന്ന ഭൂപ്രകൃതിയാണ് . വയനാട് ജില്ലയുടെ തെക്ക് കിഴക്ക് ഭാഗത്താണ് കൽപ്പറ്റ നഗരസഭ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 2560 അടി ഉയരത്തിലുള്ള കൽപ്പറ്റയിൽ പശിമയുള്ള ചുവന്ന മണ്ണാണ് കൂടുതലായും കണ്ട് വരുന്നത് .ഇതിന് പുറമെ പാറക്കല്ലുകളും, കരിമണ്ണും വയലുകളിൽ മണൽ കലർന്ന മണ്ണും ചിലയിടങ്ങളിൽ കളിമണ്ണും കണ്ടു വരുന്നു . അമ്ലത്വം കൂടുതലുള്ള സ്വഭാവമാണ് മണൽതരങ്ങൾക്ക് പൊതുവേ ഉള്ളത്.കുന്നിൻ പ്രദേശങ്ങളിൽ ജലലഭ്യത വളരെ കുറവാണ്.വയൽ പ്രദേശങ്ങളിൽ ജല ലഭ്യത ഉണ്ടെങ്കിലും ഉപയോഗിക്കാൻ പല സ്ഥലങ്ങളിലും കഴിയാറില്ല.പ്രധാനമായും ഒരു പുഴയാണ് ഇവിടെ ഉള്ളത്. മേപ്പാടി പഞ്ചായത്തിൽ നിന്നും തുടങ്ങി കോട്ടത്തറ പഞ്ചായത്തിലേക്കാണ് പുഴ അവസാനിക്കുന്നത്. ഇരുമ്പുപാലം പുഴയിൽ വേനൽകാലത്ത് തുച്ഛ മായ നീരൊഴുക്കാണ് ഉണ്ടാകുന്നത്. ഇത് കൂടാതെ 2 തോടുകളും ഇവിടെ ഒഴുകുന്നുണ്ട് .റാട്ടകൊല്ലിയിൽ നിന്നും ഗൂഡലായ് കുന്നിൽ നിന്നും ധാരാളം ചെറു നീരൊഴുക്കുകളും ഉത്ഭവിക്കുന്നുണ്ട്.

  • കാലാവസ്ഥ* 

 മെയ് അവസാനത്തോടു കൂടി ആഗസ്റ്റ് ആദ്യം അവസാനിക്കുന്നതും സെപ്റ്റംബർ ആദ്യം തുടങ്ങി ഒക്‌ടോബർ പകുതിയോടുകൂടി അവസാനിക്കുന്ന രണ്ടു മൺസൂൺ മഴകളാണ് കൽപ്പറ്റയിൽ പൊതുവായി ലഭിക്കുന്നത് .11°c നും 35 °c നും ഇടയിലാണ് ചൂട് അനുഭവ പ്പെടാറുള്ളത് . നവംബർ പകുതി മുതൽ മാർച്ച് ആരംഭം വരെ മഞ്ഞും തണുപ്പും അനുഭവപ്പെടാറുണ്ട്.പൊതുവേ മഴ കുറഞ്ഞ ഈ കാലഘട്ടമാണ് കൽപ്പറ്റയിൽ താമസത്തിന് അനുയോജ്യമായിട്ടുള്ളത്.

ക്രിസ്തുവിന് ആയിരം വർഷം മുമ്പ് കൽപ്പറ്റ യുടെ ചരിത്രം തുടങ്ങുന്നു എന്നാണ് ചരിത്ര അനുമാനം. മൈസൂരിലെ ഗംഗാ വംശവും,ഹോയ്സ്‌ലാ വംശം, വിജയനഗര സാമ്രാജ്യം, മൈസൂർ ഓഡയാർ വംശവും ആധിപത്യം സ്ഥാപിച്ചു. പിന്നീട് കൽപ്പറ്റ യുടെ ചരിത്രം വില്യം ലോഗൻ മലബാർ മാന്വലിൽ നിന്നും ബ്രിട്ടീഷ് രേഖകളും ആണ് പറയുന്നത്. കോട്ടയം രാജവംശം കീഴടക്കിയ കൽപ്പറ്റ പിന്നീട് മൈസൂർ സുൽത്താന്മാരുടെ പടയോട്ടത്തിന്റെ ഫലമായി മലബാറിൽ നിന്നും മാറി ശ്രീരംഗപട്ടണത്തിന്റെ ഭാഗമായി.ടിപ്പു സുൽത്താന്റെ മരണം വരെ മൈസൂരിന്റെ ഭാഗമായിരുന്നു. വയനാടിനെ വിഭജിക്കാൻ തീരുമാനിച്ചതോടെ പഴശ്ശിരാജ ബ്രിട്ടീഷുകാരുമായി ഇടയുകയും 1805 നവംബർ 30 ന് വെടിയേറ്റ് മരിക്കുകയും ചെയ്തു. ഇതോടെ പൂർണ്ണമായും ബ്രിട്ടന്റെ കീഴിലായ വയനാടിന്റെ കൂടെ കല്പറ്റയും ആധുനിക ചരിത്രത്തിലേക്കു കടന്നു വന്നു. ബ്രിട്ടീഷുകാർക്ക് മുമ്പ് വരെയുള്ള ചരിത്ര സാംസ്കാരിക സൂചനകൾ അതീവ ദുർബലമാണ്.

വന്യമൃഗങ്ങൾ യഥേഷ്ടം വിഹരിച്ചിരുന്ന മലയോരങ്ങളിൽ പ്രശാന്ത ജീവിതം നയിച്ചിരുന്ന അപരിഷ്കൃതരായ കറുത്ത മനുഷ്യരായിരുന്നു യഥാർത്ഥ അവകാശികൾ. വനവിഭവങ്ങൾ ശേഖരിച്ച് ജീവിതം മുന്നോട്ടു നയിച്ച അവർ പ്രകൃതിയുടെ മക്കൾ ആയിത്തന്നെ വിഹരിച്ചു. കാനന ഭംഗിയിൽ മതി മറന്ന് കാട്ടു മൃഗങ്ങളെ വേട്ടയാടി അവർ തേനിനെക്കാൾ മധുരമായി ജീവിച്ചു. വിഭവ സമൃദ്ധമായ ഈ നാടിന്റെ തരുണിമയിൽ ലയിച്ച് നാട്ടുമനുഷ്യർ പൊന്നുവിളയുന്ന ഈ മണ്ണിന്റെ കാന്തിക ശക്തിയാൽ കൽപ്പറ്റ യിലേക്ക് ആകർഷിക്കപ്പെട്ടു. ജീവിതം പുതു വഴിയിലേക്കു തിരിക്കാൻ കർണാടകയിലെ കാവേരി നദീതീരത്തു നിന്നും ജൈനമതക്കാർ കൂട്ടത്തോടെ കൽപ്പറ്റയിൽ എത്തി.പിന്നീട് ജൈനമത കേന്ദ്രമായി കൽപ്പറ്റ പരിണമിച്ചു. ജൈനമതത്തിലെ തന്നെ തരകൻ മാരായിരുന്നു അവരിൽ കൂടുതൽ. കരിമ്പ് കൃഷി ജീവിതോപാധിയായി സ്വീകരിച്ച അവർ കരിമ്പിൽ നിന്നും ശർക്കര ഉൽപാദിപ്പിച്ചു. പിന്നീട് പ്രമുഖ ജൈനമത കേന്ദ്രമായി കൽപ്പറ്റ വളർന്നു. കോട്ടയം രാജഭരണത്തിന്റെ ഭാഗമായിട്ടാണ് നായന്മാർ കൽപ്പറ്റയിൽ എത്തുന്നത്. ബ്രിട്ടീഷുകാരുടെ പ്രതിപുരുഷന്മാരായി ഭരണം വന്നപ്പോൾ നായർ തറവാട്ടുകാർ തന്നെയായിരുന്നു ബ്രിട്ടീഷുകാരുടെ പ്രതിപുരുഷന്മാരായി ഭരണം നടത്തിയത്. കൽപ്പറ്റയിലെ പ്രധാന നായർ കുടുംബം കൽപ്പറ്റ ഗ്രാമക്കാരായിരുന്നു. ഒരു പതിറ്റാണ്ട് മുമ്പ് വരെ കൽപ്പറ്റ ചന്ത ഗ്രാമക്കാരുടെ അധീനതയിൽ ആയിരുന്നു. ഇവർക്കു പുറമെ ബ്രാഹ്മണരും കൽപ്പറ്റയിൽ എത്തി. പാലക്കാട് ജില്ലയിലെ നൂറുണ്ണി,താരകം, പല്ലാവൂർ,മേലാക്കോട് എന്നീ വില്ലേജുകളിൽ നിന്നായിരുന്നു അവർ എത്തിയത്. സാമ്പത്തിക സ്ഥാപനങ്ങൾ ആയിരുന്നു അവർ നടത്തിയിരുന്നത്. കൃഷിയിലും അവർ കഴിവ് തെളിയിച്ചു.

കച്ചവടക്കാരായും തോട്ടം തൊഴിലാളികളായും മുസ്ലീങ്ങളും കൽപ്പറ്റയിൽ എത്തി. ജീവിത പ്രയാസങ്ങളിൽ നിന്നും രക്ഷനേടാൻ കൽപ്പറ്റയിൽ എത്തിയ മുസ്ലിങ്ങൾ ഉണ്ട്. 1921 ലെ മലബാർ കലാപം കുടിയേറ്റത്തിന് ആക്കം കൂട്ടി. പിന്നീട് തിരുവിതാംകൂറിൽ നിന്നും വയനാട്ടിലേക്ക് കുടിയേറ്റം ഉണ്ടായപ്പോൾ കൽപ്പറ്റയിലെ സമീപ പ്രദേശങ്ങളിലേക്കാണ് അവർ നീങ്ങിയത്. കാലക്രമേണ വയനാട്ടിലേക്ക് കുടിയേറ്റം തുടങ്ങി. വിവിധ മത വിഭാഗക്കാർ അവരവരുടെ വിശ്വാസപ്രമാണങ്ങ ക്കനുസരിച്ച് ജീവിതം തുന്നിച്ചേർത്തു ഈ മലനാട്ടിൽ. അമ്പലങ്ങളും പള്ളികളും കച്ചവട സ്ഥാപനങ്ങളും നിർമ്മിക്കപ്പെട്ടു. ഭൗതിക വിദ്യാഭ്യാസത്തിനും സൗകര്യമൊരുങ്ങി. കുടിയേറ്റം ശക്തമായ കാലങ്ങൾ ആയിരുന്നു പിന്നീട്.

കൽപ്പറ്റയിലെ വികസനം ബ്രിട്ടീഷ് ഭരണത്തോടെയായിരുന്നു. ജയിൽ, രജിസ്ട്രാർ ഓഫീസ്, പോലീസ് സ്റ്റേഷൻ, പോസ്‌റ്റോഫീസ്, എന്നിവ കൽപ്പറ്റയിലുണ്ടായിരുന്നുവെന്ന് വില്യം ലോഗൻ മലബാർ മാന്വലിൽ രേഖപ്പെടുത്തിയിരുന്നു. കൽപ്പറ്റ ഒരു വലിയ പട്ടണം ആയിരുന്നില്ലെങ്കിലും ധാരാളം കച്ചവടസ്ഥാപനങ്ങൾ ഉണ്ടായിരുന്നു. തെക്കേ വയനാടിന്റെ വ്യാപാര പ്രവർത്തനങ്ങൾ മുഴുവൻ കൽപ്പറ്റ കേന്ദ്രീകരിച്ചായിരുന്നു നടന്നിരുന്നത്.രണ്ടു നൂറ്റാണ്ടിന്റെ പഴങ്കഥയുള്ള കൽപ്പറ്റ ചന്ത മലബാറിലെ തന്നെ ഒന്നാംകിട ചന്തയായിരുന്നു. ഇവിടേക്ക് മൈസൂരിൽ നിന്നും കാളവണ്ടി മാർഗ്ഗം എത്തിയിരുന്ന ചരക്കുകൾ ആയിരുന്നു വ്യാപാരരംഗത്തെ മുഖ്യമായും നിയന്ത്രിച്ചിരുന്നത്. കൽപ്പറ്റയിൽ ആദ്യമായി എത്തിയ ബസ് കോഴിക്കോട് നിന്ന് പുതുപ്പാടി യിലേക്കുള്ളത് കൽപ്പറ്റ വരെ ആക്കിയതായിരുന്നു. മലബാർ കലാപത്തോടെ ബ്രിട്ടീഷുകാർ ബസ് പിടിച്ചെടുത്ത ശേഷം പിന്നീട് വിട്ടുകൊടുത്തു.ജിനചന്ദ്ര പത്മപ്രഭ, കല്ലങ്കോടൻ മൊയ്‌തീൻ, നീലിക്കണ്ടി മൊയ്തു ഹാജി അറയ്ക്കൽ മൊയ്തു ഹാജി എന്നിവർക്കാണ് കാർ ഉണ്ടായിരുന്നത്. കാലം വളർന്ന ഇരുമ്പു പാലം തകരുകയും ബദൽ കോൺക്രീറ്റ് പാലം ഉയർന്നു. പിന്നീട് മൈസൂർ കോഴിക്കോട് റോഡ് ടാറിംഗ് നടത്തുകയും പിന്നീട് വൈദ്യുതിയും ടെലഫോണും കൽപ്പറ്റയിൽ എത്തിച്ചേർന്നു. കരിമ്പ് പ്രധാന കൃഷിയായിരുന്ന കൽപ്പറ്റയിൽ പിന്നീട് അറബിക്ക കാപ്പി കൃഷി തുടങ്ങി. കുമിൾ രോഗം ബാധിച്ച് അവ നശിക്കാൻ തുടങ്ങിയതിനെ തുടർന്ന് കുരുമുളക് കൃഷി ആരംഭിച്ചു. രണ്ടാംലോക മഹായുദ്ധത്തോടെ കുരുമുളകിന് ഭാവിയില്ലാതായി. പിന്നീട് റോബസ്റ്റാ കാപ്പി ഇടവിളയായി കുരുമുളക് തോട്ടത്തിൽ കൃഷി ചെയ്തു തുടങ്ങി.മധുര നാരങ്ങ ഇടവിളയായി തുടങ്ങിയെങ്കിലും കാലാവസ്ഥാ വ്യതിയാനവും രോഗവും അതിനു അന്ത്യം കുറിച്ചു. എന്നാൽ ബ്രിട്ടീഷുകാരുടെ തേയില തോട്ടങ്ങൾ തഴച്ചു വളരുകയും ചെയ്തു. മഹാമാരികൾ ജീവിനെടുത്ത ചരിത്രവും കൽപ്പറ്റയുടെ വളർച്ചയിൽ കാണാനാവും. കോളറയും വസൂരിയും പ്രധാന രോഗങ്ങൾ ആയിരുന്നു.

*പോരാട്ടങ്ങൾ*

കൽപ്പറ്റയിൽ ആയിരുന്നു ആദ്യമായി സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ ഉണ്ടായത്. പിന്നീട് കോൺഗ്രസ് കമ്മിറ്റി രൂപവത്കരിക്കപ്പെട്ടു. ജില്ലയിൽ ആദ്യമായി കദർ തുണി എത്തിയതും കൽപ്പറ്റയിൽ ആണ്. മദ്രാസിൽ വെച്ച് ഒരാഴ്ച നീണ്ടുനിന്ന കോൺഗ്രസ് സമ്മേളനത്തിൽ മലബാർ പ്രതിനിധികളായി കൽപ്പറ്റ കൃഷ്ണ ഗൗഡർ, സുബ്ബയ്യ ഗൗഡർ, ധർമ്മരാജ അയ്യർ എന്നിവർ പങ്കെടുത്തിരുന്നു. 1940- 41 കാലത്ത് വ്യക്തി സത്യാഗ്രഹം തുടങ്ങിയപ്പോൾ കൽപ്പറ്റയിലും അതിന്റെ അലയൊലികൾ ഉണ്ടായി ഇ.കെ ശേഖരൻ നായർ ആയിരുന്നു ഇതിന് നേതൃത്വം നൽകിയത്. രാഷ്ട്രീയരംഗത്തും ഒളി മിന്നുന്ന പ്രകടനങ്ങൾ കൽപ്പറ്റക്കാർ കാഴ്ചവെച്ചിരുന്നു. രാഷ്ട്രീയപ്രവർത്തനം സജീവമാകുന്നത് അമ്പതുകളിൽ ആണ്. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളും കൽപ്പറ്റയിൽ സജീവമായി .തലശ്ശേരി സബ് കലക്ടറുടെ നേതൃത്വത്തിൽ പഞ്ചായത്ത് രൂപംകൊണ്ടു. പ്രഥമ പ്രസിഡണ്ടായി കല്ലങ്കോട് മൊയ്തീനും ആദ്യ ജീവനക്കാരനായി എടച്ചന ശംഭു നായരെയും നിയമിച്ചു.ഗ്രാമ കോടതി വിളിച്ചു ചേർത്ത് ന്യായവിധി നടത്താനും പഞ്ചായത്തിന് അധികാരമുണ്ടായിരുന്നു. വീട്ടുകരം,തൊഴിൽ കരം പിരിക്കൽ ശുചീകരണം, ഊടുവഴികൾ നന്നാക്കൽ കൈപ്പാലം നിർമ്മാണം എന്നിവയായിരുന്നു പ്രധാന ചുമതലകൾ. പിന്നീട് പഞ്ചായത്ത് കൽപ്പറ്റ നഗരസഭ ആയപ്പോൾ ഭരണ സമിതി മുൻസിപ്പൽ ഉപദേശക സമിതി അംഗങ്ങളായും പ്രസിഡണ്ട് മുനിസിപ്പൽ ഉപദേശക സമിതി ചെയർമാനായും മാറി.

നവോത്ഥാന സങ്കല്പങ്ങളെ കോർത്തിണക്കി മുന്നോട്ടു പോയ കാലത്തിന്റെ സാക്ഷി പത്രത്തിൽ പുരോഗതിയുടെ കാൽപ്പാടുകൾ ആണെങ്കിലും യഥാർത്ഥ വാസികളായ ഒരു പറ്റം നിഷ്കളങ്ക ഹൃദയങ്ങൾ മുഖ്യധാരയിൽ നിന്നും അകറ്റി നിർത്തിപ്പെട്ട കാഴ്ചയും ഈ ചരിത്രത്താളുകളിൽ ദർശന വിധേയമാണ്. കാലം മായ്ക്കാത്ത പാടുകളിൽ നിന്നും കൂട്ടിയിണക്കിയ ചരിത്രകഥകൾ പാടി പുകഴ്ത്തുമ്പോൾ പാർശ്വവൽകൃത സമൂഹത്തെ കൂടി ഉയർച്ചയുടെ പടവുകളിൽ കാണാനാകുമെന്ന പ്രതീക്ഷ ബാക്കിയാവുന്നു.

എഴുതപ്പെടാതെ പോയ ചരിത്രങ്ങളിൽ ചാരം മൂടിക്കിടക്കുന്ന കനലെഴുത്തുകൾ ബാക്കിയാണ്.കാലത്തിന്റെ സാക്ഷ്യം കുറിക്കപ്പെട്ട ചുവരെഴുത്തുകളിൽ മനുഷ്യ നന്മ എഴുതിച്ചേർക്കാൻ കാലം തന്നെ ചായക്കൂട്ടൊരുക്കും.ചരിത്രങ്ങൾ ചികഞ്ഞെടുക്കേണ്ടതില്ല. കാലത്തിന്റെ കുത്തൊഴുക്കിൽ നിർബന്ധപൂർവ്വം ചേർക്കപ്പെടുന്ന ഏടുകളാണ്. വാമൊഴിയായും വരമൊഴിയായും തലമുറകൾക്ക് കൈമാറി വരുന്ന വരപ്രസാദമാണ്. ഒരു കാലഘട്ടത്തിന്റെ, ഒരു പ്രദേശത്തിന്റെ ഓർമ്മപ്പെടുത്തലുകളുമായി ആ വളരുന്ന പുസ്തകം വളരുന്നു കൊണ്ടേയിരിക്കുന്നു.

*റഫറൻസ്*

  • ചരിത്രമുണ്ടാകുന്നത് -Dr. K N Ganesh
  • വയനാടൻ രേഖകൾ - OK Johny

ഭാരതീയ നവോത്ഥാനത്തിന്റെ രൂപരേഖ - തയാട്ട് ശങ്കരൻ


വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കൽപ്പറ്റ  എന്ന സ്ഥലത് സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡഡ്  യു ,പി  വിദ്യാലയമാണ്

എച് .ഐ .എം .യു .പി സ്കൂൾ

പ്രദേശത്തിൻറെ വിദ്യാഭ്യാസ  പുരോഗതിയിൽ നാളിതുവരെ കൃത്യമായ ഇടപെടലുകൾ നടത്താൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കൽപ്പറ്റ നഗരസഭയ്ക്ക് ചുറ്റുപാടുമുള്ള ഏകദേശം പത്ത് പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. വിദ്യാഭ്യാസ രംഗത്തും കലാകായിക രംഗങ്ങളിലും സമഗ്രമായ സംഭാവനകൾ നൽകാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

ബ്രിട്ടീഷ് മലബാറിന്റെ ഭാഗമായിരുന്ന വയനാട്ടിലേക്ക് പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി പല സ്ഥലങ്ങളിൽ നിന്നും ആളുകൾ കുടിയേറിയതായി ചരിത്രരേഖകൾ നിന്നും വ്യക്തമാകുന്നു. മത ഭൗതിക വിദ്യാഭ്യാസം സമുന്നയിപ്പിച്ചു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ദീർഘവീക്ഷണത്തോടെ മനസ്സിലാക്കിയ അർപ്പണബോധത്തോടെ മാതൃകാ പ്രവർത്തനം കാഴ്ചവച്ച മുൻ തലമുറക്കാരുടെ സുത്യർഹമായ പാരമ്പര്യമാണ് വിദ്യാലയത്തിന്റെ മുതൽക്കൂട്ട്.

ഈ മാതൃക പിൻപറ്റിക്കൊണ്ട് ഏറ്റവും ഉയർന്ന ഭൗതിക സൗകര്യങ്ങളോടെ മികച്ച വിദ്യാഭ്യാസം നേടിയെടുക്കുന്നതിനുള്ള സൗകര്യമാണ്  വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്.

പഠന പാഠ്യേതര രംഗങ്ങളിൽ കൃത്യമായ ഇടപെടലുകളും മികവാർന്ന വിജയവും കൈവരികാൻ നാളിത് വരെ കഴിഞ്ഞിട്ടുണ്ട്. കാലത്തിന് അനുയോജ്യമായി വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ കീഴിൽ (ഹരിത ക്ലബ്ബ്,സയൻസ് ക്ലബ്ബ്,സോഷ്യൽ ക്ലബ്ബ്,സ്കൗട്ട് ,ജെ.ആർ.സി,വിദ്യാരംഗം,അറബി ക് ക്ലബ്,ഉറുദു ക്ലബ്,സംസ്കൃതം ക്ലബ്,ഐടി ക്ലബ്,)വിവിധ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങളും മത്സരങ്ങളും വർഷാവർഷം സംഘടിപ്പിക്കുന്നു. വിദ്യാലയത്തിലെ മാനേജ്മെന്റിന്റെയും അധ്യാപക അനധ്യാപകരുടെയും,പിടിഎയുടെയും പ്രദേശവാസികളുടെയും കൂട്ടായ പരിശ്രമമാണ് വിദ്യാലയത്തിലെ ഓരോ പ്രവർത്തനവും വിജയിക്കുന്നതിന് കാരണം.






*ചരിത്രസ്മാരകം*

മലമുകളിലെ ജൈന ക്ഷേത്രം,ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ കുളിരണിയിപ്പിക്കുന്ന വയനാട് ജില്ലയിലെ കൽപ്പറ്റ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു ജൈന ക്ഷേത്രമാണ് മൈലാടിപ്പാറയിലെ ചന്ദ്രനാദഗിരി  സ്വാമി ജൈന ക്ഷേത്രം.

ചന്ദ്രനാദഗിരി  സ്വാമി ജൈന ക്ഷേത്രം

കേരളത്തിൽ ജൈന മതത്തിന്റെ ആവിർഭാവം മധ്യഘട്ടത്തിൽ ആണെന്ന് നേരത്തെ വിശ്വസിച്ചിരുന്നു, കേരളത്തിലെ പുരാതനകാലത്തെ ജൈനമത സ്വാധീനത്തിനു തെളിവായി കേരളത്തിലെമ്പാടും ചിതറിക്കിടക്കുന്ന പല ജൈന ക്ഷേത്രാവശിഷ്ടങ്ങളും ഉണ്ട്. ഇവയിൽ പെട്ട ഒന്നാണ് വയനാട് ജില്ലയിലെ മൈലാടിപ്പാറ ചന്ദ്രനാദഗിരി സ്വാമി ജൈന ക്ഷേത്രം.

മൈലാടിപ്പാറയുടെ മുകളിൽ നിന്നും നോക്കിയാൽ കൽപ്പറ്റ നഗരത്തെ മുഴുവൻ കാണാൻ സാധിക്കും, ട്രെക്കിങ്ങ് ഇഷ്ടപെടുന്നവര്ക്ക് കുന്നിൻ മുകളിൽ നിന്ന് മനോഹരമായ കൽപ്പറ്റ പ്രദേശത്തിന്റെ 360 ഡിഗ്രി കാഴ്ച ലഭിക്കും, വിശ്രമിക്കാനും കാറ്റ് ആസ്വദിക്കാനും കൽപ്പറ്റയിൽ ഇതിലും നല്ല സ്ഥലം വേറെയില്ല

ഒപ്പം പാറക്കുഴിയിൽ വെള്ളം നിറഞ്ഞ ഒരു ചെറിയ കുളവും, ജൈന ക്ഷേത്രം, ശ്രീബുദ്ധന്റെ കാല്പാടുകൾ പച്ചപ്പ് നിറഞ്ഞ മലകയറ്റ ഇടവഴികൾ ഒരിക്കൽ കണ്ടവർ തീർച്ചയായും പിന്നീടും വരും ഇവയൊക്കെയാണ് മൈലാടിപ്പാറയുടെ ആകർഷണങ്ങൾ. മൈലാടിപ്പാറയുടെ മുകളിൽ നിന്ന് കൽപ്പറ്റ നഗരം മുഴുവൻ കാണാം, സോഷ്യൽ മീഡിയിയിലൂടെ വളരെയേറെ വൈറൽ  ആയികൊണ്ടിരിക്കുന്ന ഒരു ചരിത്ര സ്മാരകവും കൂടിയാണ്  മൈലാടിപ്പാറ.